10:20am 08 July 2024
NEWS
ദേവഗൗഡ ബിജെപിയെ ഗാഢഗാഢം പുണരുമ്പോൾ കേരള ജെഡിഎസ്സിന് ശ്വാസംമുട്ടുന്നു
14/11/2023  11:50 AM IST
വിഷ്ണുമംഗലം കുമാർ
ദേവഗൗഡ ബിജെപിയെ ഗാഢഗാഢം പുണരുമ്പോൾ കേരള ജെഡിഎസ്സിന്      ശ്വാസംമുട്ടുന്നു
HIGHLIGHTS

ജെഡിഎസ്സ് ദേശീയ അധ്യക്ഷനായ അദ്ദേഹം ബിജെപിയുമായി കൂടുതൽ അടുക്കുകയാണ്

ബംഗളുരു: വർഗ്ഗീയ പാർട്ടിയെന്ന് മറ്റു പാർട്ടികൾ ആക്ഷേപിക്കുന്ന ബിജെപിയുമായി കർണാടകത്തിൽ            സഖ്യമുണ്ടാക്കിയതോടെ മതേതര ജനതാദളിലെ (ജെഡിഎസ്) 'മതേതരം' എന്ന വാക്കിന്റെ പ്രസക്തി ഇല്ലാതായെങ്കിലും മതേതര വാദിയായ ദേവഗൗഡ അത് കാര്യമാക്കുന്നില്ല. ജെഡിഎസ്സ് ദേശീയ അധ്യക്ഷനായ അദ്ദേഹം ബിജെപിയുമായി കൂടുതൽ അടുക്കുകയാണ്. തന്നെ സന്ദർശിച്ച നിയുക്ത ബിജെപി അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയെ അദ്ദേഹം അനുഗ്രഹിക്കുക മാത്രമല്ല ബിജെപി-ജെഡിഎസ് ബന്ധം സുദൃഢമാക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. ദേവഗൗഡയുടെ മകനും മുൻ മുഖ്യമന്ത്രിയുമായ കുമാരസ്വാമി എക്കാലവും ബിജെപിയുമായി നല്ല ബന്ധത്തിലായിരുന്നു.    ദേവഗൗഡയുടെ 'വിട്ടുവീഴ്ചയില്ലാത്ത'മതേതര നിലപാടാണ് ബിജെപിയുമായുള്ള സൗഹൃദം ശക്തിപ്പെടുത്തുന്നതിന് കുമാരസ്വാമിയ്ക്ക് തടസ്സമായിരുന്നത്.

എന്നിട്ടും ദേവഗൗഡയെ ധർമ്മ സങ്കടത്തിലാക്കിക്കൊണ്ട് 2007ൽ കുമാരസ്വാമി ബിജെപിയുമായി  അധികാരം പങ്കിട്ടിരുന്നു. അദ്ദേഹം ആദ്യമായി മുഖ്യമന്ത്രിയായത് ബിജെപിയുടെ പിന്തുണയോടെയായിരുന്നു.   അക്കാലയളവിൽ           സമർത്ഥനായ സർക്കസ് കളിക്കാരനെ പോലെയാണ് ദേവഗൗഡ മതേതര രാഷ്ട്രീയനിലപാട് മുന്നോട്ടുകൊണ്ടുപോയത്. അധികാരം കൈമാറേണ്ട സമയമായപ്പോൾ ബിജെപിയോട് വിശ്വാസവഞ്ചന കാട്ടി അദ്ദേഹം ജെഡിഎസ്സിന്റെ വർഗീയ വിരുദ്ധ മതേതര നിലപാട് രക്ഷിച്ചെടുക്കുകയും ചെയ്തു. എന്നാൽ ദേശീയ അധ്യക്ഷനായ ദേവഗൗഡ തന്നെ ബിജെപിയെ ഗാഢഗാഢം പുണരുമ്പോൾ ശ്വാസംമുട്ടി പിടയുന്നത് ജെഡിഎസ് കേരള ഘടകമാണ്. ഇടതുമുന്നണിയുടെ ഭാഗമായി അധികാരം പങ്കിടുന്ന കേരള ജെഡിഎസ്, ദേവഗൗഡ നയിക്കുന്ന പാർട്ടിയുടെ കീഴിൽ തന്നെയാണ് നിലകൊള്ളുന്നത്. പേരും ചിഹ്നവും ഒന്നുതന്നെ. ഇടതുമുന്നണിയ്ക്ക് പക്ഷെ ഒരു കാരണവശാലും ബിജെപിയുമായി ഒത്തുപോകാനാവില്ല. 

ദേവഗൗഡയുടെ പാർട്ടിയിൽ നിന്ന് അടർന്നുമറിയാൽ കൃഷ്ണൻകുട്ടിയുടെ മന്ത്രിസ്ഥാനവും മാത്യു ടി തോമസിന്റെ എംഎൽ എ സ്ഥാനവും നഷ്ടമാകും. ദേവഗൗഡ പുറത്താക്കിയാലും അതുതന്നെയാകും അവസ്ഥ. ദേശീയഅധ്യക്ഷനും കർണാടക ഘടകവും ബിജെപിയുമായി കൂട്ടുകൂടിയതിന്റെ പേരിൽ അത്തരം നഷ്ടം സഹിക്കാനൊന്നും അധികാരത്തിന്റെ ഭാഗമായ കേരളത്തിലെ ജെഡിഎസ് നേതാക്കൾ തയ്യാറല്ല. എന്നാൽ അധികാരത്തിന്റെ ഭാഗമല്ലാത്ത ജെഡിഎസ് നേതാക്കൾ പ്രതികരിക്കുന്നുണ്ട്. ബിജെപി വിരുദ്ധ നിലപാട് പ്രഖ്യാപിക്കാനായി ദേശീയ വൈസ് പ്രസിഡന്റ് സി കെ നാണു നാളെ കോവളത്ത് യോഗം വിളിച്ചുചേർത്തിട്ടുണ്ട്.

ജെഡിഎസ്സുമായി ബന്ധമുള്ള ആരും ആ യോഗത്തിൽ പങ്കെടുക്കരുതെന്നാണ്          ദേവഗൗഡ നൽകുന്ന മുന്നറിയിപ്പ്. കേരളത്തിലെ ജെഡിഎസ് അധികാര വിഭാഗവും ആ യോഗത്തെ എതിർക്കുന്നു എന്നിടത്താണ് രാഷ്ട്രീയത്തിലെ അവസരവാദവും ഇരട്ടത്താപ്പും പകൽവെളിച്ചം പോലെ പ്രകടമാവുന്നത്.  കർണാടകത്തിൽ ബിജെപിയുമായി ഉണ്ടാക്കിയ സ ഖ്യത്തെ എതിർക്കുന്ന കേരള ഘടകം ഇടതുമുന്നണിയിൽ തുടരുന്നതിൽ തനിക്ക് വിരോധമില്ലെന്ന് ദേവഗൗഡ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ ദേവഗൗഡ ബിജെപിയെ ഗാഢഗാഢം പുണരുമ്പോൾ കേരള ജെഡിഎസ് ശ്വാസംമുട്ടി പിടയുകയാണ്.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL