12:43pm 08 July 2024
NEWS
ഗൗരി ലങ്കേഷ്- കലബുറഗി വധക്കേസ്: വിചാരണയ്ക്ക് പ്രത്യേക കോടതി
07/12/2023  12:36 PM IST
വിഷ്ണുമംഗലം കുമാർ
ഗൗരി ലങ്കേഷ്- കലബുറഗി വധക്കേസ്: വിചാരണയ്ക്ക് പ്രത്യേക കോടതി
HIGHLIGHTS

രാജ്യത്തെ തന്നെ പിടിച്ചുകുലുക്കിയ സംഭവങ്ങളാണ് പുരോഗമന ചിന്തകനായ എം എം കലബുറഗിയുടെയും മാധ്യമപ്രവർത്തകയായ ഗൗരി ലങ്കേഷിന്റെയും ദാരുണ കൊലപാതകം

ബംഗളുരു: ഗൗരിലങ്കേഷ് -കലബുറഗി വധക്കേസുകളുടെ വിചാരണ വേഗത്തിലാക്കാനായി പ്രത്യേക കോടതി സ്ഥാപിക്കാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദ്ദേശം നൽകി. രാജ്യത്തെ തന്നെ പിടിച്ചുകുലുക്കിയ സംഭവങ്ങളാണ് പുരോഗമന ചിന്തകനായ എം എം കലബുറഗിയുടെയും മാധ്യമപ്രവർത്തകയായ ഗൗരി ലങ്കേഷിന്റെയും ദാരുണ കൊലപാതകം.2015 ആഗസ്റ്റ് 31 നാണ് കലബുറഗിയെ അദ്ദേഹത്തിന്റെ ധാർവാഡയിലെ വീട്ടിൽ വെച്ച് വധിക്കുന്നത്.2018 ൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ  എങ്ങുമെത്തിയിട്ടില്ല. സാമൂഹ്യ പ്രവർത്തകയും പത്രാധിപയും എഴുത്തുകാരിയുമായിരുന്ന ഗൗരിലങ്കേഷ് 2017 സപ്റ്റംബർ അഞ്ചിനാണ് ബംഗളുരു രാജരാജേശ്വരി നഗറിലെ വീട്ടിൽ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ടത്. പ്രത്യേക അന്വേഷണസംഘം 18 പ്രതികളെ അറസ്റ്റുചെയ്തു.2019ൽ അഞ്ഞൂറോളം തെളിവുരേഖകളുൾപ്പെടെ 1200 പേജുകളുള്ള കുറ്റപത്രം സമർപ്പിച്ചു.

2022 ജൂലൈയിൽ വിചാരണ ആരംഭിച്ചെങ്കിലും മറ്റു കേസ്സുകളുടെ തിരക്കിൽ  നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്. വലതുപക്ഷ ഭീകരസംഘടനകളിൽ  പെട്ടവരാണ് പ്രതികളെന്ന് രണ്ടു കുറ്റപത്രത്തിലും പരാമർശിക്കുന്നുണ്ട്. ഗണേഷ് മിസ്കിൻ, പ്രവീൺ ചതുർ, അമൽ കാലെ,    ശരത് സൂര്യവംശി എന്നിവരാണ് കലബുറഗി വധക്കേസിൽ അറസ്റ്റിലായത്. ഇവരിൽ പ്രവീൺ ചതുർ ഒഴികെയുള്ളവർ ഗൗരിലങ്കേഷ് വധക്കേസിലും പ്രതികളാണ്. ഗൗരിയെ വെടിവെച്ചത് ശ്രീരാമ സേന പ്രവർത്തകനായ പരശുറാം വാഗ് മർ ആണെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്. രണ്ടു വധക്കേസുകളിലും ഉപയോഗിച്ചത് ഒരേ തരത്തിലുള്ള തോക്കുകളാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പ്രതികളെല്ലാം പരപ്പന    അഗ്രഹാര ജയിലിലാണ് ഉള്ളത്. ഗൗരിലങ്കേഷ് വധക്കേസിലെ 530 സാക്ഷികളിൽ 97 പേരെയും കലബുറഗി വധക്കേസിൽ 143 സാക്ഷികളിൽ ആറു പേരെയുമേ ഇതുവരെ വിസ്തരിച്ചിട്ടുള്ളൂ.

സിദ്ധരാമയ്യ ആദ്യതവണ മുഖ്യമന്ത്രി യായിരിക്കെയാണ് രണ്ടു കൊലപാതകങ്ങളും നടന്നത്. തുടർന്നുവന്ന കോൺഗ്രസ് -ജെഡിഎസ് കൂട്ടുകക്ഷി ഗവണ്മെന്റും ബിജെപി ഗവണ്മെന്റും ഈ കേസുകളിൽ വേണ്ടത്ര താല്പര്യം കാണിച്ചിരുന്നില്ല. സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയായ സാഹചര്യത്തിൽ കലബുറഗി യുടെ പത്നി ഉമാദേവിയും ഗൗരി ലങ്കേഷിന്റെ സഹോദരി കവിത ലങ്കേഷും വിചാരണ വേഗത്തിലാക്കാൻ നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് അദ്ദേഹത്തിന് നിവേദനം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ്  പ്രമാദമായ രണ്ടു കേസ്സുകളുടെയും വിചാരണ വേഗത്തിലാക്കുന്നതിനായി പ്രത്യേക കോടതി സ്ഥാപിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചത്. സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതിയാണ് പ്രത്യേക കോടതിയ്ക്ക് അനുമതി നൽകേണ്ടത്.  

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL