05:43am 03 July 2024
NEWS
സുധാകരൻ സഖാവ് ഇതെങ്ങോട്ടാ ?
പാര്‍ട്ടിയിൽ ചോദ്യം ശക്തമാകുന്നു

30/06/2024  08:31 AM IST
News Desk
ജി. കലിപ്പിൽ തന്നെ !
HIGHLIGHTS

പിണറായി വിജയൻ ഉയര്‍ത്തുന്ന ഏകാധിപസ്വരത്തിൽ അദ്ദേഹം കടുത്ത അതൃപ്തിയിലാണ്. പാര്‍ട്ടിയെ പിണറായിയുടെ ക്ലച്ചസിൽ നിന്നും രക്ഷിക്കണം എന്നത് മാത്രമാണ് അദ്ദേഹം ആഗ്രഹിക്കുന്നതത്രേ

ആലപ്പുഴ : സി.പി.എം. സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ മുതിര്‍ന്ന നേതാവും മുൻമന്ത്രിയുമായ ജി. സുധാകരൻ വിമതസ്വരം കടുപ്പിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സി.പി.എം. പാടേ നിരാകരിക്കുകയും പുച്ഛിക്കുകയും ചെയ്യുമ്പോൾ മോദിയെ കരുത്തനായ നേതാവ് എന്നാണ് ജി. സുധാകരൻ വിശേഷിപ്പിച്ചത്. വെള്ളാപ്പള്ളി നടേശൻ ബി.ജെ.പിക്കുവേണ്ടി നിലകൊണ്ടു എന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ ആക്ഷേപം ഉന്നയിക്കുമ്പോൾ വെള്ളാപ്പള്ളിയാണ് ശരിയെന്ന നിലപാടിലേക്ക് ജി. സുധാകരൻ എത്തുന്നു. പാര്‍ട്ടി അടിമുടി നിരാകരിക്കുന്ന രാമായണം ഉൾപ്പെടെയുള്ള പുരുണഗ്രന്ഥങ്ങളുടെ പ്രയോക്താവായി ജി രംഗത്തുവരികയും ചെയ്തു. ഇതോടെ പാര്‍ട്ടിയിൽ എല്ലാവര്‍ക്കും ചോദിക്കാനുള്ളത് ഒറ്റ ചോദ്യം മാത്രം – ഈ ജി. സുധാകരൻ ഇതെന്തിനുള്ള പുറപ്പാടാണ്? എം.വി. രാഘവനും ഗൗരിയമ്മയും ആവര്‍ത്തിക്കാനാണോ എന്ന് ഒളിഞ്ഞുംതെളിഞ്ഞും ചോദിക്കുന്നവരുമുണ്ട്, വിശിഷ്യാ ആലപ്പുഴ ജില്ലയിൽ.

         അറിഞ്ഞിടത്തോളം ജി. സുധാകരൻ പാര്‍ട്ടി വിട്ട് പുറത്തുപോകുന്നതിനെക്കുറിച്ച് നിലവിൽ ചിന്തിക്കുന്നില്ല. എന്നാൽ പിണറായി വിജയൻ ഉയര്‍ത്തുന്ന ഏകാധിപസ്വരത്തിൽ അദ്ദേഹം കടുത്ത അതൃപ്തിയിലാണ്. പാര്‍ട്ടിയെ പിണറായിയുടെ ക്ലച്ചസിൽ നിന്നും രക്ഷിക്കണം എന്നത് മാത്രമാണ് അദ്ദേഹം ആഗ്രഹിക്കുന്നതത്രേ. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ കനത്ത പരാജയം അതിനൊരു ഹേതുവാകും എന്നും അദ്ദേഹം കരുതുന്നു. ഇതിനോടൊകം തന്നെ പാര്‍ട്ടിയിൽ ഉയര്‍ന്നുതുടങ്ങിയ മുറുമുറുപ്പ് ആളിക്കത്തിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു. അതിനായുള്ള ചില പൊടിക്കൈവിദ്യകളാണ് അദ്ദേഹംസഖാവ്  ജി കൈക്കൊള്ളുന്നത്. പാര്‍ട്ടിയിലെ ചില ഉന്നതനേതാക്കൻമാരുടെ മൗനാനുവാദമോ സമ്മതമോ ഒക്കെ ജിക്കുണ്ട് എന്നും കേൾക്കുന്നു. എന്നാൽ ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല.

          കണ്ണൂരിൽ പി. ജയരാജൻ ഉയര്‍ത്തിയതുപോലെ ഒരു വെല്ലുവിളി ആലപ്പുഴ കേന്ദ്രീകരിച്ച് ശക്തമാകുമെന്നും ചില കേന്ദ്രങ്ങൾ വിലയിരുത്തുന്നുണ്ട്. മുഖ്യമന്ത്രി കസേരയിലേക്ക് മരുമകൻ മുഹമ്മദ് റിയാസിനെ എത്തിക്കാനുള്ള നീക്കമാണ് പിണറായി നടത്തുന്നതെന്നും അതിന് തടയിടാൻ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും ചിന്തിക്കുന്നവര്‍ പാര്‍ട്ടിയിൽ ധാരാളമുണ്ട്. അതേസമയം, പ്രതികൂലമായി ഉരുത്തിരിയുന്ന സാഹചര്യത്തെ കരുതലോടെ കൈകാര്യം ചെയ്യാനാണ് പിണറായി പക്ഷത്തിന്റെ നീക്കം. അതുകൊണ്ടാണ് ആരും ജി. സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൻമാര്‍ക്കെതിരെ മൃദുസമീപനം വെച്ചുപുലര്‍ത്തുന്നത്. ജനവികാരത്തേയും അവര്‍ ഭയക്കുന്നുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA