07:59am 03 July 2024
NEWS
ചരിത്രത്തിലാദ്യമായി ഒരു ദലിതൻ അദ്ധ്യക്ഷ സ്ഥാനത്തെത്താൻ സാധ്യത; കുമ്പക്കുടിക്കു പിൻഗാമി കൊടിക്കുന്നിലോ?
30/06/2024  12:18 PM IST
പി. ജയചന്ദ്രൻ
ചരിത്രത്തിലാദ്യമായി ഒരു ദലിതൻ അദ്ധ്യക്ഷ സ്ഥാനത്തെത്താൻ സാധ്യത; കുമ്പക്കുടിക്കു പിൻഗാമി കൊടിക്കുന്നിലോ?

ലോക്‌സഭാ തെരഞ്ഞെടുപ്പുഫലം തിളക്കമാർന്ന മികച്ച വിജയം കൈവരിച്ചെങ്കിലും യു. ഡി. എഫിന് അനുകൂലമായാലും പ്രതികൂലമായാലും കെ.പി.സി.സി അദ്ധ്യക്ഷ പദവിയിൽ ഇളക്കി പ്രതിഷ്ഠയുണ്ടാകും എന്ന അടക്കിപ്പിടിച്ച അന്തപ്പുര വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു. സംസ്ഥാന കോൺഗ്രസിൽ പുതിയ പോർമുഖങ്ങൾ തുറക്കുപ്പെടുകയാണ്. പ്രധാനമായും 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പുകൂടി മുന്നിൽ കണ്ടുകൊണ്ടുള്ള ഇളക്കി പ്രതിഷ്ഠ തങ്ങൾക്കനുകൂലമാക്കി മാറ്റുവാൻ ഭൈമീകാ മുകരായ നേതാക്കൾ ഒറ്റയ്‌ക്കൊറ്റയ്ക്കും, സമുദായ നേതൃത്വങ്ങൾ വഴിയും കരുനീക്കങ്ങൾക്ക് തുടക്കം കുറിച്ചു തുടങ്ങിയതോടെ, കോൺഗ്രസിനെ  സംബന്ധിച്ചിടത്തോളം വരാനിരിക്കുന്ന ദിവസങ്ങൾ നിർണ്ണായമായിരിക്കും എന്നുള്ള കാര്യം ഉറപ്പാണ്. 2021-ലെ തെരഞ്ഞെടുപ്പിലുണ്ടായ ദയനീയമായ തോൽവിക്കു പിന്നാലെ, മുല്ലപള്ളി രാമചന്ദ്രനു പിൻഗാമിയായി കണ്ണൂർക്കാരൻ തന്നെയായ സുധാകരൻ അദ്ധ്യക്ഷ പദവിയിലെത്തുമ്പോൾ, പാർട്ടിയിൽ പൊതുവേ ഒരാവേശം ഉണ്ടായിരുന്നു എന്ന വസ്തുത നിഷേധിക്കാവുന്നതല്ല. നിഷ്‌ക്രിയമായിരുന്ന പാർട്ടിയെ സുധാകരൻ ഉയർത്തെഴുന്നേൽപ്പിക്കും എന്നായിരുന്നു പൊതുവേയുള്ള ധാരണ. കണ്ണൂർ രാഷ്ട്രീയക്കാരിൽ സി.പി.എമ്മുമായി കൊണ്ടും കൊടുത്തും വളർന്ന സുധാകരന് അതിനു കഴിയും എന്ന് തന്നെ കോൺഗ്രസുക്കാർ വിശ്വസിച്ചു. സി.യു.സി, സെമികേഡർ തുടങ്ങി, അതുവരെ കേൾക്കാത്ത വാക്കുകൾ കൂടികേട്ടപ്പോൾ ഉയിർത്തെഴുന്നേൽപ്പിന്റെ സമയം സമാഗതമായി എന്നു വിശ്വസിച്ചു പോയി പാവം കോൺഗ്രസുകാർ.

പക്ഷേ ഒന്നും സംഭവിച്ചില്ല. പവനായി വെറും ശവമായി മാറി. അതിന് കാരണങ്ങൾ  പലതായിരുന്നു. ആരെയും അങ്ങനെ അധികം ഷൈൻ ചെയ്യാനനുവദിച്ച പാരമ്പര്യമില്ലാത്ത കോൺഗ്രസിലെ ഗ്രൂപ്പുമൂപ്പൻമാർ സുധാകരന്റെ സദുദ്ദേശത്തോടുകൂടിയ നീക്കങ്ങൾക്ക് തുടക്കത്തിലേ തടയിട്ടതോടെ സി.യു.സി യും സെമികേഡറുമൊക്കെ എതിരാളികൾക്ക് കളിയാക്കി ചിരിക്കാൻ പറ്റുന്ന കാര്യങ്ങൾ മാത്രമായിമാറി. അതിന്റെകൂടെ ഏതൊക്കെയോ രോഗങ്ങൾ സുധാകരനെ വല്ലാതെ അലട്ടുന്നുണ്ടെന്നും സംസാരമുണ്ട്.

ചുരുക്കത്തിൽ അദ്ധ്യക്ഷപദവിയിലെത്തി മൂന്നുവർഷമായിട്ടും പാർട്ടിയെ ഒരിഞ്ചുപോലും ചലിപ്പിക്കുവാൻ സുധാകരന് കഴിഞ്ഞില്ല എന്നാണാക്ഷേപം. അതിനൊരു പ്രധാന കാരണമായി പറയപ്പെടുന്നത് സുധാകരൻ നിയമിച്ച ഭാരവാഹികൾ പലരും കോൺഗ്രസ്സ് സംഘടനാ സംവിധാനത്തിന്റെ അലകും പിടിയും അറിയുന്നവരായിരുന്നില്ല എന്നുള്ളതാണ്. ഒരുപരിധിവരെ  കെ.പി.സി.സി പ്രസിഡന്റിന് തത്തുല്യമായ സ്ഥാനമാണ് സംഘടനാചുമതലയുള്ള സെക്രട്ടറിക്കുള്ളത്. മുൻപ് തമ്പാന്നുർ രവിയെപ്പോലെ പരിണിതപ്രജ്ഞരായ ആളുകളിരുന്ന ആ സ്ഥാനത്തേക്ക് സുധാകരൻ കൊണ്ടുവന്നത് മുൻ എം.എൽ.എ ടി.യു രാധാകൃഷ്ണനെയാണ്.ഒരു സർക്കുലർ പോലും നേരാംവിധം തയ്യാറാക്കാനറിയാത്ത ആളാണ് രാധാകൃഷ്ണൻ എന്നുള്ള ആക്ഷേപം അന്നേ ഉണ്ടായിരുന്നു. മറ്റൊരു കണ്ണൂർക്കാരൻ ഒരു പി.ആർ.ഒയാണ്. ഇങ്ങനെ സംഘടനാപരമായ പ്രവർത്തന പാരമ്പര്യമോ കഴിവോ ഇല്ലാത്ത ചിലരെ കെ.പി.സി.സി യുടെ നിർണായകസ്ഥാനങ്ങളിലും ഇന്ദിരാഭവനിലുമൊക്കെ നിയമിച്ചപ്പോൾ, ഭാരവാഹികളായും സ്റ്റാഫായുമൊക്കെ പ്രവർത്തിച്ചു വന്നിരുന്ന കാര്യവിവരമുളള പലരേയും പിരിച്ചുവിട്ടു.

കെ.പി.സി.സി യിലോ ജില്ലകളിലോ ഒന്നും കാര്യമായ പുനഃ സംഘടന നടത്തുവാനോ ഭാരവാഹികളെ വയ്ക്കുവാനോ ഒന്നും സുധാകരനു കഴിഞ്ഞില്ല.കുറച്ചുപേരെ കെ.പി.സി.സി ഭാരവാഹികളാക്കി വച്ചതും, ബ്ലോക്ക് മണ്ഡലം കമ്മിറ്റികൾ സംഘടിപ്പിച്ചതും മാത്രമാണ് കഴിഞ്ഞ മൂന്നു വർഷത്തിനിടെ ആകെക്കൂടി ചെയ്തത്. അതിനപ്പുറം പാർട്ടിയെ താഴെത്തട്ടിൽ ശക്തിപ്പെടുത്തുവാനുള്ള ഒരു നീക്കവും ഉണ്ടായില്ല. ഒരു പ്രതിപക്ഷപാർട്ടി എന്ന നിലയിൽ ശരിക്കും പറഞ്ഞാൽ നിർജ്ജീവമാണ് സംസ്ഥാന കോൺഗ്രസ്സ് എന്നുള്ള ആക്ഷേപം ഇന്നത്തെപ്പോലെ വ്യാപകമായി ഉയർന്ന ഒരു കാലഘട്ടം വേറെയില്ല.

ഈ ഒരു സാഹചര്യത്തിലാണ് കഴിഞ്ഞ ഒരു വർഷമായി സുധാകരന്റെ തലയ്ക്കുമീതെ വാൾ തൂങ്ങാൻ തുടങ്ങിയത് . ഇതുപോലൊരു പാർട്ടി സംവിധാനവും വച്ച് മുന്നോട്ടു പോയാൽ എൽ.ഡി.എഫിന് മൂന്നാമൂഴവും ലഭിക്കും എന്നുള്ള സന്ദേശങ്ങൾ പല കോണുകളിൽ നിന്നും രാഹുൽ ഗാന്ധിക്കു ലഭിച്ചു. അതേത്തുടർന്നാണ് ഒരു വർഷം മുൻപുതന്നെ  ലീവിൽ പോകാൻ സുധാകരനോട് രാഹുൽ ആവശ്യപ്പെട്ടത്. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് അങ്ങനൊരു മാറ്റം നല്ലതല്ലെന്നുള്ളതിന്റടിത്ഥാനത്തിൽ മാത്രമായിരുന്നു സുധാകരനെ തുടരാനനുവദിച്ചത്. സുധാകരനെ വേദനിപ്പിച്ചുവിടുന്നത് പാർട്ടിക്കുദോഷം ചെയ്യുമെന്ന് പല മുതിർന്ന നേതാക്കളും രാഹുൽഗാന്ധിയെ ഉപദേശിക്കുകയുണ്ടായി. മുൻപുതന്നെ സംഘപരിവാർ മനസ്സുകാരനെന്ന് ആക്ഷേപമുള്ള സുധാകരൻ നേരേ ബി.ജെ.പി യിലേക്കു പോകും എന്നാണ് രാഹുലിന് ലഭിച്ച വിവരം.

കണ്ണൂരിൽ വീണ്ടും മത്സരിക്കാൻ പാർട്ടി പറഞ്ഞപ്പോൾ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം താൽക്കാലികമായി ഒഴിഞ്ഞ സുധാകരന്, തെരഞ്ഞെടുപ്പു കഴിഞ്ഞ് അതു തിരികെ ലഭിക്കാൻ ചെറിയ സാങ്കേതിക ബുദ്ധിമുട്ടുണ്ടായപ്പോൾ അറിയിക്കേണ്ടത് അറിയിക്കേണ്ടവരെ സുധാകരൻ അറിയിച്ചു  എന്നാണ് കേൾക്കുന്നത്. ഡൽഹിയിൽ പോയി പത്രമാധ്യമക്കാരെ വിളിച്ചുകൂട്ടി താൻ ബി.ജെ.പി യിലേക്കു പോകുന്നതായി പ്രഖ്യാപിക്കും എന്നായിരുന്നുവത്രെ സുധാകരന്റെ വിരട്ടൽ. കേരളത്തിനു പുറത്ത് പല സംസ്ഥാനങ്ങളും തെരഞ്ഞെടുപ്പുചൂടിൽ നിൽക്കുമ്പോൾ അങ്ങനെങ്ങാനും സംഭവിച്ചാലുണ്ടാകാവുന്ന ഭവിഷ്യത്ത് മുൻകൂട്ടി കണ്ടിട്ടാണ് എം.എം.ഹസ്സനോട് കസേര ഒഴിയാൻ നേതൃത്വം ആവശ്യപ്പെട്ടത് എന്നാണ് കേൾക്കുന്നത്.

അതെന്തായാലും ലോക്‌സഭ തെരഞ്ഞെടുപ്പു കഴിഞ്ഞ പശ്ചാത്തലത്തിൽ ഒട്ടും വൈകാതെ ഇളക്കി പ്രതിഷ്ഠ ഉണ്ടാകുമെന്നാണ് കേൾക്കുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഹൈക്കമാൻഡിന് പ്രിയംകരനായ വി.ഡി.സതീശനുമായി ഒത്തുപോകുന്ന ഒരാളായിരിക്കും ഇന്ദിരാഭവനിലെത്തുക എന്നുള്ള കാര്യം ഉറപ്പാണ്.

ആരാകും ?

കേരളത്തിലെ മറ്റേതു രാഷ്ട്രീയപ്പാർട്ടിയിൽ നിന്നും വ്യത്യസ്തമായി കോൺഗ്രസ്സിന് ഒരു ശാപമുണ്ട്. ജാതി സമവാക്യങ്ങൾ നോക്കി മാത്രമേ കെ.പി.സി.സി പ്രസിഡന്റിനെപ്പോലും നിയമിക്കാനാകൂ. കഴിവിനും മറ്റ് യോഗ്യതകൾക്കും പിന്നീടേ സ്ഥാനമുള്ളു എന്നതാണവസ്ഥ.

അങ്ങനെ നോക്കുമ്പോൾ ഒരു നായരോ ഈഴവനോ പരിഗണിക്കപ്പെടില്ല എന്ന കാര്യം ഉറപ്പാണ്. കാരണം കോൺഗ്രസ്സിന്റെ ചരിത്രം പരിശോധിച്ചാൽ രമേശ് ചെന്നിത്തല വരെ നിരവധി നായൻമാർ കാലാകാലങ്ങളിൽ കെ.പി.സി.സി യുടെ അമരത്ത് എത്തിയിട്ടുണ്ടെന്നു കാണാം. മാത്രവുമല്ല പ്രതിപക്ഷനേതാവും, എ.ഐ.സി.സി യുടെ പ്രതാപശാലിയായ സംഘടനാകാര്യ സെക്രട്ടറി കെ.സി.വേണുഗോപാലും നായർസമുദായക്കാരാണ്. പാർട്ടിയുടെ പരമോന്നത സമിതിയായ വർക്കിംഗ് കമ്മിറ്റിയിലുമുണ്ട് രണ്ട് നായർ പ്രാതിനിധ്യങ്ങൾ - രമേശ് ചെന്നിത്തലയും, ശശിതരൂരും. ഈ ഒരു പശ്ചാത്തലത്തിൽ, ഈ അന്തരാളഘട്ടത്തിൽ സംഘടനയെ ശക്തമായി മുന്നോട്ടു നയിക്കാൻ കഴിവുള്ള നായൻമാർ പലരുമുണ്ടെങ്കിലും അവർക്കാർക്കും നറുക്ക് വീഴില്ല എന്നുള്ള കാര്യം നൂറുശതമാനം ഉറപ്പാണ്. പിന്നെയുള്ളത് ഇഴവസമുദായമാണ്. വി.എം.സുധീരൻ, മുല്ലപ്പള്ളിരാമചന്ദ്രൻ, കെ.സുധാകരൻ എന്നിങ്ങനെ ഈഴവസമുദായത്തിൽപ്പെട്ടവർ  2014 മുതൽ തുടർച്ചയായി ഇരിക്കുന്ന സ്ഥാനത്തേക്ക് അതേ സമുദായത്തിൽ നിന്നുതന്നെ വീണ്ടുമൊരാളെ കൊണ്ടുവരും എന്ന് ചിന്തിക്കുകയേവേണ്ട.

പിന്നെ ക്രിസ്ത്യാനിയും മുസ്ലീമുമാണ്. 1920 മുതലുള്ള ചരിത്രം പരിശോധിച്ചാൽ കെ.മാധവൻ നായർ, കെ.പി.കേശവമേനോൻ, പി.രാമനുണ്ണി മേനോൻ, കുഞ്ഞിക്കാവു അമ്മ, എം.പി.നാരായണമേനോൻ, കുട്ടിമാളു അമ്മ, കോങ്ങാട്ടിൽ രാമൻ മേനോൻ, കെ.ടി.കുഞ്ഞിരാമൻ നമ്പ്യാർ, കെ.കേളപ്പൻ, എന്നിവർ സ്വാതന്ത്ര്യത്തിനു  മുൻപും കുമ്പളത്തു ശങ്കുപ്പിള്ള, കോഴിപ്പുറത്തു മാധവമേനോൻ, കെ.എ.ദാമോദര മേനോൻ, കെ.പി.മാധവൻ നായർ, എസ്.വരദരാജൻനായർ, കെ.മുരളീധരൻ, രമേശ് ചെന്നിത്തല എന്നിവർ സ്വാതന്ത്ര്യത്തിനു ശേഷവും കേരളത്തിൽ കോൺഗ്രസ്സിനെ നയിക്കുവാൻ നിയുക്തരായിട്ടുള്ള നായർ സമുദായാംഗങ്ങളാണെന്നു കാണാം.

എന്നാൽ ആ സ്ഥാനത്തേക്കുള്ള ഈഴവരുടെ വരവ് 1954 ൽ എ.പി.ഉദയഭാനു മുതലാണ്. പിന്നീട് 58 ൽ ആർ. ശങ്കറും, 70 ൽ കെ.കെ വിശ്വനാഥനും, 83 ൽ സി.വി.പത്മരാജനും, 92 ൽ വയലാർ രവിയും, 2014 ൽ വി.എം. സുധീരനും, 2018 ൽ മുല്ലപ്പള്ളിരാമചന്ദ്രനും, 2021 ൽ കെ.സുധാകരനും കെ.പി.സി.സിയുടെ അമരക്കാരായി വന്നു.

എന്നാൽ 1972 ൽ ആന്റണിയിലൂടെയാണ് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ആദ്യമായി ക്രിസ്ത്യൻ വിഭാഗത്തിലെത്തുന്നത്. പിന്നീട് 78 ൽ കെ.എം ചാണ്ടിയും, 84 ൽ പി.പി തങ്കപ്പനും, 87 ൽ വീണ്ടും എ.കെ ആന്റണിയും കെ.പി.സി.സി പ്രസിഡന്റമാരായി.

പിന്നീടുള്ളത്  മുസ്ലീം സമുദായമാണ്. സ്വാതന്ത്ര്യത്തിന് മുൻപ് ടി. അസ്സൻ കോയമൊല്ല, പൊൻമടത്ത് മൊയ്തീൻകോയ, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, പി.കെ. മൊയ്തീൻകുട്ടി സാഹിബ് എന്നിവർ അധ്യക്ഷ സ്ഥാനത്തെത്തിയിട്ടുണ്ടെങ്കിലും, സ്വാതന്ത്ര്യത്തിനുശേഷം 1967 ൽ ടി.ഒ ബാവമാത്രമാണ് ആസ്ഥാനത്തെത്തിയത്. എം.എം.ഹസ്സൻ രണ്ടാം പ്രാവശ്യം താത്കാലിക പ്രസിഡന്റായിട്ടാണ് ഇന്ദിരാഭവനിലെത്തിയത്. എന്നാൽ സംസ്ഥാന കോൺഗ്രസ്സിന്റെ  ചരിത്രത്തിലിന്നോളം ആ പദവിയിലെത്താൻ  കഴിയാതെ പോയ ഒരു വിഭാഗം ദലിത് വിഭാഗമാണ്. നാഴികയ്ക്കുനാൽപ്പതുവട്ടം ദലിത് പ്രേമം ഉരുവിടുന്ന കോൺഗ്രസ്സിന്റെ ചരിത്രത്തിൽ ഒരിക്കൽപ്പോലും ഒരു ദലിതൻ ആ സ്ഥാനത്തെത്തിയിട്ടില്ല.

ഈ ഒരു സാഹചര്യത്തിൽ നിന്നുകൊണ്ട് ചിന്തിക്കുമ്പോഴാണ് ആരായിരിക്കും അടുത്ത കെ.പി.സി.സി പ്രസിഡന്റ് ആയി വരിക എന്നു കൂടി ചിന്തിക്കേണ്ടി വരുന്നത്. അത് എന്തായാലും ദലിത് വിഭാഗത്തിൽ നിന്നോ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നോ ആയിരിക്കും എന്ന് ഏതാണ്ട് ഉറപ്പാകുമ്പോൾ മുഖ്യമായും രണ്ടുപേരുകളാണ് പറഞ്ഞുകേൾക്കുന്നത്. ആന്റോ ആന്റണിയുടെയും കൊടിക്കുന്നിൽ സുരേഷിന്റേയും പേരുകൾ. ഇതിൽതന്നെ മുൻതൂക്കം കൊടിക്കുന്നിലിന്റെ പേരിനാണ്.

എന്തുകൊണ്ട് കൊടിക്കുന്നിൽ ?

കേരളത്തിലെ കോൺഗ്രസ്സിനെ സംബന്ധിച്ചിടത്തോളം അതിന്റെ അടിത്തറ എന്നു പറയാവുന്നത് നായർ സമുദായമായിരുന്നു. എന്നാൽ മാറിയ സാഹചര്യത്തിൽ നായൻമാരിലെ നല്ലൊരു വിഭാഗവും കോൺഗ്രസ്സിൽ നിന്നും പടിയിറങ്ങി ബി.ജെ.പി യിലെത്തിക്കഴിഞ്ഞു. ഈഴവ സമുദായത്തിനാണെങ്കിൽ പണ്ടേപ്രിയം സി.പി.എമ്മിനോടാണ്. എങ്കിലും നായർക്കുതൊട്ടു താഴെ ഈഴവരായിരുന്നു കോൺഗ്രസ്സിന്റെ ശക്തി. അവരിലും നല്ലൊരു വിഭാഗം സംഘപരിവാർ മനസ്സുമായാണ് മുന്നോട്ടു പോകുന്നത്. അതേ സമയം 15 ശതമാനം വരുന്ന ദലിത് വിഭാഗങ്ങൾ ഇനിയും മാറി ചിന്തിച്ചു തുടങ്ങിയിട്ടില്ല  എന്നാണ് കണ്ടെത്തൽ. അതുകൊണ്ട് അവരെ പിടിച്ചുനിർത്താനായിട്ടുകൂടി ഒരു ദലിതനെ കെ.പി.സി.സി അദ്ധ്യക്ഷനാക്കി ചരിത്രം തിരുത്തിയെഴുതണം എന്നാണ് നല്ലൊരു വിഭാഗം കോൺഗ്രസ്സുകാരും പറയുന്നത്. അതിന് അവർ മുന്നോട്ടു വയ്ക്കുന്ന രണ്ടു പേരുകൾ കൊടിക്കുന്നിൽ സുരേഷിന്റെയും, എ.പി അനിൽ കാമാറിന്റേതുമാണ്. അതിൽതന്നെ ഒന്നാം പേരുകാരൻ കൊടിക്കുന്നിലാണ്. 

കെ.എസ് യുവിന്റേയും,യൂത്ത്‌കോൺഗ്രസ്സിന്റേയുമൊക്കെ ഭാരവാഹിത്വത്തിലൂടെ കടന്നു വന്ന കൊടിക്കുന്നിൽ സുരേഷ് ഡി.സി.സി പ്രസിഡന്റ്, കെ.പി.സി.സി സെക്രട്ടറി, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ്, എ.ഐ.സി.സി സെക്രട്ടറി, കോൺഗ്രസ്സ് പാർലമെന്ററി പാർട്ടി ചീഫ് വിപ്പ്, വർക്കിംഗ് കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ്, കേന്ദ്ര സഹമന്ത്രി എന്നീ നിലകളിലൊക്കെ പ്രവർത്തിച്ചിട്ടുണ്ട്. ഏഴു പ്രാവശ്യം പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്. 2021 ൽ കെ.സുധാകരനോടൊപ്പം കെ.പി.സി.സി അദ്ധ്യക്ഷ പദവിയിലേക്ക് പരിഗണിച്ച കൊടിക്കുന്നിൽ  ഒടുവിൽ, നിങ്ങൾ ചെറുപ്പമല്ലെ ഇനിയും സമയമുണ്ടല്ലൊ, തത്ക്കാലം സുധാകരനാകട്ടെ എന്നുള്ള സോണിയാഗാന്ധിയുടെ അഭ്യർത്ഥന മാനിച്ച് വഴിയൊഴിയുകയായിരുന്നുവത്രെ. അതുകൊണ്ടുതന്നെ സുധാകരൻ മാറുമ്പോൾ കൊടിക്കുന്നിലിന് അവസരം നൽകുന്നതിനോട് സോണിയയയ്ക്കും താൽപ്പര്യമായിരിക്കുമെന്നാണ് സംസാരം.

എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെയുമായുള്ള അടുപ്പവും കൊടിക്കുന്നിലിന് ഗുണമാകുമെന്നു കരുതാം.ഖാർഗെയുടെ സഹമന്ത്രിയായിരുന്നു കൊടിക്കുന്നിൽ. എല്ലാത്തിലുമുപരി  ദലിത് വിഭാഗങ്ങളെ ചേർത്തുപിടിക്കാനുള്ള  പാർട്ടിയുടെ പ്രഖ്യാപിത നയവും കൊടിക്കുന്നിലിന്റെ സാധ്യത വർദ്ധിപ്പിക്കുന്ന ഘടകമാണ്.

എന്തെങ്കിലും കാരണവശാൽ കൊടിക്കുന്നിലിന് മറ്റെന്തെങ്കിലും ചുമതലനൽകാൻ തീരുമാനിച്ചാൽ, എ.പി.അനിൽ കുമാറായിരിക്കും, ദലിത് വിഭാഗക്കാരൻ എന്ന നിലയിൽ വരാൻ സാധ്യത.

ഇതൊന്നുമല്ല, രണ്ടു ടേമിൽ താൽക്കാലികചുമതല കൊടുത്ത എം.എം.ഹസ്സനെ ഒരു ടേമിൽ സ്ഥിരം കളിക്കാരനാക്കിയാലും  അതിശയിക്കേണ്ടത്തില്ല. ഏതായാലും ഒരു ഇളക്കി പ്രതിഷ്ഠ ഉണ്ടാകുമെന്നുള്ള കാര്യം ഉറപ്പാണ്.  

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE