05:53am 03 July 2024
NEWS
നാലുവര്‍ഷംകൊണ്ട് ബിരുദം,
വിദേശ ഒഴുക്ക് തടയുമോ ?

01/07/2024  07:30 AM IST
News Desk
ചക്കിന് വെച്ചത് കൊക്കിന് കൊള്ളുമോ ?
HIGHLIGHTS

പുതിയ പദ്ധതി നടപ്പാക്കുന്നതിലൂടെ, ഇനി മുതൽ ഒന്നുകിൽ സാധാരണ പോലെ മൂന്നാം വർഷം കൊണ്ട് കോഴ്‌സ് അവസാനിപ്പിച്ച് ബിരുദം നേടാം. അല്ലെങ്കിൽ നാലാം വർഷവും കോഴ്‌സ് തുടർന്ന് ഓണേഴ്‌സ് ബിരുദം നേടാം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നുമുതൽ നാലുവര്‍ഷ ബിരുദ കോഴ്സുകൾക്ക് തുടക്കമാവുകയാണ്. ദേശീയ വിദ്യാഭ്യാസനയത്തിന്റെ ചുവട് പിടിച്ച് കേരളത്തിൽ നടപ്പാക്കുന്ന മാറ്റം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ദേശീയ നയത്തിന്റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നതെങ്കിലും കേരളത്തിന് മറ്റുചില താത്പര്യങ്ങൾ കൂടിയുണ്ട്. ഇവിടെ നിന്നും വിദേശസര്‍വ്വകലാശാലകളിലേക്ക് പഠിക്കാൻ പറക്കുന്ന കുട്ടികളെ ഇവിടെ തന്നെ പിടിച്ചുനിര്‍ത്തുക എന്നതാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. വിദേശ സര്‍വ്വകലാശാലകൾ ഫലപ്രദമായി നടപ്പാക്കുന്ന സിസ്റ്റം ഇവിടെ കൊണ്ടുവരുന്നതിലൂടെ കുട്ടികളുടെ വിദേശഒഴുക്ക് തടയാനാകും എന്ന് അധികൃതര്‍ കരുതുന്നു. എന്നാൽ ഇത് എത്രത്തോളം ഫലവത്താകും എന്നത് കാത്തിരുന്ന് കാണേണ്ട വിഷയമാണ്.

          പുതിയ പദ്ധതി നടപ്പാക്കുന്നതിലൂടെ, ഇനി മുതൽ ഒന്നുകിൽ സാധാരണ പോലെ മൂന്നാം വർഷം കൊണ്ട് കോഴ്‌സ് അവസാനിപ്പിച്ച് ബിരുദം നേടാം. അല്ലെങ്കിൽ നാലാം വർഷവും കോഴ്‌സ് തുടർന്ന് ഓണേഴ്‌സ് ബിരുദം നേടാം. ഗവേഷണത്തിന് താത്പര്യമുള്ളവർക്ക്, ഓണേഴ്‌സ് വിത്ത് റിസർച്ച് ബിരുദധാരികളാകാം. ഇഷ്ടമുള്ള വിഷയങ്ങളുടെ കോമ്പിനേഷൻ തെരഞ്ഞെടുത്ത് സ്വയം കോഴ്‌സ് രൂപകല്പന ചെയ്യാനാകുന്ന തരത്തിലാണ് കരിക്കുലം വിഭാവനം ചെയ്തിരിക്കുന്നത്. അങ്ങിനെ മേൻമകൾ നിരവധിയുണ്ട് പുതിയ സമ്പ്രദായത്തിന്. എന്നാൽ, ഒരു വിഷയത്തിലും ആഴത്തിലുള്ള അക്കാദമികപഠനം സാധ്യമാവില്ലെന്ന കടുത്ത ആശങ്ക ഇതേക്കുറിച്ച് വിദ്യാഭ്യാസവിദഗ്ധർ ഉന്നയിക്കുന്നുണ്ട്. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലെന്നും വിമർശനമുണ്ട്. വസ്തുത എന്തുതന്നെ ആയാലും ഇത് വിദേശത്തേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് തടയുമോ എന്നതാണ് പ്രസക്തമായ കാര്യം.

          മേൽപ്പറഞ്ഞ ചോദ്യത്തിനുള്ള ഉത്തരം ഇല്ല എന്നുതന്നെയൈാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്. പഠിക്കാനെന്ന പേരിലാണ് നമ്മുടെ കുട്ടികൾ വിദേശത്തേക്ക് പറക്കുന്നതെങ്കിലും പലരും ലക്ഷ്യമിടുന്നത് വിദേശജോലിയും അവിടെ സ്ഥിരതാമസമാക്കാനുള്ള വ്യഗ്രതയുമാണ്. മെച്ചെപ്പെട്ട ജീവിതസാഹചര്യവും അടിസ്ഥാനസൗകര്യങ്ങളും പ്രതീക്ഷിച്ചാണ് പലരും ഈ രീതി പിന്തുടരുന്നത്. പലരും പിന്നീട് നാട്ടിലേക്ക് മടങ്ങാൻ ഉദ്ദേശിച്ചല്ല പോകുന്നത് തന്നെ. ഇതിന് പിന്നിലെ സൈക്കൊളജിക്കലായ ചല സോഷ്യൽ ഇഷ്യൂസ് കൂടി ഉണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ നടപ്പാക്കുന്ന മാറ്റം വിദ്യാര്‍ത്ഥികളെ പിടിച്ചുനിര്‍ത്താൻ ഉപകരിക്കില്ല എന്നാണ് പൊതുവിലയിരുത്തൽ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA