06:06pm 08 July 2024
NEWS
നിയമസഭയിൽ ഭരണ - പ്രതിപക്ഷ അംഗങ്ങളുടെ പോര്‌
28/06/2022  03:49 PM IST
Maya
നിയമസഭയിൽ ഭരണ - പ്രതിപക്ഷ അംഗങ്ങളുടെ പോര്‌
HIGHLIGHTS

മടിയിൽ കനമില്ലെന്നോ വഴിയിൽ ഭയമില്ലെന്നോ ഉള്ള പൊങ്ങച്ചമല്ല സ്വർണക്കടത്തുമായി ബന്ധപ്പെട്ട വസ്തുതയാണ് ജനങ്ങൾക്ക് അറിയേണ്ടതെന്ന് ഷാഫി പറമ്പിൽ എംഎൽഎ അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു

തിരുവനന്തപുരം: നിയമസഭയിൽ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയ ചർച്ചയിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം ആഞ്ഞടിച്ചു.  മടിയിൽ കനമില്ലെന്നോ വഴിയിൽ ഭയമില്ലെന്നോ ഉള്ള പൊങ്ങച്ചമല്ല സ്വർണക്കടത്തുമായി ബന്ധപ്പെട്ട വസ്തുതയാണ് ജനങ്ങൾക്ക് അറിയേണ്ടതെന്ന് ഷാഫി പറമ്പിൽ എംഎൽഎ അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം ബാഗ് വിദേശത്തേക്കു കൊണ്ടുപോകാൻ സർക്കാർ സംവിധാനമില്ലേയെന്നായിരുന്നു മാത്യു കുഴൽനാടന്റെ ചോദ്യം. 

ഉച്ചയ്ക്ക് ഒരു മണിക്കാണ് സ്വർണക്കടത്തു വിഷയത്തിൽ സഭയിൽ അടിയന്തര പ്രമേയ ചർച്ച ആരംഭിച്ചത്. രണ്ടു മണിക്കൂറിലേറെ ചർച്ച നീണ്ടു. പിന്നീട് മുഖ്യമന്ത്രി തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് അക്കമിട്ട് മറുപടി നൽകി. തനിക്കെതിരെയുള്ള ആരോപണങ്ങളുടെ വസ്തുതകൾ അന്വേഷണത്തിലൂടെ പുറത്ത് വരട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടനിലക്കാരെ ഉപയോ​ഗിക്കേണ്ട ആവശ്യം സർക്കാരിനില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം ആരോപണങ്ങൾ ജനാധിപത്യ സംവിധാനത്തെ ദുർബലപ്പെടുത്താനേ ഉപകരിക്കൂ. ജയ്ഹിന്ദിൽ പ്രവർത്തിച്ചിരുന്ന ഒരാളിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത്. ഷാജ് കിരണിന് കോൺ​ഗ്രസുമായാണ് ബന്ധമെന്നും മുഖ്യമന്ത്രി പരോക്ഷമായി സൂചിപ്പിച്ചു. തങ്ങൾക്ക് അവതാരങ്ങളുടെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  

സംഘപരിവാറിന്റെ ചരടുവലിക്കൊത്ത് നീങ്ങുന്നവരുടെ ശബ്ദം സഭയിൽ പ്രതിപക്ഷം ആവുന്നത്ര ഉച്ചത്തിൽ ഉയർത്താൻ നോക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. കോൺ​ഗ്രസ് വല്ലാതെ ദുർബലപ്പെടുന്നു. അത് കൊണ്ട് തന്നെ തങ്ങൾക്ക് ഇനി അഭയം സംഘപരിവാർ സംഘടനകളാണെന്നും ഇവർ കരുതുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. 

ഷാഫി പറമ്പിൽ സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ പ്രതിഷേധവുമായി മന്ത്രിമാർ ഉൾപ്പെടെ ഭരണപക്ഷത്തുനിന്ന് എംഎൽഎമാർ ബഹളം വച്ചു. രഹസ്യമൊഴി സഭയിൽ ഉന്നയിക്കരുതെന്നു മന്ത്രി പി.രാജീവ് പറഞ്ഞു.

ജനങ്ങൾക്ക് താൽപര്യമുള്ള വിഷയമായതിനാൽ ചർച്ചയാകാമെന്നു മുഖ്യമന്ത്രി പറഞ്ഞതോടെയാണ് സ്വർണക്കടത്തു കേസ് സഭയിൽ ചർച്ചയായത്. കേസ് അന്വേഷണം അട്ടിമറിക്കുന്നു എന്നാരോപിച്ചാണ് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടിസ് നൽകിയത്. രണ്ടാം പിണറായി സർക്കാർ ചർച്ച ചെയ്യുന്ന രണ്ടാമത്തെ അടിയന്തര പ്രമേയ നോട്ടിസാണിത്. ആദ്യ പ്രമേയം സിൽവർലൈൻ പദ്ധതി സംബന്ധിച്ചായിരുന്നു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
LATEST NEWS