04:47am 09 July 2024
NEWS
നാടന്‍ ബോംബ്, മലപ്പുറം കത്തി
പിന്നെ ദേ ഇപ്പോള്‍ മെഷീന്‍ ഗണും
കുട്ടനാട് എന്താകുമോ എന്തോ ?

11/10/2019  04:12 AM IST
Keralasabdam Online Desk
നാടന്‍ ബോംബ്, മലപ്പുറം കത്തി - എന്താകുമോ എന്തോ ?
HIGHLIGHTS

കുട്ടനാട്ടിലെ ജലവ്യവസ്ഥയെ മൂന്നായി തരം തിരിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. അഞ്ച് നദികളുടെ താഴ്ഭാഗത്തുള്ള പ്രദേശങ്ങള്‍, കുട്ടനാട്ടിലെ ചെറുതും വലുതുമായ കൈവഴികള്‍, പാടശേഖരങ്ങളോടു ചേര്‍ന്നുള്ള തോടുകള്‍ എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്

ദാസനെയും വിജയനെയും കൊല്ലാന്‍ വന്ന പ്രോഫഷണല്‍ കില്ലര്‍ പവനായി അവര്‍ക്ക് മരിക്കാനുള്ള ആയുധം തിരഞ്ഞെടുക്കാന്‍ ഓപ്ഷന്‍ നല്‍കിയത് മലയാളികള്‍ മറന്നിട്ടുണ്ടാകില്ല. നാടന്‍ ബോംബ്, മലപ്പുറം കത്തി, മെഷീന്‍ ഗണ്‍ എന്നിങ്ങനെ നീളുന്നു പവനായിയുടെ ഓപ്ഷന്‍സ്. അവസാനം പവനായി  ടെറസില്‍ നിന്നും താഴെ വീണ് ഇഹലോകവാസം പൂകിയത് ചരിത്രം ! ഇപ്പറഞ്ഞത് സത്യന്‍ അന്തിക്കാടിന്റെ നാടോടിക്കാറ്റ് എന്ന സിനിമയിലെ കാര്യമാണ്. ഏതാണ്ടിതേ മട്ടില്‍ ഇപ്പോള്‍ സംസ്ഥാനസര്‍ക്കാര്‍ കുട്ടനാട്ടുകാര്‍ക്ക് വേണ്ടി ഒരുപാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ്. കുട്ടനാടിന്റെ സമഗ്രവികസനത്തിന് ഊന്നല്‍ നല്‍കുന്ന 2447.66 കോടി രൂപയുടെ പാക്കേജാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. വലിയ വലിയ കാര്യങ്ങളൊക്കെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെങ്കിലും വിശ്വസിക്കാന്‍ കുട്ടനാട്ടുകാര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കാരണം ഒന്നാം യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച 7000  കോടി രൂപയുടെ കുട്ടനാട് പാക്കേജ് എന്തായെന്ന് കണ്ടവരാണ് കുട്ടനാട്ടുകാര്‍. കുറേ കോണ്‍ക്രീറ്റ് സ്ലാബുകള്‍ പണിത് ഏമാന്‍മാര്‍ കമ്മീഷന്‍ അടിച്ചതിന്റെ ഗുണം കഴിഞ്ഞ രണ്ട് പ്രളയകാലത്തും അവര്‍ അനുഭവിച്ചറിഞ്ഞതാണ്. ഈ സാഹചര്യത്തില്‍ പുതിയ തള്ളുകള്‍ കേട്ട് അന്തം വിടേണ്ടെന്നാണ് അവരുടെ തീരുമാനം.

 

സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ ഇങ്ങിനെയൊക്കെയാണ് -

 

കാര്‍ഷിക വളര്‍ച്ചയും കര്‍ഷകരുടെ വരുമാനവും വര്‍ദ്ധിപ്പിക്കുക, വേമ്പനാട് കായല്‍ വ്യവസ്ഥ സംരക്ഷിക്കുക, പ്രദേശവാസികളുടെ സുരക്ഷിത ജീവിതം ഉറപ്പാക്കുക, വിവിധ വിഭാഗങ്ങള്‍ക്കിടയിലെ വിയോജിപ്പുകള്‍ പരിഹരിക്കുക എന്നിവ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ചുരുക്കത്തില്‍ ഉല്പാദനക്ഷമത, ലാഭക്ഷമത, പരിസ്ഥിതി സംരക്ഷണം, ഭൗതികസുരക്ഷ, പരസ്പര സഹകരണം എന്നിവയായിരിക്കണം കുട്ടനാട് വികസനത്തിന്റെ കാതല്‍. ഈ ലക്ഷ്യങ്ങള്‍ ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം, ജലവിഭവത്തിന്റെ ശാസ്ത്രീയ ആസൂത്രണം, വെള്ളപ്പൊക്ക നിയന്ത്രണ സംവിധാനങ്ങള്‍, ജനാധിപത്യശാക്തീകരണം എന്നിവയിലൂടെ നേടാനാവുമെന്ന് ആസൂത്രണ ബോര്‍ഡ് നിര്‍ദ്ദേശിക്കുന്നു.

കുട്ടനാട്ടിലെ ജലവ്യവസ്ഥയെ മൂന്നായി തരം തിരിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. അഞ്ച് നദികളുടെ താഴ്ഭാഗത്തുള്ള പ്രദേശങ്ങള്‍, കുട്ടനാട്ടിലെ ചെറുതും വലുതുമായ കൈവഴികള്‍, പാടശേഖരങ്ങളോടു ചേര്‍ന്നുള്ള തോടുകള്‍ എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. വെള്ളത്തിന്റെ ഒഴുക്കിന്റെ അടിസ്ഥാനത്തില്‍ പാടശേഖരങ്ങളെ ക്ളസ്റ്ററുകളായി തിരിക്കും. ഈ മേഖലയിലെ വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് പുന:സ്ഥാപിക്കേണ്ടതുണ്ട്. നെതര്‍ലാന്‍ഡ്സ് പോലെയുള്ള രാജ്യങ്ങളെ മാതൃകയാക്കി നദിക്കൊരിടം (Room for River) പദ്ധതി നടപ്പാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായി പമ്പയ്ക്കൊരിടം (Room for Pamba) എന്ന പദ്ധതി നടപ്പാക്കാനാണ് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നത്. വേമ്പനാട് കായലിന്റെ വിസ്തൃതി കുറയാതെ സൂക്ഷിക്കുന്നതിന് വേമ്പനാടിനൊരിടം (Room for Vembanad) പദ്ധതിയും നടപ്പിലാക്കേണ്ടതുണ്ട്. പാടശേഖരങ്ങളില്‍ നിന്ന് വെള്ളം പുറത്തേക്കു ഒഴുകുന്നതിനുള്ള സംവിധാനവും വെള്ളപ്പൊക്കത്തില്‍ നിന്നും സംരക്ഷിക്കാന്‍ ബണ്ടുകളും ശാസ്ത്രീയമായി നിര്‍മ്മിക്കണം. തോടുകളിലെ ചെളിയും മാലിന്യവും നീക്കംചെയ്യേണ്ടതും വശങ്ങള്‍ ബലപ്പെടുത്തേണ്ടതും അശാസ്ത്രീയമായി നിര്‍മ്മിച്ച റോഡുകളും പാലങ്ങളും കണ്ടെത്തി ശാസ്ത്രീയമായി പുനര്‍നിര്‍മ്മിക്കേണ്ടതും സ്വതന്ത്രമായ നീരൊഴുക്കിന് അനിവാര്യമാണ്.

പാടശേഖരങ്ങളിലെ വെള്ളം ഒഴുക്കിക്കളയുന്നതിന് ഉപയോഗിക്കുന്ന പെട്ടിയും പറയും എന്ന പരമ്പരാഗത രീതി മാറ്റി എല്ലായിടത്തും യന്ത്രങ്ങള്‍ ഏര്‍പ്പെടുത്തണം. സംയോജിത കൃഷി വികസിപ്പിക്കുകയും വ്യാപിപ്പിക്കുകയും വേണം. നാളികേര കൃഷിയും പുരയിട കൃഷിയും അതിനനുബന്ധമായി മറ്റ് വരുമാനവും തൊഴിലും സൃഷ്ടിക്കുന്ന പരിപാടികളും ഏകോപിപ്പിച്ച് കൊണ്ടുപോകണം. മൃഗപരിപാലനം, താറാവ് വളര്‍ത്തല്‍ പ്രോത്സാഹനം എന്നിവയ്ക്കും ഊന്നല്‍ നല്കിയിട്ടുണ്ട്. പുനര്‍നിര്‍മ്മാണ പദ്ധതിയില്‍ മത്സ്യമേഖലയ്ക്ക് മുന്തിയ പരിഗണനയുണ്ടാവണം. കുട്ടനാടിന്റെ പാരിസ്ഥിതിക സ്ഥിരത നിലനിര്‍ത്തുന്നതിനു വിവിധ വകുപ്പുകളുടെ ഉന്നതതല മോണിറ്ററിംഗ് കൃത്യമായി ഉണ്ടായിരിക്കണം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാതെ, കണ്ടല്‍ക്കാടുകള്‍ വച്ചുപിടിപ്പിച്ച് വേമ്പനാട് കായലിലെ ജൈവവൈവിധ്യ കലവറയായ പാതിരാമണല്‍ സംരക്ഷിക്കണം. കുട്ടനാട്ടിലെ എല്ലാ കുടുംബങ്ങളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കണം. കക്കൂസ് മാലിന്യ പരിപാലന പ്ലാന്റ് ഈ പ്രദേശത്ത് ഒരുക്കണം. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു റൈസ് പാര്‍ക്ക് കുട്ടനാട്ടില്‍ സ്ഥാപിക്കണം. മേഖലയില്‍ ഒരു സബ്സ്റ്റേഷന്‍ പ്രാവര്‍ത്തികമാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഒരു കുട്ടനാട്ടുകാരന്റെ പ്രതികരണം ഇങ്ങിനെ - എന്ത് മനോഹരമായ നടക്കാത്തസ്വപ്‌നം !

Photo Courtesy - Google

Tags  
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA