01:32pm 05 July 2024
NEWS
എച്ച്. വസന്തകുമാര്‍ എന്ന മാര്‍ഗ്ഗദര്‍ശിയുടെ നിര്യാണം രാഷ്ട്രീയത്തിന് അതീതമായ സാമൂഹിക നഷ്ടം!
15/09/2020  10:59 AM IST
KERALASABDAM
എച്ച്. വസന്തകുമാര്‍ എന്ന മാര്‍ഗ്ഗദര്‍ശിയുടെ നിര്യാണം രാഷ്ട്രീയത്തിന് അതീതമായ സാമൂഹിക നഷ്ടം!
HIGHLIGHTS

ബിസിനസ്സ്മാന്‍, രാഷ്ട്രീയനേതാവ്, ജനപ്രതിനിധി, എഴുത്തുകാരന്‍, പ്രാസംഗികന്‍ എന്നതിലുപരി തികഞ്ഞ മനുഷ്യസ്നേഹി കൂടിയായിരുന്ന എച്ച്. വസന്ത്കുമാര്‍.

നാഗര്‍കോവില്‍ എം.പിയും തമിഴ്നാട്ടിലെ വ്യാപാരപ്രമുഖനുമായ എച്ച്.  വസന്തകുമാര്‍ അടുത്തിടെ കോവിഡ് 19 മൂലം അന്തരിച്ചു. തമിഴകം ഒന്നടങ്കം വിതുമ്പിയ ഒരു വേര്‍പാടായിരുന്നു അദ്ദേഹത്തിന്‍റേത്. ഒരു തീവ്ര കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, നേതാവ്, വസന്ത് ആന്‍റ് കോ എന്ന് തമിഴകമെങ്ങും പടര്‍ന്നുപന്തലിച്ച ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന വിപണനശൃംഖലയുടെ അധിപന്‍ എന്നതിനുപരി ജനകീയനും ജനപ്രിയനുമായിരുന്നു വസന്ത്കുമാര്‍. 1950 ല്‍ ഏപ്രില്‍ മാസത്തില്‍ കന്യാകുമാരി ജില്ലയിലെ അഗസ്തീശ്വരത്ത്(തിരുവിതാംകൂര്‍) ഹരികൃഷ്ണനാടാര്‍- തങ്കമ്മാള്‍ ദമ്പതികളുടെ ഇളയ പുത്രനായി ജനനം.


കന്യാകുമാരിയിലെ പഞ്ചായത്ത് സ്ക്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും മധുര സര്‍വ്വകലാശാലയില്‍ നിന്നും തമിഴ് സാഹിത്യബിരുദവും നേടിയെങ്കിലും തന്‍റെ തട്ടകമായി വസന്തകുമാര്‍ തെരഞ്ഞെടുത്തത് രാഷ്ട്രീയവും വ്യാപാരവും. രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ പ്രചോദനം കാമരാജ്. കച്ചവടരംഗത്തേയ്ക്ക് പ്രവേശിക്കാന്‍ പ്രചോദനം ധീരുഭായ് അംബാനിയുടെ അദ്ധ്വാനനേട്ടത്തിന്‍റെ കഥകളും. അടിസ്ഥാനപരമായി തന്നെ വസന്തകുമാറിന്‍റേത് ഒരു കോണ്‍ഗ്രസ് അനുഭാവകുടുംബമാണ്. കാമരാജിന്‍റെ പാത പിന്തുടര്‍ന്ന് ലളിത ജിവിതം നയിക്കുന്ന കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന ദേശീയ നേതാവ് കുമാരി ആനന്ദന്‍ ജ്യേഷ്ഠനാണ്. ബി.ജെ.പി മുന്‍ തമിഴ്നാട് അദ്ധ്യക്ഷ, ആന്ധ്രാ ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ ജേഷ്ഠ പുത്രിയാണ്. കാമരാജിനെ രാഷ്ട്രീയ ഗുരുവായി സ്വീകരിച്ചുകൊണ്ട് ശത്രുക്കളെപോലും ആശ്ലേഷിക്കുന്ന സംസ്ക്കാരമായിരുന്നു വസന്ത് കുമാറിന്‍റേത്.


1970 ല്‍ ചെന്നൈയിലെ പ്രശസ്തമായ വി.ജീ.പിയില്‍ സെയില്‍മാന്‍ ആയിട്ടായിരുന്നു ഉപജീവനത്തിന്‍റെ തുടക്കം. 1978 ല്‍ ചെന്നൈയിലെ ത്യാഗരായ നഗറില്‍ വസന്ത്& കോ എന്ന പേരില്‍ ഇലക്ട്രോണിക് ഇതര ഗൃഹോപകരണങ്ങള്‍ വില്‍ക്കുന്ന ചെറിയ കച്ചവടസ്ഥാപനത്തിന് തുടക്കമിട്ടു. തനിക്ക് ലാഭമുണ്ടാക്കുക എന്നതിലുപരി ജനങ്ങള്‍ക്ക് ന്യായവിലയില്‍ ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ നല്‍കുക എന്നതിനൊപ്പം സാധാരണക്കാരന് അപ്രാപ്യമായ ടി.വിയും ഫ്രിഡ്ജും വാഷിംഗ് മിഷ്യനും വാങ്ങാന്‍ അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യവും അദ്ദേഹത്തിനുണ്ടായിരുന്നു. അതിന് അദ്ദേഹം ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം തവണ വ്യവസ്ഥയില്‍ ഗൃഹോപകരണങ്ങള്‍ വില്‍ക്കുന്ന ശൈലി അവലംബിച്ചു. അതിനെ ജനങ്ങള്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു. അദ്ദേഹം പ്രാവര്‍ത്തികമാക്കിയ ആ രീതിയാണ് പില്‍ക്കാലത്ത് ബഹുരാഷ്ട്രകമ്പനികള്‍ പോലും അനുകരിച്ച് ഋങക യിലൂടെയുള്ള കച്ചവടമായത്.


78 ല്‍ ആരംഭിച്ച വസന്ത് ആന്‍ഡ് കോ വസന്തകുമാറിന്‍റെ കഠിനമായ അദ്ധ്വാനത്തിന്‍റെയും പ്രയത്നത്തിന്‍റെയും ഫലമായി തമിഴകത്ത് മാത്രമല്ലാതെ കേരളം, പോണ്ടിച്ചേരി, കര്‍ണ്ണാടക എന്നിവിടങ്ങളിലും തഴച്ചുവളര്‍ന്നു ഒരു പ്രസ്ഥാനമായി. അദ്ദേഹത്തെ അനുകരിച്ചുകൊണ്ട് പിന്നീട് പലരും അതേ ശൈലിയില്‍ കച്ചവടം ആരംഭിക്കുകയും ചലച്ചിത്രതാരങ്ങളെ ബ്രാന്‍ഡ് അംബാസിഡര്‍മാരാക്കി പരസ്യം ചെയ്ത് സാമ്രാജ്യം ഉറപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ വസന്തകുമാര്‍ ഒരു സെലിബ്രിറ്റി ബ്രാന്‍ഡ് അംബാസിഡറെ അന്വേഷിച്ചില്ല. അത് താന്‍ തന്നെ ബ്രാന്‍ഡ് അംബാസിഡറായി. അങ്ങനെ വസന്ത്കുമാര്‍ ഏവര്‍ക്കും സുപരിചിതനായി.


ബിസിനസ്സ് സാമ്രാജ്യം പടുത്തുയര്‍ത്തിയ ശേഷമാണ് വസന്ത്കുമാര്‍ സജീവരാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. രണ്ടുതവണ തൂത്തുക്കുടി നാങ്കു നേരി നിയോജകമണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട് നിയമസഭയില്‍ എത്തി. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ നാഗര്‍കോവില്‍ മണ്ഡലത്തില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ തറപ്പറ്റിച്ചുകൊണ്ട് ലോക്സഭയിലെത്തി. ഈ വിജയം വസന്തകുമാറിന്‍റെ വ്യക്തിത്വമഹത്വത്തിന് കൂടി ലഭിച്ച വിജയമായിരുന്നു. അദ്ദേഹത്തിന്‍റെ അവസാനത്തെ പാര്‍ലമെന്‍റ് പ്രസംഗത്തില്‍ നിറഞ്ഞുനിന്നത് സാധാരണക്കാരന് വേണ്ടിയുളള ശബ്ദമായിരുന്നു. മാധ്യമങ്ങളുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന അദ്ദേഹം സ്വന്തമായി ഒരു ടി.വി ചാനലും തുടങ്ങി. ആദ്യകാലത്ത് പ്രതീക്ഷിച്ച വിജയം നേടിയില്ല.


എങ്കിലും ചാനല്‍ പലരുടെയും ഉപജീവനമാര്‍ഗ്ഗമായി കഴിഞ്ഞു എന്ന തിരിച്ചറിവ് നഷ്ടം സഹിച്ചും അതിനെ മുമ്പോട്ടുകൊണ്ടുപോകാന്‍ പ്രേരിപ്പിച്ചു. അത് ചാനലിനെ വിജയത്തിലെത്തിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ 'വെട്രി പടിക്കെട്ട്' എന്ന ആത്മകഥാപുസ്തകം സൂപ്പര്‍താരം രജനികാന്തായിരുന്നു 2008 ല്‍ പ്രകാശനം ചെയ്തത്. ബിസിനസ്സ്മാന്‍, രാഷ്ട്രീയനേതാവ്, ജനപ്രതിനിധി, എഴുത്തുകാരന്‍, പ്രാസംഗികന്‍ എന്നതിലുപരി തികഞ്ഞ മനുഷ്യസ്നേഹി കൂടിയായിരുന്ന എച്ച്. വസന്തകുമാറിന്‍റെ നിര്യാണം സാമൂഹികമായ വലിയ തീരാനഷ്ടം തന്നെയാണ്.


സി.കെ. അജയ്കുമാര്‍,
ചെന്നൈ

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL