12:50pm 05 July 2024
NEWS
കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം, നിർണായക വഴിത്തിരിവ്‌: തിരുവനന്തപുരത്ത്‌ 3 പേർ കസ്റ്റഡിയിൽ
28/11/2023  08:31 AM IST
Kallus
കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം, നിർണായക വഴിത്തിരിവ്‌: തിരുവനന്തപുരത്ത്‌ 3 പേർ കസ്റ്റഡിയിൽ
HIGHLIGHTS

കേരളത്തെ നടുക്കിയ കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് 3 പേർ കസ്റ്റഡിയിൽ. കൃത്യവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ശ്രീകണ്ടേശ്വരത്തു നിന്നാണ് ഇവരെകസ്റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. കാർ വാഷിംഗ് സെന്റർ ഉടമ പ്രതീഷ്‌ അടക്കം 3 പേരാണ്‌ കസ്റ്റഡിയിൽ ആയിരിക്കുന്നത്‌. ഇവിടെ നിന്നും 10 ലക്ഷത്തോളം രൂപയും പോലീസ്‌ കണ്ടെടുത്തിട്ടുണ്ട്‌. എന്നാൽ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് ഇവരുടെ പങ്ക് സ്ഥിരീകരിച്ചിട്ടില്ല.

ഇതിനിടയിൽ ആറുവയസ്സുകാരി അബിഗേൽ സാറാ റജിയെ തട്ടിക്കൊണ്ടുപോയ ആളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. പാരിപ്പള്ളിക്കു സമീപം കുളമട കിഴക്കനേല എൽ.പി.എസിന് അടുത്തുള്ള കടയുടമയും ഭാര്യയും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ വിദ​ഗ്ധർ രേഖാചിത്രം തയ്യാറാക്കിയത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന സ്ത്രീയുടെ രേഖാചിത്രവും ഉടൻ പുറത്തുവിടുമെന്നാണ് പൊലീസ് നൽകുന്ന സൂചന. 

ഇന്നലെ വൈകിട്ട് നാലരയോടെയാണ് ഓട്ടുമല കാറ്റാടി റജി ഭവനിൽ റജി ജോണിന്റെയും സിജി റജിയുടെയും മകളെ വീടിനു സമീപത്തുനിന്നു തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ജോനാഥനെ(9)യും പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ചെറുത്തതിനാൽ വണ്ടിയിൽനിന്ന്‌ പുറത്തേക്കു തള്ളിയിടുകയായിരുന്നു.

കിഴക്കനേല എൽ.പി.എസിന് അടുത്തുള്ള കടയിൽ വന്ന സ്ത്രീയും പുരുഷനുമാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മയെ ഫോണിൽ വിളിച്ചത്. കടയുടമയുടെ ഭാര്യ ​ഗിരിജയുടെ ഫോൺ വാങ്ങിയാണ് ഇവർ സംസാരിച്ചത്. 45 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ വേഷം കാക്കി പാന്റും വെള്ളഷർട്ടുമായിരുന്നെന്ന് നേരത്തെ ​ഗിരിജ പറഞ്ഞിരുന്നു. 35 വയസ്സ് തോന്നിക്കുന്ന സ്ത്രീ പച്ച ചുരിദാറും കറുത്ത ഷാളുമായിരുന്നു ധരിച്ചിരുന്നതെന്നും ​ഗിരിജ പോലീസിനോട് വ്യക്തമാക്കിയിരുന്നു.

കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കുക : 112 , 9946923282, 9495578999

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
LATEST NEWS