12:28pm 05 July 2024
NEWS
ജുമിയുടേത് മയക്കുമരുന്നും ആഡംബരവും നിറഞ്ഞ ജീവിതം

30/06/2024  07:38 AM IST
nila
ജുമിയുടേത് മയക്കുമരുന്നും ആഡംബരവും നിറഞ്ഞ ജീവിതം

ആലപ്പുഴ: രണ്ടു കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ കഴിഞ്ഞ ദിവസം ബെം​ഗളുരുവിൽ നിന്നും അറസ്റ്റിലായ ആലപ്പുഴ സ്വദേശിനി ജുമിയുടേത് മയക്കുമരുന്നും ആഡംബരവും നിറഞ്ഞ ജീവിതമെന്ന് പൊലീസ്. സ്ഥിരമായി മയക്കുമരുന്ന് ഉപയോ​ഗിക്കുന്ന ജുമി ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. ​ഗോവയിലെയും ബെം​ഗളുരുവിലെയും മുന്തിയ ഹോട്ടലുകളിലായിരുന്നു താമസം. നാട്ടിലെത്തിയിരുന്നതും വിലകൂടിയ വാഹനങ്ങളിലായിരുന്നു. ഇതിനുള്ള പണം യുവതി കണ്ടെത്തിയിരുന്നത് ലഹരി കച്ചവടത്തിലൂടെയായിരുന്നു.

കോഴിക്കോട് വാടകവീട്ടിൽ നിന്നും രണ്ടുകോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിലാണ് ആലപ്പുഴ പുന്നപ്ര പാലിയത്തറ ഹൗസിൽ ജുമി എന്ന 24കാരി ബെം​ഗളുരുവിൽ നിന്നും പിടിയിലായത്. ജുമിയും മാതാവും വർഷങ്ങളായി പുന്നപ്രയിലെ വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. ജുമിയുടെ പിതാവ് ജയിലിൽ കിടന്നിട്ടുണ്ട്. പ്രദേശവാസികളുമായി ഒരു തരത്തിലുമുള്ള ബന്ധവും കുടുംബം പുലർത്തിരുന്നില്ല. ആറ് മാസം മുൻപ് പുന്നപ്രയിലെ വീട്ടിൽനിന്ന് മാതാവിനെ മാറ്റി. ഇപ്പോൾ വീട്ടിൽ ആരുമില്ല. സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ജുമിയുടെ മാതാവിനു വേണ്ടി അന്വേഷണം നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

 മുൻപ് ദേശീയപാതയിൽ രക്തത്തിൽ കുളിച്ച നിലയിൽ ജുമി നിൽക്കുന്നത് ഒരു പൊലീസ് ഉദ്യോഗസ്ഥൻ കണ്ടിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഉദ്യോഗസ്ഥൻ ശ്രമിച്ചെങ്കിലും ജുമി ദേഷ്യപ്പെട്ടു.‌ പുന്നപ്ര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെ ജുമി 2016ൽ പീഡനപരാതി ഉന്നയിച്ചു. പൊലീസ് പോക്സോ കേസെടുത്തെങ്കിലും കോടതിയിൽ നടന്ന തുടർ വാദങ്ങളിൽ ജുമിയോ കുടുംബമോ ഹാജരായില്ല. ഉദ്യോഗസ്ഥൻ ജോലിയിൽ നിന്നു വിരമിച്ചു. കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. ജുമിക്ക് കരുനാഗപ്പള്ളിയിലെ ഒരു വ്യക്തിയുമായി അടുപ്പമുണ്ടായിരുന്നു. പിന്നീട് ഈ ബന്ധം നിലനിന്നില്ല. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha