07:50am 03 July 2024
NEWS
കരുവന്നൂർ നടപടി: ബിജെപിയുടെ ജനകീയ പോരാട്ടത്തിൻ്റെ വിജയം: കെ.സുരേന്ദ്രൻ
29/06/2024  09:19 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കരുവന്നൂർ നടപടി: ബിജെപിയുടെ ജനകീയ പോരാട്ടത്തിൻ്റെ വിജയം: കെ.സുരേന്ദ്രൻ

കൊച്ചി: കരുവന്നൂരിൽ സിപിഎം നടത്തിയ സഹകരണകൊള്ളയ്ക്ക് തിരിച്ചടി കിട്ടിക്കൊണ്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപി നടത്തിയ ജനകീയ പോരാട്ടങ്ങളുടെ വിജയമാണിതെന്നും സംസ്ഥാന നേതൃയോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സഹകരണ സ്ഥാപനങ്ങളിലെ കൊള്ളയ്ക്കെതിരെ സഹകരണ അദാലത്തുകളും പ്രക്ഷോഭങ്ങളും ബിജെപി നടത്തി. കണ്ടലയിൽ ഉൾപ്പെടെ അഴിമതിക്കാരെ അറസ്റ്റ് ചെയ്യിപ്പിക്കാൻ കഴിഞ്ഞു. കരുവന്നൂരിൽ ഇരകൾക്ക് നീതി കിട്ടാൻ ബിജെപി അവസാനം വരെ പോരാടും. സഹകരണ കൊള്ളയിൽ സിപിഎമ്മിൻ്റെ കൂട്ടുപ്രതികളായതിനാൽ കോൺഗ്രസ് കുറ്റകരമായ മൗനം അവലംബിച്ചു. എആർ നഗറിലും പുൽപ്പള്ളിയിലും മാവേലിക്കരയിലുമൊക്കെ കോൺഗ്രസും യുഡിഎഫുമാണ് പ്രതിസ്ഥാനത്തെന്നും സുരേന്ദ്രൻ പറഞ്ഞു. ജനവിധി അട്ടിമറിക്കാനുള്ള നീക്കമാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ ഡി-ലിമിറ്റേഷൻ. വാർഡ് വിഭജനത്തിനുള്ള മാനദണ്ഡങ്ങൾ മറികടക്കാൻ സർക്കാർ ശ്രമിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവി മറികടക്കുകയാണ് ലക്ഷ്യം. കോൺഗ്രസ് നിയമസഭയിൽ അതിന് വഴങ്ങിക്കൊടുത്തു. വാർഡ് വിഭജനത്തിലെ അശാസ്ത്രീയതക്കെതിരെ ബിജെപി ജാഗ്രത സമിതികളുണ്ടാക്കുമെന്നും സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പോടെ ബിജെപിയുടേയും എൻഡിഎയുടേയും പ്രസക്തി കേരളത്തിൽ വർദ്ധിച്ചു. തിരഞ്ഞെടുപ്പിനെ കുറിച്ച് സിപിഎമ്മും യുഡിഎഫും നടത്തുന്ന വിശകലനങ്ങൾ ശരിയല്ല. ഹിന്ദു സമുദായ സംഘടനകളും ക്രൈസ്തവ സംഘടനകളും ബിജെപിക്ക് വോട്ട് നൽകിയെന്നാണ് ഗോവിന്ദൻ പറയുന്നത്. ഈ തിരഞ്ഞെടുപ്പിൽ ജനം നൽകിയത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണ്. വികസന രാഷ്ട്രീയത്തിനുള്ള അംഗീകാരമാണ് ബിജെപിക്കുണ്ടായ മുന്നേറ്റം. പിണറായിയുടെ ജനവിരുദ്ധ ഭരണത്തിനെതിരെയുള്ള വികാരമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. സിപിഎമ്മിൻ്റെ മുസ്ലിം പ്രീണനവും അവർക്ക് തിരിച്ചടിയായി. ജൂലായ് 9 ന് ബിജെപിയുടെ വിശാല നേതൃയോഗം തിരുവനന്തപുരത്ത് ചേരും. അഖിലേന്ത്യാ അദ്ധ്യക്ഷൻ ജെപി നദ്ദ യോഗത്തെ അഭിസംബോധന ചെയ്യുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam