10:35am 01 July 2024
NEWS
ഇന്നസെന്റും ലേഖയുടെ മരണവും - ഒരു ഫ്ളാഷ് ബാക്ക്
28/04/2023  08:21 AM IST
ആർ. പവിത്രൻ
ഇന്നസെന്റും ലേഖയുടെ മരണവും - ഒരു ഫ്ളാഷ് ബാക്ക്

1983 ന്റെ തുടക്കം.

രാത്രി ഏഴുമണിയോടെ സംവിധായകൻ ഭരതന്റെ മദിരാശിയിലെ വീട്ടിൽ ഞങ്ങൾ ഒത്തുകൂടി. കെ.ജി. ജോർജ്ജ്, ഇന്നസെന്റ്, ഡേവിഡ് കാച്ചപ്പള്ളി, നാന ഫോട്ടോഗ്രാഫർ കൃഷ്ണൻകുട്ടി. ഈ ലേഖകൻ എന്നിവർ. ഇന്നസെന്റും, ഡേവിഡ് കാച്ചപ്പിള്ളിയും ചേർന്ന് നിർമ്മിക്കുന്ന 'ലേഖയുടെ മരണം- ഒരു ഫ്‌ളാഷ് ബാക്ക്' എന്ന സിനിമയുടെ ചിത്രീകരണവിശേഷങ്ങൾ 'നാന'യ്ക്ക് റിപ്പോർട്ട് ചെയ്യാൻ എത്തിയതായിരുന്നു ഞങ്ങൾ. അടുത്ത ദിവസം രാവിലെ ഏഴുമണിക്ക് വാഹിനി സ്റ്റുഡിയോയിലാണ് സ്വിച്ച് ഓണും, തുടർ ഷൂട്ടും.

അകാലത്തിൽ ജീവനൊടുക്കിയ പ്രഗത്ഭ അഭിനേത്രി ശോഭയുടെ ജീവിതം പറയുന്ന സിനിമയാണ് 'ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്' എന്ന വാർത്ത വ്യാപകമായി പ്രചരിച്ചിരുന്നു. സംവിധായൻ കെ.ജി. ജോർജ്ജ് ഇതു നിഷേധിച്ചെങ്കിലും, തുടങ്ങും മുൻപുതന്നെ അത് ഈ സിനിമയ്ക്ക് വലിയ പബ്ലിസിറ്റി നൽകി.

ഇൻഡ്യയിലെ ഏറ്റവും മികച്ച അഭിനേത്രികളിൽ ഒരാളായിരുന്നു ശോഭ. മുൻകാല നടി പ്രേമയുടെ മകൾ. യഥാർത്ഥ പേര് മഹാലക്ഷ്മി മേനോൻ. വളരെ കൊച്ചിലേ സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയ ശോഭയ്ക്ക് 1971 ൽ മികച്ച ബാലനടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു (ചിത്രം: അവളൽപ്പം വൈകിപ്പോയി). 77 ൽ 'ഓർമ്മകൾ മരിക്കുമോ' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടിക്കുള്ള പുരസ്‌കാരം. 78 ൽ ഏറ്റവും മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ്  (ചിത്രം: എന്റെ നീലാകാശം). 1979 ൽ ദ്വരൈ സംവിധാനം ചെയ്ത 'പശി' എന്ന തമിഴ് ചിത്രത്തിലൂടെ ഇൻഡ്യയിലെ ഏറ്റവും മികച്ച നടിക്കുള്ള ഉർവ്വശി അവാർഡ.് പ്രശസ്തിയുടെയും അംഗീകാരത്തിന്റെയും കൊടിമുടി കയറി നിൽക്കുന്ന സമയത്ത് 17-ാം വയസ്സിൽ 1980 മെയ് ഒന്നിന് ശോഭ ആത്മഹത്യ ചെയ്തു. മദ്ധ്യവയസ്‌കനും പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ബാലുമഹേന്ദ്രയെ ശോഭ വിവാഹം ചെയ്തത് അക്കാലത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. അതേത്തുടർന്നുണ്ടായ വിവാദങ്ങളിലും കുറ്റവിചാരണയിലും മനംനൊന്തായിരുന്നു സർഗ്ഗധനയായ ആ പെൺകുട്ടി ജീവനൊടുക്കിയത്. ഇൻഡ്യൻ സിനിമാചരിത്രത്തിലെ ഒരു ദുരന്ത കഥാപാത്രമാണ് ശോഭ.

നിർമ്മാതാവിന്റെ സ്ഥാനത്ത് ഇന്നസെന്റിന്റെയും ഡേവിഡ് കാച്ചപ്പള്ളിയുടെയും പേരുകളാണ് വച്ചിരുന്നതെങ്കിലും, യഥാർത്ഥത്തിൽ മുടക്കാൻ ഇരുവരുടെയും കയ്യിൽ കാശൊന്നുമുണ്ടായിരുന്നില്ല. അന്ന് മൂന്നോ നാലോ ലക്ഷം രൂപ മതിയാകുമായിരുന്നു ഒരു മലയാളചിത്രം നിർമ്മിക്കാൻ. ആ തുക, അന്നത്തെ പ്രമുഖ വിതരണക്കാരിൽ ആരെയെങ്കിലും കണ്ടെത്തി സംഘടിപ്പിക്കും. കഥ, അഭിനേതാക്കൾ, ചിത്രത്തിന്റെ വിപണനസാദ്ധ്യത എന്നിവ കണക്കിലെടുത്തായിരിക്കും വിതരണക്കാരൻ പണം നൽകാൻ തയ്യാറാവുക. മൊത്തം തുക ഒന്നിച്ചുകൊടുക്കില്ല. ഗഡുക്കളായിട്ടായിരിക്കും. അതുകൊണ്ട് വിതരണക്കാരെ തൃപ്തിപ്പെടുത്തി നിറുത്താൻ പലവിധ മാർഗ്ഗങ്ങൾ അവലംബിക്കേണ്ടിവരുമായിരുന്നു. അക്കാലത്തെ പ്രമുഖ വിതരണക്കാരിലൊരാളായ ദക്ഷിണേന്ത്യയിലെ പ്രശസ്തമായ ഒരു ദേവാലയത്തിന്റെ പേരുള്ള ഒരു ചെട്ടിയാരായിരുന്നു 'ലേഖയുടെ മരണ'ത്തിന്റെ ഡിസ്ട്രിബ്യൂട്ടർ. ഇന്നസെന്റ്-ഡേവിഡ് ടീമിന്റെ നാലാമത്തെ സിനിമയായിരുന്നു 'ലേഖയുടെ മരണം- ഒരു ഫ്‌ളാഷ് ബാക്ക്' (വിട പറയും മുൻപേ- സംവിധാനം മോഹൻ- 1981, ഇളക്കങ്ങൾ- സംവിധാനം മോഹൻ, 1982, ഓർമ്മയ്ക്കായ്- സംവിധാനം ഭരതൻ 1982, ലേഖയുടെ മരണം, ഒരു ഫ്‌ളാഷ് ബാക്ക്- 1983, ഒരു കഥ ഒരു നുണക്കഥ- സംവിധാനം മോഹൻ-1986).

മലയാളത്തിലെ മദ്ധ്യവർത്തി സിനിമാർക്കിടയിൽ സവിശേഷമായ ഒരു വ്യക്തിബന്ധം അക്കാലത്തു നിലനിന്നിരുന്നു. വാണിജ്യപരമായും കലാപരമായും പ്രദർശന വിജയം നേടുന്ന നല്ല സിനിമകൾ നിർമ്മിക്കുന്നതിലായിരുന്നു അവർക്ക് താൽപ്പര്യം. അസൂയയും കുശുമ്പും കുതികാൽവെട്ടും പുറമേയ്‌ക്കെങ്കിലും പ്രകടമായിരുന്നില്ല. വ്യക്തിബന്ധങ്ങളിൽ നിലനിന്നിരുന്ന ഈ ഊഷ്മളത ഏറ്റവും കൂടുതൽ ദൃശ്യമായിരുന്നത് സംവിധായകർക്കിടയിലായിരുന്നു. ഭരതൻ, കെ.ജി. ജോർജ്ജ്, പി. പത്മരാജൻ, മോഹൻ എന്നിവർ തമ്മിൽ നല്ല ആത്മബന്ധം വേരോടിയിരുന്നു. പലപ്പോഴും ഈ ലേഖകൻ അതിന് സാക്ഷിയാട്ടുണ്ട്. അത്തരമൊരു സംഗമവേദിയായിരുന്നു ഭരതന്റെ വീട്ടിലെ ആ ഒത്തുചേരൽ.

സാധാരണഗതിയിൽ സിനിമയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ, പ്രത്യേകിച്ചും തലേദിവസം, സംവിധായകനും നിർമ്മാതാക്കളും അനിയന്ത്രിതമാം വിധം മാനസിക പിരിമുറുക്കം അനുഭവിക്കുന്നുണ്ടാവും. എന്നാൽ ഇവിടെയത് കാണപ്പെട്ടില്ല. കെ.ജി. ജോർജ്ജിൽ പ്രകടമായിരുന്നത് സ്വതഃസിദ്ധമായ അചഞ്ചലതയും, പതറാത്ത ശാന്തതയുമായിരുന്നു. ഇന്നസെന്റിലാകട്ടെ, എത് ഗൗരവ സന്ദർഭത്തിന്റെയും കെട്ടഴിക്കുന്ന പ്രസന്നമായ നർമ്മഭാവവും. ഡേവിഡ് കാച്ചപ്പള്ളി ഒന്നും കേൾക്കുകയോ കാണുകയോ ചെയ്യാതെ ഫോണിൽ ആരോടൊക്കെയോ ഒച്ചതാഴ്ത്തി സംസാരിച്ചുകൊണ്ടിരുന്നു. ഭരതൻ പതിവുപോലെ നിശ്ശബ്ദനായ കേൾവിക്കാരൻ.

ചെന്നൈ നഗരത്തിലാണെങ്കിലും, പട്ടണബഹളങ്ങൾ കടന്നുകയറാത്ത പ്രശാന്തമായ ഒരു പച്ചത്തുരുത്തായിരുന്നു ഭരതന്റെ വീട്. സർഗ്ഗധനനായ ഒരു ആർട്ടിസ്റ്റിന്റെ കരവിരുത് എവിടെയും തുടിച്ചുനിൽക്കുന്ന കേരളീയ വാസ്തുകലാനിർമ്മിതി. പടിപ്പുരയുള്ള കവാടം. വീടിന്റെ തൂണിലും എടുപ്പിലും മുറികളിലുമെല്ലാം, എന്തിന് ഫ്‌ളവർ വെയ്‌സുകളിൽ വരെ ഭരതൻ മുദ്ര കാണാം.(ഭരതന്റെ മരണത്തെ തുടർന്ന് താങ്ങാനാവാത്ത ബാദ്ധ്യത മൂലം കെ.പി.എ.സി ലളിതയ്ക്ക് ഈ വീട് നിൽക്കേണ്ടിവന്നു എന്നുകേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി). ഇതിനെക്കാളേറെ എന്നെ ആകർഷിച്ചത് ഭരതന്റെ പുസ്തകശേഖരമായിരുന്നു. ഇതിൽ ഏറ്റവും ശ്രദ്ധേയമായി തോന്നിയത് ലോകോത്തര ചിത്രകാരന്മാരെക്കുറിച്ചും അവരുടെ പെയിന്റിംഗുകളെക്കുറിച്ചുമുള്ള തടിയൻ പുസ്തകങ്ങളായിരുന്നു. വലിയ വിലയുള്ള ഇംഗ്ലീഷ് പുസ്തകങ്ങൾ. ഭരതൻ അതിപ്രഗത്ഭനായ ചിത്രകാരനെന്നതിന് പുറമെ, വലിയ വായനക്കാരനുമായിരുന്നു.

സിനിമ, സാഹിത്യം, രാഷ്ട്രീയം തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സംഭാഷണം നീണ്ടപ്പോൾ സമയം പോയതറിഞ്ഞില്ല. രാവിലെ ആറരയ്ക്ക് വാഹിനി സ്റ്റുഡിയോയിൽ കാണാം എന്നുപറഞ്ഞു. കെ.ജി. ജോർജ്ജും ഇന്നസെന്റും ഡേവിഡ് കാച്ചപ്പിള്ളിയും പിരിയുമ്പോൾ സമയം പന്ത്രണ്ടരമണി കഴിഞ്ഞു. അന്ന് ഞങ്ങൾ ഭരതന്റെ വീട്ടിലാണ് തങ്ങിയത്.

രാവിലെ ആറരമണിയോടെ ഭരതനുമൊത്തു ഞങ്ങൾ വാഹിനി സ്റ്റുഡിയോയിലെത്തുമ്പോൾ അവിടം സജീവമായി കഴിഞ്ഞിരുന്നു. ഭരത് ഗോപി, നെടുമുടി വേണു, ശ്രീനിവാസൻ, നളിനി തുടങ്ങിയവർ മേക്കപ്പിട്ടു തയ്യാറായി നിൽക്കുന്നു. കെ.ജി. ജോർജ്ജ് ഇടയ്ക്കിടെ താടി ഉഴിഞ്ഞ് നിർദ്ദേശങ്ങൾ കൊടുത്തുകൊണ്ട് കർമ്മനിരതനായി രംഗം നിറഞ്ഞുനിൽക്കുന്നു. ഷാജി എൻ കരുൺ ക്യാമറയ്ക്ക് പിന്നിൽ റെഡി. നടി വിധുബാലയും മറ്റുചിലരും അതിഥികളായി എത്തിയിട്ടുണ്ട്.

കോടമ്പാക്കത്തെ ഒരു തെരുവിന്റെ സെറ്റാണിട്ടിരിക്കുന്നത്. അതിമനോഹരമായ ഒരു നേർപതിപ്പ്. പ്രഗത്ഭ ആർട്ട് ഡയറക്ടർ സുന്ദറിന്റെ കരവിരുത് സൂക്ഷ്മാംശങ്ങളിൽ വരെ പ്രകടം. ഭാരം കയറ്റിയ ഒരു കട്ടവണ്ടി കടന്നുപോകുമ്പോൾ റോഡിന് എതിർവശം നെടുമുടിയും ശ്രീനിവാസനും റോഡുമുറിച്ചുകടക്കാൻ കാത്തുനിൽക്കുന്നു. ക്യാമറയ്ക്ക് മുന്നിലൂടെയാണ് കട്ടവണ്ടി കടന്നുപോകുന്നത്.

ആ രംഗത്തിന്റെ ചിത്രീകരണം കഴിഞ്ഞപ്പോൾ നെടുമുടി വേണു അടുത്തെത്തി പറഞ്ഞു: ഈ സീനിന്റെ ടേക്കിംഗിന് ഒരു പ്രത്യേകതയുണ്ട്. ഫ്രെയിമിനെ ഡിസ്റ്റർബ് ചെയ്തുകൊണ്ടാണ് കട്ടവണ്ടി പോകുന്നത്. കെ.ജി. ജോർജ്ജെന്ന ഡയറക്ടറുടെ മാസ്റ്റർ ടച്ച് ഇതിൽ കാണാം.

ഇന്നസെന്റിന്റെ ബീഫ്കറി

മദിരാശിയിലെത്തി രണ്ടുദിവസം കഴിയുമ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഭക്ഷണമാണെന്ന് മുൻപൊരിക്കൽ ഈ പംക്തിയിൽ എഴുതിയിരുന്നത് വായനക്കാർ ഓർക്കുന്നുണ്ടാവും. കനം കുറഞ്ഞ വെള്ളരിച്ചോറ് മാത്രമല്ല, എരിവധികമില്ലാത്ത സാമ്പാറും(കൊഴമ്പ്) ചെതുമ്പലുകളയാത്ത മീൻ കറിയും, മഞ്ഞനിറത്തിലുള്ള പൊങ്കലുമൊക്കെ അസഹനീയമായിത്തീരും. അതിന്റെ മണമടിക്കുമ്പോൾ തന്നെ ഓർക്കാനം വരും. പിന്നെ ആശ്രയം മലയാള ചലച്ചിത്ര പ്രവർത്തകരുടെ വീടുകളാണ്. തിരക്കേറിയ അലച്ചിലിനുശേഷം, കേരളീയ രീതിയിലുള്ള എന്തെങ്കിലും കഴിക്കാൻ ഇവരിലാരുടെയെങ്കിലും വീട്ടിലെത്തും.(പി.എ. ബക്കറിന്റെ വീട്ടിലെ കഞ്ഞിയും പയറിനെക്കുറിച്ചും, കെ.ജി. ജോർജ്ജിന്റെ ഭാര്യ സൽമചേച്ചിയുടെ പുട്ടും കടലക്കറിയെക്കുറിച്ചുമൊക്കെ മുൻപ് എഴുതിയിട്ടുള്ളതിനാൽ ആവർത്തിക്കുന്നില്ല) ഇക്കൂട്ടത്തിൽ ഒരു പ്രധാന ആശ്രയകേന്ദ്രമായിരുന്നു ഇന്നസെന്റിന്റെ വീട്. ഭാര്യ ആലീസും മകനുമൊത്തു ഇന്നസെന്റ് മദിരാശിയിലെ ഒരു കൊച്ചു വാടകവീട്ടിലായിരുന്നു അന്ന് താമസിച്ചിരുന്നത്. തരം കിട്ടുമ്പോഴൊക്കെ അവിടെപ്പോകും. കേരളീയ രീതിയിൽ തയ്യാറാക്കിയ നല്ല എരിവുള്ള ബീഫ്കറി എപ്പോഴുമുണ്ടാകും. അതിനൊരു അച്ചായൻ രുചിയും മണവുമുണ്ടായിരുന്നു. സൽക്കരിക്കുന്നതിലും അദ്ദേഹം വിശാല ഹൃദയനായിരുന്നു. എത്രയെത്ര തവണയാണ് ആ സൽക്കാരത്തിൽ വയറും മനവും നിറഞ്ഞതെന്നോ...

കാണുമ്പോഴൊക്കെ തന്റെ അഭിനയത്തെക്കുറിച്ച് സംസാരിക്കാൻ ഇന്നസെന്റ് അച്ചായൻ താൽപ്പര്യം പ്രകടിപ്പിക്കുമായിരുന്നു. അവസരം കിട്ടാത്തത് കൊണ്ടാണോ എന്തോ സ്വന്തം ചിത്രങ്ങളിലല്ലാതെ മറ്റ് സിനിമകളിൽ അദ്ദേഹം അന്ന് അഭിനയിച്ചിരുന്നില്ല. 'ഇളക്കങ്ങൾ' പുറത്തിറങ്ങിയ സമയം. മദാലസയായ ഒരു യുവതിയുമായി അവിഹിത ബന്ധമുള്ള കറവക്കാരന്റെ വേഷമായിരുന്നു ഇന്നസെന്റിന്റേത്. പാത്തും പതുങ്ങിയും സൈക്കിളിലാണ് വരവും പോക്കും. ഒരിക്കൽ സംസാരിച്ചിരിക്കവെ കറവക്കാരന്റ ചലനങ്ങളിൽ അസ്വാഭാവികമായ ധൃതിയും ആവേശവും മുഴച്ചുനിൽക്കുന്നുവെന്നും, അത് ആ കഥാപാത്രത്തിന്റെ പൊലിമ കെടുത്തുവെന്നും, സ്വന്തമായൊരു അഭിനയശൈലിക്ക് അത് തടസ്സമാണെന്നും ഞാൻ പറഞ്ഞപ്പോൾ, അദ്ദേഹം അത് ഗൗരവമായെടുത്തു. ഇതുവരെ ഒരു ന്യൂനതയായി ഇതാരും ചൂണ്ടിക്കാണിച്ചിട്ടില്ലെന്നും, ഇനി ശ്രദ്ധിച്ചോളാമെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും അതിനുശേഷവും തനതായ ഒരു ശൈലി സൃഷ്ടിച്ചെടുക്കുന്നതിൽ അദ്ദേഹം താൽപ്പര്യം കാട്ടിയതായി തോന്നിയില്ല(ഏറെക്കാലം കഴിഞ്ഞാണ് ഇന്നസെന്റിന്റേതായ ഒരഭിനയരീതി വികസിച്ചുവന്നത്).

ഇന്നസെന്റിനെ മലയാളത്തിലെ ചാർളിചാപ്‌ളിൻ എന്ന് ചിലർ വിശേഷിപ്പിച്ചതായി കണ്ടു. വിവരക്കേടിന് വകതിരിവില്ലാതായാൽ എന്തു പറായാൻ. മഹാനായ ചാപ്‌ളിൻ എവിടെ, പാവം ഇന്നസെന്റ്   എവിടെ ?

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORIAL