06:37am 08 July 2024
NEWS
സര്‍ക്കാരിനെ അവഗണിച്ച കമ്മീഷണര്‍ക്ക്
‘പണി’ നൽകി ഡി.ജി.പി. സാര്‍

04/07/2024  06:52 AM IST
News Desk
ആദ്യ പണി ഐ.ജിക്ക്. അടുത്താര് ?
HIGHLIGHTS

അതേസമയം, തന്റെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നിൽ ചില ഐ.പി.എസ്. ഉന്നതരുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഷേഖ് ധര്‍വേഷ് സാഹിബ് പലരേയും നിരീക്ഷണവിധേയമാകുന്നുണ്ട് എന്നും സൂചനയുണ്ട്

തിരുവനന്തപുരം : സംസ്ഥാനസര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടികളിൽ നിന്നും തുടര്‍ച്ചയായി വിട്ടുനിന്ന തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജുവിനെ സര്‍ക്കാര്‍ തന്നെ തെറിപ്പിച്ചു. സംസ്ഥാനപൊലീസ് മേധാവിയുടെ നിര്‍ദ്ദേശം കൂടി സ്ഥാനചലനത്തിന് പിന്നിലുണ്ട് എന്നാണ് അറിയുന്നത്.  തിരുവനന്തപുരം സിറ്റിയിൽ നടക്കുന്ന ഔദ്യോഗിക പരിപാടികളിൽ പലതിലും നാഗരാജു കഴിഞ്ഞ കുറച്ചുനാളുകളായി പങ്കെടുക്കുന്നില്ല. ഔദ്യോഗികമായി ക്ഷണം ലഭിച്ച പരിപാടികളിൽ പോലും അദ്ദേഹം പങ്കെടുക്കാതെ മാറി നിന്നു. മന്ത്രി ഒ.ആര്‍. കേളുവിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ നിന്നാണ് അദ്ദേഹം ഏറ്റവും ഒടുവിൽ മാറിനിന്നത്. ഇത് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയിൽ ചര്‍ച്ചയായി. ഇതോടെ കമ്മീഷണര്‍ക്ക് താക്കീതുമായി പൊലീസ് മേധാവി ഷേഖ് ധര്‍വേശ് സാഹിബ് തന്നെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തെ സര്‍ക്കാര്‍ മാറ്റുകയും ചെയ്തു. കേരള പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോര്‍പറേഷൻ എം.ഡി. സ്ഥാനത്തേക്കാണ് നാഗരാജുവിനെ മാറ്റി നിയമിച്ചത്.  

          അതേസമയം, ക്രമസമാധനപാലനത്തിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ തങ്ങളുടെ വിലയേറിയ സമയം ഉദ്ഘാടനചടങ്ങുകളിൽ പോയി പാഴാക്കേണ്ടതില്ലെന്ന നിലപാടാണ് നാഗരാജുവിനുള്ളത്. ഉന്നതഉദ്യോഗസ്ഥരേയും മന്ത്രിമാരേയും അടിക്കടി ചെന്നുകണ്ട് ബന്ധം സ്ഥാപിക്കാനും അദ്ദേഹം ശ്രമിക്കാറുമില്ല. ഇത് മറ്റ് ഉദ്യോഗസ്ഥര്‍ക്കും അത്ര ദഹിക്കുന്ന കാര്യമല്ല. ഇവരിൽ ചിലര്‍ തന്നെയാണ് നാഗരാജുവിന്റെ അസാന്നിധ്യം ഉന്നതരെ ധരിപ്പിച്ചതെന്നും സൂചനയുണ്ട്. ഏതായാലും സര്‍ക്കാര്‍ പരിപാടികളിൽ നിന്നും വിട്ടുനിൽക്കുന്ന മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനനപടി ഉണ്ടാകുമെന്ന പൊലീസ് മേധാവിയുടെ തിട്ടൂരവും പിന്നാലെ വന്നിട്ടുണ്ട്.

          അതേസമയം, തന്റെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നിൽ ചില ഐ.പി.എസ്. ഉന്നതരുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഷേഖ് ധര്‍വേഷ് സാഹിബ് പലരേയും നിരീക്ഷണവിധേയമാകുന്നുണ്ട് എന്നും സൂചനയുണ്ട്. തനിക്ക് ‘പണി’ തന്നെ സഹപ്രവര്‍ത്തകര്‍ക്ക് തിരിച്ച് ‘പണി’ നൽകാനുള്ള തത്രപ്പാടിലാണ് ടിയാനെന്ന് ചിലര്‍ അടക്കവും പറയുന്നുണ്ട്. പക്ഷേ, ഡി.ജി.പിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നിൽ നാഗരാജുവിന് ഒരുപങ്കുമില്ല എന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ അറിയാൻ സാധിച്ചത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA