02:34pm 08 July 2024
NEWS
സന്നിധാനത്ത് ആർക്കും പ്രത്യേക പരി​ഗണന നൽകരുതെന്ന് ഹൈക്കോടതി
06/12/2022  05:09 PM IST
nila
സന്നിധാനത്ത് ആർക്കും പ്രത്യേക പരി​ഗണന നൽകരുതെന്ന് ഹൈക്കോടതി
HIGHLIGHTS

ശബരിമലയിലേക്കു ഹെലികോപ്റ്റർ സർവീസോ വിഐപി ദർശനമോ വാഗ്ദാനം ചെയ്യാൻ പാടില്ലെന്നാണ് കോടതിയുടെ ഉത്തരവ്. 

കൊച്ചി: ശബരിമല സന്നിധാനത്ത് ആർക്കും പ്രത്യേക പരി​ഗണന നൽകരുതെന്ന് ഹൈക്കോടതി. ശബരിമല ദർശനത്തിന് കൊച്ചിയിൽനിന്നു ഹെലികോപ്റ്റർ യാത്രയും വിഐപി ദർശനവും വാഗ്ദാനം ചെയ്ത് ഒരു കമ്പനി നൽകിയ പരസ്യത്തെ തുടർന്ന് സ്വമേധയാ എടുത്ത കേസ് പരി​ഗണിക്കവെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. സന്നിധാനത്ത് ആർക്കും പ്രത്യേക പരി​ഗണന നൽകുന്നില്ലെന്ന് ദേവസ്വം ബോർഡ് ഉറപ്പുവരുത്തണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

ശബരിമലയിലേക്കു ഹെലികോപ്റ്റർ സർവീസോ വിഐപി ദർശനമോ വാഗ്ദാനം ചെയ്യാൻ പാടില്ലെന്നാണ് കോടതിയുടെ ഉത്തരവ്. ആരും ഇത്തരം വാഗ്ദാനങ്ങൾ നൽകരുതെന്നും കോടതി ഉത്തരവിട്ടു.നിലയ്ക്കൽ എത്തിയാൽ എല്ലാവരും സാധാരണ ഭക്തരാണെന്നും കോടതി വ്യക്തമാക്കി. 48,000 രൂപയ്ക്കു ഹെലികോപ്റ്ററിൽ ശബരിമല യാത്രയും വിഐപി ദർശനവും എന്നായിരുന്നു കൊച്ചിയിൽ നിന്നുള്ള ഹെലികോപ്റ്റർ സർവീസ് കമ്പനിയുടെ പരസ്യം. 

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അനുമതി ഇല്ലാതെ സർവീസ് നടത്തുന്നത് എങ്ങനെ എന്നതുൾപ്പെടെ കമ്പനിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച കോടതി, നേരത്തെ കേസ് പരിഗണിക്കുമ്പോൾ പരസ്യം പിൻവലിക്കാൻ കമ്പനിയോടു നിർദേശിച്ചിരുന്നു. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വാദം കേട്ടത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA