01:48pm 05 July 2024
NEWS
ശോഭ കേന്ദ്രമന്ത്രിയാകുമോ ?
തീരുമാനം അധികം വൈകില്ല

03/07/2024  07:57 AM IST
News Desk
ശോഭയുടെ ശോഭ പാര്‍ലമെന്റിലേക്കോ ?
HIGHLIGHTS

എന്നാൽ സംസ്ഥാന അദ്ധ്യക്ഷയാകുക എന്നതാണ് ശോഭയുടെ ആത്യന്തികലക്ഷ്യം. പാര്‍ട്ടി തന്റെ കൈക്കുള്ളിലായാൽ അത് അടുത്ത തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഗുണകരമാകുമെന്നും തന്നെ ഒതുക്കാൻ ശ്രമിച്ചവരെ തന്റെ വരിധിയിൽ തന്നെ കൊണ്ടുവന്ന് തളച്ചിടാനാകുമെന്നും അവര്‍ കരുതുന്നു

തിരുവനന്തപുരം: ബി.ജെ.പിയുടെ തീപ്പൊരി നേതാവ് ശോഭ സുരേന്ദ്രൻ കേന്ദ്രമന്ത്രി ആകുമോ ? കുറച്ചുദിവസങ്ങളായി സൈബര്‍ ഇടങ്ങളിൽ ഉയരുന്ന ചോദ്യമിതാണ്. ശോഭയുടെ ആരാധകരും അനുയായികളും ഈ ചോദ്യം പരമാവധി വൈറലാക്കാൻ ശ്രമിക്കുന്നുണ്ട്. സാദ്ധ്യത തുലോം കുറവാണെന്ന് കെ. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ഔദ്യോഗികപക്ഷം പറയുന്നുണ്ട്. എന്നാൽ കാര്യങ്ങൾ അത്രകണ്ട് നിസ്സാരമല്ല എന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ അറിയാൻ സാധിച്ചത്. മോദി 3.0 അധികാരമേറ്റിട്ട് ഏതാനും ആഴ്ചകൾ മാത്രമാണ് പിന്നിട്ടിട്ടുള്ളത്. ഈ സാഹചര്യത്തിൽ ഉടനൊരു അഴിച്ചുപണി മന്ത്രിസഭയിൽ ഉണ്ടാകില്ല. എന്നാൽ രാജ്യമൊട്ടുക്ക് ഉപതിരഞ്ഞെടുപ്പുകളുടെ ഒരു ഘോഷയാത്രയാണ് വരുന്നത്. കേരളത്തിൽ പാലക്കാട്ടും ചേലക്കരയിലും വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് ഉറപ്പാണ്. ഇവ കഴിഞ്ഞാലുടൻ ഒരുപക്ഷേ, ഒരു പൊളിച്ചെഴുത്ത് ഉണ്ടായേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.

          ബി.ജെ.പിക്ക് സ്വാധീനം ഏറെയുള്ള പാലക്കാട് പിടിക്കണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. ഇവിടെ ഇതിന് മുമ്പ് മുന്നുന്ന പ്രകടനം കാഴ്ചവെച്ചിട്ടുള്ള ശോഭയെത്തന്നെയാകും പാര്‍ട്ടി ഇക്കുറിയും കളത്തിലിറക്കുക. അതിൽ ജയിച്ചാൽ ശോഭ നിയമസഭയ്ക്കകത്തെ ഒറ്റയാനായി മാറും. പിന്നെ നരേന്ദ്ര മോദിയുടെ ശബ്ദമാകും കേരള നിയമസഭയിൽ മുഴങ്ങുക. ഇനി അഥവാ അവര്‍ തോറ്റാൽ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തും. അതിലൂടെ സംസ്ഥാന അദ്ധ്യക്ഷയാകാനുള്ള അവരുടെ ക്ലെയിം നിരാകരിക്കപ്പെടും. ഇതാണ് ബി.ജെ.പിയിലെ ചിലര്‍ ഇപ്പോൾ ചിന്തിക്കുന്ന ഫോര്‍മുല.

          എന്നാൽ സംസ്ഥാന അദ്ധ്യക്ഷയാകുക എന്നതാണ് ശോഭയുടെ ആത്യന്തികലക്ഷ്യം. പാര്‍ട്ടി തന്റെ കൈക്കുള്ളിലായാൽ അത് അടുത്ത തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഗുണകരമാകുമെന്നും തന്നെ ഒതുക്കാൻ ശ്രമിച്ചവരെ തന്റെ വരിധിയിൽ തന്നെ കൊണ്ടുവന്ന് തളച്ചിടാനാകുമെന്നും അവര്‍ കരുതുന്നു. ഇതുവരേയും ചര്‍ച്ചകൾ അനൗദ്യോഗികമായിട്ടാണ് നടന്നിട്ടുള്ളത്. ശോഭ ഇതുവരെയും ഒരു പിടിയും കൊടുക്കാതെ ഒഴിഞ്ഞുമാറുകയാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. അതേസമയം, ആര്‍.എസ്.എസ്. അതിശക്തമായൊരു നിലപാട് കൈക്കൊണ്ടാൽ ശോഭയ്ക്ക് വഴങ്ങേണ്ടിവരും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA