10:56am 08 July 2024
NEWS
മന്ത്രിമാർക്ക് മുന്നറിയിപ്പുമായി ഗവർണറുടെ ട്വീറ്റ്
17/10/2022  12:11 PM IST
Maya
മന്ത്രിമാർക്ക് മുന്നറിയിപ്പുമായി ഗവർണറുടെ ട്വീറ്റ്
HIGHLIGHTS

ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു അടക്കമുള്ളവർ നടത്തിയ പ്രസ്താവനയാണ് ഗവർണറെ ചൊടിപ്പിച്ചത്

തിരുവനന്തപുരം:  സർക്കാരും ഗവർണരും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കേ, മന്ത്രിമാർക്ക് മുന്നറിയിപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ട്. എന്നാൽ ഗവർണർ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകൾ നടത്തിയാൽ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഗവർണർ ട്വീറ്റിലൂടെ വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു അടക്കമുള്ളവർ നടത്തിയ പ്രസ്താവനയാണ് ഗവർണറെ ചൊടിപ്പിച്ചത്. കേരള സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണറുടെ സേർച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കാൻ സർവകലാശാല തയാറാകാത്തതിനെ തുടർന്ന് 15 സെനറ്റ് അംഗങ്ങളെ ഗവർണർ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ലോകായുക്ത, സർവകലാശാല ഭേദഗതി ബില്ലുകളിലും ഗവർണർ ഒപ്പിട്ടിട്ടില്ല. മന്ത്രിമാർ വന്ന് വിശദീകരിച്ചശേഷം തീരുമാനമെടുക്കാമെന്നാണ് ഗവർണറുടെ നിലപാട്.

പാസാക്കിയ സർവകലാശാല ഭേദഗതി ബിൽ ഇപ്പോഴും ഒപ്പിടാതെ ഗവർണരുടെ കയ്യിൽ ഇരിക്കുന്നുണ്ടെന്നായിരുന്നു മന്ത്രി ആർ.ബിന്ദു മാധ്യമങ്ങളോട് പറഞ്ഞത്. സുപ്രധാന ബില്ലായിരുന്നു അത്. വിദ്യാർഥികൾക്കും അധ്യാപകർക്കും അനിവാര്യമായ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടെ മുന്നോട്ടു വയ്ക്കുന്ന ബിൽ ഒപ്പിടാൻ ഗവർണർ തയാറായില്ല.

ബില്ലിൽ ന്യൂനതകളോ അപാകതകളോ ഉണ്ടെങ്കിൽ അതു ചൂണ്ടിക്കാട്ടി തിരിച്ചയയ്ക്കാം. സർക്കാരിന്റെ അഭിപ്രായം ആരായാം. അതു ചെയ്യാതെ ബിൽ പിടിച്ചുവച്ചിരിക്കുകയാണ്. ഗവർണർ ഭരണഘടനാ ബാധ്യത നിറവേറ്റണം. ഭരണഘടനാ ബാധ്യത നിറവേറ്റുന്നത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം ചുമതലയല്ല. ഇതുവരെ ഗവർണർക്കെതിരെ സർക്കാർ അഭിപ്രായപ്രകടനം നടത്തിയിട്ടില്ല. അത് ഒരു മാന്യതയാണ്. ആർഎസ്എസിന്റെ പാളയത്തിൽ പോയാണ് ഗവർണർ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും മന്ത്രി ആർ.ബിന്ദു ആരോപിച്ചിരുന്നു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA