10:29am 01 July 2024
NEWS
ഗോവയുടെ മഹിമ ലോകം അറിയണമെന്ന് ഗവർണർ പി.എസ് ശ്രീധരൻപിളള; പൈതൃക വൃക്ഷങ്ങളും മിസ്സോറാം സ്മരണകളും
09/06/2024  10:26 AM IST
ഗോവയിൽ നിന്ന് മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഗോവയുടെ മഹിമ ലോകം അറിയണമെന്ന് ഗവർണർ പി.എസ് ശ്രീധരൻപിളള; പൈതൃക വൃക്ഷങ്ങളും മിസ്സോറാം സ്മരണകളും

പ്രകൃതിയുടെ വശ്യ സൗന്ദര്യവും പൈതൃക സമ്പത്തിന്റെ അനന്യ മഹിമയും ദൈവികമായി സമന്വയിച്ച അനുഗൃഹീത നാട്- ഗോവ. അന്താരാഷ്ട്ര സംഘർഷങ്ങളുടെ പ്രകമ്പനത്താൽ വിദേശ ടൂറിസ്റ്റുകളുടെ പ്രവാഹം കുറഞ്ഞെങ്കിലും തിരക്കേറിയ സീസണുകളിലൂടെ തന്നെയാണ് ഇപ്പോഴും ഗോവയുടെ സഞ്ചാരം. ഇതിനിടെ, മോഹിപ്പിക്കുന്ന കടൽത്തീരങ്ങളുടെ ഇടമെന്ന വിശേഷണവുമായി മികച്ച 'ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ' ആയി മാറിയ സംസ്ഥാനത്തിന്റെ ഖ്യാതി ഇവിടത്തെ വ്യതിരിക്ത ജൈവ വൈവിധ്യവും കലാ പാരമ്പര്യവുമായിണക്കി വികസ്വരമാക്കുന്നതിലൂടെ വിനോദ സഞ്ചാരികളുടെ പ്രവാഹം ഏറുമെന്ന കാര്യത്തിൽ വിദഗ്ധർക്കു സന്ദേഹമില്ല.   
ഗോവ രാജ്ഭവന്റെ ആഭിമുഖ്യത്തിൽ ഡോണ പോളയിലെ ന്യൂ ദർബാർ ഹാളിൽ  ഇന്ത്യയുടെ പരമ്പരാഗത വൃക്ഷ മഹിമയെക്കുറിച്ചു സംഘടിപ്പിച്ച ശിൽപ്പശാലയായ 'വൃക്ഷ വൈജ്ഞാനിക സദസ്സ്' ഇതേപ്പറ്റി ഗവർണർക്കുള്ള രചനാത്മക കാഴ്ചപ്പാടുകളുടെ വിവിധ വശങ്ങൾ ചർച്ചാ വിധേയമാക്കി. 'വിശ്വഗുരു' പദവിയിലേക്കുള്ള ഇന്ത്യയുടെ വളർച്ചയിൽ സുപ്രധാന പങ്കാളിത്തമാണ് രാജ്യത്തിന്റെ പൈതൃക വൃക്ഷ സമ്പത്തിനുള്ളതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ അതുല്യമായ ജൈവ വൈവിധ്യത്തിന്റെ മഹിമ ഇനിയും പൂർണ്ണമായി അനാവൃതമാ കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച ഉദ്ഘാടനയോഗത്തിൽ ഗവർണറുടെ സ്‌പെഷ്യൽ ഓഫീസർ ആർ. മിഹിർ വർധൻ ആമുഖ പ്രസംഗം നടത്തി.ഗോവ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഹരിലാൽ ബി. മേനോൻ, ദേശീയ ജൈവവൈവിധ്യ അതോറിറ്റി അധ്യക്ഷൻ സി. അചലന്ദർ റെഡ്ഡി, ഗവർണറുടെ സെക്രട്ടറി എം.ആർ.എം. റാവു തുടങ്ങിയവർ പ്രസംഗിച്ചു.

ഗവർണർ ശ്രീധരൻപിള്ള നടത്തിയ പ്രകൃതി പൈതൃക യാത്രയുടെ അനുബന്ധമായി രാജ്ഭവൻ തുടർന്നുവരുന്ന ആത്മാർത്ഥ പരിശ്രമങ്ങളുടെ ഫലമായാണ് ഇന്ത്യയുടെ പരമ്പരാഗത വൃക്ഷങ്ങളെക്കുറിച്ചുള്ള ശിൽപ്പശാലയെന്ന് കൃതജ്ഞതാ പ്രസംഗത്തിൽ ഗവർണറുടെ പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറി ടി.എച്ച്. വത്സരാജ് അറിയിച്ചു. ഗവർണർ രചിച്ചു പ്രസിദ്ധീകരിച്ച 'ഗോവയുടെ പൈതൃക വൃക്ഷങ്ങൾ' എന്ന ഗ്രന്ഥം ശ്രദ്ധേയമായിരുന്നു. രാജ്ഭവനിൽ ചക്ക മഹോൽസവം സംഘടിപ്പിച്ചും, തന്റെ കർഷക, പ്രകൃതിസ്‌നേഹം പങ്കുവച്ചയാളാണ് ഗവർണർ. 

വൃക്ഷായുർവേദം എന്ന പ്രബന്ധം ഡോ.കെ.മുരളി (ചീഫ് എഡിറ്റർ പബ്ലിക്കേഷൻസ്, ആര്യ വൈദ്യശാല കോട്ടക്കൽ) 'വൃക്ഷ വൈജ്ഞാനിക സദസ്സി'ൽ അവതരിപ്പിച്ചു. പനകളും ദക്ഷിണേന്ത്യയിലെ അപ്രത്യക്ഷമാകുന്ന പാരമ്പര്യങ്ങളും എന്ന വിഷയത്തിൽ പ്രൊഫ. ജനാർദ്ദനവും, ഇന്ത്യയിലെ വിശുദ്ധ വനങ്ങളെപ്പറ്റി  പായിപ്ര രാധാകൃഷ്ണനും, കാളിദാസന്റെ ലോകത്തിലെ മരങ്ങൾ എന്ന വിഷയത്തിൽ ഡോ. വിജയൻ ചാലോടും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
കാലിക്കറ്റ് സർവകലാശാലയിലെ പ്രൊഫ.എൻ.കെ. സുന്ദരേശ്വരൻ വേദങ്ങളിലെ വൃക്ഷങ്ങൾ എന്ന പ്രബന്ധവും, രാജേന്ദ്ര പി. കെർക്കർ ഗോവയിലെ പുണ്യവൃക്ഷങ്ങളുടെ പാരമ്പര്യം എന്ന പ്രബന്ധവും, പയ്യന്നൂർ കോളേജ് റിട്ട. പ്രൊഫസർ ആയ ഡോ. പി. മനോഹരൻ രാമായണത്തിലെയും മഹാഭാരതത്തിലെയും വൃക്ഷങ്ങൾ എന്ന പ്രബന്ധവും അവതരിപ്പിച്ചു. യജ്ഞങ്ങളിലും അനുബന്ധ ആചാരങ്ങളിലും ഇന്ത്യയിലെ വിശുദ്ധ സസ്യജാലങ്ങളുടെ പരമ്പരാഗത പ്രയോഗത്തെപ്പറ്റി ഡോ. പ്രദീപ് വി. സർമോകദം പ്രസംഗിച്ചു.

ഡോ. സിന്ധു എ. (വൈസ് പ്രസിഡന്റ്, ആർ ആൻഡ് ഡി, എ.വി.പി. കോയമ്പത്തൂർ), ഹോർത്തൂസ് മലബാറിക്കൂസ് ഗവേഷകയായ ശാസ്ത്രജ്ഞ ഡോ. നിയ എന്നിവർ പരമ്പരാഗത ഔഷധ സസ്യങ്ങളെപ്പറ്റിയും വൃക്ഷങ്ങളെപ്പറ്റിയും പ്രബന്ധമവതരിപ്പിച്ചു. ചുവർ ചിത്രങ്ങളിലെ മരങ്ങൾ എന്ന വിഷയം കെ.കെ. മാരാർ വിശദമാക്കി.
ഇന്ത്യയിലെ ജനങ്ങളുടെ ജീവിതത്തിലും സംസ്‌കാരത്തിലും സസ്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധവും ആഴത്തിലുള്ള ധാരണയും സൃഷ്ടിക്കാൻ 'വൃക്ഷ വൈജ്ഞാനിക സദസ്സ്' വഴി തെളിച്ചെന്ന് വിദഗ്ധർ പറഞ്ഞു. പുരാതന കാലത്തെ പാരമ്പര്യങ്ങൾക്കും ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും പരിസ്ഥിതിയുമായി അഗാധ ബന്ധമുണ്ട്. ഇക്കാര്യങ്ങൾ അനാവരണം ചെയ്യുന്നതിലൂടെ നമ്മുടെ സമ്പന്നമായ പാരിസ്ഥിതിക പൈതൃകത്തെ ഉയർത്തിക്കാട്ടാൻ കഴിയും.
സമൂഹത്തിനും, പ്രത്യേകിച്ച് യുവതലമുറയ്ക്കും  അതിശയകരമായ നമ്മുടെ പൂർവ്വ പാരമ്പര്യങ്ങൾ തുടരാൻ ഈ ശിൽപ്പശാല പ്രചോദനം നൽകണമെന്നതായിരുന്നു ഗവർണറുടെ ഒരു പ്രധാന ലക്ഷ്യമെന്ന് ടി.എച്ച്. വത്സരാജ് പറഞ്ഞു. തുടർന്ന്, ഇന്ത്യയിലെ പരമ്പരാഗത മരങ്ങളെക്കുറിച്ചുള്ള സിമ്പോസിയത്തെക്കുറിച്ച് ഗോവ രാജ്ഭവനിൽ അനുവദിച്ച അഭിമുഖത്തിലൂടെ 'കേരളശബ്ദ'ത്തോട് ഗവർണർ വിശദീകരിച്ചു:

ഭരണഘടനയിലെ നിയോജക തത്വങ്ങളുടെയും അടിസ്ഥാന കടമകളുടെയും അധ്യായങ്ങളിൽ പരാമർശിച്ചിരിക്കുന്ന വ്യവസ്ഥകൾ പ്രോത്സാഹിപ്പിക്കാൻ ഗവർണറും ബാധ്യസ്ഥനാണ്. അദ്ധ്യായം നാലിലും ആർട്ടിക്കിൾ 51 എയിലും ആണിക്കാര്യം ഊന്നിപ്പറയുന്നത്. സസ്യങ്ങൾക്കു സുബോധമുണ്ടെന്ന വിശ്വാസം നമ്മുടെ രാജ്യത്ത്  പണ്ടുമുതലേ നിലനിന്നുപോന്നിരുന്നു. ഋഗ്വേദവും അഥർവ്വവേദവും സസ്യങ്ങളിലെ അവബോധത്തെപ്പറ്റി പരാമർശിച്ചു. സസ്യബോധത്തെക്കുറിച്ചുള്ള നമ്മുടെ പുരാതന കണ്ടെത്തലുകൾ വൈകിയാണെങ്കിലും ലോകം സത്യമായി അംഗീകരിച്ചു.

 ജഗദീഷ് ചന്ദ്രബോസ് എന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ ഒരു നൂറ്റാണ്ട് മുമ്പ് തന്നെ മൃഗങ്ങൾക്ക് സമാനമായ നാഡീവ്യവസ്ഥ സസ്യങ്ങൾക്കുമുണ്ടെന്ന് കണ്ടെത്തി. 'പ്ലാന്റ് നെർവ്' എന്ന പദം ആദ്യമായി ഉപയോഗിച്ചത് ബോസാണ്. അദ്ദേഹത്തിന് മുമ്പ്, ലണ്ടനിൽ നിന്നുള്ള അഗസ്റ്റസ് വാലർ 'പച്ചക്കറി വൈദ്യുതിയുടെ പ്രതിഭാസം' റിപ്പോർട്ട് ചെയ്തതായി അവകാശപ്പെട്ടു. 

സസ്യങ്ങൾക്ക് ജീവൻ ഉണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ബോസിന്റെ ആദ്യ പരീക്ഷണങ്ങൾ. അദ്ദേഹം 'ക്രെസ്‌കോഗ്രാഫ്' എന്ന യന്ത്രം കണ്ടുപിടിച്ചു. സസ്യവളർച്ച അളക്കുന്ന ഒരു മെക്കാനിക്കൽ ഉപകരണമാണ് ക്രെസ്‌കോഗ്രാഫ്, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബോസ് കണ്ടുപിടിച്ചതാണിത്. വെള്ളത്തിൽ തിളപ്പിച്ചപ്പോഴുള്ള കാബേജിന്റെ നിലവിളി അതിലൂടെ അദ്ദേഹം ലോകത്തെ ബോധ്യപ്പെടുത്തി.

1901-ൽ ലണ്ടനിലെ റോയൽ സൊസൈറ്റിക്ക് മുമ്പാകെ ബോസ്  അത് പ്രദർശിപ്പിച്ചു. നോബൽ സമ്മാന ജേതാവായ നാടകകൃത്ത് ജോർജ് ബെർണാഡ് ഷാ ഒരു സസ്യഭുക്കായിരുന്നു. കാബേജ് തിളപ്പിക്കുമ്പോഴുള്ള അതിന്റെ വേദനാപൂർവമായ നിലവിളി കണ്ട് ബെർണാഡ് ഷാ കരഞ്ഞതായി പറയപ്പെടുന്നു. ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പ് ബോസ് മുന്നോട്ടുവെച്ച സിദ്ധാന്തം ഇപ്പോൾ ലോകം അംഗീകരിച്ചു. എന്തുകൊണ്ടാണ് പാശ്ചാത്യ ശാസ്ത്രജ്ഞരും ഇന്ത്യക്കാരും ഇതിന്റെ വിശദാംശങ്ങൾ അവഗണിച്ചത്? ബോസിന്റെ ഊർജ്ജസ്വലമായ പരീക്ഷണങ്ങളുടെ പരിണാമം ഇപ്പോഴും ഉത്തരം ആവശ്യമുള്ള ഒരു ചോദ്യമാണ്.

മിസോറാം സ്മരണ
മിസോറാമിൽ വച്ചാണ് മരങ്ങളോടുള്ള എന്റെ ആകർഷണത്തെക്കുറിച്ച് ഞാൻ ആദ്യമായി അറിയുന്നത്. ഗോവയിൽ വരുന്നതിന് മുമ്പ് ഏകദേശം 2 വർഷത്തോളം ഞാൻ മിസോറാം ഗവർണറായിരുന്നു. സന്തോഷത്തിന്റെ ദേശീയ സൂചികയിൽ, മിസോറാമിന് ഒന്നാം സ്ഥാനമാണുള്ളത്. നിങ്ങൾ ഫിൻലൻഡിലേക്ക് നോക്കൂ. ലോക സന്തോഷ സൂചികയിൽ ഫിൻലാൻഡ് ഭൂമിയിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി കണക്കാക്കപ്പെടുന്നു. ഇവിടത്തെ വനവിസ്തൃതി 74 ശതമാനമാണ്. അതിനാൽ, സന്തോഷവും വനമേഖലയും തമ്മിൽ കൃത്യമായ ബന്ധമുണ്ടെന്ന് നമുക്കു കാണാം. നമ്മൾ വമിക്കുന്ന കാർബൺ ഡൈ ഓക്‌സൈഡ് മരങ്ങൾ ശ്വസിക്കുമ്പോൾ എടുക്കുകയും നാം ശ്വസിക്കുന്ന ഓക്‌സിജൻ അവ പുറത്തുവിടുകയും ചെയ്യുന്നു. മനുഷ്യനു ലഭ്യമാകുന്ന ശുദ്ധമായ ഓക്‌സിജന്റെ വലിയ അളവ് ഊഹിക്കാവുന്നതിനുമപ്പുറമാണ്.   
മരങ്ങൾ സൂര്യനിൽ നിന്നും ചന്ദ്രനിൽ നിന്നുമുള്ള പ്രാപഞ്ചിക രോഗശാന്തി ഊർജ്ജങ്ങളെ ആഗിരണം ചെയ്യുന്നുണ്ട്. ഭൂമിയിലെ ജീവജാലങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി മൃദുവായി അവയെ പ്രസരിപ്പിക്കുകയും ചെയ്യുന്നു. മരങ്ങൾ ആയിരക്കണക്കിന് ജീവജാലങ്ങൾക്ക് അഭയം നൽകുന്നു. ഒരു വൃക്ഷത്തിന്റെ ഓരോ ഭാഗവും ഒന്നുകിൽ ഭക്ഷണം, മരുന്ന്, ഇന്ധനം, തടി, അല്ലെങ്കിൽ വിവിധ വസ്തുക്കളുടെ നിർമ്മാണത്തിനുള്ള ഉറവിടം എന്നിവയായി ഉപയോഗപ്രദമാണ്. അതിനാൽ, ഈ ഗ്രഹത്തിലെ ഒഴിച്ചുകൂടാനാവാത്തതും അമൂല്യവുമായ സസ്യ അസ്തിത്വം മനുഷ്യരായ നാം മനസ്സിലാക്കുകയും അഭിനന്ദിക്കുകയും വേണം.
2021 ജൂലൈയിൽ ഞാൻ (ഗോവ) ഗവർണറായി ചുമതലയേറ്റ ശേഷം, കാനക്കോണ താലൂക്കിലെ പർതഗൽ മഠം സന്ദർശിച്ച് മഠാധിപതിക്ക് ആദരം അർപ്പിച്ചു. പർതഗൽ മഠത്തിന്റെ പവിത്രമായ പരിസരത്ത് ആയിരം വർഷം പഴക്കമുള്ള ഒരു ആൽമരം ഉണ്ടെന്ന് സ്വാമിജി എന്നെ അറിയിച്ചു. അപ്പോഴാണ് ഒരു ദിവസം ഈ വലിയ ആൽമരത്തെ നമിക്കാൻ പാൽതഗൽ മഠത്തിലേക്ക് പോകണമെന്ന് ഞാൻ തീരുമാനിച്ചത്. 

ഏകദേശം ഒരു വർഷത്തിനു ശേഷം, ഗോവയിലെ പ്രകൃതിദത്ത പൈതൃക മരങ്ങളെക്കുറിച്ച് പഠിക്കാനുള്ള യാത്ര ഞാൻ  ആരംഭിച്ചു. സ്വാമിജിയുടെ ദിവ്യ സന്നിധിയിൽ ആയിരം വർഷം പഴക്കമുള്ള ആൽമരത്തെ നമിച്ചു. തുടർന്ന് 100 വർഷം മുതൽ 500 വർഷം വരെ പഴക്കമുള്ള 30 പൈതൃക മരങ്ങൾ കാണാനും പഠിക്കാനും പോയി. ഷിദാം, സാറ്റ്വിൻ, ബയോബാബ് ('ജീവന്റെ വൃക്ഷം' എന്നറിയപ്പെടുന്ന ഒരു ആഫ്രിക്കൻ വൃക്ഷം), മഡി, ഹുഡോ തുടങ്ങിയ അത്ഭുതകരമായ ചില മരങ്ങൾ ക്ഷേത്രങ്ങളുടെയും പള്ളികളുടെയും പരിസരത്ത് ഞാൻ കണ്ടെത്തി. ഈ മരങ്ങൾ പ്രകൃതിയുമായുള്ള പ്രാദേശിക സമൂഹങ്ങളുടെ ആഴത്തിലുള്ള ആത്മീയവും സാംസ്‌കാരികവുമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നു. നൂറ്റാണ്ടുകളായി ആളുകൾ ഇവയെ ആരാധിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ഈ മരങ്ങൾ പ്രകൃതിയോടും പരിസ്ഥിതിയോടുമുള്ള ജനങ്ങളുടെ സ്‌നേഹത്തിന്റെയും നാടോടിക്കഥകളുടെയും സാമൂഹികസാംസ്‌കാരിക കൂട്ടായ്മയുടെയും അവിഭാജ്യ ഘടകമാണ്. ഞാൻ രചിച്ച 'ഹെറിറ്റേജ് ട്രീസ് ഓഫ് ഗോവ' എന്ന കൃതിയുടെ പ്രകശനവും ഈ യാത്രയിൽ പശ്ചിമ ബംഗാൾ ഗവർണർ നിർവഹിച്ചു. ഗോവയുടെ തനതായ പാരിസ്ഥിതിക സാംസ്‌കാരിക പൈതൃകത്തെക്കുറിച്ച് രാജ്യത്തേയും ലോകത്തെയും അറിയിക്കുക, സംസ്ഥാനത്തെ ഒരു ഇക്കോ ടൂറിസം ഡെസ്റ്റിനേഷനായി ഉയർത്തുക എന്നിവയായിരുന്നു ഈ പുസ്തകത്തിന്റെ പ്രധാന ലക്ഷ്യം.

ഗോവ കടൽത്തീരത്ത് മാത്രമുള്ള സ്ഥലമാണെന്ന ചിന്താഗതിയിൽ  മാറ്റം ആവശ്യമാണ്. ഈ സംസ്ഥാനത്തിന്റെ വൈവിധ്യവും പ്രാധാന്യവും ലോകം അറിയാൻ  കൂടുതൽ ആശയ വിനിമയമുണ്ടാകേണ്ടതുണ്ട്. സമ്പന്നമായ, ചരിത്രപരവും സാംസ്‌കാരികവുമായ പൈതൃകമുള്ള ഒരു ഇക്കോടൂറിസം കേന്ദ്രമെന്ന നിലയിൽ ഗോവയ്ക്ക് വലിയ സാധ്യതകളുണ്ട്. രാജ്ഭവനിൽ ഇതുവരെ എന്റെ ഏകമനസ്സോടെയുള്ള ശ്രദ്ധ ഇക്കാര്യത്തിൽ കേന്ദ്രീകരിച്ചു പോന്നു. കഴിഞ്ഞ നാല് വർഷമായി ഞാൻ രചിച്ച നിരവധി പുസ്തകങ്ങളിലൂടെ ഗോവയുടെ വൈവിധ്യമാർന്ന വശങ്ങൾ ഞാൻ എടുത്തുകാണിച്ചു.

'വാമൻ വൃക്ഷകല' 
'ബോൺസായ്' എന്ന പ്രത്യേക വിഷയത്തെ കേന്ദ്രീകരിച്ച് ഞാൻ നടത്തിയ  ഒരു മോണോഗ്രാഫ് രചനയാണ് 'വാമൻ വൃക്ഷകല'. ചട്ടിയിലെ മരങ്ങളെപ്പറ്റിയുള്ള  പുസ്തകത്തിന്റെ പേരിന്റെ അർത്ഥം 'ചെറിയ മരങ്ങളുടെ കല' എന്നാണ്. ബോൺസായ് ചൈനയുടെയും ജപ്പാന്റെയും അവകാശമാണ് എന്ന പരക്കെയുള്ള വിശ്വാസത്തിനെതിരായി, യഥാർത്ഥത്തിൽ ഒരു ഇന്ത്യൻ കലയാണ് ബോൺസായ് എന്ന വസ്തുത ദൃഢമായി സ്ഥാപിക്കുക എന്നതാണ് പുസ്തകത്തിന്റെ പ്രധാന ഉദ്ദേശ്യം. ബോൺസായ് കലയുടെ വേരുകൾ ഇന്ത്യയിൽ ഉണ്ടെന്നും നമ്മുടെ പൂർവ്വികർ മരങ്ങളെ ചട്ടിയിലാക്കിയത് എന്തുകൊണ്ടാണെന്നും ഈ അവകാശവാദം സ്ഥാപിക്കാൻ പുരാതന സംസ്‌കൃത ഗ്രന്ഥങ്ങളിൽ നിന്ന് മതിയായ തെളിവുകൾ ഞാൻ പുസ്തകത്തിൽ നൽകിയിട്ടുണ്ട്.

ഗോവയിലെ ഒരേയൊരു നാടൻ പെയിന്റിംഗ് ടെക്‌നിക് ആണ് 'കാവി കല'. അതിൽ ഞാൻ ആകൃഷ്ടനായി. ബിച്ചോലിം സന്ദർശന വേളയിൽ അഡ്വാൽപലെയിലെ ശ്രീ ഹനുമാൻ ക്ഷേത്രത്തിൽ പുനഃസ്ഥാപിച്ച കാവി കലാസൃഷ്ടികൾ കണ്ടപ്പോഴാണ് അത് സംഭവിച്ചത്. പിന്നീട് ഈ കലയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗോവയിലെ രാജ്ഭവനിൽ ഞങ്ങൾ നാലു ദിവസത്തെ ശിൽപശാല നടത്തി. കാവികല ഗോവയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ മാസ്റ്റർപീസ് ആണെന്ന് ഞാൻ വിശ്വസിക്കുന്നു. 2021-ലെ തന്റെ 'മൻ കി ബാത്ത്' എപ്പിസോഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കാവി കലയുടെ പ്രാധാന്യത്തെക്കുറിച്ച് പരാമർശിച്ചതും ശ്രദ്ധിക്കേണ്ടതാണ്. ഈ കൗശലപൂർവമായ കലാരൂപത്തിലേക്ക് ഇത് രാജ്യവ്യാപക ശ്രദ്ധ കൊണ്ടുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്.

'ഹെറിറ്റേജ് ട്രീസ് ...'
സമ്പൂർണ ഗോവയാത്ര എന്ന  ലക്ഷ്യം മുൻനിർത്തി നാനൂറിലേറെ ഗോവൻ ഗ്രാമങ്ങൾ കണ്ടറിഞ്ഞ് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള രചിച്ച 'ഹെറിറ്റേജ് ട്രീസ് ഓഫ് ഗോവ' എന്ന പുസ്തകം പ്രകൃതിസ്‌നേഹികൾക്കും ഗോവൻ ടൂറിസ്റ്റുകൾക്കും സമീപകാലത്ത് ലഭിച്ച മഹാനിധിയാണെന്ന നിരീക്ഷണമാണ് നിരൂപകർ പങ്കുവച്ചത്. നൂറ്റാണ്ടുകളുടെ നാഡിമിടിപ്പുകൾ ഏറ്റുവാങ്ങിയ അനേകമനേകം വൃക്ഷരാജാക്കന്മാരെക്കുറിച്ചുള്ള ആധികാരിക രേഖയാണ് ഈ കൃതി. മൂന്നേക്കറിലധികം വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന വൃക്ഷ ചക്രവർത്തിമാരെവരെ ശ്രീധരൻ പിള്ള ഈ കൃതിയിൽ അവതരിപ്പിച്ചിരിക്കുന്നു.

ഭരണഘടനാപരമായ ഉന്നതപദവിയിലിരുന്ന് ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിന്റെ ഭാഗമായ ഔദ്യോഗിക ജീവിതത്തിരക്കുകൾക്കിടയിലും  പ്രകൃതിസ്‌നേഹാധിഷ്ഠിതമായ ജീവിതദർശനത്തിന്റെ സർഗാത്മക പ്രകാശനത്തിന് ഈ കൃതിയെ മാധ്യമമാക്കി പി.എസ്. ശ്രീധരൻ പിള്ള. ഗോവ കണ്ട ഏറ്റവും ജനകീയനായ ഗവർണർ എന്ന വിശേഷണം കരസ്ഥമാക്കിയ അദ്ദേഹം താനാർജ്ജിച്ച  ജനകീയതയെ ഭാവാത്മകമായ പഠന, മനന വൃത്തിയിലേക്ക് വികസിപ്പിച്ചു ഈ റഫറൻസ് ഗ്രന്ഥത്തിലൂടെ.

ഗോവൻ വൃക്ഷസമ്പത്തിന്റെ വൈവിധ്യം ചാരുതയോടെ അവതരിപ്പിക്കുന്ന കൃതിയിൽ കാനകോണയിലെ പാൽതഗൽ ജീവോത്തം മഠത്തിലെ 500 വർഷത്തിലേറെ പഴക്കമുള്ള അതിവിശിഷ്ടവും അപൂർവ്വവും പരിപാവനവുമായ ഒരു ആൽമരത്തെക്കുറിച്ചുള്ള ശ്രദ്ധേയ വിവരണമുണ്ട്. ഈ കൃതി വെളിച്ചം കണ്ടതോടെ ഈ ആൽമരം ദർശിക്കുവാൻ ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് ധാരാളം സഞ്ചാരികളും വൃക്ഷഗവേഷകരും എത്തിച്ചേരുന്നുണ്ട്.

പി.എസ്. ശ്രീധരൻ പിള്ളയുടെ സൂക്ഷ്മനിരീക്ഷണ ശക്തിക്കും ആഖ്യാന പാടവത്തിനും ഗവേഷണോന്മുഖമായ ഗ്രന്ഥരചനാതത്പരതയ്ക്കും ഉത്തമനിദർശനമാണ് 'ഹെറിറ്റേജ് ട്രീസ് ഓഫ് ഗോവ'. പുണ്യവൃക്ഷങ്ങളുടെ സസ്യശാസ്ത്രപരമായ സവിശേഷതകളും, ഗോവൻ ജനതയുടെ വൃക്ഷാരാധനാ മനോഭാവവും സാംസ്‌കാരികമഹിമയും സമഞ്ജസമായി സമ്മേളിപ്പിച്ചുകൊണ്ട് മനോഹരചിത്രങ്ങളാൽ അലംകൃതമാണ് ഈ കൃതി. ബോൺസായി ശൈലിയെപ്പറ്റി പഠിച്ച് അദ്ദേഹം രചിച്ച 'വാമൻ വൃക്ഷകല' എന്ന കൃതിയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. വൃക്ഷായുർവേദം പോലുള്ള മഹത്തായ പ്രാചീനകൃതികളുമായും, നവീന വൃക്ഷശാസ്ത്ര കൃതികളുമായും സംവദിച്ചതിന്റെ വെളിച്ചവും ഈ ഗ്രന്ഥത്തിൽ ആദ്യന്തം തെളിയുന്നു.
ജനപ്രിയ രാജ്ഭവൻ

ജനങ്ങളുമായി നേരിട്ടു ബന്ധമുള്ള നിരവധി പരിപാടികൾ സംഘടിപ്പിച്ച് തന്റെ വസതിയെ 'ജനപ്രിയ രാജ്ഭവൻ' ആയി വളർത്തിക്കഴിഞ്ഞു ഗവർണർ പി എസ് ശ്രീധരൻ പിള്ള. 'പാലാസിയോ ഡോ കാബോ' എന്ന് പോർച്ചുഗീസുകാർ വിളിച്ചുപോന്ന മന്ദിരം ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും പുരാതന രാജ്ഭവൻ ആണ്.

1540-ൽ, പോർച്ചുഗീസ് ഇന്ത്യയുടെ എട്ടാമത്തെ ഗവർണറായ എസ്റ്റവോ ഡി ഗാമയാണ് ഇതിന്റെ ആദ്യ രൂപ നിർമ്മിതിക്ക് തുടക്കമിട്ടത്. ഗോവ തുറമുഖത്തേക്കുള്ള പ്രവേശന കവാടത്തിന് കാവൽ ആയി ഒരു കോട്ട നിർമ്മിക്കാനുള്ള ആശയം പിന്നീട് വിപുലമാവുകയായിരുന്നു. അവർ പെട്ടെന്ന് ഒരു പള്ളിയും കോട്ടയും നിർമ്മിച്ചു; പിന്നീട് ഒരു മൊണാസ്റ്ററിയും. 

കാബോ (പോർച്ചുഗീസ് ഭാഷയിൽ 'കേപ്പ്') എന്ന പേരിൽ ഏറ്റവും മികവോടെ  സജ്ജീകരിച്ചതും പ്രധാനപ്പെട്ടതുമായ കോട്ടകളിലൊന്നായി ഇത് ക്രമേണ പരിവർത്തനം ചെയ്യപ്പെട്ടു.  ഫ്രാൻസിസ്‌കൻ മൊണാസ്റ്ററിയായി പ്രവർത്തിച്ച പഴയ ഭാഗം അവശേഷിക്കുന്നില്ല. ചില സമയങ്ങളിൽ കെട്ടിടങ്ങൾ ആർച്ച്ബിഷപ്പിന്റെ താൽക്കാലിക താമസസ്ഥലമായും ഉപയോഗിച്ചിരുന്നു. പിന്നീട് ഇത് ഗോവയിലെ പോർച്ചുഗീസ് ഗവർണറുടെ ഔദ്യോഗിക വസതിയായി മാറുകയായിരുന്നു.

മണ്ഡോവി, സുവാരി നദികൾ അറബിക്കടലുമായി സംഗമിക്കുന്ന മൂന്ന് ജലാശയങ്ങളുടെ വിശാലദൃശ്യങ്ങൾ മാത്രമല്ല, നദീതീരത്തിന്റെയും ഫോർട്ട് അഗ്വാഡയുടെയും തിരക്കേറിയ തുറമുഖമായ മോർമുഗാവോയുടെയും വിശാലദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന, തന്ത്രപരമായി രൂപകല്പന ചെയ്ത കോട്ടയായിരുന്നു ഈ ഭാഗം. പോർച്ചുഗീസ് ഗോവൻ വാസ്തുവിദ്യയുടെ മനോഹര സമന്വയമാകയാൽ  ഇന്ത്യയിലെ ഗവർണർമാരുടെ ഏറ്റവും മികച്ച വസതികളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. 
1541-ൽ ഇവിടെ സ്ഥാപിതമായ പരിശുദ്ധ മാതാവിന്റെ ചാപ്പൽ കടൽയാത്രക്കാർക്ക് ഒരു നാഴികക്കല്ലായി മാറി. ഓഗസ്റ്റ് 15- ന് വാർഷിക തിരുനാളാഘോഷ വേളയിൽ ഇവിടെ വൻ തോതിൽ ഭക്തജനങ്ങൾ എത്തുന്നു. രാജ്ഭവൻ വളപ്പിലാണെങ്കിലും പതിവായുള്ള കുർബാന വേളയിൽ പൊതു ജനങ്ങൾക്കു ചാപ്പലിലേക്കു പ്രവേശനമുണ്ട്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE