09:16am 08 July 2024
NEWS
പിജി ഡോക്ടറിൻ്റെ ആത്മഹത്യ: ഡോക്ടര്‍ റുവൈസിനെ സസ്‌പെന്‍ഡ് ചെയ്തു
07/12/2023  01:06 PM IST
web desk
പിജി ഡോക്ടറിൻ്റെ ആത്മഹത്യ: ഡോക്ടര്‍ റുവൈസിനെ സസ്‌പെന്‍ഡ് ചെയ്തു
HIGHLIGHTS

മന്ത്രി വീണാ ജോര്‍ജ് അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പിജി ഡോക്ടര്‍ റുവൈസിനെ സസ്‌പെന്‍ഡ് ചെയ്തു. ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.


സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടർന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ റുവൈസിനെ സസ്‌പെന്‍ഡ് ചെയ്തത്.

അതേസമയം കേസിൽ ഡോ. റുവൈസിനെ അറസ്റ്റ് ചെയ്തു. ഇന്നു രാവിലെ കരുനാഗപ്പള്ളിയിലെ ബന്ധു വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത റുവൈസിനെ വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ത്രീധന നിരോധന നിയമപ്രകാരമാണ് കേസ്. ആത്മഹത്യാപ്രേരണാ കുറ്റവും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. വൈദ്യ പരിശോധനകൾക്ക് ശേഷം വൈകിട്ട് മജിസ്‌ട്രേറ്റിന് മുന്നിൽ പ്രതിയെ ഹാജരാക്കും. 

ബുധനാഴ്ച രാത്രി തന്നെ ആത്മഹത്യാപ്രേരണ, സ്ത്രീധന നിരോധനനിയമം ഉൾപ്പെടെ ചുമത്തി ഇയാൾക്കെതിരേ തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തിരുന്നു. ഷഹനയുടെ മരണത്തിൽ ആരോപണമുയർന്നപ്പോൾ തന്നെ ഇയാൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതി മുൻകൂർജാമ്യത്തിനായി നീക്കം നടത്തുന്നുവെന്ന് മനസിലായതോടെയാണ് പോലീസ് ഇയാളെ അതിവേഗം കസ്റ്റഡിയിലെടുത്തത്.

വിവാഹം മുടങ്ങിയ മനോവിഷമത്തിലാണ് ഷഹന ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിൻ്റെ പരാതി. ഷഹനയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നറിയിച്ച് റുവൈസ് തന്നെയാണ് ഇങ്ങോട്ടുവന്നതെന്ന് കുടുംബം വ്യക്തമാക്കി. ഇരുവർക്കും ഇഷ്ടമുള്ളതിനാൽ കുടുംബവും സമ്മതിച്ചു.

എന്നാൽ, 150 പവനും ബി.എം.ഡബ്യൂ കാറും ഉൾപ്പെടെ ഉയർന്ന സ്ത്രീധനമാണ് റുവൈസും കുടുംബവും ആവശ്യപ്പെട്ടത്. ഇത് നൽകാൻ കഴിയാതിരുന്നതോടെ ഷഹനയുമായുള്ള ബന്ധത്തിൽനിന്ന് ഇയാൾ പിന്മാറി. ആവശ്യപ്പെട്ട സ്ത്രീധനം നൽകാത്തതിനാൽ ബാപ്പ വിവാഹത്തിന് സമ്മതിക്കുന്നില്ലെന്നാണ് ഇയാൾ ഷഹനയോട് പറഞ്ഞതെന്നും ഇതോടെ ഷഹന കടുത്ത മാനസികവിഷമത്തിലായെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram