09:30am 01 July 2024
NEWS
അവർ അങ്ങനെ പ്രചരിപ്പിച്ചോട്ടെ, വസ്തുത എന്തെന്ന് ആളുകൾക്കറിയാം. ചീപ്പായ വാദപ്രതിവാദങ്ങളിൽ എന്തിന് നമ്മൾ എടുത്തുചാടണം: വിനയന്റെ അത്ഭുത ദ്വീപിനെക്കുറിച്ച്‌ കെ ജി ജോർജ്ജ്‌ പറഞ്ഞത്‌
29/11/2023  08:38 AM IST
ആർ. പവിത്രൻ
അവർ അങ്ങനെ പ്രചരിപ്പിച്ചോട്ടെ, വസ്തുത എന്തെന്ന് ആളുകൾക്കറിയാം. ചീപ്പായ വാദപ്രതിവാദങ്ങളിൽ എന്തിന് നമ്മൾ എടുത്തുചാടണം: വിനയന്റെ അത്ഭുത ദ്വീപിനെക്കുറിച്ച്‌ കെ ജി ജോർജ്ജ്‌ പറഞ്ഞത്‌
HIGHLIGHTS

ഇക്കഴിഞ്ഞ ഒക്‌ടോബർ 18 ന് ചങ്ങനാശ്ശേരിയിലെ വയോധിക പരിചരണ കേന്ദ്രത്തിൽ വച്ച് 77-ാം വയസ്സിൽ ഭൂമിയോട് വിടപറഞ്ഞ പ്രമുഖ ചലച്ചിത്രകാരൻ കെ.ജി. ജോർജിനെക്കുറിച്ചുള്ള ചരമവാർത്തകളിൽ പറഞ്ഞ ചില കാര്യങ്ങൾ വായിച്ചപ്പോൾ, അദ്ദേഹത്തിന്റെ ചലച്ചിത്ര ജീവിതം കത്തിനിന്ന വേളയിൽ അടുത്തറിയാൻ കഴിഞ്ഞ ഒരാളെന്ന നിലയിൽ മനസ്സ് നൊന്തു. മിതഭാഷിയായിരുന്ന അദ്ദേഹം ജീവിതത്തെ വിഷാദ നിഴൽവൃത്തത്തിൽ നിന്നുനോക്കി കണ്ടിരുന്ന ഒരാളായിരുന്നില്ല. പലപ്പോഴും രോഷവും പ്രഹരവും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ജീവിത സമീപനം. രണ്ട് പതിറ്റാണ്ടിലേറെ നീളുന്ന പ്രകാശം പരത്തുന്ന ചലച്ചിത്ര സപര്യയിൽ അദ്ദേഹം ചെയ്ത 20 സിനിമകളും, ഒറ്റക്കൈവിരലുകളിൽ എണ്ണാവുന്ന ടെലിഫിലിമുകളും അത് സ്വയം സാക്ഷ്യപ്പെടുത്തുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ 'യവനിക', പ്രദർശനവിജയത്തിലും റെക്കോർഡ് സൃഷ്ടിച്ചിരുന്നു. അങ്ങനെയുള്ള ആ മഹാചലച്ചിത്രകാരന് 1998 ൽ പുറത്തിറങ്ങിയ 'ഇലവങ്കോട് ദേശ'ത്തിനുശേഷം ഒരു സിനിമ പോലും ചെയ്യാൻ കഴിഞ്ഞില്ല. അഥവാ അതിനുള്ള അവസരം ലഭിച്ചില്ല.

വിഖ്യാതമായ പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫിലിം ഡയറക്ഷനിൽ ബിരുദം നേടിയെത്തിയ കെ.ജി. ജോർജ്ജ് ആറുവർഷത്തിനുശേഷം മുപ്പത്തൊന്നാമത്തെ വയസ്സിലാണ് ആദ്യചിത്രമായ 'സ്വപ്നാടനം' സംവിധാനം ചെയ്തത്. അതിന് മുമ്പ് രാമു കാര്യാട്ടിന്റെ അസിസ്റ്റന്റായി കാട്, താര എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചു. അവസാനചിത്രം സംവിധാനം ചെയ്തത് അമ്പത്തിരണ്ടാം വയസ്സിലും.

സ്വജനപക്ഷപാതത്തിലും സങ്കുചിത രാഷ്ട്രീയ സമീപനങ്ങളിലും തറഞ്ഞുകിടക്കുന്ന സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ അദ്ദേഹത്തെ തിരിഞ്ഞുനോക്കിയില്ല.(ഒരവസരം അവർ നൽകിയിരുന്നുവെങ്കിൽ, മലയാള സിനിമയ്ക്ക് ഒരു ക്ലാസിക് മൂവി കൂടി ലഭിച്ചേനെ.) സാമ്പത്തിക പരാധീനതയിലും രോഗങ്ങളിലും ഒറ്റപ്പെടലിലും ആടിയുലഞ്ഞു ആ ജീവിതം ദുരന്തമാകുകയായിരുന്നു. അമിതമായ മദ്യപാനം ആരോഗ്യത്തെ കരണ്ടുതീർത്തു.(ഒരു ക്രിസ്മസ് കാലത്തു മക്കൾക്ക് സമ്മാനം നൽകാൻ കാശില്ലാതിരുന്നപ്പോൾ, എങ്ങനെയോ കടം വാങ്ങി ഒരു കേക്ക് വാങ്ങിയ കാര്യം അടുത്തറിയാൻ കഴിഞ്ഞിരുന്ന പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ വേണു എഴുതിയിട്ടുണ്ട്.) അദ്ദേഹം നേരിട്ട സാമ്പത്തിക ദുരിതാവസ്ഥ, പ്രമുഖ സംവിധായകനും നിർമ്മാതാവുമായ ശശി പരവൂരിന്റെ ഈ വാക്കുകളിൽ നിന്ന് വ്യക്തമാകും:

'നോട്ടം' സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഒരു ദിവസം ഞാൻ പട്ടാമ്പിയിൽ പോയി. ലൊക്കേഷൻ തേടിയുള്ള യാത്രയായിരുന്നു. മടങ്ങിവന്ന സമയം ഞാൻ ജോർജ്ജ് സാറിനെ വിളിച്ചു. കണ്ടിട്ടുകുറേനാളായതുകൊണ്ട് കാണാൻ താൽപ്പര്യമുണ്ടെന്ന് പറഞ്ഞു. ഹൈവേയിലുള്ള ഒരു ഹോട്ടലിൽ എത്താമെന്ന് പറഞ്ഞതുകൊണ്ട് ഞാൻ  ഹോട്ടലിൽ കാത്തിരുന്നു. ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞാണ് അദ്ദേഹം എത്തിയത്. വന്നപ്പോൾ അദ്ദേഹം നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു. ആകെ വിയർത്തുകുളിച്ചിരുന്നു. അങ്ങനൊരു അവസ്ഥയിൽ ഞാൻ അദ്ദേഹത്തെ അതുവരെ കണ്ടിട്ടില്ല. അദ്ദേഹം വല്ലാതെ അസ്വസ്ഥനാണെന്ന് എനിക്ക് മനസ്സിലായി.

'എന്താ ജോർജ്ജേട്ടാ...'

അതുവരെ സാർ എന്ന് വിളിച്ചിരുന്ന ഞാൻ ആദ്യമായി 'ജോർജ്ജേട്ടാ' എന്ന് വിളിച്ചു. അദ്ദേഹം മെല്ലെ ഒന്ന് ചിരിച്ചു. മെല്ലെ ആ ചിരി മാഞ്ഞു.

'മനസ്സിന് ഒരു സുഖവുമില്ല.'

'ജോർജ്ജേട്ടൻ എന്റെ കൂടെ തിരുവനന്തപുരത്തേയ്ക്ക് വരുന്നോ.. കുറച്ചുദിവസം അവിടെ കഴിയാം.'

'അടുത്തയാഴ്ച വരാം.'

'നോട്ടത്തിന്റെ പ്രീപ്രൊഡക്ഷനുവേണ്ടി ഞാനൊരു വീട് എടുത്തിട്ടുണ്ട്. അവിടെ സലിൻ മാങ്കുഴിയുണ്ട്. ജോർജ്ജേട്ടന് അവിടെ താമസിക്കാം. തിരക്കഥയിൽ ജോർജ്ജേട്ടൻ കൂടി സഹകരിച്ചാൽ നന്നായിരുന്നു.'

'ഞാൻ വരാം.'

ഒരാഴ്ച കഴിഞ്ഞു അദ്ദേഹം വന്നു. അന്ന് ഏതാണ്ട് ഞങ്ങളൊരു വൺലൈൻ പൂർത്തിയാക്കിയിരുന്നു. മാസങ്ങളോളം ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. ഗെദാർദും ഫെല്ലിനിയും തർക്കോവ്‌സ്‌ക്കിയും പൊളാൻസ്‌ക്കിയും ഞങ്ങളുടെ സായാഹ്നങ്ങളിൽ അതിഥികളായിരുന്നു.

ഒരുദിവസം ജോർജ്ജ് സാർ എന്നോട് പറഞ്ഞു: എനിക്ക് എഴുതാൻ കഴിയുന്നില്ല. ഒന്നാമത് കൂടിയാട്ടത്തെക്കുറിച്ച് എനിക്ക് വലിയ പരിജ്ഞാനമൊന്നുമില്ല. ഞാനില്ലാതിരിക്കുന്നതാണ് നിങ്ങൾക്ക് നല്ലത്.

മനസ്സില്ലാമനസ്സോടെയാണ് ഞങ്ങളോട് യാത്ര പറഞ്ഞു അദ്ദേഹം പോയത്. പോകാൻ സമയത്ത് ഞാനൊരു തുക അദ്ദേഹത്തിന് നൽകി. ഒരു നിമിഷം വാങ്ങാൻ മടിച്ച് അദ്ദേഹം പറഞ്ഞു: ഞാനൊന്നും ചെയ്തില്ലല്ലോ. അർഹതയില്ലെങ്കിലും എനിക്കിപ്പോഴിത് വേണം.

അതുകേട്ട് നനഞ്ഞത് എന്റെ കണ്ണുകളാണ്. നിസ്സഹായനായ ആ മഹാപ്രതിഭയുടെ മുന്നിൽ ഞാൻ സ്തബ്ധനായി.

1998 ൽ 'ഇളവങ്കോട് ദേശം' എന്ന ചിത്രത്തിനുശേഷം കെ.ജി. ജോർജ്ജിന് ഒരു സിനിമപോലും സംവിധാനം ചെയ്യാൻ അവസരം ലഭിക്കാതെ പോയത് എന്തുകൊണ്ടാണ്?

ഇലവങ്കോട് ദേശം അദ്ദേഹം നിവൃത്തികേടുകൊണ്ട് ചെയ്ത സിനിമയാണ്. കെ.ജി. ജോർജ്ജ് എന്ന സംവിധായകൻ മനസ്സ് കൊണ്ട് ചെയ്ത സിനിമയല്ലത്. ശരീരം കണ്ട് ചെയ്ത സിനിമയാണ്. അദ്ദേഹത്തെ ശാരീരികമായും മാനസ്സികമായും തളർത്തിയ സിനിമ. ആ സിനിമ അദ്ദേഹത്തിന്റെ മനസ്സിനും ശരീരത്തിനും വല്ലാത്ത മുറിപ്പാടുകൾ ഉണ്ടാക്കി. ആ സിനിമയുടെ പേരിൽ അദ്ദേഹം ഒരുപാട് പീഡിപ്പിക്കപ്പെട്ടു. തന്റേതല്ലാത്ത ബാദ്ധ്യതകൾ ഏറ്റെടുക്കേണ്ടി വന്നു. ഒടുവിൽ കോടതിയിൽ നിന്ന് അറസ്റ്റ് വാറണ്ട് വന്ന ദിവസം ഞാനിപ്പോഴും ഓർക്കുന്നു. സംവിധായകൻ ഹരികുമാറാണ് എന്നെ വിളിച്ചു വിവരം പറഞ്ഞത്. ഉടൻതന്നെ ഞാൻ കോടതിയിലെത്തി മജിസ്‌ട്രേട്ടിനെ കണ്ട് വിവരം പറഞ്ഞു. യവനികയും പഞ്ചവടിപ്പാലവും പലതവണ കണ്ടിട്ടുള്ള അദ്ദേഹം കെ.ജി. ജോർജ്ജിന്റെ ഒരു ആരാധകൻ കൂടിയായിരുന്നു. മജിസ്‌ട്രേട്ട് കേസ് അടുത്തദിവസത്തേക്ക് മാറ്റിവച്ചു. അന്ന് നിസ്സഹായനായി എന്റെ ഓഫീസിലിരുന്ന കെ.ജി. ജോർജ്ജിനെ ഹരികുമാറും ഞാനും സമാധാനിപ്പിച്ചു. അടുത്തദിവസം തന്നെ ഞാനും ഹരികുമാറും കൂടി പണം സംഘടിപ്പിച്ച് കേസ് ഒത്തുതീർപ്പാക്കി. അന്ന് അദ്ദേഹത്തെ സഹായിക്കാൻ ഒരു സംഘടനയും ഉണ്ടായിരുന്നില്ല.

'കാറ്റ് വന്ന് വിളിച്ചപ്പോൾ' എന്ന സിനിമയുടെ തിരക്കഥ ഞാൻ മറ്റൊരു ചെറുപ്പക്കാരനുവേണ്ടി എഴുതിയതായിരുന്നു. ഞാനാ സിനിമ നിർമ്മിക്കാമെന്നും സമ്മതിച്ചതാണ്. പക്ഷേ ആ സംവിധായകൻ ഞാനെഴുതിയ തിരക്കഥ വായിച്ചുപോലും നോക്കാതെ മറ്റൊരു പ്രഗത്ഭ എഴുത്തുകാരനെ കൊണ്ടു എഴുതിക്കണമെന്ന് ശാഠ്യം പിടിച്ചു. അതുകൊണ്ടുതന്നെ ഞാനയാളെ ഒഴിവാക്കി. ഇക്കാര്യം ജോർജ്ജ് സാറിനോട് പറഞ്ഞപ്പോൾ ഞാൻ തിരുവനന്തപുരത്തുവരുന്നുണ്ട്. നമുക്ക് സംസാരിക്കാം എന്നുപറഞ്ഞു.

ഒരാഴ്ച കഴിഞ്ഞു അദ്ദേഹം തിരുവനന്തപുരത്തെത്തി. തന്റെ സ്ഥിരം താമസസ്ഥലമായ ജിൻസ് ഇന്റർനാഷണലിൽ എത്തിയിട്ട് എന്നെ വിളിച്ചു. ഞാൻ 'കാറ്റ് വന്ന് വിളിച്ചപ്പോളി'ന്റെ തിരക്കഥയുമായാണ് അദ്ദേഹത്തെ കാണാനെത്തിയത്. ഒറ്റയിരുപ്പിന് അദ്ദേഹം തിരക്കഥ വായിച്ചു. കുറച്ചുനേരം ആലോചിച്ചിരുന്നു. എന്നിട്ട് താടിതടവിക്കൊണ്ട് എന്നോട് ചോദിച്ചു: ആരാ ഇത് സംവിധാനം ചെയ്യുന്നത്?

ഞാനൊന്നും പറഞ്ഞില്ല. ആകാംക്ഷയോടെ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി.

'ഈ തിരക്കഥ സിനിമയാക്കാൻ വേറൊരു സംവിധായകന്റെ ആവശ്യമില്ല. ശശി തന്നെ ചെയ്താൽ മതി.'

ഒരു നിർമ്മാതാവെന്ന നിലയിൽ കൗരവരും, അമ്മയാണെ സത്യവും, പ്രണയവർണ്ണങ്ങളും ചെയ്ത അനുഭവം മാത്രമേ എനിക്കുള്ളു. സംവിധാനം ചെയ്യുക എന്നത് എന്റെ വിദൂര സ്വപ്നത്തിൽപ്പോലും ഉണ്ടായിരുന്നില്ല. ജോർജ്ജ് സാർ നൽകിയ ധൈര്യമായിരുന്നു സംവിധായകനായുള്ള എന്റെ തുടക്കം.''

കെ.ജി. ജോർജ്ജ് സംവിധാനം ചെയ്ത 20 സിനിമകളും ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു. പ്രമേയത്തിലും ട്രീറ്റ്‌മെന്റിലും ഇത്രയധികം മൗലിക വ്യത്യസ്തത പുലർത്തിയ മറ്റൊരു സംവിധായകനും മലയാളത്തിലില്ല. ഇഷ്ടമുണ്ടായിരുന്ന പെൺകുട്ടിയെ മറന്ന് സമ്പന്നയായ മുറപ്പെണ്ണിനെ ജീവിത പങ്കാളിയാക്കാൻ നിർബന്ധിതനായ യുവാവിന്റെ കുറ്റബോധത്തിൽ നിന്നുറവകൊണ്ട മാനസിക വിഹ്വലത അപഗ്രഥനം ചെയ്ത ആദ്യചിത്രമായ 'സ്വപ്നാടനം'(1976) മലയാളിക്ക് തീർത്തും പുതുമയുണർത്തുന്ന അനുഭവമായി. എ ലിറിക്കൽ സൈക്കഡമിക് ഫിലിം. വ്യക്തമായി ആസൂത്രണം ചെയ്ത സീനുകൾ, ഷോട്ടുകൾ. ഈ കൃത്യതയും ആസൂത്രണവും അവസാന സിനിമയിലൊഴികെ മറ്റെല്ലാറ്റിലും കാണാനാവും. പ്രമേയത്തിലെ സവിശേഷ പുതുമയും, ട്രീറ്റ്‌മെന്റിലെ കരുത്തുറ്റ വ്യത്യസ്തതയും മലയാളിയുടെ സിനിമാബോധത്തെ ഇളക്കിമറിച്ചു. 'മേള' സർക്കസ് ആർട്ടിസ്റ്റായ ഒരു കുള്ളന്റെ ജീവിതം പറയുന്ന സിനിമയായിരുന്നു. കുറച്ചുകാശുമായി ഗ്രാമത്തിലെ വീട്ടിലെത്തുന്ന അയാൾ സാധാരണ ഉയരമുള്ള ഒരു നാടൻ പെൺകൊടിയെ വിവാഹം കഴിക്കുന്നു.(ഗ്രാമത്തിലേക്കുള്ള ഇയാളുടെ വരവ് മനോഹരമായ ദൃശ്യമാണ്. പാലത്തിന്റെ ഇറക്കത്തിൽ നിന്നുള്ള ഷോട്ടിൽ ശൂന്യമായ ആകാശം. ആ ശൂന്യതയുടെ മുകളറ്റത്തുനിന്ന് കുറേയേറെ കുട്ടികളുടെ അകമ്പടിയോടെ സ്യൂട്ട്‌കെയ്‌സും തൂക്കി, മുഖത്ത് കൂളിംഗ് ഗ്ലാസും വച്ചു കുള്ളൻ പാലം ഇറങ്ങിവരികയാണ്) സർക്കസ് കോമാളിയായ ആ സാധു യുവാവിന് പൊതുസമൂഹത്തിൽനിന്ന് ഏൽക്കേണ്ടിവരുന്ന അവഹേളനവും പരിഹാസ്യവും ജീവിതപതനവും അതിസമർത്ഥമായ  ദൃശ്യചാരുതയോടെയാണ് കെ.ജി. ജോർജ്ജ് ചിത്രീകരിച്ചിരിക്കുന്നത്. സർക്കസിലെ മരണക്കിണർ ബൈക്ക് അഭ്യാസിയായി അഭിനയിച്ചത് മമ്മൂട്ടിയായിരുന്നു. മമ്മൂട്ടി എന്ന സുമുഖനായ നടനെ സിനിമാലോകം ശ്രദ്ധിച്ചത് 'മേള'യിലെ ഈ വേഷത്തിലൂടെയായിരുന്നു. തുടർന്നാണ് മമ്മൂട്ടിക്ക് അവസരങ്ങൾ കിട്ടിത്തുടങ്ങിയതും, സൂപ്പർ സ്റ്റാറിലേക്ക് അദ്ദേഹം നടന്നുകയറിയതും.

'മേള'യിലെ നായകൻ സർക്കസ് കോമാളിയായ ഒരു കുള്ളനായിരുന്നു. രഘുവായിരുന്നു കുള്ളന്റെ വേഷത്തിൽ അഭിനയിച്ചത്(മേള രഘു). ഇത് മറച്ചുവെച്ചുകൊണ്ടാണ്, അല്ലെങ്കിൽ ബോധപൂർവ്വം വിസ്മരിച്ചുകൊണ്ടാണ് വിനയൻ സംവിധാനം ചെയ്ത 'അത്ഭുതദ്വീപി'ൽ പ്രധാന കഥാപാത്രമായ കുള്ളനായി അഭിനയിച്ച ഉണ്ടപക്രുവിനെ ഉയരം കുറഞ്ഞ ആദ്യനായകനടനായി മാറ്റിത്തീർത്തതും, ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ പേര് വന്നുവെന്നു പ്രചരിക്കപ്പെട്ടതും. 'മേള' ഇറങ്ങിയത് 1980 ലാണ്. 'അത്ഭുതദ്വീപ്' റിലീസ് ചെയ്തത് 2005 ലും. അതായത് 25 കൊല്ലങ്ങൾക്കുശേഷം. എന്തുകൊണ്ട് ഈ വസ്തുത വിശദീകരിക്കുകയോ, ഈ  അവകാശവാദത്തെ എതിർക്കുകയോ ചെയ്തില്ല എന്ന് ഒരിക്കൽ നേരിൽ കണ്ടപ്പോൾ ഞാൻ ചോദിച്ചു. ബുൽഗാൻ താടി ഉഴിഞ്ഞുകൊണ്ട്, സ്വതഃസിദ്ധമായ നാടകീയ ശൈലിയിൽ അദ്ദേഹം പറഞ്ഞു: അവർ അങ്ങനെ പ്രചരിപ്പിച്ചോട്ടെ, വസ്തുത എന്തെന്ന് ആളുകൾക്കറിയാം. ചീപ്പായ വാദപ്രതിവാദങ്ങളിൽ എന്തിന് നമ്മൾ എടുത്തുചാടണം...

കെ.ജി. ജോർജ്ജുമായി 'നാന'യ്ക്കു വേണ്ടി പലതവണ ഞാൻ അഭിമുഖം നടത്തിയിട്ടുണ്ട്. അവയെല്ലാം ശ്രദ്ധേയമായിരുന്നു. മദിരാശിയിൽ റിപ്പോർട്ടിംഗിനായി പോകുമ്പോൾ, മിക്കദിവസവും രാത്രി 8 മണിയോടെ അദ്ദേഹത്തിന്റെ വീട്ടിലെത്തുമായിരുന്നു. ചെറിയ വീടിന്റെ പൂമുഖത്ത്, റം സാവധാനം സിപ്പ് ചെയ്തുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ദൃശ്യം തിളക്കം നഷ്ടപ്പെടാതെ ഓർമ്മയിൽ ഇപ്പോഴും കാണാം. ഞങ്ങൾ എത്തിയാലുടൻ ഭാര്യ സൽമ ചേച്ചി(ആദ്യകാല ഗായകൻ പാപ്പുക്കുട്ടി ഭാഗവതരുടെ മകൾ. 'ഉൾക്കടലി'ലെ 'ശരദിന്ദു മലർദീപനാളം എന്ന ഒരൊറ്റ ഗാനത്തോടെ ഗായകനിരയിൽ മുൻസ്ഥാനം നേടിയ ഗായിക.) ഞങ്ങൾക്ക് വേണ്ടി പുട്ടും കടലയും തയ്യാറാക്കും. (അന്നാണ് ഇൻസ്റ്റന്റ് പുട്ടുപൊടി വിലയ്ക്ക് വാങ്ങാൻ കിട്ടുമെന്ന കാര്യം അറിയുന്നത്. പാക്ക് ചെയ്ത പുട്ടുപൊടി കേരളത്തിൽ കിട്ടിത്തുടങ്ങിയിരുന്നില്ല)

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORIAL