08:32am 08 July 2024
NEWS
കൂട്ടുപ്രതികൾ അറിയാതെ കലയുടെ മൃതദേഹം അനിൽ മാറ്റിയതോ?

04/07/2024  11:50 AM IST
nila
കൂട്ടുപ്രതികൾ അറിയാതെ കലയുടെ മൃതദേഹം അനിൽ മാറ്റിയതോ?

ആലപ്പുഴ: മാന്നാൽ ഇരമത്തൂർ സ്വദേശി കലയുടെ കൊലപാതകത്തിൽ ​ദുരൂഹത അകലുന്നില്ല. അറസ്റ്റിലായ പ്രതികൾ കുറ്റം സമ്മതിച്ചെങ്കിലും ഇവർ പറഞ്ഞ സെപ്റ്റിക് ടാങ്കിൽ നിന്നും മൃതദേ​ഹ അവശിഷ്ടങ്ങൾ ലഭിക്കാത്തതാണ് പൊലീസിനെ വലയ്ക്കുന്നത്. ആദ്യം സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ച മൃതദേ​ഹം പിന്നീട് കൂട്ടുപ്രതികൾ അറിയാതെ ഒന്നാം പ്രതിയും കലയുടെ ഭർത്താവുമായ അനിൽ മാറ്റിയിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്. 

 മൃതദേഹം ഇട്ടെന്നു കരുതുന്ന സെപ്റ്റിക് ടാങ്കിൽനിന്നു ലോക്കറ്റ്, ഹെയർ ക്ലിപ്പ്, വസ്ത്രത്തിന്റെ ഇലാസ്റ്റിക് എന്നിവ കിട്ടിയിരുന്നു. എന്നാൽ മൃതദേഹ അവശിഷ്ടങ്ങൾ കിട്ടിയില്ല. കൂട്ടുപ്രതികൾക്കും സെപ്റ്റിക് ടാങ്കിൽ മൃതദേഹം ഉപേക്ഷിച്ചതു വരെയുള്ള കാര്യങ്ങളേ അറിയൂ. ഒന്നാം പ്രതിയായ അനിൽ മൃതദേഹ അവശിഷ്ടങ്ങൾ ഇവിടെനിന്ന് മറ്റെവിടേക്കോ മാറ്റിയതായി പൊലീസ് സംശയിക്കാൻ കാരണം ഇതാണ്.  ഇസ്രയേലിലുള്ള അനിലിനെ നാട്ടിലെത്തിച്ചാലേ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകൂ. 

അനിലാണ് കേസിലെ ഒന്നാം പ്രതി. മറ്റു 3 പ്രതികളെ ചെങ്ങന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി 8 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അനിലിന്റെ ബന്ധുക്കളും ഇരമത്തൂർ സ്വദേശികളുമായ കണ്ണമ്പള്ളിൽ ആർ.സോമരാജൻ (56), കണ്ണമ്പള്ളിൽ കെ.സി.പ്രമോദ് (40), ജിനു ഭവനത്തിൽ ജിനു ഗോപി (48) എന്നിവരെയാണ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. 2009 ഡിസംബർ ആദ്യ ആഴ്ചയിലാണ് കല കൊല്ലപ്പെട്ടത്.

കലയ്ക്കു പരപുരുഷ ബന്ധമുണ്ടെന്ന് സംശയിച്ച് അനിൽ മറ്റു പ്രതികളെയും കൂട്ടി വലിയ പെരുമ്പുഴ പാലത്തിൽ വച്ച് കലയെ കൊലപ്പെടുത്തിയെന്നും മൃതദേഹം പ്രതികൾ കാറിൽ കൊണ്ടുപോയി എവിടെയോ മറവു ചെയ്തു തെളിവു നശിപ്പിച്ചെന്നുമാണ് എഫ്ഐആറിൽ പറയുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha