07:33am 29 June 2024
NEWS
ജോസ് കെ. മാണി മറുകണ്ടം ചാടും, തീയതി മാത്രമേ അറിയേണ്ടതുള്ളൂ: ഷോൺ ജോർജ്ജ്
28/04/2023  09:14 AM IST
അനീഷ് മോഹനചന്ദ്രൻ
ജോസ് കെ. മാണി മറുകണ്ടം ചാടും,  തീയതി മാത്രമേ അറിയേണ്ടതുള്ളൂ: ഷോൺ ജോർജ്ജ്

''എന്നായാലും  മാണി ഗ്രൂപ്പിന് യു.ഡി.എഫിൽ വന്നേ മതിയാകൂ. അതിനായി ജോസ് കെ. മാണി മറുകണ്ടം ചാടുമെന്ന് ഉറപ്പാണ്. അത് എന്നാണ് സംഭവിക്കുന്നതെന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ. ജോസ് കെ. മാണി പറയുന്നിടത്ത് ക്രിസ്ത്യാനികളെല്ലാം വോട്ട് ചെയ്യുമെന്ന് വിചാരിക്കുന്ന ഒരു വിഭാഗം യു.ഡി.എഫിലുണ്ട്. അത ്‌തെറ്റാണെന്ന് അടുത്ത പാർലമെന്റ്തിരഞ്ഞെടുപ്പോടെ ഏവർക്കും ബോധ്യമാകും. പിണറായി  വിജയൻ പകയുടെ ആൾരൂപമാണ്. അതുകൊണ്ടാണ് അദ്ദേഹം പി.സി. ജോർജ് എന്ന പൊതുപ്രവർത്തകനെ വിടാതെ പിന്തുടരുന്നത്. എന്നാൽ പിണറായിയുടെ മുഖംമൂടി അഴിഞ്ഞുവീഴാൻ അധികനാൾ വേണ്ടിവരില്ല. എല്ലാം കാലം തെളിയിക്കും'' - കേരളാജനപക്ഷം നേതാവ് ഷോൺ ജോർജ്ജ് 'കേരളശബ്ദ'ത്തോട് പറഞ്ഞു. മദ്ധ്യതിരുവിതാംകൂറിലെ മാറിമറിയുന്ന രാഷ്ട്രീയസാഹചര്യങ്ങളെക്കുറിച്ച് 'കേരളശബ്ദ'ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷോണുമായുള്ള അഭിമുഖം ചുവടെ...

കേരള ജനപക്ഷം പാർട്ടിയുടെ പ്രതിനിധിയായി താങ്കൾ കോട്ടയം ജില്ലാപഞ്ചായത്തിൽ എത്തിയിട്ട് മൂന്നുകൊല്ലം പൂർത്തിയാകുന്നു. പൂഞ്ഞാർ ഡിവിഷനിലെ വോട്ടർമാരോട് എന്താണ് പറയാനുള്ളത് ?

ഏറെ അഭിമാനം തോന്നുന്ന നിമിഷമാണിത്. ഒരു മുന്നണിയുടേയും ഭാഗമല്ലാതെ ഒരു ചെറുപ്പക്കാരൻ ഒറ്റയ്ക്ക് വോട്ടുചോദിച്ച് ചെന്നപ്പോൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ച വോട്ടർമാരോട് നന്ദിയും കടപ്പാടും മാത്രമാണുള്ളത്. ജില്ലാപഞ്ചായത്ത് അംഗം എന്ന നിലയിൽ എന്നാൽക്കഴിയുംവിധം അവർക്കുവേണ്ടി പ്രവർത്തിക്കുന്നുണ്ട്.

ഒരു ജനപ്രതിനിധി എന്ന നിലയിൽ താങ്കൾ തൃപ്തനാണോ ?

തൃപ്തനല്ല എന്നതാണ് ശരിയായ ഉത്തരം. 87 വാർഡുകളെയാണ് ഞാൻ പ്രതിനിധാനം ചെയ്യുന്നത്. അതിൽ നാല് പഞ്ചായത്തുകൾ വലിയ മലനിരകൾ ഉൾപ്പെട്ടതാണ്. മൂന്നെണ്ണം ഉരുൾപൊട്ടൽ സാദ്ധ്യത നില നിൽക്കുന്നവയും. എന്നാൽ ഇവയെല്ലാം ഏറെ മനോഹരമായ പ്രദേശങ്ങളാണ്. ഇവിടങ്ങളിൽ അനുയോജ്യമായ പല വികസനപദ്ധതികളും നിർദ്ദേശിച്ചിരുന്നെങ്കിലും സർക്കാർ സഹായം പലപ്പോഴും ലഭ്യമാകുന്നില്ല. ജില്ലാപഞ്ചായത്ത് വിഹിതമായി ലഭിക്കുന്ന തുച്ഛമായ ഫണ്ട് പോലും പലപ്പോഴും കൃത്യമായി വിനിയോഗിക്കാൻ സാധിക്കുന്നില്ല. തിരുവനന്തപുരത്ത് ഇരുന്നുകൊണ്ട് കുറേ ഐ.എ.എസുകാർ എഴുതിയുണ്ടാക്കുന്ന പ്രോജക്ടുകളിലേക്ക് പദ്ധതികൾ നിർദ്ദേശിക്കാൻ മാത്രമാണ് ഞങ്ങൾക്ക് സാധിക്കുന്നത്. നാടിനെ അറിയുന്ന, നാട്ടാരെ അറിയുന്ന ഞങ്ങൾ ജനപ്രതിനിധികൾ നാടിനുവേണ്ടി സമർപ്പിക്കുന്ന നിർദ്ദേശങ്ങൾ പലപ്പോഴും തിരസ്‌കരിക്കപ്പെടുന്നതും പതിവാണ്. വെറും നാമനിർദ്ദേശകരായി മാത്രം തദ്ദേശജനപ്രതിനിധികൾ ഒതുങ്ങുകയാണ് ഇവിടെ. ഇതിൽ അങ്ങേയറ്റം അതൃപ്തിയുണ്ട്. വിഭാവനം ചെയ്യുന്നതിൽ പത്ത് ശതമാനം പോലും പൂർത്തിയാക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിൽ.

താങ്കൾ ജനപ്രതിനിധി ആകുന്നവേളയിൽ ജനപക്ഷം പാർട്ടിയുടെ ശക്തികേന്ദ്രമായിരുന്നു പൂഞ്ഞാർ. ഇപ്പോൾ എന്താണ് സ്ഥിതി ?

അന്നും ഇന്നും ജനപക്ഷംപാർട്ടി ശക്തമാണ്. രാഷ്ട്രീയത്തിനപ്പുറം വ്യക്തിബന്ധവും വിശ്വാസവും കാത്തുസൂക്ഷിക്കുന്ന ഒരു സമൂഹമാണ് ഇവിടുള്ളത്. അവർ എന്നും ജനപക്ഷത്തിനൊപ്പം തന്നെയുണ്ടാകും. തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ സ്വാഭാവികമാണ്. അതൊരിക്കലും പാർട്ടിയുടെ സ്വീകാര്യതയുടെ അളവുകോലായി കാണേണ്ടതില്ല.

പൂഞ്ഞാറിനൊപ്പം ചേർത്തുവായിച്ച ഒരു പേരാണ് പി.സി. ജോർജ്ജ് എന്നത്. ഇന്നത്തെ സ്ഥിതി അതാണോ ?

ഒരു മാറ്റവുമില്ല. പി.സി. ജോർജ്ജ് പൂഞ്ഞാറിലെ ഓരോ കുടുംബത്തിനും സ്വീകാര്യനാണ്, ജനകീയനാണ്.

പി.സി. ജോർജ്ജ് എന്നും വിവാദങ്ങളുടെ സഹയാത്രികനായിരുന്നു. ഷോൺ വിവാദങ്ങളെ ഭയക്കുന്ന ആളാണോ ?

പി.സി. ജോർജ്ജ് എന്നും വിവാദങ്ങളുടെ സഹയാത്രികൻ തന്നെയാണ്. ആ വിശേഷണം അദ്ദേഹത്തിന് ഏറ്റവും അനുയോജ്യമാണ്. പൊതുപ്രവർത്തനരംഗത്ത് നിൽക്കുമ്പോൾ ചില കാര്യങ്ങൾ നമുക്ക് കണ്ടില്ലന്ന് നടിക്കാം. ഒന്നും സംഭവിക്കില്ല. അങ്ങിനെ പലരും മൗനംഭജിക്കുമ്പോൾ പി.സി. ജോർജ്ജ് അക്കാര്യങ്ങൾ വെട്ടിത്തുറന്ന് പറയും. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തെ ചിലർ സംഘംചേർന്ന് ആക്രമിക്കുന്നത്. ആര് എന്തുചെയ്താലും നിലപാടിൽ നിന്നും പിന്നോട്ടില്ല എന്ന ശൈലിയാണ് അദ്ദേഹത്തിനുള്ളത്. അത് തന്നെയാണ് ഞാനും പിന്തുടരുന്നത്. ഭാഷാശൈലിയിൽ മാത്രമേ ഞാൻ പപ്പയിൽ നിന്നും വ്യത്യസ്തത പുലർത്തുന്നുള്ളൂ. ആദർശത്തിലും നിലപാടിലും ഒരു വിട്ടുവീഴ്ചയുമില്ല. അതുകൊണ്ട് വിവാദങ്ങളെ ഭയക്കേണ്ട കാര്യവുമില്ല.

പൂഞ്ഞാറിലെ ജനപക്ഷം പാർട്ടി എന്നാൽ പി.സി. ജോർജ്ജ് തന്നെയാണ്. പി.സി. വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് നീങ്ങുമ്പോൾ അത് പാർട്ടിയുടെ ഭാവിയെ ഇരുട്ടിലാക്കും എന്ന വിലയിരുത്തലിനോട് എന്താണ് പ്രതികരണം?  (അടുത്തിടെ പി.സി. ജോർജ്ജ് മുഹമ്മദ് റിയാസ് -ഫാരിസ് അബുബക്കർ വിഷയത്തിൽ നടത്തിയ പരാമർശങ്ങളൊക്കെ വിവാദമായ പശ്ചാത്തലത്തിലാണ് ഈ ചോദ്യം ചോദിക്കുന്നത്)

ഫാരിസ് അബുബക്കർ എന്ന പേര് ഉച്ചരിക്കാൻ ധൈര്യമുള്ള ഒരു നേതാവും ഇന്ന് കേരളാ പൊളിറ്റിക്‌സിൽ ഇല്ല. അവിടെയാണ് പി.സി. ജോർജ്ജ് എന്ന പൊതുപ്രവർത്തകൻ ഫാരിസ് അബുബക്കറിനെതിരെ ആഞ്ഞടിക്കുന്നത്. പിണറായി വിജയൻ കള്ളനാണെന്ന് പി.സി. ജോർജ്ജ് പറഞ്ഞുതുടങ്ങിയത് ഇന്നും ഇന്നലെയും അല്ല. 2010 മുതൽ അദ്ദേഹം പിണറായിക്കെതിരേ ശക്തമായി നിലകൊള്ളുന്നുണ്ട്. ഫാരിസ് അബുബക്കർ വെറുക്കപ്പെട്ടവനാണെന്ന് പറഞ്ഞ വി.എസ്. അച്യുതാനന്ദനോടൊപ്പം പി.സി. ജോർജ്ജ് തോളോടുതോൾ ചേർന്നുപ്രവർത്തിച്ചതും മറ്റൊന്നും കൊണ്ടായിരുന്നില്ല. അതേ ഫാരിസിനെ തന്റെ രാഷ്ട്രീയ ഇടപാടുകളിലും ബിസിനസ് യാത്രകളിലും എന്തിനേറെ മകളുടെ രണ്ടാം വിവാഹത്തിന്റെ തലേന്നാൾ പോലും ചേർത്തുനിർത്തുകയും ചെയ്ത പിണറായിയുടെ കള്ളത്തരങ്ങൾ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പിണറായിയുടെ മുഖംമൂടി പൂർണ്ണമായി അടർന്നുവീഴാൻ ഇനി അധികനാൾ വേണ്ടിവരില്ല.

തന്നെ പിണറായി വിജയൻ ടാർഗറ്റ് ചെയ്യുന്നു, ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നു എന്നൊക്കെ പി.സി. തന്നെ തുറന്നടിച്ചിട്ടുണ്ട്. ഇത് താങ്കളുടെ പാർട്ടിയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായി ഗുണമാണോ ദോഷമാണോ ?

അധികാരം കൊണ്ട് ശക്തനാണ് പിണറായി. അദ്ദേഹത്തിന് ഇന്ന് എന്തും സാധിക്കും. ഇതേ പിണറായി തന്നെയാണ് 2003 ൽ ജോസഫ് ഗ്രൂപ്പിൽ നിന്ന് ഞങ്ങൾ പിളർന്നപ്പോൾ കൂടെ നിന്നത്. അന്ന് അദ്ദേഹം സാമ്പത്തികസഹായം പോലും വാഗ്ദാനം ചെയ്തിരുന്നു. അന്ന് പപ്പയോട് അദ്ദേഹത്തിന് ഒരു അയിത്തവുമില്ലായിരുന്നു (മതികെട്ടാൻ, മൂന്നാർവിഷയങ്ങളിൽ ഞങ്ങൾ വി.എസിനൊപ്പം നിന്നപ്പോഴാണ് അയിത്തം ആരംഭിക്കുന്നത്). 2006-ൽ തന്നെ മുഖ്യമന്ത്രിയാകാൻ കുപ്പായംതുന്നിയ ആളാണ് പിണറായി. അന്ന് വി.എസിന് സീറ്റ് നിഷേധിച്ചതിനെതിരേ ആദ്യം പ്രതിഷേധിച്ചത് സി.പി.എമ്മുകാരായിരുന്നില്ല. കേരളാകോൺഗ്രസ് സെക്കുലർ ആയിരുന്നു. പിന്നീട് ആ പ്രതിഷേധം കേരളക്കരയാകെ പടരുകയും വി.എസിന് സീറ്റ് നൽകാൻ പാർട്ടി നിർബന്ധിതമാവുകയും വി.എസ്. മുഖ്യമന്ത്രി ആവുകയും ചെയ്തു. തന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച പി.സി. ജോർജ്ജിനോട് പിണറായിയുടെ പക അവിടെ തുടങ്ങുകയാണ്. ഒരു എം.എൽ.എ. മാത്രമുള്ള പാർട്ടികൾക്കൊന്നും മന്ത്രിസ്ഥാനം കൊടുക്കേണ്ട എന്ന തീരുമാനം അന്ന് പാർട്ടി സെക്രട്ടറി ആയിരുന്ന പിണറായി കൈക്കൊണ്ടത് പപ്പയെ ഒതുക്കാൻ വേണ്ടി മാത്രമായിരുന്നു. അദ്ദേഹം ആരോടും ഒരു പരാതിയും പറയാൻ പോയില്ല. തുടർന്ന് മതികെട്ടാൻ വിഷയത്തിൽ മന്ത്രി ടി.യു. കുരുവിള രാജിവെച്ചതോടെ അന്ന് കുരുവിളയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച ഞങ്ങളുടെ പാർട്ടിയെ മുന്നണിയിൽ നിന്നും പുറത്താക്കാനാണ് പിണറായി തീരുമാനിച്ചത്. സത്യം വിളിച്ചുപറഞ്ഞു എന്ന തെറ്റ് മാത്രമാണ് പപ്പ ചെയ്തതെന്നോർക്കണം. അങ്ങിനെ ഞങ്ങളുടെ പാർട്ടി മുന്നണിയിൽ നിന്നും പുറത്തുവന്നതോടെ ഒരു എം.എൽ.എ. മാത്രമുള്ള കോൺഗ്രസ്-എസിലെ കടന്നപ്പള്ളി രാമചന്ദ്രൻ മന്ത്രി ആയി. പിണറായിയുടെ പകയ്ക്ക് ഇതിലും വലിയ തെളിവ് വേറെന്തുവേണം. ഇങ്ങിനെ കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന പി.സി. ജോർജ്ജിന് രാഷ്ട്രീയപരമായി അധികാരസ്ഥാനങ്ങളും പദവികളുമൊക്കെ പലപ്പോഴും നഷ്ടമായിട്ടുണ്ട്. പദവികൾ ലഭിക്കാത്തത് രാഷ്ട്രീയമായി ദോഷമാണെന്ന് കരുതിയാൽ പി.സി. ജോർജ്ജിന്റെ നിലപാടുകൾ പലപ്പോഴും പാർട്ടിക്ക് ദോഷകരമായി ‘വിച്ചിട്ടുണ്ട് എന്ന് പറയേണ്ടിവരും. പക്ഷേ, ഇത്തരം കഷ്ടനഷ്ടങ്ങൾ ഒരിക്കലും അദ്ദേഹത്തെ തളർത്തില്ല എന്നതും ഇത്തരുണത്തിൽ ഓർക്കേണ്ടതുണ്ട്.

ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് തുടർഭരണം ഉണ്ടായത് പിണറായി വിജയന്റെ കാലഘട്ടത്തിലാണ്. അപ്പോൾ അദ്ദേഹം ഒരു ജനകീയനേതാവാണ് എന്ന് അംഗീകരിക്കേണ്ടി വരില്ലേ ?

കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഒരിക്കൽ കൈക്കൊണ്ട തീരുമാനത്തിൽ ഇന്ന് ദുഃഖിക്കുകയാണ്. പിണറായി സർക്കാരിന് തുടർച്ച ഉണ്ടായത് പിണറായിയുടെ മിടുക്കുകൊണ്ടല്ല. അതിന്റെ ക്രെഡിറ്റ് കോടിയേരി ബാലകൃഷ്ണനാണ്. പ്രതിസന്ധിയുടെ ഘട്ടത്തിൽ സി.പി.എമ്മും അതിന്റെ പോഷകസംഘടനകളും എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിച്ചു. കേന്ദ്രത്തിൽ നിന്നും കിട്ടിയതുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഉൾപ്പെടുത്തി കിറ്റുകൾ തയ്യാറാക്കി അവർ വീടുകളിൽ എത്തിച്ചു. എന്നിട്ട് ഇതെല്ലാം പിണറായിയുടെ ഔദാര്യമാണ് എന്ന തരത്തിൽ ചിത്രീകരിച്ചു. നാട്ടുകാരെ പച്ചക്കള്ളം പറഞ്ഞ് പറ്റിക്കുന്നതിൽ സി.പി.എമ്മുകാർ വിജയിച്ചു എന്ന് പറയുന്നതാകും കുറച്ചുകൂടി ശരി. അതാണ് ‘ഭരണത്തുടർച്ചയ്ക്ക് കളമൊരുക്കിയത്. ഒന്നാം പിണറായി സർക്കാരിൽ മാതൃകാപരമായി പ്രവർത്തിച്ച ശൈലജടീച്ചർ ഇപ്പോൾ എവിടെയാണ്? എന്തേ അവർ ഇപ്പോഴത്തെ മന്ത്രിസഭയിൽ ഉൾപ്പെടുത്തപ്പെട്ടില്ല ? തന്നെക്കാൾ വലുതായി ആരുംവേണ്ട എന്ന പിണറായിയുടെ തീരുമാനമാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. ഇത്രയേ ഉള്ളൂ പിണറായി വിജയന്റെ ജനകീയത.

പിണറായി ഒരു ഭീരുവാണ് എന്ന് അഭിപ്രായമുണ്ടോ ? ശത്രുക്കളെ വരിഞ്ഞുകെട്ടാൻ ഏതറ്റംവരെ പോകുന്ന ആളാണ് പിണറായി എന്ന് അങ്ങ് കരുതുന്നുണ്ടോ ?

പിണറായി വിജയൻ എന്ന നേതാവ് ഭീരു അല്ലായിരുന്നു. എന്നാലിന്ന് കഥ മാറി. അദ്ദേഹം ആരെയൊക്കെയോ ഭയപ്പെടുന്നു. മടിയിൽ കനമുള്ളവന് വഴിയിൽ ഭയക്കണമെന്നാണല്ലോ ചൊല്ല്. പിണറായിയുടെ മടി പണ്ടേപ്പോലല്ല ഇപ്പോൾ. അദ്ദേഹം തന്നെ പഴയ വിജയനെന്നും പുതിയ വിജയനെന്നുമൊക്കെയാണ് സ്വയം വിശേഷിപ്പിക്കുന്നത്. പുതിയ വിജയന് പലരേയും ഭയക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം ഒരു ‘ഭീരുവായി മാറിയെന്നാണ് എന്റെ പക്ഷം. അതോടൊപ്പം അന്ധമായ ശത്രുതയും പകയും സൂക്ഷിക്കുന്ന ആളാണ് പിണറായി. കഴിഞ്ഞവർഷം മാത്രം പപ്പയെ മൂന്നുപ്രാവശ്യമാണ് പിണറായിയുടെ പൊലീസ് അറസ്റ്റ്‌ചെയ്തത്. ഒരു കേസിൽ മൊഴിയെടുക്കാൻ വിളിച്ചുവരുത്തിയിട്ടാണ് മറ്റൊരുകേസിൽ അറസ്റ്റ് ചെയ്യുന്നത്. സോളാർകേസിലെ വിവാദനായിക സരിത എസ്. നായരുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ആ അറസ്റ്റ് എന്നോർക്കണം.

2021 ൽ കേരളാകോൺഗ്രസ് (എം) മറുകണ്ടം ചാടിയത് എൽ.ഡി.എഫിന്റെ ജയത്തെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട് ?

ഞാൻ ഒരു കേരളാകോൺഗ്രസ് മാണി ഗ്രൂപ്പ് വിരോധിയൊന്നുമല്ല. എന്നാലും ചില കാര്യങ്ങൾ പറയാതെ വയ്യ. ഇന്ന് ആ പാർട്ടിക്ക് അഞ്ച് എം.എൽ.എമാരും രണ്ട് എം.പിമാരുമുണ്ട്. അഞ്ച് എം.എൽ.എമാരിൽ ഒരാൾ മന്ത്രിയും മറ്റൊരാൾ ചീഫ് വിപ്പുമാണ്. വസ്തുത ഇതായിരിക്കുമ്പോഴും അവർക്ക് അടിത്തട്ടിൽ വേരുകളില്ല എന്നതാണ് സത്യം. യുവാക്കൾക്കിടയിൽ ഒരു സ്വാധീനവുമില്ല. 2014-ൽ ഞാൻ ആ പാർട്ടിയിൽ നിന്നും പോരുമ്പോൾ യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിആയിരുന്നു. അന്ന് എന്റെ പ്രായം 29 ആണ്. അന്നെന്നോടൊപ്പമുണ്ടായിരുന്ന സംസ്ഥാന ജനറൽ സെക്രട്ടറിക്ക് 40 വയസ്. അന്നത്തെ സംസ്ഥാന പ്രസിഡന്റും ഞാനും തമ്മിൽ 17 വയസിന്റെ വ്യത്യാസം ഉണ്ടായിരുന്നു. അതേ പാർട്ടി അടുത്തിടെ ഒരു യുവജനസംഗമം സംഘടിപ്പിച്ചിരുന്നു. അതിൽ കേവലം 2500 പേരെ തികയ്ക്കാൻ പോലും അവർക്ക് സാധിച്ചിട്ടില്ല. 81 വയസുള്ള മയിലാടി സാറെന്ന മുതിർന്ന നേതാവുണ്ട് കേരളാകോൺഗ്രസിൽ. അദ്ദേഹം ഉൾപ്പെടെയുള്ളവർ പങ്കെടുത്തതുകൊണ്ട് മാത്രമാണ് ആ യുവജന സമ്മേളനത്തിന് 2000 പേരെ കഷ്ടിച്ച് ഒപ്പിക്കാൻ അവർക്ക് സാധിച്ചത്. അത്രകണ്ട് ക്ഷയിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ് കേരളാ കോൺഗ്രസ് (എം). യുവാക്കൾക്കും കർഷകർക്കും ഇടയിൽ അവർക്ക് ഒരു സ്വാധീനവുമില്ല. അവർ പോയതുകൊണ്ട് യു.ഡി.എഫിന് ഒരു നഷ്ടവുമുണ്ടായിട്ടില്ല എന്നാണ് എന്റെ വിശ്വാസം. കേരളാ കോൺഗ്രസ് മറുകണ്ടം ചാടിയതുകൊണ്ടാണ് സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടായത് എന്ന് വിശ്വസിക്കുന്ന മുസ്ലീംലീഗ്, കോൺഗ്രസ് നേതാക്കൾ മലബാറിൽ ഉണ്ട്. പക്ഷേ, കോട്ടയത്തേക്ക് വന്നാൽ അതല്ല സത്യമെന്ന് ബോധ്യമാകും. മാണി ഗ്രൂപ്പ് പോയതിന് ശേഷം കോൺഗ്രസിന് വളർച്ച മാത്രമേ ഉണ്ടായിട്ടുള്ളൂ. അടുത്ത പാർലമെന്റ്തിരഞ്ഞെടുപ്പിൽ അത് കൂടുതൽ വ്യക്തമാകും.

ഇത് പറയുമ്പോൾ തന്നെയാണ് ജോസ് കെ. മാണി തിരികെ യു.ഡി.എഫിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട സൂചനകൾ പുറത്തുവരുന്നത്. താങ്കളുടെ വിലയിരുത്തൽ ?

എന്നായാലും മാണി ഗ്രൂപ്പിന് യു.ഡി.എഫിൽ വന്നേ മതിയാകൂ. അയാൾ മറുകണ്ടം ചാടുമെന്ന് ഉറപ്പാണ്. അത് എന്നാണ് സംഭവിക്കുന്നതെന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ. ജോസ് കെ. മാണി പറയുന്നിടത്ത് ക്രിസ്ത്യാനികളെല്ലാം വോട്ട് ചെയ്യുമെന്ന് വിചാരിക്കുന്ന ഒരു വിഭാഗം യു.ഡി.എഫിലുണ്ട്. അത് തെറ്റാണെന്ന് അടുത്ത പാർലമെന്റ്തിരഞ്ഞെടുപ്പോടെ ഏവർക്കും ബോധ്യമാകും.

ജോസ് കെ. മാണി അവസരവാദരാഷ്ട്രീയത്തിന്റെ വക്താവാണ് എന്ന് ചില കോൺഗ്രസുകാർ അടക്കം പറയുന്നു. താങ്കളുടെ അഭിപ്രായം ?

അദ്ദേഹത്തെക്കുറിച്ച് സംസാരിക്കാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം അദ്ദേഹത്തെ ഒരു നേതാവായി ഞാൻ അംഗീകരിക്കുന്നില്ല. ഒരു മരണവീട്ടിൽ ചെന്നാൽപ്പോലും തനിക്ക് വോട്ടുതന്നവരോട് രണ്ടുവാക്ക് സംസാരിക്കാൻ അദ്ദേഹം തയ്യാറല്ല. അങ്ങിനൊരാൾക്ക് എങ്ങിനെ ജനങ്ങളുടെ പ്രശ്‌നങ്ങൾ അറിയാൻ സാധിക്കും. ജോസ് കെ. മാണിയെ സംബന്ധിച്ചിടത്തോളം അപ്പൻ ഒരു പാർട്ടി ഉണ്ടാക്കിവെച്ചിട്ടുണ്ട്. അതുമുന്നോട്ടുകൊണ്ടുപോകാൻ ചില പി.ആർ. സംവിധാനങ്ങളുമുണ്ട്. അത്തരം സംവിധാനങ്ങളുടെ പിന്തുണയോടെ 2030 വരെ ആ പ്രസ്ഥാനം ചലിക്കും. അതുകഴിഞ്ഞാൽപിന്നെ കേരളാകോൺഗ്രസ് മാണി ഗ്രൂപ്പ് വിസ്മൃതിയിലാകും.

ഇതേ ആരോപണം പി.സി. ജോർജ്ജിനെതിരെയും പലപ്പോഴും ഉയർന്നുകേട്ടിട്ടുണ്ട്. എന്താണ് പ്രതികരണം ?

ശരിയാണ് അദ്ദേഹത്തിനെതിരെ അങ്ങിനെ ഒരു ആക്ഷേപം നിലനിൽക്കുന്നുണ്ട്. അടിക്കടിയുള്ള മുന്നണിമാറ്റമാണ് അതിന് ഹേതുവായി ഉയർത്തിക്കാട്ടുന്നത്. എന്നാൽ പപ്പയുടെ മുന്നണി മാറ്റങ്ങൾക്ക് പിന്നിൽ വ്യക്തവും ശക്തവുമായ കാരണങ്ങളുണ്ടായിരുന്നു. താൻ കൂടി അംഗമായ പാർട്ടിക്കെതിരെ അല്ലെങ്കിൽ നേതാവിനെതിരെ പ്ലസ് ടു അഴിമതി ആരോപണം വന്നപ്പോൾ അത് അന്വേഷിക്കണമെന്ന് പറഞ്ഞതാണ് പി.ജെ. ജോസഫിന് പി.സി. ജോർജ്ജ് അനഭിമതനാകാൻ കാരണം. അതുകഴിഞ്ഞ് മതികെട്ടാൻ അഴിമതിക്കെതിരെ സംസാരിച്ചു. പാർട്ടി വേദികളിൽ സംസാരിച്ചിട്ട് നടപടി ഉണ്ടാകാതെ വന്നപ്പോഴാണ് പരസ്യപ്രതികരണം നടത്തിയത്. അതോടെ ടി.യു കുരുവിള രാജിവെച്ചെങ്കിലും അഴിമതിവിളിച്ചുപറഞ്ഞതുകൊണ്ട് മാത്രം പി.സി. ജോർജ്ജിന്റെ പാർട്ടിയെ മുന്നണിയിൽ നിന്നും പുറത്താക്കി. തുടർന്ന് യു.ഡി.എഫിൽ എത്തിയെങ്കിലും അവിടെ മാണി ഗ്രൂപ്പിന്റെ ശക്തമായ ഇടപെടലുകൾ പപ്പയ്‌ക്കെതിരെ എപ്പോഴും ഉണ്ടായിരുന്നു. അതേ മാണി തന്നെ മണ്ഡലപുനഃനിർണ്ണയം വന്നപ്പോൾ പപ്പയെ തേനേ പാലേ എന്നുവിളിച്ച് കൂടെക്കൂട്ടി. കാരണം പാലയിൽ മാണിക്ക് ജയിക്കണമെങ്കിൽ പി.സി. ജോർജ്ജിന്റെ പിന്തുണ വേണമായിരുന്നു. അന്ന് മാണി കേവലം 4000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചപ്പോൾ പി.സി. ജോർജ്ജിന്റെ ഭൂരിപക്ഷം 18,000 ആയിരുന്നു. ഒടുവിൽ അതേ മണിക്കെതിരെ ബാർകോഴ ആരോപണം ഉയർന്നപ്പോൾ അത് അന്വേഷിക്കണമെന്ന നിലപാടാണ് പപ്പ കൈക്കൊണ്ടത്. അതോടെ യു.ഡി.എഫിനും പി.സി. ജോർജ്ജ് കൊള്ളരുതാത്തവനായി. എന്നും അഴിമതിക്കെതിരെയും അനീതിക്കെതിരെയും സംസാരിച്ചതുകൊണ്ട് മാത്രമാണ് പി.സി. ജോർജ്ജിനെ പലരും പുറത്താക്കിയതും അദ്ദേഹം പലയിടങ്ങളിൽ നിന്നും ഇറങ്ങിപ്പോന്നതും. തുടർന്നുള്ള നാളുകളിൽ പി.സി. ജോർജ്ജ് എന്നും സ്വതന്ത്രനായിരുന്നു. 2016 ൽ ഒറ്റയ്ക്ക് നിന്നാണ് അദ്ദേഹം 28,000 വോട്ടിന്റെ ‘ഭൂരിപക്ഷത്തിൽ വിജയിച്ചത്. ഇതോടെ ഇരുമുന്നണികളും സംയുക്തമായി അദ്ദേഹത്തിനെതിരെ തിരിഞ്ഞു. ഒരു സമുദായത്തെത്തന്നെ അദ്ദേഹത്തിനെതിരെ തിരിച്ചുവിടാൻ അവർ ശ്രമിച്ചു. അതിൽ അവർ ഏറെക്കുറേ വിജയിക്കുകയും ചെയ്തു. അത്തരം കുത്സിതനീക്കങ്ങളുടെ പരിണിതഫലമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പൂഞ്ഞാറിലെ തോൽവി.

ഒരു സമുദായത്തെ പി.സിക്കെതിരെ തിരിച്ചുവിടാൻ ആരെങ്കിലും ശ്രമിച്ചുവെങ്കിൽ അവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യമാക്കാനല്ലേ അദ്ദേഹം ശ്രമിക്കേണ്ടത്. പകരം അദ്ദേഹം വെല്ലുവിളിക്കുകയായിരുന്നില്ലേ ?

അദ്ദേഹത്തിന്റെ എല്ലാ പ്രസ്താവനകളും ശരിയാണെന്ന അഭിപ്രായം എനിക്കില്ല. എന്നാൽ ആദ്യനിലപാടിനോട് ഞാൻ യോജിക്കുന്നു. എസ്.ഡി.പി.ഐ. പോലുള്ള തീവ്രവാദപ്രസ്ഥനത്തോട് സഹകരിക്കില്ല എന്നാണ് പി.സി. ജോർജ്ജ് ആദ്യം പറഞ്ഞത്. അതിനെ തത്പരകക്ഷികൾ പി.സി. ജോർജ്ജ് ഇസ്ലാമിനെതിരാണ് എന്ന തരത്തിൽ വളച്ചൊടിച്ച് പ്രചരിപ്പിച്ചു. ഇത്കാട്ടുതീപോലെ പടർന്നപ്പോൾ ചിലർ പപ്പ പ്രസംഗിക്കുന്ന വേദികളിൽ വന്ന് കൂവാനും പ്രശ്‌നമുണ്ടാക്കാനും തുനിഞ്ഞു. ഇതിൽ പ്രകോപിതനായ പപ്പ അതേ നാണയത്തിൽ തിരിച്ചടിച്ചു. അതിനോട് എനിക്ക് വിയോജിപ്പുണ്ട്. അദ്ദേഹത്തിന് കുറച്ചുകൂടി സംയമനം പാലിക്കാമായിരുന്നു. എന്റെ രാജ്യത്തെ സ്‌നേഹിക്കാത്ത ഒരുത്തന്റേയും വോട്ട് എനിക്ക് വേണ്ടെന്നാണ് പപ്പ അന്ന് പറഞ്ഞത്. അതിനോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു. എന്നാൽ പപ്പയുടെ നിലപാടിനെ ഈരാറ്റുപേട്ടയിലെ ബഹുഭൂരിപക്ഷം വരുന്ന ഇസ്ലാംമത വിശ്വാസികൾക്കെതിരെയുള്ള വെല്ലുവിളിയായി തത്പരകക്ഷികൾ ചിത്രീകരിക്കുകയായിരുന്നു. അതിനെ വേണ്ടരീതിയിൽ പ്രതിരോധിക്കാൻ സാധിച്ചതുമില്ല.

കെ.സുരേന്ദ്രനോട് അടുത്തതാണോ എസ്.ഡി.പി.ഐയെ ചൊടിപ്പിച്ചത് ?

ആയിരിക്കാം. 2016-ൽ ഞങ്ങൾ യു.ഡി.എഫിന് പിന്തുണ നൽകാൻ താത്പര്യം പ്രകടിപ്പിച്ചുകൊണ്ട് കത്തുനൽകി. എന്നാൽ കോൺഗ്രസ് നേതൃത്വം അതിനോട് പ്രതികരിക്കാതെ ഞങ്ങളെ അപമാനിച്ചു. ഇതേസമയത്താണ് കെ.സുരേന്ദ്രൻ ഞങ്ങളുടെ വീട്ടിൽ വന്ന് നിരുപാധിക പിന്തുണ അഭ്യർത്ഥിച്ചത്. ശബരിമല വിഷയത്തിലുൾപ്പെടെ പലതിലും യോജിപ്പുകൾ ഉണ്ടായിരുന്നതിനാൽ കെ. സുരേന്ദ്രന് ഞങ്ങൾ വ്യക്തിപരമായ പിന്തുണ നൽകാൻ തീരുമാനിച്ചത് ഈ സാഹചര്യത്തിലായിരുന്നു. ഇതിനെ പലരും പലരീതിയിലും വ്യഖ്യാനിച്ചു. ചിലർ അതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും ചെയ്തു.

ജനപക്ഷം പാർട്ടി ഇസ്ലാംവിരുദ്ധപാർട്ടിയല്ല എന്നാണോ പറയുന്നത് ?

ഒരിക്കലും ഞാനോ എന്റെ പ്രസ്ഥാനമോ ഇസ്ലാമിനെതിരല്ല. തീവ്രവാദത്തിനെതിരെ സംസാരിക്കുമ്പോൾ അത് ഇസ്ലാമിനെതിരാണ് എന്ന തരത്തിൽ ചിലർ വളച്ചൊടിക്കൽ നടത്തുന്നിടത്താണ് കാര്യങ്ങൾ പാളുന്നത്. തീവ്രവാദത്തിനെതിരെ സംസാരിക്കുമ്പോൾ നമ്മൾ എതിർക്കുന്നത് തീവ്രവാദികളെ മാത്രമാണ്. ഒരിക്കലും ബഹുഭൂരിപക്ഷം വരുന്ന രാജ്യസ്‌നേഹികളായ ഇസ്ലാംമത വിശ്വാസികളെയല്ല ഞങ്ങൾ ലക്ഷ്യമിടുന്നത്. എന്നാൽ തീവ്രവാദികൾ ഇതിനെ വളച്ചൊടിച്ച് രാഷ്ട്രീയ ദുഷ്ടലാക്കോടെ വിശ്വാസികളെ തെറ്റിധരിപ്പിക്കുന്നു. ഇതിനെതിരെ സംസാരിക്കാൻ ഇസ്ലാം പണ്ഡിതർക്കുപോലും ഭയമാണ്. കാരണം, അവരെ മറുപക്ഷം ഒറ്റപ്പെടുത്തും. ഇന്നും ഞാൻ ഈരാറ്റുപേട്ടയിലെ ഇസ്ലാം സഹോദരങ്ങളോടൊപ്പമാണ് താമസിക്കുന്നത്. തിരുവനന്തപുരത്തെ അയാസ് സേട്ടാണ് എന്റെ ഏറ്റവും അടുത്തസുഹൃത്ത്. എന്റെ വ്യക്തിപരമായ കാര്യങ്ങൾപോലും ഞാൻ അയാസുമായി സംസാരിക്കും. ഇതൊന്നും വിമർശകർ അറിയുന്നില്ലെന്ന് മാത്രം. അല്ലെങ്കിൽ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിക്കുന്നു.

ഈരാറ്റുപേട്ടയിൽ കൈക്കൊണ്ട പൊളിറ്റിക്കൽ സ്ട്രാറ്റജി ഒന്നും പാളിയില്ല എന്നാണോ താങ്കൾ പറയുന്നത് ?

ഒരിക്കലുമില്ല. പക്ഷേ, ചിലർ ചില വളച്ചൊടിക്കലുകൾ നടത്തിയപ്പോൾ ചില കൊളാറ്ററൽ ഡാമേജുകൾ സംഭവിച്ചിട്ടുണ്ട്.

വ്യക്തിജീവിതത്തിൽ പാളിച്ചകൾ എന്തേലും സംഭവിച്ചതായി കരുതുന്നുണ്ടോ ?

ഉണ്ട്. എന്റെ ‘ഭാര്യയുടെ മതംമാറ്റം തെറ്റായ തീരുമാനമായിപ്പോയി എന്ന വിലയിരുത്തലുണ്ട്. പാർവ്വതി എന്നെയാണ്  സ്‌നേഹിച്ചത്. എന്റെ മതത്തേയോ വിശ്വാസത്തെയോ അല്ല. പക്ഷേ, അന്നത്തെ സാഹചര്യത്തിൽ പാർവ്വതി എന്റെ ജീവിതത്തിലേക്ക് വന്നപ്പോൾ എന്റെ മതത്തിലേക്ക് മാറണം എന്ന നിലപാടാണ് ഞാൻ കൈക്കൊണ്ടത്. അന്നത്തെ സാമൂഹ്യസാഹചര്യവും അത് ഡിമാന്റ്‌ചെയ്തിരുന്നു. 25-ാം വയസിലാണ് എന്റെ വിവാഹം നടക്കുന്നത്. അന്നും ഞാൻ പൊതുപ്രവർത്തകനായിരുന്നെങ്കിലും ചിന്താഗതികളും കാഴ്ചപ്പാടുകളും അത്രകണ്ട് വിശാലമായിരുന്നില്ല എന്നത് എടുത്ത് പറയേണ്ടതുണ്ട്. ഇന്ന് ഞാനതിൽ ദുഃഖിക്കുന്നു. ഒരാൾ സ്വമേധയാ മറ്റൊരുമതത്തിന്റെ ആചാര അനുഷ്ഠാനങ്ങളിൽ ഇഷ്ടംകൊണ്ട് വ്യാപൃതനാകുന്നതിലോ അതിലേക്ക് ചേക്കേറുന്നതിലോ തെറ്റില്ല. പക്ഷേ, എന്റെകാര്യത്തിൽ മറിച്ചായിരുന്നു. ഇന്ന് പാർവ്വതിക്ക് ഇഷ്ടമുള്ള ആരാധനാലയത്തിൽ പോകാനും പ്രാർത്ഥനകളിൽ പങ്കുചേരാനുമൊക്കെ അവസരം ലഭിക്കുന്നുണ്ട്. അതങ്ങിനെ തന്നെ ആകണമെന്നും ഞാൻ ശഠിക്കാറുണ്ട്. തെറ്റായ തീരുമാനം തിരുത്താനല്ലേ നമുക്ക് സാധിക്കൂ. പിന്നിലേക്ക് സഞ്ചരിച്ച് ഒന്നും മായ്ച്ചുകളയാനാകില്ലല്ലോ.

കോട്ടയത്ത് ഇപ്പോൾ മന്ത്രി വി.എൻ.വാസവനാണോ ജോസ് കെ. മാണിയാണോ കാര്യങ്ങൾ തീരുമാനിക്കുന്നത് ? മൊത്തത്തിൽ ഒരു പുക ഉരുണ്ടുമറിയുന്നുണ്ടല്ലോ ?

കോട്ടയത്തെ മുടിചൂടാമന്നൻ വി.എൻ. വാസവൻ തന്നെയാണ്. ഒരിക്കലും കേരളാകോൺഗ്രസിന് ആ പരിഗണന ഇടതുമുന്നണിയിൽ ലഭിക്കുന്നില്ല. ജനങ്ങൾക്കിടയിലും അവർക്ക് സ്വീകാര്യത കുറഞ്ഞുവരികയാണ്.

സി.പി.എം-കേരളാകോൺഗ്രസ് ഫോർമുല പാളുന്നു എന്ന് അങ്ങേയ്ക്ക് അഭിപ്രായമുണ്ടോ ?

സംഘടനാപരമായി സി.പി.എമ്മുമായി അത്രനല്ല ബന്ധത്തിലല്ല കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പ്. അണികൾക്കിടയിൽ ഈ അതൃപ്തി പ്രകടമാണ്. പിന്നെ കെ.എം. മാണി എന്ന നേതാവ് തന്റെ പാർട്ടിയിലേ നേതാക്കൻമാരെ പഠിപ്പിച്ചിരിക്കുന്ന ഒരു കാര്യമുണ്ട്. അവിടെയും ഇല്ല ഇവിടെയും ഇല്ല, കണ്ണടയ്‌ക്കേണ്ടിടത്ത് കണ്ണടയ്ക്കണം എന്നൊരു തിയറിയാണത്. ഒരുതരം മാനേജ്‌മെന്റ്‌സ്‌കിൽ. അതിലൂടെയാണ് ഇന്ന് കേരളാകോൺഗ്രസ് നേതാക്കൻമാർ പലരും പിഴച്ചുപോകുന്നത്. കർഷകരോടൊപ്പം നിൽക്കുന്ന കർഷകർക്കുവേണ്ടി പ്രക്ഷോഭം നടത്തുന്ന ആ പഴയ പാർട്ടിയല്ല കേരളാ കോൺഗ്രസ ്ഇപ്പോൾ. അതിന്റേതായ ന്യൂനതകളും അവർക്ക് തിരിച്ചടിയാകുന്നുണ്ട്.

വളരുംതോറും പിളരും പിളരും തോറും വളരും എന്നതാണ് കേരളാകോൺഗ്രസിന്റെ ഒരു പൊതുരീതി. ഇനിയങ്ങോട്ട് പിളരുംതോറും തകരും എന്നതാണ് സ്ഥിതിയെന്ന് പറഞ്ഞാൽ അങ്ങ് യോജിക്കുമോ ?

100 ശതമാനം യോജിക്കും. കേരളാകോൺഗ്രസ് എന്ന പേരിൽ ഇന്ന് അവശേഷിക്കുന്നത് പ്രധാനമായും രണ്ടുപാർട്ടികളാണ്. ഒന്ന് കേരളാകോൺഗ്രസ് ജോസഫ് ഗ്രൂപ്പും രണ്ട് മാണി ഗ്രൂപ്പും. രണ്ടും ക്ഷയിച്ചുകൊണ്ടേയിരിക്കുന്നു. പിന്നുള്ളത് കെ.ബി. ഗണേഷ് കുമാർ നയിക്കുന്ന ബി ഗ്രൂപ്പും അനൂപ് ജേക്കബ് വിഭാഗവുമാണ്. ഇവയ്‌ക്കൊന്നും ഇനി വളരാൻ ഇടം കുറവാണ്. അതേസമയം പിളരാൻ സാദ്ധ്യതകൾ ഏറെയും. കേരളാകോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഇനി പിളർന്ന് പിളർന്ന് ഇല്ലാതാവുകയോ തിരഞ്ഞെടുപ്പിൽ തോറ്റ് നാമാവശേഷമാവുകയോ ചെയ്യും. അല്ലാതൊരു ഉയർച്ച പ്രതീക്ഷിക്കാൻ തരമില്ല.

ജനപക്ഷം പാർട്ടി ഇടതിലുമില്ല വലതിലുമില്ല എന്ന സ്ഥിതിയിലാണ് ഇപ്പോൾ. വരുന്ന പാർലമെന്റ്തിരഞ്ഞെടുപ്പിൽ എന്താകും പാർട്ടിയുടെ നിലപാട് ?

ജനപക്ഷം ഇപ്പോൾ ഇടതിലും വലതിലും എൻ.ഡി.എയിലും ഇല്ല. എൻ.ഡി.എയുടെ കാര്യം എടുത്തുപറയേണ്ടതാണ്. എന്നാൽ വരുന്ന പാർലമെന്റ്തിരഞ്ഞെടുപ്പിന് മുന്നേ അതിശക്തമായൊരു രാഷ്ട്രീയനിലപാടിലേക്ക് ജനപക്ഷം വന്നുചേർന്നിരിക്കും. പാർട്ടിയിലും സമൂലമായ മാറ്റങ്ങളാണ് വരാൻ പോകുന്നത്. വരുന്ന ജൂണിന് മുമ്പ് ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം.

ജനപക്ഷത്തുനിന്നും ഒരു കേന്ദ്രമന്ത്രി പ്രതീക്ഷിക്കാവുന്ന സംഗതിയാണോ ?

രാഷ്ട്രീയമാണ്. ഇതിൽകാര്യങ്ങൾ നമ്മൾ തീരുമാനിക്കുന്നതുപോലെയല്ല പോകുന്നത്. സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനങ്ങൾ കൈക്കൊള്ളേണ്ടിവരും.

സഭയും വ്യക്തികളും വ്യക്തിതാത്പര്യങ്ങളുമുൾപ്പെടെ മദ്ധ്യതിരുവിതാംകൂറിന്റെ രാഷ്ട്രീയം നിർണ്ണയിക്കുന്ന ഘടകങ്ങൾ നിരവധിയാണ്. നിലവിലെ മദ്ധ്യതിരുവിതാംകൂർ രാഷ്ട്രീയത്തെക്കുറിച്ച് താങ്കളുടെ വിലയിരുത്തൽ എന്താണ് ?

ഏറെ പ്രസക്തമായ ചോദ്യമാണിത്. ക്രിസ്തീയസമൂഹം ഇന്ന് വലിയൊരു ആശയക്കുഴപ്പത്തിലാണ്. യുവാക്കൾ ഇവിടെ നിന്നും കൂട്ടമായി പലായനം ചെയ്യുന്നു. ഒന്നരപ്പതിറ്റാണ്ടായി റബ്ബറിന് വിലയില്ല. അതോടെ കർഷകരും പലായനത്തിന്റെയോ ആത്മഹത്യയുടെയോ വക്കിലാണ്. പ്രതിസന്ധിയാണ് സമസ്തമേഖലകളിലും. ഇങ്ങിനെ പോയാൽ വരുംതലമുറ പൂർണ്ണമായും ഇവിടെ നിന്നും വിദേശങ്ങളിലേക്ക് മൈഗ്രേറ്റ്‌ചെയ്യും. അതിലുള്ള ആശങ്കയാണ് താമരശ്ശേരി ബിഷപ്പ് പ്രകടിപ്പിച്ചത്. അദ്ദേഹം ബി.ജെ.പിയോടൊപ്പം നിൽക്കുമെന്നല്ല പറഞ്ഞത്. സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി ആര് നിലകൊള്ളുന്നുവോ അവർക്കൊപ്പം നിൽക്കുമെന്ന നിലപാടാണ് അദ്ദേഹം വ്യക്തമാക്കിയത്. സഭാധ്യക്ഷൻ എന്ന നിലയിൽ അദ്ദേഹം മനസിലാക്കിയ യാഥാർത്ഥ്യങ്ങളുടെ അടിസ്ഥാനത്തിലുണ്ടായ തിരിച്ചറിവായി വേണം അതിനെ കാണാൻ. ഇങ്ങിനെ പോയാൽ പത്തുകൊല്ലം കഴിയുമ്പോൾ മദ്ധ്യതിരുവിതാംകൂറിലെ ക്രിസ്ത്യൻ വീടുകളിൽ ബഹുഭൂരിപക്ഷവും വൃദ്ധസദനങ്ങളായി മാറും. ഞാൻ വൈസ്‌ചെയർമാനായ കോ-ഓപ്പറേറ്റീവ് ബാങ്കിൽ, ഒരു താലൂക്കിൽ മാത്രം കഴിഞ്ഞ കൊല്ലം 40 കോടി രൂപയാണ് വിദ്യാഭ്യാസവായ്പയായി നൽകിയത്. അതിനർത്ഥം അത്രയും ചെറുപ്പക്കാർ മൈഗ്രേറ്റ്‌ചെയ്യാൻ തയ്യാറെടുക്കുന്നു എന്നല്ലേ. പണ്ടൊക്കെ യൂറോപ്പിൽ പള്ളികൾ വിൽപ്പനയ്ക്കിട്ട കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. ഇനി അത്തരമൊരു സാഹചര്യമാണ് ഇവിടെ വരാൻ പോകുന്നതെന്ന് ഒരു പ്രമുഖ സഭാധ്യക്ഷൻ എന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ സമുദായത്തെ അല്ലെങ്കിൽ വർഗ്ഗത്തെ നിലനിർത്താൻ വേണ്ട നടപടികൾ സഭാനേതൃത്വവും കൈക്കൊള്ളും. അത് ഭാവിയിൽ പുതിയ വഴിത്തിരുവകൾക്ക് കാരണമാകും.

ജനപക്ഷത്തിന്റെ ‘ഭാവിപ്രവർത്തനങ്ങൾ എന്തെല്ലാം ?

എത്രകാലം ജനപ്രതിനിധിയായി എന്നതിൽ കാര്യമില്ല. ഉണ്ടായിരുന്ന കാലത്ത് എന്തൊക്കെ ചെയ്തു എന്നതിലാണ് കാര്യം. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ഞാനെത്രനാൾ ഉണ്ടോ അത്രയുംകാലം ഞാൻ എന്റെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കും. എന്നിലൂടെ എന്റെ നാട് രക്ഷപ്പെടണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. അതിനായി നിരവധികാര്യങ്ങൾ ചെയ്യുന്നു. ഇനിയുമേറെ ചെയ്യാനുണ്ട്. പക്ഷേ, ഇവിടെ പ്രതിബന്ധമാകുന്നത് എന്റെ പാർട്ടിയുടെ രാഷ്ട്രീയ അസ്തിത്വമാണ്. അക്കാര്യത്തിൽ അധികം വൈകാതെ ഒരു തീരുമാനമുണ്ടാകും. അതുകഴിഞ്ഞാൽ പിന്നെ ചെയ്തുതീർക്കാനുള്ള കാര്യങ്ങളുമായി ഞാൻ ജനങ്ങൾക്കൊപ്പം മുന്നോട്ടുപോകും. മൈൽസ് ടു ഗോ ബിഫോർ ഐസ്ലീപ്പ് എന്നാണ് ഞാൻ കരുതുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
INTERVIEW