12:45pm 05 July 2024
NEWS
എറണാകുളം ജില്ലാ റവന്യു അസംബ്ലി : ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി വിട്ടുകിട്ടാൻ നടപടികൾ ആരംഭിച്ചു
01/07/2024  09:49 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
എറണാകുളം ജില്ലാ റവന്യു അസംബ്ലി : ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി വിട്ടുകിട്ടാൻ നടപടികൾ ആരംഭിച്ചു

തിരുവനന്തപുരം: എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്ന റവന്യു വകുപ്പിന്റെ ലക്ഷ്യത്തിനായി ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി വിട്ടുകിട്ടാൻ നടപടികൾ ആരംഭിച്ചതായി റവന്യു വകുപ്പ് മന്ത്രി കെ രാജൻ അറിയിച്ചു.

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കൈവശം അവർ ഉപയോഗിക്കാതെ കാടുപിടിച്ച് കിടക്കുന്ന ഭൂമി നിരവധിയാണ്. അവ വിട്ടുകിട്ടുന്നതിനായി മൂന്നാം തിയതി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി എറണാകുളം ജില്ലയുമായി ബന്ധപ്പെട്ടു ചേർന്ന റവന്യു അസംബ്ലിയിൽ  അറിയിച്ചു.
റവന്യു-ഭവന നിർമ്മാണ വകുപ്പിന്റെ വിഷൻ ആന്റ് മിഷൻ 2021-26 പരിപാടിയുടെ ഭാഗമായ നാലാമത് എറണാകുളം ജില്ലാ റവന്യു അസംബ്ലിയിൽ ജില്ലയിലെ എംഎൽഎമാരായ മന്ത്രി പി രാജീവ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ ബാബു, അനൂപ് ജേക്കബ്, ടി ജെ വിനോദ്, അൻവർ സാദത്ത്, റോജി എം ജോൺ, ഉമ തോമസ്, എൽദോസ് കുന്നപ്പിള്ളിൽ, കെ  എൻ ഉണ്ണികൃഷ്ണൻ, കെ ജെ മാക്സി, പി വി ശ്രീനിജൻ, ആന്റണി ജോൺ എന്നിവർ പങ്കെടുത്തു.

ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് വിഷയാവതരണം നിർവഹിച്ചു.

 റവന്യു-ദുരന്ത നിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാൻഡ് റവന്യു കമ്മിഷണർ ഡോ.എ കൗശിഗൻ, ജോയിന്റ് കമ്മിഷണർ എ ഗീത, സർവെ ഡയറക്ടർ സിറാം സാംബശിവ റാവു തുടങ്ങിവരും പങ്കെടുത്തു.
ജില്ലയിലെ തോട് പുറമ്പോക്ക് മേഖലയിലെ പട്ടയ അപേക്ഷകളും ഭൂമി തരംമാറ്റം സംബന്ധിച്ച പരാതികളും പരിഗണിക്കണമെന്ന് എംഎൽഎമാർ അസംബ്ലിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. കടങ്ങൂർ വില്ലേജിൽ പുറമ്പോക്ക് ഭൂമിയിൽ നേരത്തെ കരം നൽകിയിരുന്നവരിൽ നിന്ന് ഇപ്പോൾ  അത് സ്വീകരിക്കാത്ത സ്ഥിതിയുണ്ടെന്നും അത്തരം ആക്ഷേപങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി പി രാജീവ് നിർദ്ദേശിച്ചു.
പറവൂർ മിനി സിവിൽ സ്റ്റേഷനിൽ അനക്സ് കോംപ്ലക്സ് നിർമ്മിക്കണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. പാലം നിർമ്മിച്ചിട്ടും അപ്രോച്ച് റോഡിന് വിട്ടുതന്ന ഭൂമി ഏറ്റെടുക്കാത്ത വിഷയമുണ്ട്. പലയിടത്തും ഭൂമി വിട്ടു കൊടുത്തവർക്ക് നഷ്ടപരിഹാരം നൽകാനുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു. മറ്റ് എംഎൽഎമാരും മണ്ഡലങ്ങളിലെ ഭൂമി ഏറ്റെടുക്കൽ വൈകുന്നത് ശ്രദ്ധയിൽപ്പെടുത്തി. നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശിച്ച റവന്യു മന്ത്രി കെ രാജൻ, കളക്ടറുടെ വിശദീകരണം അസംബ്ലിയുടെ മുമ്പാകെ അവതരിപ്പിച്ചു.
ആലുവ എഫ്എസിടിയുടെ ഉടമസ്ഥതയുള്ള ഭൂമിയിൽ നിന്ന് 10 സെന്റ് വില്ലേജ് ഓഫീസിനായി വിട്ടുകിട്ടുന്നതിന് വ്യവസായ-റവന്യു വകുപ്പ് മന്ത്രിമാർ യോജിച്ച ഇടപെടൽ ഉണ്ടാവണമെന്ന് അൻവർ സാദത്ത് ആവശ്യപ്പെട്ടു. ഇവിടെ റവന്യു വകുപ്പിന് ഭൂമി ഇല്ലെന്ന വസ്തുത വ്യവസായ മന്ത്രി പരിഗണിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. മറ്റു എംഎൽഎമാരും വിവിധ ആവശ്യങ്ങളും പ്രശ്നങ്ങളും അസംബ്ലിയുടെ ശ്രദ്ധയിൽപ്പെടുത്തി.
റവന്യു ടവർ, മിനി സിവിൽ സ്റ്റേഷൻ എന്നിവയുടെ നിർമ്മാണം, നവീകരണം, സ്മാർട്ട് വില്ലേജ് എന്നീ ആവശ്യങ്ങളും ഉയർന്നു. 
അതിനിടെ ഇന്ന് സംസ്ഥാനത്തെ 200 വില്ലേജുകളിൽ കൂടി ഡിജിറ്റൽ റീ സർവെ പൂർത്തിയാക്കി, 9(2) വിജ്ഞാപനം പുറപ്പെടുവിച്ചതായി മന്ത്രി കെ രാജൻ പറഞ്ഞു.
നാലാമത് റവന്യു അസംബ്ലിയിൽ നാളെ (2) തൃശൂർ ജില്ലയിലെ വിഷയങ്ങൾ ചർച്ച ചെയ്യും. വൈകീട്ട് ആറിന് പിടിപി നഗറിലെ ഐഎൽഡിഎമ്മിലാണ് റവന്യു അസംബ്ലി.

PRO റവന്യു വകുപ്പ്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam