10:31am 01 July 2024
NEWS
എന്തായിരുന്നു ഗാന്ധിജിയുടെ അഹിംസാസിദ്ധാന്തം,
കമ്മ്യൂണിസത്തെ ഗാന്ധി എങ്ങിനെ കണ്ടിരുന്നു,
ഉത്തരം എത്രപേര്‍ക്കറിയാം ?

11/10/2019  02:25 PM IST
KERALASABDAM
എന്തായിരുന്നു ഗാന്ധിജിയുടെ അഹിംസാസിദ്ധാന്തം
HIGHLIGHTS

ഗാന്ധിജിക്ക് കമ്മ്യൂണിസത്തോടുള്ള കാഴ്ചപ്പാട് എന്തായിരുന്നു? ഈ രണ്ട് രാഷ്ട്രീയ സിദ്ധാന്തങ്ങളും വ്യത്യസ്ത ധ്രുവങ്ങളില്‍, ഒരിക്കലും പൊരുത്തപ്പെടാനാവാത്ത ഭൂമികയിലാണോ നിലകൊള്ളുന്നത്?

 

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികാഘോഷങ്ങള്‍ക്ക് കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 2 ന് തുടക്കമിട്ടതുമുതല്‍, ഇക്കഴിഞ്ഞ ഒക്ടോബര്‍ 2 ന് അവസാനിക്കുംവരെയും, അതിവിപുലമായി വിലയിരുത്തപ്പെടുകയും, കൂലങ്കഷമായ ചര്‍ച്ചകള്‍ക്ക് വിധേയമാകുകയും ചെയ്തത് ഗാന്ധിജിയുടെ രാഷ്ട്രീയദര്‍ശനങ്ങള്‍, വിശിഷ്യാ അദ്ദേഹത്തിന്‍റെ രാഷ്ട്രീയസിദ്ധാന്തത്തിന്‍റെ കേന്ദ്രബിന്ദുവായി എടുത്തുകാട്ടപ്പെടുന്ന അഹിംസാ വാദത്തിന്‍റെ കാലാതിവര്‍ത്തിയായ പ്രസക്തിയെക്കുറിച്ചായിരുന്നു.


എന്തായിരുന്നു ഗാന്ധിജിയുടെ അഹിംസാസിദ്ധാന്തം? കാറല്‍ മാര്‍ക്സ് വിഭാവനചെയ്ത കമ്മ്യൂണിസ്റ്റ് ഭരണകൂടം സായുധവിപ്ലവത്തിലൂടെ 1917 ല്‍റഷ്യയില്‍ നടപ്പിലാക്കിയ ലെനിന്‍റെ സമകാലികനായിരുന്ന ഗാന്ധിജിക്ക് കമ്മ്യൂണിസത്തോടുള്ള കാഴ്ചപ്പാട് എന്തായിരുന്നു? ഈ രണ്ട് രാഷ്ട്രീയ സിദ്ധാന്തങ്ങളും വ്യത്യസ്ത ധ്രുവങ്ങളില്‍, ഒരിക്കലും പൊരുത്തപ്പെടാനാവാത്ത ഭൂമികയിലാണോ നിലകൊള്ളുന്നത്?


ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ 'ദി ലേബര്‍ മന്ത്ലി'യുടെ 1932 ഏപ്രില്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ഗാന്ധിജിയുമായുള്ള അഭിമുഖത്തില്‍, ഇന്ത്യയില്‍ തൊഴിലാളി വര്‍ഗ്ഗസമരത്തിന് പ്രസക്തിയുണ്ടോ, തൊഴിലാളി-കര്‍ഷകമുന്നേറ്റമുണ്ടായാല്‍ ആര്‍ക്കൊപ്പം നില്‍ക്കും, കുത്തകചൂഷണം അവസാനിപ്പിക്കാനുള്ള മാര്‍ഗ്ഗമെന്ത് തുടങ്ങി മൗലികമായ ചില കാര്യങ്ങളില്‍ ഗാന്ധിജി തന്‍റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.


ഏത് മാര്‍ഗ്ഗത്തിലൂടെയാണ് ഇന്‍ഡ്യയിലെ രാജാക്കന്മാരും, ജന്മിമാരും, വ്യവസായികളും ബാങ്കുടമകളും സമ്പന്നരായത് എന്ന ചോദ്യത്തിന് ജനങ്ങളെ ചൂഷണം ചെയ്ത് എന്ന ഋജുവായ ഉത്തരമാണ് ഗാന്ധിജി നല്‍കിയത്. ഈ സമ്പന്നര്‍ക്ക് അദ്ധ്വാനിക്കുന്ന തൊഴിലാളിയെക്കാളും കര്‍ഷകനെക്കാളും മെച്ചപ്പെട്ട ജീവിതം നയിക്കാന്‍ സാമൂഹികപരമായ അവകാശമുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്‍റെ ഉത്തരം ഇങ്ങനെയായിരുന്നു: ഒരവകാശവുമില്ല. നാമെല്ലാം തുല്യമായി ജനിക്കുന്നു എന്നതിനാല്‍ തുല്യജീവിതാവസരത്തിനും അവകാശമുണ്ടെന്നാണ് എന്‍റെ അഭിപ്രായം.
ചോദ്യം: ടാഗോറും ബര്‍ണാഡ് ഷായും ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായത്തില്‍ സോവിയറ്റ് ഭരണസംവിധാനം വളരെ ചുരുങ്ങിയ കാലയളവില്‍ ജനങ്ങളുടെ സാമ്പത്തിക, സാമൂഹിക, സാംസ്ക്കാരിക അവസ്ഥയില്‍ കാതലായ മാറ്റമുണ്ടാക്കിയിട്ടുണ്ട്. റഷ്യയില്‍ വിപ്ലവത്തിനുമുമ്പുണ്ടായിരുന്ന അതേ സാമൂഹിക സാഹചര്യമല്ലേ ഇന്ന് ഇന്ത്യയിലുള്ളത്.


ഗാന്ധിജി: റഷ്യയിലെ അവസ്ഥയെ അഭിനന്ദിക്കാന്‍ എനിക്ക് കഴിയില്ല. നിര്‍ബന്ധിത തൊഴിലിനെഅടിസ്ഥാനമാക്കിയാണ് സോവിയറ്റ് വ്യവസ്ഥയെന്നാണ് അതിന്‍റെ നേതാക്കള്‍ തന്നെ പറയുന്നത്. ഇതിന്‍റെ അന്തിമമായ വിജയത്തില്‍ എനിക്ക് വലിയ സംശയമുണ്ട്. (സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ച ഗാന്ധിജി മുന്‍കൂട്ടി വിഭാവനചെയ്തിരുന്നു എന്ന് ഇതിനെചിലര്‍ വ്യാഖാനിക്കുന്നു)....ഇക്കാലത്തെ ഏറ്റവും വലിയ വിപ്ലവകാരിയെന്നാണ് ഞാന്‍ വിളിക്കപ്പെടുന്നത്. ഇത് ഒരുപക്ഷേ ശരിരായിരിക്കണമെന്നില്ല. പക്ഷേ ഞാനൊരു വിപ്ലവകാരിയാണെന്ന് സ്വയം വിശ്വസിക്കുന്നുണ്ട്. അഹിംസാവാദിയായ വിപ്ലവകാരി. നിസ്സകരണമാണ് എന്‍റെ ആയുധം. ജനങ്ങളുടെ സഹകരണമോ സന്നദ്ധയോ പിന്തുണയോ ഇല്ലാതെ ആര്‍ക്കും മുന്നോട്ടു പോകാനാവില്ല.


പിന്‍കുറിപ്പ്


'ഗാന്ധിജിയും കമ്മ്യൂണിസവും' എന്ന ചെറുഗ്രന്ഥത്തില്‍ വിനോബാഭാവെ ഇങ്ങനെഎഴുതുന്നു: "ഗാന്ധിതത്ത്വങ്ങളും കമ്മ്യൂണിസവും ഓരോരുത്തരും സ്വന്തം രീതിയില്‍ മൂല്യനിര്‍ണ്ണയം ചെയ്തുകൊണ്ടിരിക്കുന്നു. ഗാന്ധി തത്ത്വങ്ങളുടെ നാലുഭാഗത്തും ഒരാദ്ധ്യാത്മിക പ്രഭാപ്രസരം കാണപ്പെടുന്നുണ്ടെങ്കില്‍ കമ്മ്യൂണിസത്തിന് ശാസ്ത്രീയ നിര്‍വചനങ്ങളുടെ പിന്‍ബലമുണ്ട്.....മഹാത്മാഗാന്ധിയും മഹാമുനി മാര്‍ക്സും - അവരുടെ തത്ത്വചിന്തകളുടെ താരതമ്യപഠനത്തേക്കാളും  ഈ കാലഘട്ടത്തില്‍ മറ്റെന്തുണ്ട്. കഴിഞ്ഞ 100- 150 വര്‍ഷങ്ങളിലെ മനുഷ്യ ജീവിതം അരിച്ചെടുത്താല്‍ അധികപങ്കും  കയ്യിലവശേഷിക്കുക ഈ രണ്ട് നാമധേയങ്ങളുമായിരിക്കും.'چ

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Related Stories