12:34pm 08 July 2024
NEWS
മാറിയ ഇന്ത്യയിലെ രാഷ്ട്രീയ ഭൂപടം ബിജെപിയുടെ ഉറക്കംകെടുത്തും
08/12/2022  08:08 PM IST
nila
 മാറിയ ഇന്ത്യയിലെ രാഷ്ട്രീയ ഭൂപടം ബിജെപിയുടെ ഉറക്കംകെടുത്തും
HIGHLIGHTS

11 സംസ്ഥാനങ്ങളില്‍ മാത്രമാണ് ബിജെപിക്ക് തനിച്ച് ഭൂരിപക്ഷമുള്ളത്

ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസിൻെറ വിജയം ഇന്ത്യൻ രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ഹിമാചലിലെ വിജയം കോണ്‍ഗ്രസിന് നല്‍കുന്ന ആത്മവിശ്വാസമാണ് ഏറ്റവും വലിയ കാര്യം. അതിനുമപ്പുറമാണ് ഇന്ത്യൻ യൂണിയനിലെ സംസ്ഥാന ഭരണകൂടങ്ങളുടെ സമവാക്യങ്ങള്‍ നല്‍കുന്ന ആശ്വാസം. കോണ്‍ഗ്രസിന് തനിച്ച് ഭരണമുള്ള സംസ്ഥാനങ്ങളുടെ എണ്ണം മൂന്നായി ഉയര്‍ന്നു. ഹിമാചല്‍ പ്രദേശിന് പുറമേ രാജസ്ഥാനും ഛത്തീസ്ഗഡുമാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുള്ള സംസ്ഥാനങ്ങള്‍.  ജാര്‍ഖണ്ഡിലും ബിഹാറിലും സര്‍ക്കാരിൻെറ ഭാഗമാണ് കോണ്‍ഗ്രസ്.

അതേസമയം, ബിജെപിയും സഖ്യകക്ഷികളും ചേര്‍ന്ന് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 16 ആയി കുറഞ്ഞു. ഇതില്‍ 11 സംസ്ഥാനങ്ങളില്‍ മാത്രമാണ് ബിജെപിക്ക് തനിച്ച് ഭൂരിപക്ഷമുള്ളത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ, കര്‍ണാടക, അസം, ത്രിപുര, മണിപ്പുര്‍, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് പാര്‍ട്ടിക്ക് തനിച്ച് ഭരണമുള്ളത്. മഹാരാഷ്ട്രയില്‍ ശിവസേന ഷിന്‍ഡെ പക്ഷമാണ് നേതൃത്വത്തിലെങ്കിലും കടിഞ്ഞാണ്‍ ബിജെപിക്കാണ്. സിക്കിം, മിസോറം, നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളില്‍ എന്‍ഡിഎ സഖ്യകക്ഷികളാണ് ഭരണത്തില്‍.

ഡല്‍ഹിയിലും പഞ്ചാബിലും സര്‍ക്കാരിനെ നയിക്കുന്ന ആം ആദ്മി പാര്‍ട്ടിയും ബിജെപി വിരുദ്ധ ചേരിയിലാണ്. തെക്കുകിഴക്കന്‍ മേഖലയിലുള്ള മറ്റ് ആറു പ്രധാന സംസ്ഥാനങ്ങളില്‍ ബിജെപി, കോണ്‍ഗ്രസ്, എഎപി ഇതരകക്ഷികളാണ് ഭരണത്തില്‍. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ഒഡിഷയില്‍ ബിജെഡിയും തെലങ്കാനയില്‍ ബിആര്‍എസും ആന്ധ്രപ്രദേശിൽ വൈഎസ്ആര്‍ കോണ്‍ഗ്രസും തമിഴ്നാട്ടില്‍ ഡിഎംകെയും വൻ ഭൂരിപക്ഷത്തിലാണ് ഭരണം. കേരളത്തില്‍ സിപിഎം നയിക്കുന്ന എല്‍ഡിഎഫിനും മികച്ച ഭൂരിപക്ഷമുണ്ട്.ഈ പാര്‍ട്ടികള്‍ എല്ലാം തന്നെ നിലവില്‍ ബിജെപി വിരുദ്ധ രാഷ്ട്രീയമാണ് കൈക്കൊള്ളുന്നത്. അതുകൊണ്ടു തന്നെ ഗുജറാത്ത് വിജയം ആഘോഷിക്കുമ്പോഴും മോദിയുടെയും അമിത്ഷായുടെയും ഉറക്കം കെടുത്തുന്നത് പുതിയ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം തന്നെയാകും.

ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് ഇതില്‍ പല സംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. കര്‍ണാടക, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഹരിയാന, തെലങ്കാന, മേഘാലയ, മിസോറം, നാഗാലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ അടുത്ത വര്‍ഷവും 2024ന്റെ തുടക്കത്തിലുമായി തിരഞ്ഞെടുപ്പിലേക്കു പോകും. മധ്യപ്രദേശ്, ഒഡിഷ, ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ്.

Tags     
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL