10:10am 08 July 2024
NEWS
കേരളത്തിലെ സാമ്പത്തിക അരാജകത്വം: ഗവർണർ ഇടപെടണം- ബിജെപി
23/11/2023  01:52 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കേരളത്തിലെ സാമ്പത്തിക അരാജകത്വം: ഗവർണർ ഇടപെടണം- ബിജെപി
HIGHLIGHTS

 ഈ സർക്കാരിന്റെ തലവനാണ് ഗവർണർ. ഇവിടെ  ഓരോ സർക്കാർ ഉത്തരവും 'ഗവർണറുടെ ഉത്തരവിൻ  പ്രകാരം' ആണിറങ്ങുന്നത്

 

കൊച്ചി: കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്കുള്ള കാര്യകാരണങ്ങൾ സംബന്ധിച്ച് സമഗ്രമായ അന്വേഷണത്തിന് ഗവർണർ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന വക്താവ് കെവിഎസ് ഹരിദാസ് അഭ്യർത്ഥിച്ചു. ഈ സർക്കാരിന്റെ തലവനാണ് ഗവർണർ. ഇവിടെ  ഓരോ സർക്കാർ ഉത്തരവും 'ഗവർണറുടെ ഉത്തരവിൻ  പ്രകാരം' ആണിറങ്ങുന്നത്. ഗവർണറുടെ കയ്യൊപ്പ് അതിലുണ്ട് എന്നത് മറന്നുകൂടാ. ഗവർണറുടെ  സർക്കാരാണ് കേരളത്തിലേത് അല്ലെങ്കിൽ ഏതൊരു സംസ്ഥാനത്തെതും ....... അത്തരമൊരു അധികാരമുള്ള ഗവർണർ കേരളത്തിലെ സമ്പദ്ഘടനയ്ക്ക് എന്ത് സംഭവിച്ചു എന്നത് അന്വേഷിക്കേണ്ടതുണ്ട്. ഇന്നത്തെ അപകടകരമായ സ്ഥിതിയിൽ നിന്ന് സംസ്ഥാനത്തെ രക്ഷിക്കാൻ എന്താണ് വേണ്ടതെന്നും പരിശോധിക്കണം.  

സംസ്ഥാനത്തിന് ഇപ്പോൾ  വായ്പ എടുക്കാൻ പറ്റുന്നില്ല എന്ന് മാത്രമല്ല വായ്പ ചോദിച്ചാൽ   കൊടുക്കാനും ആളില്ലാത്ത അവസ്ഥയാണിപ്പോൾ.  കേരളം ഇന്നത്തെ നിലയിലായതിൽ ഇടത് മുന്നണിക്ക് മാത്രമല്ല യുഡിഎഫിനും വലിയ റോളുണ്ട്.   കടം വാങ്ങി മുന്നോട്ട് പോകാനും കഴിയുന്നത്ര അഴിമതികൾ നടത്താനുമാണ്‌ യുഡിഎഫും പരിശ്രമിച്ചത്.

അക്ഷരാർഥത്തിൽ കടക്കെണിയിലാണ് ഇന്ന് കേരളം. സിഎജി ചൂണ്ടിക്കാട്ടിയത് നമ്മുടെ മുന്നിലുണ്ട്. അതുപ്രകാരം ഈ സാമ്പത്തിക വര്ഷം അവസാനിക്കുമ്പോഴേക്ക് കേരളത്തിന്റെ കടം 4. 08 ലക്ഷം കോടിയാവും; അടുത്തവർഷം ആവുമ്പോഴേക്ക് അത് 4. 52 ലക്ഷം കോടിയും. 2016- 17 ൽ അത് 1. 86 ലക്ഷം കോടിയായിരുന്നു എന്നത് ഓർമ്മിക്കുമ്പോഴാണ് പ്രശ്നത്തിന്റെ ഗൗരവം വർധിക്കുന്നത്. ഇന്നിപ്പോൾ സംസ്ഥാന സർക്കാർ ചോദിച്ചാൽ കടം കൊടുക്കാൻ പോലും ആരും തയ്യാറാവാത്ത സ്ഥിതി സംജാതമായിരിക്കുന്നു. ഇതുപോലൊരു സ്ഥിതി രാജ്യത്ത് മുമ്പ് വളരെ കുറച്ച് സംസ്ഥാനങ്ങൾക്കേ വന്നുചേർന്നിട്ടുണ്ടാവൂ. അതിനിടയിലാണ് കടം വാങ്ങിയും സർക്കാർ ഉദ്യോഗസ്ഥരെക്കൊണ്ട് പണം പിരിപ്പിച്ചും വലിയ ധൂർത്തിന് കേരളം തയ്യാറായത്.

കഴിഞ്ഞ കാലങ്ങളിൽ പലപ്പോഴും വായ്പയെടുത്ത പണം നിർദ്ദിഷ്ട പദ്ധതിക്കായല്ല ചെലവിട്ടത് എന്നുള്ള വലിയ - ഗുരുതരമായ ആക്ഷേപവും നമ്മുടെ മുന്നിലുണ്ട്. അത് ഒരു വർഷമല്ല അനവധി വർഷങ്ങളിൽ. 2019- 20 സാമ്പത്തിക വര്ഷം വായ്പയായെടുത്ത   60, 407 കോടി രൂപയിൽ വെറും 14 ശതമാനം   ( 8,454 കോടി) മാത്രമാണ് പദ്ധതിക്കായി ചെലവിട്ടത്. അടുത്ത സാമ്പത്തിക വര്ഷം അത് 18 ശതമാനവും പിന്നെ 21 ശതമാനവുമാണ്. ബാക്കി തുക എങ്ങനെ വകമാറി  ചിലവിട്ടു .... ...  ഇത്തരത്തിൽ കടമെടുത്ത പണം തുടർച്ചയായി മറ്റാവശ്യങ്ങൾക്ക് വിനിയോഗിച്ചത് അന്വേഷിക്കപ്പെടേണ്ടതുണ്ട്.  വായ്പ നല്കിയവരോടുള്ള കൊടിയ വഞ്ചന കൂടിയാണിത് എന്നതുമോർക്കണം.

കേന്ദ്രം അവഗണിക്കുന്നു, കേന്ദ്രം സഹായിക്കുന്നില്ല എന്നതാണ് ഭരണപക്ഷ മുന്നണിയും മുഖ്യമന്ത്രിയുമൊക്കെ പരസ്യമായി ആക്ഷേപിക്കുന്നത്. യഥാർഥത്തിൽ 2014 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ കേന്ദ്ര സഹായം മുൻപെന്നത്തേക്കാൾ കൂടുതലാണ് എന്നത് കാണാനാവും.
ചില കണക്കുകൾ പരിശോധിക്കാവുന്നതാണ്.  

2011- 12 ൽ കേന്ദ്ര നികുതി വിഹിതവും കേന്ദ്ര ഗ്രാന്റുമടക്കം കേരളത്തിന് ലഭിച്ചത് 9,699. 58  കോടി രൂപയാണ്; അത് അടുത്ത രണ്ട്‌ സാമ്പത്തിക വർഷങ്ങളിൽ  9,862. 18 കോടി , 11,606. 89 കോടി എന്നിങ്ങനെയായിരുന്നു കേന്ദ്രത്തിൽ നിന്ന് കിട്ടിയത് .  അതായത് യുപിഎ സർക്കാരിന്റെ അവസാന മൂന്ന് വർഷക്കാലത്ത് കേരളത്തിന് കിട്ടിയത് 31,168. 65 കോടി രൂപ. എന്നാൽ കഴിഞ്ഞ മൂന്ന് വര്ഷക്കാലത്ത് (2018 -19 മുതൽ 2021-22 വരെ) മോദി സർക്കാർ ഈ വകകളിൽ കേരളത്തിന് നൽകിയത് 1, 20,893. 02 കോടി രൂപയും. ഇക്കാര്യങ്ങൾ നിയമസഭയിൽ സർക്കാർ തന്നെ സമ്മതിച്ചിട്ടുള്ളതാണ്.   അതായത് 89,724.37 കോടി കൂടുതൽ മോദി  ഭരണത്തിൽ കേരളത്തിന് കേന്ദ്രത്തിൽ നിന്ന് ലഭിച്ചു. ഇത്രമാത്രം അനുകൂലമായ നിലപാട് കേരളത്തോട് കേന്ദ്രം സ്വീകരിച്ചിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎമ്മും ഇവിടെ കള്ള പ്രചാരണം നടത്തുകയാണ്. ആ കള്ളപ്രചാരണമാണ് ഇപ്പോൾ നവകേരള യാത്രയുടെ പേരിൽ നടക്കുന്നത്. സാമൂഹ്യ സുരക്ഷാ പെൻഷൻ കൊടുക്കാത്തത് കേന്ദ്രം സഹായിക്കാത്തതാണ് തുടങ്ങിയ വ്യാജ പ്രചാരണവും ഇടതുമുന്നണി നടത്തുന്നു. യഥാർഥത്തിൽ നമ്മളെ കടക്കെണിയിലാക്കിയ ഇക്കൂട്ടർ ഈ യാത്രയൊക്കെ നിർത്തിവെച്ച് കിട്ടിയ പണം കേരളത്തിനായി ചിലവിടാനാണ്  ശ്രമിക്കേണ്ടത്.  

ഈ കണക്കുകൾ മുഴുവൻ ഗവർണ്ണറുടെ സമക്ഷമുണ്ട്. സിഎജി റിപ്പോർട്ട് അദ്ദേഹം കണ്ടതും അംഗീകരിച്ചതുമാണല്ലോ. അതുകൊണ്ടുതന്നെ എന്താണ് കേരളത്തിലെ സമ്പദ് ഘടനയിൽ സംഭവിക്കുന്നത് എന്നത് പരിശോധിക്കാനുള്ള അധികാരം, ഉത്തരവാദിത്വം  ഗവര്ണര്ക്കുണ്ട്.  മുമ്പ് സിഎജി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിബിഐ കേസുകൾ നിലവിൽ വന്നതും നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്.

അനവധി കേന്ദ്ര പദ്ധതികൾക്ക് ലഭിച്ച പണവും വകമാറ്റി ചിലവിടാൻ ശ്രമങ്ങൾ നടന്നിട്ടുണ്ട്. അതാണ് ഇപ്പോൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ  പ്രശ്നമുണ്ടാവാനിടയായത്. അതിന്റെ പൂർണ കണക്ക് ഇനിയും കേരളം സമർപ്പിച്ചിട്ടില്ലെന്നതാണ്   മനസിലാക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജന, ജലജീവൻ മിഷൻ , തൊഴിലുറപ്പ് പദ്ധതി അടക്കമുള്ളവയിൽ  ഇടക്ക് ചില പ്രശ്നങ്ങൾ ഉണ്ടായത്  കേരളത്തിന്റെ സാമ്പത്തിക കെടുകാര്യസ്ഥത കൊണ്ടുമാത്രമാണ്  എന്നത് മറന്നുകൂടാ. ജിഎസ്‌ടി നഷ്ടപരിഹാരം കിട്ടിയില്ല എന്നും മറ്റുമുള്ള നിലനിൽക്കാത്ത ആരോപണങ്ങൾ കേരളത്തിന്റെ ധനമന്ത്രി ഉന്നയിക്കുന്നത് കാര്യങ്ങൾ അറിയാത്തത് കൊണ്ടാവില്ല മറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്ന കണക്കുകൂട്ടലിൽ ആയിരിക്കണം.  അഞ്ചു വർഷത്തേക്കാണ് നഷ്ട പരിഹാരം നൽകാമെന്ന് കേന്ദ്രം ഏറ്റിരുന്നത്‌. കേന്ദ്രത്തിനെതിരെ വ്യാജ പ്രചാരണവും മറ്റും നടത്തുന്നതിന് പകരം, ധൈര്യമുണ്ടെങ്കിൽ, കേരളത്തിലെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ഒരു ധവളപത്രം കേരള സർക്കാർ എത്രയും വേഗം  പുറത്തിറക്കട്ടെ.  

ഈ പശ്ചാത്തലത്തിൽ സംസ്ഥാന ഗവർണർക്ക് ഇക്കാര്യങ്ങളിൽ ഇടപെടാൻ സാധിക്കും; അദ്ദേഹം അക്കാര്യം പരിശോധിക്കണം.    കേരളത്തെ ഈ പേടിപ്പിക്കുന്ന ദുരവസ്ഥയിൽ നിന്ന് കരകയറ്റാനുള്ള ഉദ്യമം അദ്ദേഹത്തിൽ നിന്ന് ഉണ്ടാവണം.

Photo Courtesy - google

Tags   
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam