09:12am 08 July 2024
NEWS
ആര്‍മി യൂണിറ്റുകൾ ഇനി പെണ്‍കരുത്ത് നയിക്കും; കേണല്‍ പദവിയിലേക്ക് 108 വനിതകള്‍
20/01/2023  11:41 AM IST
Veena
 ആര്‍മി യൂണിറ്റുകൾ ഇനി  പെണ്‍കരുത്ത് നയിക്കും; കേണല്‍ പദവിയിലേക്ക് 108 വനിതകള്‍

ഇന്ത്യൻ ആർമി യൂണിറ്റുകളെ നയിക്കാൻ സാധിക്കുന്ന കമാൻഡിങ് അധികാരമുള്ള കേണൽ പദവിയിലേക്ക് വനിതാ ഉദ്യോഗസ്ഥർ എത്തുന്നു. സുപ്രധാന ചുമതലകൾ വഹിക്കാൻ എൺപത് പേരാണ്  പദവി ഏറ്റെടുക്കുന്നത്. ലെഫ്റ്റനന്റ് കേണൽ പദവിയിലുള്ളവർക്കാണ് കേണൽ പദവിയിലേക്ക് സ്ഥാനകയറ്റം നൽകുക. ഇതോടെ പുരുഷ ഉദ്യോഗസ്ഥരുടെ തുല്യ പദവിയിലേക്ക് വനിതാ ഉദ്യോഗസ്ഥരും എത്തും. ഈ മാസം 9 മുതൽ ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

108 ഒഴിവുകളുണ്ടായിരുന്ന തസ്തികയിലേക്ക് 1992 - 2006 ബാച്ചിലെ 244 വനിതാ ഉദ്യോഗസ്ഥരെയാണ് സ്ഥാനകയറ്റത്തിനായി പരിഗണിച്ചത്. ഇതിൽ എൻജിനിയർമാർ, സിഗ്‌നലുകൾ, ആർമി എയർ ഡിഫൻസ്, ഇന്റലിജൻസ് കോർപ്‌സ്, ആർമി സർവീസ് കോർപ്‌സ്, ആർമി ഓർഡനൻസ് കോർപ്‌സ്, ഇലക്ട്രിക്കൽ എന്നിവയുൾപ്പെടെ വിവിധ ആർമി യൂണിറ്റുകളിൽ നിന്നുള്ളവരെയാണ് പരിഗണിച്ചിരിക്കുന്നത്. എൻജിനിയർ തസ്തികയിൽ 28 ഒഴിവുകളാണുള്ളത്. ഇതിലേക്ക് 65 വനിതാ ഉദ്യോഗസ്ഥരെയാണ് പരിഗണിക്കുന്നത്. ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ 19 ഒഴിവുകളും മെക്കാനിക്കൽ ഇൻജിനിയറിങ്ങിൽ 21 ഒഴിവുകളുമാണുള്ളത്. രണ്ട് ഡിപ്പാർട്ട്‌മെന്റിലേക്കും 47 വനിതാ ഉദ്യോഗസ്ഥരെ വീതം പരിഗണിക്കും.

ആർമി എയർ ഡിഫൻസിലെ മൂന്ന് ഒഴിവുകൾകളിൽ ഏഴ് വനിതാ ഉദ്യോഗസ്ഥരെയും ഇന്റലിജൻസ് കോർപ്‌സിലെ അഞ്ച് ഒഴിവുകളിൽ ഏഴ് വനിതാ ഉദ്യോഗസ്ഥരെയും സ്ഥാനക്കയറ്റത്തിന് പരിഗണിക്കുന്നുണ്ട്. ആർമി സർവീസ് കോർപ്‌സിനും കോർപ്‌സ് ഓഫ് സിഗ്‌നൽസിനുമായി യഥാക്രമം 14, 18 ഒഴിവുകളിൽ 29, 42 വനിതാ ഉദ്യോഗസ്ഥരെ സ്ഥാനക്കയറ്റത്തിനായി പരിഗണിക്കുന്നുണ്ട്. ആകെ യോഗ്യരായ 108 വനിതാ ഓഫീസർമാർ വിവിധ കമാൻഡ് അസൈൻമെന്റുകൾക്കായി പരിഗണിക്കുക. നിയമനങ്ങളുടെ ആദ്യഘട്ടം ജനുവരി അവസാനത്തോടെയുണ്ടാകും.

അതേസമയം, വൈകിയാണെങ്കിലും ഇത്തരം ഒരു തീരുമാനം ഉണ്ടായതിൽ നന്ദിയുണ്ടെന്ന് മുതിർന്ന വനിതാ ഓഫീസറെ ഉദ്ദരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പറയുന്നു. ഞങ്ങളുടെ കഠിനാധ്വാനങ്ങൾക്ക് ഫലം കണ്ടു എന്നത് സന്തോഷകരമാണെന്നും, മിക്കവരും ഏറെക്കാലമായി കാത്തിരിക്കുന്ന ദിവസമാണിതെന്നും ഓഫീസർ കൂട്ടിചേർത്തു. ഇന്ത്യൻ സൈന്യത്തിന്റെ വിവിധ മേഖലകളിൽ ഇതിനകം തന്നെ വനിതാ ഓഫീസർമാർ സേവനം അനുഷ്ടിക്കുന്നുണ്ട്. കോർപ്സ് ഓഫ് മിലിട്ടറി പോലീസിലെ വനിതകൾക്ക് സൈന്യം നേരത്തെ സൈനിക റാങ്കുകൾ നൽകിയിരുന്നു.
 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL