06:01am 08 July 2024
NEWS
വനംമേധാവിയെ മാറ്റണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് മന്ത്രി മുഖ്യമന്ത്രിക്ക് കത്തുനൽകി

05/07/2024  07:25 AM IST
nila
വനംമേധാവിയെ മാറ്റണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് മന്ത്രി മുഖ്യമന്ത്രിക്ക് കത്തുനൽകി

തിരുവനന്തപുരം: വനംമേധാവിയെ മാറ്റണമെന്ന നിലപാടിൽ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് മന്ത്രി ശശീന്ദ്രൻ കത്തുനൽകി. വനം വകുപ്പിന്റെ ഏകോപനത്തിൽ വനംമേധാവി ​ഗം​ഗാസിം​ഗ് പരാജയമാണെന്ന് മന്ത്രി ആരോപിക്കുന്നു. മന്ത്രിയുടെ ഓഫീസിനെ പോലും തെറ്റിദ്ധരിപ്പിക്കുന്നെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, വനം വകുപ്പ് മന്ത്രിയുടെ കത്തിൽ ഇനിയും മുഖ്യമന്ത്രി തീരുമാനം എടുത്തിട്ടില്ല. പകരം നിയമിക്കാൻ ആളില്ലാത്തതാണ് മന്ത്രി ശശീന്ദ്രന്റെ കത്ത് പരി​ഗണിക്കാതെ മാറ്റിവെക്കാൻ കാരണമെന്നാണ് സൂചന. 

വന്യജീവി ആക്രമണമുണ്ടായാൽ വെടിവയ്ക്കാനുള്ള നിർദ്ദേശം പോലും വനംമേധാവി സമയത്ത് നൽകാറില്ലെന്നാണ് മന്ത്രിയുടെ ആരോപണം. പുതിയ പദ്ധതികൾ നൽകി കേന്ദ്രത്തിനുള്ള ധനസഹായം വാങ്ങിയെടുക്കുന്നില്ല, തെറ്റായ വിവരങ്ങൾ വനംവകുപ്പ് ആസ്ഥാനത്തുനിന്നും മന്ത്രിയുടെ ഓഫീസിലേക്ക് നൽകുന്നു. വകുപ്പിലാണെങ്കിൽ ഏകോപനമില്ല, പല വട്ടം വീഴ്ചകളിൽ വിശദീകരണം ചോദിച്ചിട്ടും കൃത്യമായ മറുപടിയില്ല. വകുപ്പ്തല വീഴ്ചകൾ അക്കമിട്ട നിരത്തിയാണ് മന്ത്രി മുഖ്യമന്ത്രിക്ക് കത്തു നൽകിയിരിക്കുന്നത്. 

പുതുതായി രൂപീകരിക്കുന്ന ഇക്കോ-ടൂറിസം അതോററ്റിയിലോ, കേരള ഫോറസ്റ്റ് ഡെവലപ്മെൻറ് കോർപ്പറേഷനിലേക്കോ ​ഗം​ഗാസിം​ഗിനെ മാറ്റി നിയമിച്ച്, പകരം ആളെ കണ്ടെത്തണമെന്നായിരുന്നു ആവശ്യം. പക്ഷേ പകരം നിയമിക്കാൻ പ്രിൻസിപ്പൽ ചീഫ കൺസർവേറ്റർ തസ്തികയിലുള്ള ഉദ്യോഗസ്ഥരില്ലെന്നതാണ് സർക്കാരിനെ കുഴക്കുന്നത്. പിസിസിഎഫായിരുന്ന അമിത് മല്ലിക്കിൻെറ കാലാവധി നീട്ടി വകുപ്പ് മേധാവിയാക്കണമെന്നായിരുന്നു വനംമന്ത്രിയുടെ ശുപാർശ. പക്ഷെ കാലാവധിനീട്ടി നൽകുന്നതിനോട് മുഖ്യമന്ത്രി താൽപര്യം കാണിച്ചില്ല. അദ്ദേഹം കഴിഞ്ഞമാസം വിരമിച്ചു. ഇനി പിസിസിഎഫായുള്ളത് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡി ജയപ്രസാദാണ്. അദ്ദേഹം ഈ മാസം 30ന് വിരമിക്കും. ഗംഗാസിംഗിനെ മാറ്റിയാൽ അതേ റാങ്കിൽ നിയമിക്കാൻ ഉദ്യോഗസ്ഥരില്ല. എപിസിസി റാങ്കിലുള്ളവർക്ക് സ്ഥാനകയറ്റം ലഭിക്കണമെങ്കിൽ ഒരു വർഷമെങ്കിലും കഴിയണം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA