07:41am 03 July 2024
NEWS
രാഷ്ട്രീയത്തിൽ മോദി വളർന്നപ്പോൾ വ്യവസായത്തിൽ ​ഗൗതം അദാനി മഹാമേരുവായി
31/01/2023  07:05 PM IST
nila
 രാഷ്ട്രീയത്തിൽ മോദി വളർന്നപ്പോൾ വ്യവസായത്തിൽ ​ഗൗതം അദാനി മഹാമേരുവായി
HIGHLIGHTS

2003ൽ അദാനിയും സംഘവും മുൻകൈയെടുത്ത്‌ സംഘടിപ്പിച്ച ആഗോള നിക്ഷേപക സമ്മേളനത്തിന് മുമ്പും പിൻപും എന്ന് മോദിയുടെ രാഷ്ട്രീയ ജീവിതത്തെയും അദാനിയുടെ വ്യവസായ ജീവിതത്തെയും അടയാളപ്പെടുത്താൻ കഴിയും.

ഇന്ത്യൻ രാഷ്ട്രീയത്തിലെ അതിശക്തനായിരുന്ന എൽ കെ അദ്വാനിയെ മറികടന്നുള്ള നരേന്ദ്രമോദിയുടെ വളർച്ച അത്ഭുതകരമായിരുന്നു. എന്നാൽ അതിലും അത്ഭുതകരമായിരുന്നു മോദിയുടെ സുഹൃത്ത് ​ഗൗതം അദാനിയുടെ ബിസിനസിലെ വളർച്ച. അദാനിയുടെ സമ്പത്തിലുണ്ടായ വളർച്ചയിലെ അത്ഭുതം എഴുതാൻ ഹിൻഡൻബർ​ഗ് റിസർച്ചിന്റെ റിപ്പോർട്ട് പുറത്തുവരുന്നതു വരെ ഇന്ത്യൻ മാധ്യമങ്ങൾ കാത്തിരുന്നു എന്നതും മറ്റൊരു അത്ഭുതമാണ്. 

​ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ തുടങ്ങിയ ബന്ധമാണ് നരേന്ദ്രമോദിക്ക് അദാനിയുമായുള്ളത്. 2003ൽ അദാനിയും സംഘവും മുൻകൈയെടുത്ത്‌ സംഘടിപ്പിച്ച ആഗോള നിക്ഷേപക സമ്മേളനത്തിന് മുമ്പും പിൻപും എന്ന് മോദിയുടെ രാഷ്ട്രീയ ജീവിതത്തെയും അദാനിയുടെ വ്യവസായ ജീവിതത്തെയും അടയാളപ്പെടുത്താൻ കഴിയും. 2022ലെ ​ഗുജറാത്ത് കലാപത്തിന് പിന്നാലെ ലോകമെമ്പാടും വില്ലൻ പ്രതിച്ഛായയായിരുന്നു മോദിക്ക് ഉണ്ടായിരുന്നത്. തന്റെ സംസ്ഥാനത്തേക്ക് നിക്ഷേപകരെ ആകർഷിച്ച് വ്യവസായങ്ങൾക്ക് എല്ലാ സൗകര്യങ്ങളും ചെയ്ത് വിവസനത്തിന്റെ ​ഗുജറാത്ത് മോഡലിനുള്ള തുടക്കമായിരുന്നു ആഗോള നിക്ഷേപക സമ്മേളനം. അതുവരെ ഗുജറാത്തിൽ മുന്ദ്ര തുറമുഖം മാത്രം പറയത്തക്ക നേട്ടമായി ഉണ്ടായിരുന്ന അദാനിയുടെ സമ്പത്തിൽ പിന്നീടുണ്ടായ കുതിപ്പിന് സമാനകളില്ല. 

2006ൽ ഇന്ത്യയിലെ 40 സമ്പന്നരുടെ ഫോബ്‌സ്‌ പട്ടികയിൽ പതിമൂന്നാമനായി. ആകെ സ്വത്ത്‌ 30,150 കോടി രൂപ. 2014ൽ മോദി പ്രധാനമന്ത്രിയാകുമ്പോൾ അദാനിയുടെ സ്വത്ത്‌ 50,400 കോടിയായിരുന്നു. 2019ൽ 1.1 ലക്ഷം കോടിയായും 2022ൽ 11.44 ലക്ഷം കോടിയായും കുതിച്ചു. 2014 മുതൽ സ്വത്തിൽ 23 മടങ്ങിന്റെ വർധന. 2020ൽ കോവിഡിന്‌ തൊട്ടുമുമ്പ്‌ 1.2 ലക്ഷം കോടിയായിരുന്ന സ്വത്താണ്‌ രണ്ടുവർഷംകൊണ്ട്‌ 10 മടങ്ങായത്‌. കോവിഡ് മഹാമാരി കോടിക്കണക്കിനു പേരെ കടുത്ത ദാരിദ്ര്യത്തിലേക്ക്‌ തള്ളിവിട്ടപ്പോഴാണ്‌ മോദിയുടെ സുഹൃത്തിന് മാത്രം ഈ വളർച്ച.  തുറമുഖം, വിമാനത്താവളം, ഊർജം, പ്രതിരോധം തുടങ്ങി വിവിധ മേഖലകളിൽ സർക്കാർ സഹായത്തോടെ അദാനി സ്വാധീനം ഉറപ്പിക്കുകയായിരുന്നു. 

ഹിൻഡൻബർഗിന്റെ പുറത്തുവന്നിട്ടുള്ള അന്വേഷണാത്മക റിപ്പോർട്ട്‌ മോദിയും അദാനിയുമായുള്ള ചങ്ങാത്ത മുതലാളിത്ത ബന്ധം തുറന്നുകാട്ടുന്നു. മൗറീഷ്യസ്‌, കരീബിയൻ ദ്വീപുകൾ എന്നിവിടങ്ങളിൽ തുടങ്ങുന്ന കടലാസുകമ്പനികൾ വഴി അദാനിയുടെ സ്ഥാപനങ്ങളിലേക്ക്‌ കള്ളപ്പണം ഒഴുകുന്നുവെന്ന കണ്ടെത്തലുമുണ്ട്‌. ഇഡി, ഐടി തുടങ്ങി പ്രതിപക്ഷ പാർടികളെ വേട്ടയാടാൻ കേന്ദ്രം ഉപയോഗിക്കുന്ന ഏജൻസികൾ അദാനിയുടെ തട്ടിപ്പുകൾ കണ്ടില്ലെന്ന്‌ നടിക്കുന്നതായും വെളിപ്പെടുത്തുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL