07:59am 08 July 2024
NEWS
തെക്കെന്നും വടക്കെന്നും വിഭജിക്കരുത്; മലയാളികളെ ഒന്നായി കാണണം: കെ സുധാകരന് എതിരെ എം വി ഗോവിന്ദന്‍
16/10/2022  06:33 PM IST
തെക്കെന്നും വടക്കെന്നും വിഭജിക്കരുത്; മലയാളികളെ ഒന്നായി കാണണം: കെ സുധാകരന് എതിരെ എം വി ഗോവിന്ദന്‍
HIGHLIGHTS

അതേസമയം, പരാമർശം പിൻവലിക്കുന്നതായി കെ സുധാകരൻ പറഞ്ഞു

 തിരുവനന്തപുരം: തെക്കൻ കേരളത്തിന് എതിരായ വിവാദ പരാമർശത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന് എതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മലയാളികളെ ഒന്നായി കാണണം. ഐക്യം രൂപപ്പെടുത്താനാണ് രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കേണ്ടത്. ജനതയെ ഐക്യത്തോടെ നയിക്കണം. അല്ലാതെ തെക്കെന്നും വടക്കെന്നും വിഭജിക്കരുതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു കെ സുധാകരന്റെ വിവാദ പരാമർശം.

അതേസമയം, പരാമർശം പിൻവലിക്കുന്നതായി കെ സുധാകരൻ പറഞ്ഞു. ആർക്കെങ്കിലും പ്രയാസം തോന്നിയിട്ടുണ്ടെങ്കിൽ പിൻവലിക്കുന്നു. വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നെന്നും സുധാകരൻ പറഞ്ഞു. നാട്ടിൽ കുട്ടിക്കാലത്ത് കേട്ട കഥ ആവർത്തിക്കുക മാത്രമാണ് താൻ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന് എതിരെ 'ട്രെയിനി' പരാമർശം നടത്തിയിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. തരൂരിന് പരിചയക്കുറവ് ഉണ്ടെന്നാണ് പറഞ്ഞത്. മുസ്ലിം ലീഗ് മുന്നണി വിട്ടുപോയാൽ കുഴപ്പമില്ലെന്ന് പറഞ്ഞിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.

തെക്കൻ കേരളത്തിലെയും മലബാറിലെയും നേതാക്കൾ തമ്മിലുള്ള വ്യത്യാസമെന്ത് എന്ന ചോദ്യത്തിന് മറുപടിയായാണ് സുധാകരൻ വിവാദ പരാമർശം നടത്തിയത്.'ചരിത്രപരമായി തന്നെയുണ്ട്. ഞാൻ ഒരു കഥ പറയട്ടെ. സീതയെ വീണ്ടെടുക്കാൻ രാമൻ ലങ്കയിൽ പോയല്ലോ. സൈന്യവുമായി പോയി യുദ്ധം ചെയ്ത് രാവണനെ വധിച്ചിട്ടാണ് ലങ്കയിൽ തടവുകാരിയായിരുന്ന സീതയെ കൂട്ടി പുഷ്പക വിമാനത്തിൽ തിരിച്ചുവരുന്നത്. തെക്കുഭാഗത്ത് കടലിന്റെ തീരത്ത് കയറുന്ന സമയത്ത് ലക്ഷ്മണന്റെ മനസിൽ ഒരു ചിന്ത. ചേട്ടനെ തട്ടി താഴെയിട്ടിട്ട് ചേച്ചിയെ സ്വന്തമാക്കിയാലോ എന്ന്. ഇതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് ചിന്തിച്ച് ചിന്തിച്ച് കഴിയുമ്പോഴെക്ക് തൃശൂരിൽ എത്തിപ്പോയി. ഞാൻ എന്തുമോശമാണ് ചിന്തിച്ചത്?. എന്റെ ചേട്ടനെയും ചേച്ചിയെയും കുറിച്ച് ചിന്തിച്ചത് മോശമായിപ്പോയല്ലോ. ഈസമയത്ത് ലക്ഷ്മണനെ നോക്കി രാമൻ പറഞ്ഞു. അനിയാ, മനസിൽ പോയതെല്ലാം ഞാൻ വായിച്ചു. അത് നിന്റെ കുഴപ്പമല്ല, കടന്നുവന്ന മണ്ണിന്റെ കുഴപ്പമാണ്.'- സുധാകരന്റെ വാക്കുകൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA