09:32am 08 July 2024
NEWS
ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് എറണാകുളത്ത് നിര്യാതനായി
04/12/2023  04:59 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് എറണാകുളത്ത്  നിര്യാതനായി

ഡോ. ക്രിസ്റ്റി ഫെർണാണ്ടസ്, ഐഎഎസ് (74)  ഡിസംബർ 4-ന് എറണാകുളത്ത്  നിര്യാതനായി. അദ്ദേഹം   ഇൻഡ്യൻ രാഷ്ട്രപതി ശ്രീമതി പ്രതിഭ പാട്ടിലിന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ടു.  2012ൽ വിരമിച്ചു. 

1949 ജൂൺ 26ന് ഇത്തന്തറയിൽ ലിയോൺ ഫെർണാണ്ടസിന്റെയും ക്ലാപ്പനയിലെ കുന്നുതറ സ്വദേശി വിക്ടോറിയ ഫെർണാണ്ടസിന്റെയും മകനായി ജനിച്ചു.  ഒരു വയസ്സുള്ളപ്പോൾ തന്നെ പിതാവിനെ നഷ്ടപ്പെട്ടു,  കൊല്ലം ഫാത്തിമ കോളേജിൽ ചേരുന്നതിന് മുമ്പ് സെന്റ് ജോസഫ്സ് എൽ.പി.എസിലും ക്രിസ്തുരാജ് ഹൈസ്‌കൂളിലും ആയിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം മാർ ഇവാനോസ് കോളേജിൽ  നിന്നും ബിരുദവും ബിരുദാനന്തരബിരുദവും  ഒന്നാം റാങ്കിൽ പാസായി. അദ്ദേഹത്തിന്റെ പിതൃ സഹോദരി ഡെയ്‌സി ഫെർണാണ്ടസ് ആയിരുന്നു പ്രധാന സംരക്ഷകയും പ്രേരണാ സ്രോതസ്സും. ദേശീയ കേഡറ്റ് കോർപ്‌സിലെ(NCC)  പരിശീലനം  അദ്ദേഹത്തിൽ രാജ്യ സ്നേഹവും  സേവന അഭിരുചിയും   ഊട്ടിയുറപ്പിച്ചു, 1973-ൽ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ ചേർന്നു.  ഗുജറാത്തിലെ ജുനഗഡ് ആയിരുന്നു ആദ്യ പോസ്റ്ററിംഗ്.

തന്റെ സേവനജീവിതത്തിൽ അദ്ദേഹം നിരവധി സുപ്രധാന പദവികൾ അലങ്കരിച്ചു . രാഷ്ട്രപതി ഭവനത്തിലെ സേവനത്തിനു പുറമേ, ടൂറിസം സെക്രട്ടറി, കയർ ബോർഡ് ചെയർമാൻ,  റസിഡന്റ് കമ്മീഷണർ( ഗുജറാത്ത് ), പെട്രോളിയം, റവന്യൂ, ആഭ്യന്തര, വാണിജ്യ എന്നീ മന്ത്രാലയങ്ങളിലും സ്തുത്യർഹമായ സേവനമനുഷ്ഠിച്ചു.

എല്ലായ്‌പ്പോഴും ഒരു ആധുനിക കാഴ്ചപ്പാടുള്ള സാമൂഹിക മാറ്റത്തിന്റെ നേതാവുമായിരുന്നു ഡോ. ഫെർണാണ്ടസ്. സർവീസിൽ നിന്നുംവിരമിച്ചതിന് ശേഷവും സാമൂഹിക സേവനത്തിന്റെ പാതയിൽ തന്നെ തുടർന്നു. എറണാകുളത്തു താമസിച്ചു കൊണ്ടു  അദ്ദേഹം KSIDC, SIDBI യുടെ ചെയർമാൻ സ്ഥാനങ്ങളിൽ ശോഭിച്ചു.
 ഏറ്റവും ഒടുവിൽ  കൃസ്തീയ സമുദായത്തിലെ പ്രശ്നങ്ങൾ പഠിക്കാനും പരിഹാരങ്ങൾ നിർദ്ദേശിക്കാനുമായി കേരള സർക്കാർ രൂപികരിച്ച J.B. കോശി കമ്മീഷൻ അംഗമായിരുന്നു.  2014-ൽ എറണാകുളത്ത് നിന്നും പാർലമെന്റ് മണ്ഡലത്തിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചു. വ്യക്തി പ്രഭാവത്താൽ ജനകീയനായ നേതാവായുയർന്നു.  അദ്ദേഹം  Triune ഐഎഎസ് അക്കാദമി  സ്ഥാപിക്കുകയും നയിക്കുകയും, യുവാക്കളെ, പ്രത്യേകിച്ച് അധഃസ്ഥിത പശ്ചാത്തലത്തിൽ നിന്നുള്ളവരെ, ഇന്ത്യൻഅഡ്മിനിസ്‌ട്രേറ്റീവ് സേവനത്തിനായി സജ്ജമാക്കുകയും ചെയ്തു.

നല്ലൊരു കൃസ്തു സ്നേഹിയായ ക്രിസ്റ്റി സർ തന്റെ സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടിയും പ്രവർത്തിച്ചു. പാർശ്വവത്കരിക്കപ്പെട്ടവർക്കുവേണ്ടി എന്നും  ശബ്ദമുയർത്തി.

ഡോ. ഫെർണാണ്ടസിന്റെ ഭാര്യ-ചാച്ചിമ്മ, മകൾ-ലിയോണ, മകൻ-ജോസഫ്, 
മരുമക്കൾ - നിഷാദ്, ലീലിയ.
പേരക്കുട്ടികൾ- മായ ,ജെയ്ക്ക്.
അദ്ദേഹം  എല്ലാവർക്കുംപ്രിയപ്പെട്ട സുഹൃത്തും ഉപദേശകനും പ്രചോദനം നൽകുന്ന
 വഴികാട്ടിയുമായിരുന്നു.

ഫെർണാണ്ടസിന്റെ സംസ്കാരം ഡിസംബർ ആറിന് ഉച്ചയ്ക്ക് 11:30 am മണിക്ക് ക്ലപ്പാന സെന്റ് ജോർജ് പള്ളിയിൽ നടക്കും.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam