08:51am 08 July 2024
NEWS
ബിജെപിയിലൂടെ മകന് നിരവധി അവസരങ്ങൾ ലഭിക്കുമെന്ന് എലിസബത്ത് ആന്റണി
23/09/2023  11:43 AM IST
nila
ബിജെപിയിലൂടെ മകന് നിരവധി അവസരങ്ങൾ ലഭിക്കുമെന്ന് എലിസബത്ത് ആന്റണി
HIGHLIGHTS

തന്റെ മകന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു രാഷ്ട്രീയ പ്രവേശനമെന്ന് എലിസബത്ത് ആന്റണി പറഞ്ഞു. 

അനിൽ ആന്റണിയുടെ രാഷ്ട്രീയ കാഴ്ചപ്പാട് ഉൾകൊള്ളുന്നുവെന്നും ബിജെപിയിലൂടെ മകന് നിരവധി അവസരങ്ങൾ ലഭിക്കുമെന്നും എലിസബത്ത് ആന്റണി. കൃപാസനത്തിൽ നടത്തിയ അനുഭവ സാക്ഷ്യത്തിലാണ് മുതിർന്ന കോൺ​ഗ്രസ് നേതാവ് എകെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി ഇക്കാര്യം പറഞ്ഞത്. കൃപാസനത്തിലെ മാതാവിന്റെ അനു​ഗ്രഹത്താലാണ് തന്റെ മനസ് മകന് അനുകൂലമായി മാറിയതെന്നും അവർ പറഞ്ഞു. അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിൽ ആദ്യമായാണ് എലിസബത്ത് ആന്റണി പ്രതികരിക്കുന്നത്. എലിസബത്തിന്റെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.

തന്റെ മകന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു രാഷ്ട്രീയ പ്രവേശനമെന്ന് എലിസബത്ത് ആന്റണി പറഞ്ഞു. മക്കൾ രാഷ്ട്രീയത്തിനെതിരെ ചിന്തൻ ശിബിരത്തിൽ പ്രമേയം പാസാക്കിയതിനാൽ മകന് രാഷ്ട്രീയ പ്രവേശനം സാധ്യമാകില്ലായിരുന്നുവെന്നും എലിസബത്ത് ആന്റണി പറഞ്ഞു.

‘രാഷ്ട്രീയത്തിൽ ജോയിൻ ചെയ്യണമെന്ന് എന്റെ മകന്റെ വലിയ ആഗ്രഹമായിരുന്നു. പഠനമെല്ലാം കഴിഞ്ഞ് വിദേശത്ത് നല്ല ജോലി കിട്ടയതാ. പക്ഷേ രാഷ്ട്രീയത്തിൽ താത്പര്യമുള്ളതുകൊണ്ട് തിരിച്ചുവന്നു. എന്നാൽ മക്കള് രാഷ്ട്രീയത്തിനെതിരായി ചിന്തൻ ശിബിരത്തിൽ പ്രമേയത്തിൽ പാസാക്കി. അതായത് എന്റെ മക്കൾ എത്രയൊക്കെ ആഗ്രഹിച്ചാലും രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ പറ്റില്ലെന്ന് മനസിലായി. എന്റെ ഭർത്താവാണെങ്കിൽ മക്കളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ വേണ്ടി പരിശ്രമിക്കുകയോ ഒന്നുമില്ല’ – എലിസബത്ത് ആന്റണി പറഞ്ഞു.

താൻ കോൺഗ്രസിൽ അടിയുറച്ച് നിൽക്കുമെന്നും എന്നാൽ മകന്റെ തീരുമാനം ഉൾക്കൊള്ളുന്നുവെന്നും എലിസബത്ത് ആന്റണി വ്യക്തമാക്കി. 
എ.കെ ആന്റണി പ്രാർത്ഥനയിലൂടെ ആത്മവിശ്വാസവും ആരോഗ്യവും വീണ്ടെടുത്തുവെന്നും കൃപാസനത്തിൽ എലിസബത്ത് ആന്റണി അനുഭവ സാക്ഷ്യമായി പറഞ്ഞു. 

‘എന്റെ ഭർത്താവ് അവിശ്വാസിയാണ്. ആ അവിശ്വാസം പരിഹരിച്ച് എന്റെ ഭർത്താവിന്റെ കാലിന് സ്വാധീനം കൊടുത്ത്, രാഷ്ട്രീയത്തിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട് ഇരിക്കുന്ന അദ്ദേഹത്തെ സഹായിക്കണമെന്ന് ഞാൻ പ്രാർത്ഥിച്ചു. ഈ കഴിഞ്ഞ 15-ാം തിയതി അത്ഭുതകരമാം വിധം വീണ്ടും വർക്കിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അദ്ദേഹം സ്വീകരിച്ചു. തനിയെ യാത്ര ചെയ്ത് ആത്മവിശ്വാസത്തോടെ പോയി’- എലിസബത്ത് ആന്റണി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA