09:24am 01 July 2024
NEWS
കണ്ണൂരിലെ കലാപം കത്തുന്നു
പാര്‍ട്ടിക്കുള്ളിൽ ഇന്ന് പൊട്ടിത്തെറി ?

29/06/2024  06:49 AM IST
News Desk
ഇന്ന് പൊട്ടിത്തെറിക്കുമോ ?
HIGHLIGHTS

പി.ജെയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂപംകൊണ്ട ‘പാളയത്തിൽ പട’യെ നിയന്ത്രിക്കാനാണ് ഇപ്പോഴത്തെ വിവാദങ്ങളിലൂടെ ചില ഉന്നത നേതാക്കൾ ശ്രമിക്കുന്നത്. ഇത് പി.ജെക്കും നന്നായി അറിയാം

കണ്ണൂര്‍ : മുതിര്‍ന്ന നേതാവ് പി. ജയരാജനുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടരുന്നതിനിടെ ഇന്ന് സി.പി.എം. ജില്ലാസെക്രട്ടറിയേറ്റ് യോഗം ചേരും. സി.പി.എം നേതാക്കളുടെ സ്വര്‍ണ്ണക്കള്ളക്കടത്ത് ഇടപാടിൽ പ്രതിഷേധിച്ച് ഇന്ന് യു.ഡി.എഫ്. കണ്ണൂര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ചും സംഘടിപ്പിക്കുന്നുണ്ട്. ഷാഫി പറമ്പിൽ എം.പിയാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നത്. ഈ സാഹചര്യത്തിൽ പാര്‍ട്ടിയുടെ മുഖം രക്ഷിക്കാൻ എന്തെങ്കിലും നടപടി കൈക്കൊണ്ടേ മതിയാകൂ എന്നതാണ് സി.പി.എം. ഉന്നതനേതൃത്വത്തിന്റെ നിലപാട്. എന്നാൽ ആ തീരുമാനം പി. ജയരാജന് എതിരായാൽ അത് പാര്‍ട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറിക്ക് വഴിമരുന്നിടും. പി. ജയരാജനും മകൻ ജെയിനും പാര്‍ട്ടി ഗുണ്ടകളുമായി ബന്ധമുണ്ട് എന്നത് നിസ്തര്‍ക്കമായ കാര്യമാണെങ്കിലും സ്വര്‍ണ്ണക്കള്ളക്കടത്തിൽ അവര്‍ക്ക് നേരിട്ട് പങ്കില്ല. എന്നാൽ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് നിൽക്കുന്ന പല ഗുണ്ടകളും അവരുടേതായ നിലയ്ക്ക് ചില നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെടുന്നുണ്ട്. ഇതാണ് പി. ജയരാജന് ഇപ്പോൾ കുരുക്കായി മാറിയിരിക്കുന്നത്.

          പി.ജെയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂപംകൊണ്ട ‘പാളയത്തിൽ പട’യെ നിയന്ത്രിക്കാനാണ് ഇപ്പോഴത്തെ വിവാദങ്ങളിലൂടെ ചില ഉന്നത നേതാക്കൾ ശ്രമിക്കുന്നത്. ഇത് പി.ജെക്കും നന്നായി അറിയാം. ഈ സാഹചര്യത്തിൽ അദ്ദേഹം ഏത് രീതിയിൽ പ്രതികരിക്കും എന്നത് കാത്തിരുന്ന് കാണേണ്ട വിഷയമാണ്. ഏതായാലും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പരസ്യനിലപാടൊന്നും അദ്ദേഹം തത്കാലം കൈക്കൊള്ളാൻ ഇടയില്ല. എന്നാൽ പാര്‍ട്ടിക്കകത്ത് അദ്ദേഹം ശക്തമായി ആഞ്ഞടിക്കാനുള്ള സാദ്ധ്യതയുണ്ട്. അതേസമയം, ഗുണ്ടാബന്ധവും നിയമവിരുദ്ധനപ്രവര്‍ത്തനങ്ങളും തുടരുന്ന മറ്റുപല നേതാക്കൻമാരും കണ്ണൂരിലെ പാര്‍ട്ടിക്കുള്ളിലുണ്ട്. അത്തരക്കാര്‍ക്കെതിരെ പി.ജെയുടെ ആശീര്‍വാദത്തോടെ മറ്റേതെങ്കിലും തരത്തിലെ വെളിപ്പെടുത്തലുകളോ പൊട്ടിത്തെറിയോ ഉണ്ടാകാനുള്ള സാദ്ധ്യതയും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് കരുതലോടെയുള്ള നീക്കങ്ങൾ മാത്രമാകും ജില്ലാകമ്മറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടാവുക എന്നാണ് ലഭ്യമാകുന്ന വിവരം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA