05:37pm 07 July 2024
NEWS
രാ​ഹുൽ ​ഗാന്ധി ശ്രമിക്കുന്നത് ഹിന്ദുക്കളെ ഭിന്നിപ്പിക്കാനോ?
04/07/2024  03:40 PM IST
nila
   രാ​ഹുൽ ​ഗാന്ധി ശ്രമിക്കുന്നത് ഹിന്ദുക്കളെ ഭിന്നിപ്പിക്കാനോ?
HIGHLIGHTS

ബിജെപി അധികാരം പിടിക്കാൻ പയറ്റിയ അതേ തന്ത്രമാണ് രാ​ഹുൽ ​ഗാന്ധിയും ഇപ്പോൾ പയറ്റുന്നത്.

ലോക്സഭയിൽ നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി പരമശിവന്റെ ചിത്രം ഉയർത്തിക്കാട്ടി സംസാരിച്ചത് കേവലമായ ഉപമയുടെ ഭാ​ഗമായിരുന്നു എന്ന് ചിന്തിക്കുക പ്രയാസമാണ്. ബിജെപി നടന്നുകയറിയ വഴികളുടെ സമാന്തര പാത വെട്ടുകയാണ് രാഹുൽ ​ഗാന്ധി. ശ്രീരാമനെ ഉയർത്തിക്കാട്ടിയും ശ്രീരാമജന്മഭൂമി തർക്കം പ്രയോജനപ്പെടുത്തിയും അതിലൂടെ ഹിന്ദുത്വ വികാരം ഉണർത്തിയുമാണ് ബിജെപി ഇന്ത്യയിൽ വേരുകൾ പടർത്തിയതും പടർന്നുപന്തലിച്ചതും അതിലൂടെ രാജ്യാധികാരം നേടിയതും. സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിൽ ഉയിർകൊണ്ട കോൺ​ഗ്രസിനെ തികച്ചും അപ്രസക്തമാക്കാൻ ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന് കഴിയുകയും ചെയ്തു.

ബിജെപി അധികാരം പിടിക്കാൻ പയറ്റിയ അതേ തന്ത്രമാണ് രാ​ഹുൽ ​ഗാന്ധിയും ഇപ്പോൾ പയറ്റുന്നത്. ശ്രീരാമന് പകരം പരമശിവനാണ് പ്രതീകം എന്നുമാത്രം. ശ്രീരാമ രാഷ്ട്രീയത്തിന് എതിരായി പരമശിവനെ ഉയർത്തുന്നതിലൂടെ ആദ്യം ​ബിജെപി വളർത്തിയെടുത്ത ​​​ഹിന്ദു എന്ന വികാരം തളർത്താമെന്നാകും രാഹുൽ ​ഗാന്ധി കണക്കുകൂട്ടുന്നത്. കാരണം പൗരാണിക കാലത്ത് തന്നെ ഇന്ത്യയിൽ ശൈവ - വൈഷ്ണവ മതങ്ങൾ തമ്മിലുള്ള തർക്കവും യുദ്ധവും സജീവമായിരുന്നു. ഈ രാജ്യത്തെ ആദിമ നിവാസികളുടെ ദൈവമായിരുന്നു ശിവൻ. പിന്നീട് ആര്യന്മാരുടെ  വരവോടെ വിഷ്ണുവും വിഷ്ണുവിന്റെ അവതാരങ്ങളും ഇവിടെ പ്രചാരത്തിലായി. രണ്ടുമതങ്ങളും പടവെട്ടി പടവെട്ടി ഒടുവിലെപ്പോഴോ പരസ്പരം സ്വീകരിക്കപ്പെടുകയായിരുന്നു എന്നാണ് ചരിത്രകാരന്മാർ വ്യക്തമാക്കുന്നത്. എങ്കിലും ഇന്നും തെക്കേ ഇന്ത്യയിലും വടക്കേ ഇന്ത്യയിലും ഉൾപ്പെടെ ശിവനെ ഉപാസനാ മൂർത്തിയായി കാണുന്ന ശൈവർ ധാരാളമുണ്ട്. ഹിന്ദു എന്ന പൊതു സംജ്ഞയ്ക്കുള്ളിൽ പൊതിഞ്ഞിരിക്കുമ്പോഴും അവർ ഉള്ളിന്റെയുള്ളിൽ ശൈവമതക്കാർ തന്നെയാണ്. ആ ചിന്തയെ ഊതിക്കത്തിച്ച് ഹിന്ദുമതത്തിലെ ശൈവമതക്കാരെ തങ്ങൾക്കൊപ്പം കൂട്ടാനാണ് കോൺ​ഗ്രസ് നേതാവ് രാ​ഹുൽ ​ഗാന്ധി ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ബിജെപിയേയും സംഘപരിവാറിനെയും പ്രതിരോധിക്കാനുള്ള മാർ​ഗം എന്ന നിലയിൽ രാജ്യത്തെ പ്രതിപക്ഷം അപ്പാടെ ഇതിനെ കയ്യടിച്ചേക്കാം. എന്നാൽ, പഴയ ശത്രുത മാറി ഒന്നായി രൂപപ്പെട്ടു വരുന്ന രണ്ട് ശക്തികളെ വീണ്ടും വിഭജിക്കാൻ നടത്തുന്ന ശ്രമം, അത് എത്ര വലിയ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയാണെങ്കിലും നാടിന് നന്നല്ല. രണ്ടു തെറ്റുകൾ ചേർത്തുവച്ചാൽ ഒരു ശരിയാകില്ലല്ലോ. പരസ്പരം പോരടിച്ചിരുന്ന രണ്ട് വംശങ്ങളായി ഹിന്ദുക്കൾ വീണ്ടും തിരിയണോ? ഇന്നും ഹിന്ദുമതത്തിന്റെ പിന്നാമ്പുറങ്ങളിൽ മാത്രം നിൽക്കാൻ വിധിക്കപ്പെടുന്ന ദളിതരും ​ഗോത്രവർ​ഗങ്ങളും എന്തു ചെയ്യും? വിശ്വാസത്തിന്റെ പേരിൽ പരസ്പരം പോരടിക്കുന്ന ചെറുവിഭാ​ഗങ്ങളായി ഇന്ത്യയിലെ മഹാഭൂരിപക്ഷത്തിനെയും ആയുധമണിയിക്കാനാണോ രാഹുൽ ​ഗാന്ധി പദ്ധതിയിടുന്നത്.?

രാജ്യം കണ്ട ഏറ്റവും വലിയ പുരോ​ഗമനകാരികളിൽ ഒരാളായ ജവഹർലാൽ നെഹ്റുവിന്റെ പാർട്ടിയും വംശപരമ്പരയുമാണ് ഹിന്ദുക്കളെ വിഭജിച്ച്, മതവും ഭക്തിയും ആയുധമാക്കി അധികാരം പിടിക്കാൻ ശ്രമിക്കുന്നത് എന്നതാണ് ഏറെ ദുഖകരമായ മറ്റൊരു വസ്തുത. സംഘപരിവാർ ഉയർത്തുന്ന ഹൈന്ദവ രാഷ്ട്രീയത്തെ എതിർത്ത് വിജയിക്കേണ്ടത് രാഹുൽ ​ഗാന്ധിയുടെ ശൈവമത ശക്തി കൊണ്ടല്ല. ന്യൂനപക്ഷ പ്രീണനം കൊണ്ടും അതിന് കഴിയില്ല. മറിച്ച് മതവാദത്തെ എതിർത്ത് തോൽപ്പിക്കേണ്ടത് മതനിരപേക്ഷതയും പുരോ​ഗമനവാദവും കൊണ്ടാകണം. 

വികസിത യൂറോപ്യൻ രാജ്യങ്ങളിൽ ആരാധനാലയങ്ങൾ അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്ന കാലമാണിത്. ആ കാലഘട്ടത്തിൽ ഇന്ത്യൻ മണ്ണിൽ ഒരുകാലത്ത് അടച്ചുപൂട്ടിയ മതങ്ങളുടെ ആയുധപ്പുരകളുടെ താക്കോൽ തേടാൻ നെഹ്റു കുടുംബത്തിലെ പിന്മുറക്കാരൻ നടക്കുന്നത് നല്ലതല്ല. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രവും ഭാവിയും രൂപപ്പെടുത്തിയ കോൺ​ഗ്രസും അതിന് കൂട്ടുനിൽക്കരുത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL