07:59am 08 July 2024
NEWS
ഇന്ത്യാ മുന്നണിയിൽ നിർണായക ശക്തിയാകാൻ ഇടതു പാർട്ടികൾ
29/10/2023  07:51 AM IST
nila
ഇന്ത്യാ മുന്നണിയിൽ നിർണായക ശക്തിയാകാൻ ഇടതു പാർട്ടികൾ
HIGHLIGHTS

നിലവിലെ ലോക്സഭയിൽ സിപിഎമ്മിന് മൂന്നും സിപിഐക്ക് രണ്ടും ആർ എസ് പിക്ക് ഒന്നും സീറ്റുകളാണുള്ളത്.

ന്യൂഡൽഹി: പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിയിൽ നിർണായക ശക്തിയാകാൻ ഐക്യത്തോടെ നീങ്ങാൻ ഇടതു പാർട്ടികൾ. സി.പി.എം., സി.പി.ഐ., ആർ.എസ്.പി., ഫോർവേർഡ് ബ്ലോക്ക്, സി.പി.ഐ.എം.എൽ എന്നീ പാർട്ടികളാണ് ദേശീയ തലത്തിൽ കൂടുതൽ സഹകരണത്തിനും ഐക്യത്തിനും തയ്യാറെടുക്കുന്നത്. ഒരുമിച്ച് നിന്ന് കൂടുതൽ സീറ്റുകളിൽ മത്സരിക്കുകയും പാർലമെന്റിൽ ഇടതു ചേരിയുടെ അം​ഗബലം പരമാവധി വർധിപ്പിക്കുകയുമാണ് ഇടതു പാർട്ടികൾ ലക്ഷ്യമിടുന്നത്. 

ഇന്ത്യ സഖ്യത്തിൽ ഇടതു ചേരിയിലെ ഓരോ പാർട്ടികളെയും എടുത്താൽ താരതമ്യേന ദുർബലരും അപ്രസക്തരുമാണ്. നിലവിലെ ലോക്സഭയിൽ സിപിഎമ്മിന് മൂന്നും സിപിഐക്ക് രണ്ടും ആർ എസ് പിക്ക് ഒന്നും സീറ്റുകളാണുള്ളത്. സിപിഐ എംഎല്ലിനാകട്ടെ പാർലമെന്റിൽ പ്രാതിനിധ്യവുമില്ല. എന്നാൽ, ബീഹാർ, പഞ്ചാബ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ സിപിഐ എംഎല്ലിന് സ്വാധീനമുണ്ട്. കേരളം, പശ്ചിമ ബം​ഗാൾ, ബീഹാർ, തമിഴ്നാട്, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ ഇടത് പാർട്ടികൾക്ക് ഇന്നും സ്വാധീനുമുണ്ട്. എന്നാൽ, ഇടത് ഐക്യം സാധ്യമല്ലാത്തതിനാൽ പലപ്പോഴും പല സംസ്ഥാനങ്ങളിലും പരസ്പരം മത്സരിക്കുന്ന സാഹചര്യമാണുള്ളത്. ഇതിന് മാറ്റം വരുത്താനും ഒരു ബ്ലോക്ക് എന്ന നിലയിൽ ഇടത് ചേരിയിലെ പാർട്ടികൾ സഹകരിച്ച് മുന്നോട്ട് പോകാനാണ് നിലവിലെ ധാരണ. 

പ്രാദേശികഭിന്നതകൾ മറന്ന് ദേശീയതലത്തിൽ ഒന്നിക്കാനും പരമാവധി സംസ്ഥാനങ്ങളിൽ സഹകരിച്ചു പ്രവർത്തിക്കാനുമാണ് ഇടതു പാർട്ടികളുടെ ദേശീയ നേതൃത്വങ്ങൾ ധാരണയിലെത്തിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പായി ഇടതുപക്ഷത്തെ പരമാവധി ശക്തിപ്പെടുത്താനാണ് ശ്രമം. ഇതിനായുള്ള ഐക്യനീക്കങ്ങൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആരംഭിച്ചതായി മുതിർന്നനേതാക്കൾ പറഞ്ഞു.

നിലവിൽ ഡൽഹിയിലും ബംഗാളിലും ഇടതുപാർട്ടികളുടെ ശക്തമായ കൂട്ടായ്മയുണ്ട്. കേരളത്തിൽ സിപിഎമ്മു സിപിഐയും സഖ്യത്തിലാണെങ്കിലും ആർ എസ് പി ഈ മുന്നണിയിലില്ല.  ഉത്തർപ്രദേശ്, ബിഹാർ, ഝാർഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ ഇടതുപാർട്ടികളുടെ സംയുക്തവേദികൾ പുനരുജ്ജീവിപ്പിക്കാനുള്ള നീക്കങ്ങൾ സജീവമാണ്. ഒഡിഷയിലും അസമിലും മണിപ്പുരിലും പ്രതിപക്ഷ ഐക്യനീക്കത്തിനൊപ്പം ഇടതുപക്ഷവും ഒരുമിക്കുന്നുണ്ട്. പ്രതിപക്ഷത്തെ ‘ഇന്ത്യ’ മുന്നണിയിൽ ഇടതുപക്ഷമെന്നനിലയിൽ സ്വാധീനശക്തിയാകാനാണ് ഇടതു നേതാക്കൾ ലക്ഷ്യമിടുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL