11:43am 05 July 2024
NEWS
ഇലക്ഷൻ കിംഗ് ഇക്കുറിയും റെഡി,
നല്ല ഞെരിപ്പായിട്ട് തോൽക്കണം !

29/03/2024  07:26 AM IST
News Desk
നാൻ റെഡിതാൻ വരവാ... അണ്ണൻ നാൻ ഇറങ്കി വരവാ.....
HIGHLIGHTS

ജനാധിപത്യപ്രക്രിയയുടെ ഭാഗമാകാൻ ലഭിക്കുന്ന അവസരം വിനിയോഗിക്കുക മാത്രമാണ് താൻ ചെയ്യുന്നത് എന്നതാണ് ടിയാന്റെ പക്ഷം. അതിനോടൊപ്പം ഒരു വേൾഡ് റെക്കോര്‍ഡ് കൂടി നേടുക എന്നതും പത്മരാജന്റെ ലക്ഷ്യമായിരുന്നു

ചെന്നൈ: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഇലക്ഷൻ കിംഗ് പത്മരാജൻ ആകെയൊന്ന് ത്രിൽ മോഡിലാകും. പിന്നെ ഇക്കുറി ആര്‍ക്കെതിരെ മത്സരിക്കുമെന്ന ചിന്ത മാത്രമാകും അദ്ദേഹത്തിന്റെ മനസ്സിൽ. അത് ഒരു ഒന്നൊന്നര ഹരമാണ്. ഈ ഹരത്തിന് ഇപ്പോൾ 36 കൊല്ലത്തെ പഴക്കമുണ്ട്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൊന്നും പത്മരാജൻ നേരിട്ടത് ചില്ലറക്കാരെയല്ല. മുൻ പ്രധാനമന്ത്രിമാരായ അടൽ ബിഹാരി ബാജ്പായ്, ഡോ. മൻമോഹൻ സിങ്, മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി എന്തിന് ഇപ്പോഴത്തെ പ്രധാനമന്ത്രി സാക്ഷാൽ നരേന്ദ്രമോദിക്കെതിരെ വരെ നമ്മുടെ പത്മരാജൻ ഒരു കൈ നോക്കിയിട്ടുണ്ട്. തമിഴ്നാട് മേട്ടൂര്‍ സ്വദേശിയായ കെ. പത്മരാജൻ നാട്ടുകാര്‍ക്ക് ഇലക്ഷൻ കിംഗ് പത്മരാജനാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു എന്ന ലിംക ബുക് ഓഫ് റെക്കോര്‍ഡിന് ഉടമയാണ് അദ്ദേഹം.

        1988ൽ മേട്ടൂരിലെ പ്രാദേശിക തിരഞ്ഞെടുപ്പിൽ മത്സരിച്ചുകൊണ്ടായിരുന്നു പത്മരാജന്റെ തുടക്കം. പിന്നെ അവിടെ നിന്നും നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കുമൊക്കെ നിരവധി തവണ മത്സരിച്ചു. ഓരോ തവണയും ഒന്നിനൊന്ന് മെച്ചപ്പെട്ട തോൽവിയാണ് അദ്ദേഹത്തെ തേടി വന്നത്. പക്ഷേ, അദ്ദേഹം പിൻമാറാൻ ഒരുക്കമായിരുന്നില്ല. കാരണം ആ കളികളൊന്നും അദ്ദേഹം ജയിക്കാൻ വേണ്ടി കളിച്ചതായിരുന്നില്ല. ജനാധിപത്യപ്രക്രിയയുടെ ഭാഗമാകാൻ ലഭിക്കുന്ന അവസരം വിനിയോഗിക്കുക മാത്രമാണ് താൻ ചെയ്യുന്നത് എന്നതാണ് ടിയാന്റെ പക്ഷം. അതിനോടൊപ്പം ഒരു വേൾഡ് റെക്കോര്‍ഡ് കൂടി നേടുക എന്നതും പത്മരാജന്റെ ലക്ഷ്യമായിരുന്നു. ലക്ഷ്യങ്ങളൊക്കെ നിറവേറ്റി കൊല്ലങ്ങൾ പലത് പിന്നിട്ടിട്ടും പത്മരാജൻ തന്റെ യാത്ര തുടരുകയാണ്. ഇക്കുറി തമിഴ്നാട്ടിലെ ധര്‍മ്മപുരി മണ്ഡലത്തിൽ മത്സരിക്കാനാണ് പത്മരാജൻ താത്പര്യപ്പെടുന്നത്. അധികം വൈകാതെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. ഒരു മണ്ഡലത്തിൽ പോൾ ചെയ്ത ആകെ വോട്ടിന്റെ 16 ശതമാനമെങ്കിലും ലഭിച്ചില്ലെങ്കിൽ കെട്ടിവെച്ച കാശ് നഷ്ടമാകും. ഇതുവരെ ഈയിനത്തിൽ ലക്ഷങ്ങളാണ് പത്മരാജന് നഷ്ടമായത്. പക്ഷേ അദ്ദേഹം ഉറ്റുനോക്കുന്നത് ലക്ഷങ്ങളല്ല, ലക്ഷ്യങ്ങളാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
LATEST NEWS