01:27pm 05 July 2024
NEWS
കോർപറേഷൻ, ബോർഡ് തലവന്മാരുടെ പട്ടിക ഹൈക്കമാണ്ടിന്; വിയോജിപ്പുമായി ആഭ്യന്തര മന്ത്രി
29/11/2023  11:49 AM IST
വിഷ്ണുമംഗലം കുമാർ
കോർപറേഷൻ, ബോർഡ് തലവന്മാരുടെ പട്ടിക ഹൈക്കമാണ്ടിന്; വിയോജിപ്പുമായി ആഭ്യന്തര മന്ത്രി
HIGHLIGHTS

മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് തീരുമാനം നീളുന്നതിനു കാരണമെന്നു  വാർത്തകളുണ്ടായിരുന്നു

ബംഗളുരു: ബോർഡുകളുടെയും കോർപറേഷനുകളുടെയും തലവന്മാരെ കണ്ടെത്തുവാനുള്ള പ്രക്രിയ കർണാടകത്തിലെ കോൺഗ്രസ്സ് ഗവണ്മെന്റ് ആരംഭിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് തീരുമാനം നീളുന്നതിനു കാരണമെന്നു  വാർത്തകളുണ്ടായിരുന്നു. എഐസിസി ജനറൽ സെക്രട്ടറി രഞ്ജിത് സിംഗ് സുർജെവാല സിദ്ധരാമയ്യ, ശിവകുമാർ എന്നിവരുമായി രണ്ടു വട്ടം ചർച്ച നടത്തിയിരുന്നു. മന്ത്രിസ്ഥാനം കിട്ടാത്തതിനാൽ                നിരാശിതരായി കഴിയുന്ന  എംഎൽഎമാരെ തൃപ്തിപ്പെടുത്താനും വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റാനുമുള്ള ശ്രമമാണ് നടക്കുന്നത്.

നിരവധി നേതാക്കൾ ഈ പദവിയ്ക്കായി ചരടുവലിക്കുന്നുണ്ട്. "ഞങ്ങൾ ഒരു പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അത് ഹൈക്കമാണ്ടിന് അയച്ചുകൊടുക്കും. അനുവാദം കിട്ടിയ ശേഷം അപ്പോയ്ന്റ്മെന്റ് ആരംഭിക്കും. ആദ്യഘട്ടത്തിൽ പരിഗണിക്കുന്നത് എംഎൽഎ മാരെയും എംഎൽസി മാരെയുമാണ്" മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.25 എം എൽ എ മാരെയും 5 എം എൽ സി മാരെയും കോർപറേഷനുകളുടെയും ബോർഡുകളുടെയും തലപ്പത്ത് അവരോധിക്കുമെന്നറിയുന്നു. അതിനിടയിൽ, താനുമായി കൂടിയാലോചിച്ചിട്ടില്ലെന്ന പരാതിയുമായി ആഭ്യന്തരമന്ത്രി ഡോക്ടർ ജി പരമേശ്വര രംഗത്തെത്തി. "ഞാൻ പി സിസി അധ്യക്ഷനായി പ്രവർത്തിച്ചിട്ടുള്ള മുതിർന്ന നേതാവാണ്. കഴിവുള്ള പലരുടെയും പേരുകൾ നിർദ്ദേശിക്കാൻ എനിക്ക് സാധിക്കും.

പക്ഷെ ആരും എന്റെ അഭിപ്രായം ചോദിച്ചിട്ടില്ല"അദ്ദേഹം പരാതിപ്പെട്ടു. പ്രാഥമിക ചർച്ചകൾ ആരംഭിച്ചിട്ടേയുള്ളുവെന്നും ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ചേ അന്തിമപട്ടിക ഹൈക്കമാണ്ടിന് അയക്കുകയുള്ളുവെന്നും സിദ്ധരാമയ്യ പിന്നീട് വ്യക്തമാക്കി. "ജനറൽ സെക്രട്ടറി സുർജെവാല രണ്ടുദിവസമായി ഇവിടെയുണ്ട്. പല പേരുകളും അദ്ദേഹം പരിശോധിച്ചുവരികയാണ്.30:70 അനുപാതത്തിലാണ് പദവികൾ നൽകുക.30 ശതമാനം പദവികൾ ജനപ്രതിനിധികൾക്കും 70 ശതമാനം മറ്റു നേതാക്കൾക്കും" പിസിസി അധ്യക്ഷൻ കൂടിയായ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ വിശദമാക്കി.  

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL