07:34am 03 July 2024
NEWS
കർണാടകത്തിലെ മുഖ്യമന്ത്രിക്കസേര: അവകാശവാദവുമായി ലിങ്കായത്ത് മഠാധിപതിയും
29/06/2024  11:33 AM IST
വിഷ്ണുമംഗലം കുമാർ
കർണാടകത്തിലെ മുഖ്യമന്ത്രിക്കസേര:      അവകാശവാദവുമായി ലിങ്കായത്ത് മഠാധിപതിയും

കർണാടകത്തിലെ കോൺഗ്രസ്സ് ഭരണം സാമുദായിക വടംവലിയിലേക്ക് നീങ്ങുകയാണ്. ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രി യാക്കണമെന്നുള്ള വൊക്കലിഗ മഠാധിപതി ചന്ദ്രശേഖരനാഥ സ്വാമിയുടെ അഭ്യർത്ഥനയ്ക്ക് പിന്നാലെ ലിങ്കായത്ത് മഠാധിപതി ശ്രീശൈല ജഗദ് ഗുരു പണ്ഡിതാരാധ്യ സ്വാമിയും രംഗത്തെത്തി. നേതൃത്വ മാറ്റമുണ്ടായാൽ ലിങ്കായത്ത് നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് സ്വാമിയുടെ ആവശ്യം. ആരെ മുഖ്യമന്ത്രിയാക്കണമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

വൊക്കലിഗ നേതാവായ ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകുന്നത് തടയുകയാണ് ലിങ്കായത്ത് വിഭാഗത്തിന്റെ ലക്ഷ്യം. നിലവിൽ ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമാണ് ഡി കെ ശിവകുമാർ. പ്രബല സമുദായങ്ങൾ ബല പരീക്ഷണത്തിന് ഇറങ്ങിയതോടെ മുഖ്യമന്ത്രിയാകാനുള്ള ഡികെ യുടെ സ്വപ്നം വീണ്ടും കരിഞ്ഞു. ഇദ്ദേഹത്തിന്റെ പ്രാമാണിത്തം കുറക്കാനുള്ള നീക്കം മറുഭാഗത്ത് ശക്തമാണ്. ഉപമുഖ്യമന്ത്രി പദവി വേണമെന്ന ആവശ്യവുമായി ദളിത്‌, ന്യൂനപക്ഷ, ലിങ്കായത്ത് നേതാക്കൾ രംഗത്തുവന്നിട്ടുണ്ട്. അതിനിടെ, ഹൈക്കമാണ്ട് ആവശ്യപ്പെട്ടാൽ പിസിസി അധ്യക്ഷനാകാൻ ഒരുക്കമാണെന്ന് സഹകരണ മന്ത്രി കെ എൻ രാജണ്ണ പ്രഖ്യാപിച്ചു.

മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി അടുപ്പമുള്ള നേതാവാണ് രാജണ്ണ. അധികാരത്തിലെത്തി ഒന്നരവർഷം തികയുംമുമ്പേ കർണാടകത്തിലെ കോൺഗ്രസിൽ സമുദായിക വടംവലി മൂർച്ഛിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL