12:31pm 05 July 2024
NEWS
പ്രവാസികളുടെ യാത്ര പ്രശ്നം; അടിയന്തര പരിഹാരമുണ്ടാവണം: കെ.എം.സി.സി. ഖത്തർ
29/06/2024  09:15 PM IST
പ്രവാസികളുടെ യാത്ര പ്രശ്നം; അടിയന്തര പരിഹാരമുണ്ടാവണം: കെ.എം.സി.സി. ഖത്തർ

ദോഹ: രാജ്യത്തിന് ഏറ്റവും കൂടുതൽ വിദേശ വരുമാനം നേടിക്കൊടുക്കുന്ന പ്രവാസി സമൂഹത്തെ ഭീമമായ യാത്ര ചെലവ് വാങ്ങി ചൂഷണം ചെയ്യുന്നത് വിമാന കമ്പനികൾ നടത്തുന്ന അനീതിയാണെന്ന്    കെ.എം.സി.സി. ഖത്തർ സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറഞ്ഞു. പ്രവാസികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അവധിക്കാലത്തും, വിവിധ വിശേഷ സമയങ്ങളിലും കഴുക കണ്ണുകളോടെ പിടിച്ച് പറിക്കുന്ന പ്രവണത പ്രവാസികളോടുള്ള വെല്ലുവിളിയാണ്. യാതൊരു നിയന്ത്രണവും ഇല്ലാത്ത വിധം മനുഷ്യത്വ രഹിതമായ ചെയ്തികളാണ് വിമാന  കമ്പനികൾ നടത്തുന്നത്.
ഗൾഫ് സെക്ടറിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് പ്രവാസികളെ കൊള്ളയടിക്കുന്ന എയർലൈൻ കമ്പനികളുടെ നടപടിക്ക് കടിഞ്ഞാണിടാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിയന്തിരമായി ഇടപെടണമെന്ന് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.
പ്രസ്തുത വിഷയമുൾപ്പടെയുള്ള  വിവിധ പ്രവാസി അനിവാര്യ ആവശ്യങ്ങളോട് രാഷ്ട്രീയ പാർട്ടികളും ഭരണകൂടങ്ങളും  നീതിപൂർവകമായി പ്രതികരിച്ച് പരിഹാരം കാണാനുള്ള ഉത്തരവാദിത്തം നിറവേറ്റണമെന്നും  കെ.എം.സി.സി. ഖത്തർ  അഭ്യർത്ഥിച്ചു. പ്രവാസികളുടെ പ്രതിഷേധം സീസണൽ ഒച്ചവെക്കലായി മാത്രം കാണുന്ന ഭരണ നേതൃത്വം കടുത്ത നന്ദി കേടാണ് കാണിക്കുന്നത്.

മലബാറിലെ യാത്രക്കാർ കൂടുതലും ആശ്രയിക്കുന്ന കോഴിക്കോട്, കണ്ണൂർ  അന്താരാഷ്ട്ര എയർപോർട്ടുകളെയാണ്. 
ദോഹ-കാലികറ്റ് ഇൻഡിഗോ സർവീസ് നിർത്തലാക്കിയത് മൂലം ഈ സെക്റ്ററിലേക്കുള്ള  യാത്ര സൗകര്യത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. കരിപ്പൂരിൽ നിന്നും മുംബൈയിലേക്കുള്ള   എയർ ഇന്ത്യ സർവീസ് നിർത്തലാക്കിയതോട് കൂടി ഈ സെക്ടറിലേക്കുള്ള എയർ ഇന്ത്യയുടെ എല്ലായിടത്തുനിന്നുമുള്ള സർവീസുകളും ഇല്ലാതായിരിക്കുന്നു. നിലവിൽ ഇവിടേക്കുള്ള  ഇന്ത്യൻ എക്സ്പ്രസ്  സർവീസുകളിലെ  ആശങ്കയും കെടുകാര്യസ്ഥതയും എത്രമാത്രമുണ്ടെന്ന് ഏവർക്കും അറിയാവുന്നതുമാണ്.
ഇതോടടൊപ്പം പ്രത്യേകമായി മലബാർ മേഖലയിലുള്ള വിമാനത്താവളങ്ങളിലേക്ക്‌ യാത്ര ദൈർഘ്യം കൂടുതലുള്ള   വിവിധ ജി.സി.സി. രാജ്യങ്ങങ്ങളെ അപേക്ഷിച്ച്   കുറഞ്ഞ യാത്ര ദൈർഘ്യമുള്ള  ഖത്തറിൽ നിന്നും വലിയ വിത്യാസത്തിലുള്ള അധിക തുകയാണ് ഈടാക്കുന്നതെന്നും കെഎംസിസി തെളിവുകൾ സഹിതം ആരോപിച്ചു .
3558 കിലോമീറ്റർ ദൂരവും  5 മണിക്കൂറിലധികം യാത്ര ദൈർഘ്യവും ഉള്ള
കുവൈറ്റ് - കോഴിക്കോട് സെക്ടറിലേക്ക് ജൂൺ മാസത്തിലെ നിരക്ക് ഏതാണ്ട് 29000 രൂപയാണ്, ഇതേ സമയം ഇതിലും കുറഞ്ഞ ദൂരവും, സമയ ദൈർഘ്യവുമുള്ള (3002 കിലോമീറ്റർ, 4 മണിക്കൂർ യാത്ര ദൈർഘ്യം) ദോഹ - കോഴിക്കോട് സെക്ടറിലേക്ക്  38000 രൂപയുമാണ്. ഈ നടപടി തികച്ചും വിവേചനപരമാണ്.
പ്രവാസി മലയാളികളുടെയും പ്രത്യേക നിരക്ക് ബാധകമായ ഖത്തർ പ്രവാസി കളുടെയും ന്യായമായും അടിയന്തിര  പരിഹാരം കാണേണ്ട  ഇത്തരം      വിഷയങ്ങളിൽ സമയബന്ധിതമായി  ഇടപെടണമെന്നാവശ്യപ്പെട്ട് കൊണ്ട് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രിക്കും വിഷയം പാർലമെന്റിൽ ഉന്നയിക്കുന്നതിന് കേരളത്തിൽ  നിന്നുമുള്ള എം.പി മാർക്കും നിവേദനം സമർപ്പിക്കുമെന്നും  പ്രവാസി താല്പര്യം കണക്കാക്കി പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കാനും സമാന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന പ്രവാസി സംഘടനകളെ സഹകരിപ്പിച്ച് പ്രധിഷേധ സമരങ്ങളുൾപ്പടെയുള്ള പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും  കെ.എം.സി.സി. ഖത്തർ സംസ്ഥാന കമ്മിറ്റി അറിയിച്ചു. ഡൽഹി കെഎംസിസിയുടെ പ്രസിഡണ്ട് അഡ്വ. ഹാരിസ് ബീരാൻ രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത് പ്രവാസി സമൂഹം പ്രതീക്ഷയോടെയാണ്   കാണുന്നതെന്നും കൂട്ടിച്ചേർത്തു. 

സംസ്ഥാന വൈസ് പ്രസിഡഡന്റ് 
പി കെ റഹീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രെട്ടറി  സലിം നാലകത്ത് സ്വാഗതവും ട്രഷറർ  പി.എസ്.എം ഹുസ്സൈൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായ അൻവർബാബു, ബഷീർ ടി.ടി.കെ., ആദം കുഞ്ഞി, സിദ്ധീഖ് വാഴക്കാട്, അഷ്‌റഫ് ആറളം, താഹിർ താഹകുട്ടി, വി.ടി.എം സാദിഖ്, ഫൈസൽ മാസ്റ്റർ, സമീർ മുഹമ്മദ് ശംസുദ്ധീൻ എം.പി എന്നിവർ  സംബന്ധിച്ചു .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF