09:30am 03 July 2024
NEWS
വാതുറന്നാല്‍ വികടസരസ്വതിയുടെ വിളയാട്ടം,
നേതാക്കന്‍മാരെക്കൊണ്ട് പൊറുതിമുട്ടി സി.പി.എം.
ഒടുവില്‍ ദേ ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചു !

12/10/2019  04:57 AM IST
Keralasabdam Online Desk
സഖാക്കന്‍മാര്‍ക്ക് നാവുപിഴക്കുന്നു
HIGHLIGHTS

കടംപള്ളി കുമ്മനത്തിനോട് മാപ്പുചോദിച്ച് ഫേസ്ബുക് പോസ്റ്റിടുന്ന സാഹചര്യവുമുണ്ടായി. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ എല്‍.ഡി.എഫ്. കണ്‍വീനര്‍ എ.വിജയരാഘവനും നാവുപിഴയുടെ കയ്പ്പുരസം അറിഞ്ഞിരുന്നു. അന്ന് ആലത്തൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി രമ്യാഹരിദാസിനെതിരെയായിരുന്നു വിജയരാഘവന്റെ വിവാദപ്രതികരണം

നാവുപിഴക്കുന്നത് വലിയൊരപരാധമൊന്നുമല്ല. പക്ഷേ, എന്നും നാവ് പിഴച്ചാലോ. അതാണ് സി.പി.എം. സംസ്ഥാനസെക്രട്ടറിയേറ്റില്‍ ഉയരുന്ന ചോദ്യവും. സി.പി.എം. നേതാക്കന്‍മാര്‍ അടുത്തിടെ നടത്തിയ പലപരാമര്‍ശങ്ങളും വിവാദമായ സാഹചര്യത്തില്‍ എല്ലാവരും ജാഗ്രപാലിക്കണമെന്ന പൊതുനിര്‍ദ്ദേശമാണ് സി.പി.എം. സംസ്ഥാനസെക്രട്ടറിയേറ്റില്‍ ഉയരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് സി.പി.എം. നേതൃത്വം കര്‍ശനനിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. മന്ത്രി ജി. സുധാകരന്റെ പൂതന പരാമര്‍ശവും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കുമ്മനടി പരാമര്‍ശവും വിവാദമായ സാഹചര്യത്തിലാണ്  സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനം ഉയര്‍ന്നത്.

തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തില്‍, പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. ഇതിനെതിരെ അരൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ രംഗത്തെത്തി. തുടര്‍ന്ന് ഷാനിമോള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും മന്ത്രി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചില്ലെന്നായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിരീക്ഷണം. വട്ടിയൂര്‍ക്കാവില്‍ കുമ്മനടിക്കാനാകാത്തതിന്റെ നിരാശ കുമ്മനം രാജശേഖരന്‍ അസത്യപ്രചാരണത്തിലൂടെ മറികടക്കാന്‍ ശ്രമിക്കുന്നതിന്റെ വാര്‍ത്തകള്‍ കണ്ടെന്നായിരുന്നു കടകംപള്ളിയുടെ പരാമര്‍ശം. ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് തിരുവനന്തപുരം എം.പിയാകാന്‍ വന്ന കുമ്മനം ഗതികിട്ടാപ്രേതമായി അലയുന്നതില്‍ സഹതാപമുണ്ട്. ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ വന്ന സമയത്ത് കുമ്മനത്തിന് കടിച്ചതുമില്ല, പിടിച്ചതുമില്ല എന്ന സ്ഥിതിയുണ്ടാകുമെന്ന് ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം അദ്ദേഹത്തിന് ഇപ്പോള്‍ മനസിലായിട്ടുണ്ടാകുമെന്നും കടകംപള്ളി പറഞ്ഞിരുന്നു. ഇതും വിവാദമായിരുന്നു. ഇതോടെ കടംപള്ളി കുമ്മനത്തിനോട് മാപ്പുചോദിച്ച് ഫേസ്ബുക് പോസ്റ്റിടുന്ന സാഹചര്യവുമുണ്ടായി. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ എല്‍.ഡി.എഫ്. കണ്‍വീനര്‍ എ.വിജയരാഘവനും നാവുപിഴയുടെ കയ്പ്പുരസം അറിഞ്ഞിരുന്നു. അന്ന് ആലത്തൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി രമ്യാഹരിദാസിനെതിരെയായിരുന്നു വിജയരാഘവന്റെ വിവാദപ്രതികരണം. അതുകൂടാതെ സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് വിജയരാഘവന്‍ നടത്തിയ നിരീക്ഷണങ്ങളും വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരുന്നു. ഇതെല്ലാം പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അരൂരിലെയും വട്ടിയൂര്‍ക്കാവിലെയും വിവാദങ്ങള്‍ സി.പി.എം. ഗൗരവകരമായി കാണുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA