10:49am 08 July 2024
NEWS
ഷാരോണ്‍ വധക്കേസ് തമിഴ്‌നാട് പൊലീസിനു കൈമാറണം; ക്രൈംബ്രാഞ്ചിനു നിയമോപദേശം
03/11/2022  10:44 AM IST
Veena Raj
ഷാരോണ്‍ വധക്കേസ് തമിഴ്‌നാട് പൊലീസിനു കൈമാറണം; ക്രൈംബ്രാഞ്ചിനു നിയമോപദേശം
HIGHLIGHTS

ഷാരോൺ വധക്കേസിൽ പരാതി ലഭിച്ചതും കേസ് രജിസ്റ്റർ ചെയ്തതും കേരളത്തിലെ പാറശ്ശാല പൊലീസാണ്.

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസ് തമിഴ്‌നാട് പൊലീസിനു കൈമാറുകയാണ് അഭികാമ്യമെന്നു ക്രൈംബ്രാഞ്ചിനു നിയമോപദേശം. കുറ്റകൃത്യം നടന്നത് തമിഴ്‌നാട്ടിലെ പളുകൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ കേരള പൊലീസ് അന്വേഷണം നടത്തുന്നത് ഉചിതമല്ലെന്നാണ് നിയമോപദേശത്തിൽ പറയുന്നത്.

കേരള പൊലീസ് അന്വേഷണം നടത്തുന്നത് ഭാവിയിൽ നിയമപ്രശ്‌നങ്ങൾക്കു വഴിവയ്ക്കാൻ സാധ്യതയുണ്ട്. പ്രതി ഇതിനെ കോടതിയിൽ ചോദ്യം  ചെയ്‌തേക്കാം. ഇതു കണക്കിലെടുത്താണ് അന്വേഷണവും വിചാരണയും തമിഴ്‌നാട്ടിൽ നടത്തുന്നതാണ് അഭികാമ്യമെന്ന് നിയമോപദേശത്തിൽ പറയുന്നത്.

ഷാരോണിന് വിഷം കലർന്ന കഷായം നൽകിയത് ഗ്രീഷ്മയുടെ കന്യാകുമാരി ജില്ലയിലെ രാമവർമൻചിറയിലെ വീട്ടിൽ വെച്ചാണ്.ഈ വീട് സ്ഥിതി ചെയ്യുന്നത് തമിഴ്‌നാട്ടിലെ പളുകൽ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ്. തെളിവുകൾ കണ്ടെടുത്തതും ഇവിടെ നിന്നാണ്.

ഷാരോൺ വധക്കേസിൽ പരാതി ലഭിച്ചതും കേസ് രജിസ്റ്റർ ചെയ്തതും കേരളത്തിലെ പാറശ്ശാല പൊലീസാണ്. ഇതു പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. കുറ്റകൃത്യം നടന്നത് തമിഴ്‌നാട്ടിൽ ആയതിനാൽ അന്വേഷണവുമായി മുന്നോട്ടുപോവുന്നതിൽ നിയമപ്രശ്‌നമുണ്ടോ എന്നറിയാനാണ്, ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയത്.

കേസിൽ കൊല്ലപ്പെട്ട ഷാരോണിന്റെ പെൺസുഹൃത്ത് ഗ്രീഷ്മ, അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗ്രീഷ്മയുടെ വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ വിഷക്കുപ്പി ഉൾപ്പെടെ കണ്ടെടുക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA