10:10am 05 July 2024
NEWS
പിടിപ്പത് പണിയും നാണക്കേടും
വേറെയുണ്ട് ഇനിപുതിയത് എടുക്കുന്നില്ല ...

02/07/2024  09:08 AM IST
News Desk
കടക്ക് പുറത്ത് എന്ന് പറയുമോ ?
HIGHLIGHTS

ഡി.ജി.പിയുടെ ഓഫീസിൽ വെച്ച് സ്വകാര്യസാമ്പത്തിക ഇടപാട് നടത്തി എന്നത് ഗുരുതരമായ ചട്ടലംഘനമാണ്. ധാര്‍മ്മികമായും നിയമപരമായും ഇത് തെറ്റാണ്. ഓഫീസ് ടൈമിൽ ഓഫീസിൽ വെച്ച് പണമിടപാട് നടത്തിയെന്ന് തെളിഞ്ഞാൽ ഒരുപക്ഷേ അദ്ദേഹം രാജിവെയ്ക്കേണ്ട സാഹചര്യം പോലും വന്നേയ്ക്കാം

തിരുവനന്തപുരം : ഇവിടെ സര്‍ക്കാരിന് പിടിപ്പത് പണി ഉണ്ട്. നാണക്കേടും ആക്ഷേപങ്ങളും ആവോളമുണ്ട്. നിങ്ങളുടെ പ്രശ്നങ്ങൾ നിങ്ങൾ തന്നെ പരിഹരിക്കണം. ഇതിലേക്ക് സര്‍ക്കാരിനെ വലിച്ചിഴക്കുന്ന സാഹചര്യം ഉണ്ടാക്കരുത്. എല്ലാം പെട്ടെന്ന് സെറ്റിൽ ചെയ്യണം. സംസ്ഥാന പൊലീസ് മേധാവി ഷേഖ് ധര്‍വേഷ് സാഹിബിനോട് സെക്രട്ടറിയേറ്റ് നോര്‍ത്ത് ബ്ലോക്കിലെ ഉന്നതൻ പറഞ്ഞത് ഇങ്ങിനെയാണ്. ഡി.ജി.പി. തന്റെ ഭാര്യയുടെ പേരിലുള്ള വസ്തു വിൽക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഉന്നതൻ ഇത്തരമൊരു നിര്‍ദ്ദേശം (ഓഫ് റെക്കോര്‍ഡ്സ്) നൽകിയത്.

          ബാങ്ക് ലോണുമായി ബന്ധപ്പെട്ട വായ്പ നിലനിൽക്കുന്ന വസ്തു വിൽക്കാൻ ശ്രമിക്കവേ ബാധ്യതയുടെ വിവരം മറച്ചുവെച്ചുവെന്ന് കാട്ടി പ്രവാസി വ്യവസായി കോടതിയെ സമീപിച്ചതാണ് ഇപ്പോഴത്തെ വിവാദങ്ങൾക്കാധാരം. ബാധ്യതയുടെ കാര്യം ബയറോട് വാക്കാൽ പറഞ്ഞിരുന്നതാണെന്നും സമയത്ത് ഇടപാട് നടത്താതെ അയാൾ കബളിപ്പിക്കുകയായിരുന്നു എന്നുമാണ് ഡി.ജി.പിയുടെ നിലപാട്. എന്നാൽ ഇതിന് നേര്‍ വിപരീതവാദമാണ് വ്യവസായി ഉമര്‍ ഷെരീഫ് ഉന്നയിക്കുന്നത്. വസ്തുത എന്ത് തന്നെ ആയാലും സംഗതി സെറ്റിൽ ആകാനാണ് സാദ്ധ്യത എന്നറിയുന്നു. കാരണം ബയറുടെ വാക്കുകൾ ശരിയെങ്കിൽ ആദ്യം 15 ലക്ഷം രൂപയും പിന്നീട് പത്ത് ലക്ഷം രൂപയും ബാങ്കിലൂടെയാണ് കൈമാറ്റം ചെയ്തത്. മൂന്നാമതായി അഞ്ചുലക്ഷം രൂപ ഡി.ജി.പിയുടെ ചേമ്പറിൽ ചെന്ന് കാശായി നൽകി എന്നാണ് അദ്ദേഹം പറയുന്നത്. രണ്ടുലക്ഷം രൂപയിൽ കൂടുതലുള്ള ഇടപാടുകൾ ബാങ്ക് വഴി മാത്രമേ പാടുള്ളൂ എന്നതാണ് ചട്ടം. മറിച്ചുള്ള ഇടപാടുകൾ കേന്ദ്രചട്ടങ്ങൾക്ക് വിരുദ്ധമാണ്.

          ഡി.ജി.പിയുടെ ഓഫീസിൽ വെച്ച് സ്വകാര്യസാമ്പത്തിക ഇടപാട് നടത്തി എന്നത് ഗുരുതരമായ ചട്ടലംഘനമാണ്. ധാര്‍മ്മികമായും നിയമപരമായും ഇത് തെറ്റാണ്. ഓഫീസ് ടൈമിൽ ഓഫീസിൽ വെച്ച് പണമിടപാട് നടത്തിയെന്ന് തെളിഞ്ഞാൽ ഒരുപക്ഷേ അദ്ദേഹം രാജിവെയ്ക്കേണ്ട സാഹചര്യം പോലും വന്നേയ്ക്കാം. പക്ഷേ, ഇത് തെളിയിക്കേണ്ടത് പൊലീസ് തന്നെയാണ് എന്നത് ഡി.ജി.പിക്ക് അനുകൂല ഘടകമാണ്. എന്നാൽ ഇക്കാര്യത്തിൽ കോടതിയുടെ ഇടപെടൽ നിര്‍ണ്ണായകമാകും. മാത്രമേല്ല കേന്ദ്രഏജൻസികൾ എന്തെങ്കിലും കുരുക്ക് ഒപ്പിച്ചാൽ അത് ഡി.ജി.പിക്കും സംസ്ഥാന സര്‍ക്കാരിനും ഒരുപോലെ തലവേദനയാകും. അതേസമയം, ഇപ്പോഴത്തെ വിവാദങ്ങൾക്ക് പിന്നിൽ ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്. ഷേഖ് ധര്‍വേശ് സാഹിബിന്റെ കാലാവധി രണ്ടുകൊല്ലമായി ഉയര്‍ത്തിയത് കഴിഞ്ഞ മന്ത്രിസഭായോഗത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് ചില ഇടപെടലുകളോ ചരടുവലികളോ ഉന്നതകേന്ദ്രങ്ങളിൽ ഉണ്ടായിട്ടില്ല എന്ന് പറയാൻ സാധിക്കില്ല. വരുംദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ അപ്ഡേറ്റ്സ് ഉണ്ടാകുമെന്നാണ് കരുതുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA