10:31am 01 July 2024
NEWS
മധുരക്കഷായ വൈദ്യൻ
05/11/2023  09:57 AM IST
മധുരക്കഷായ വൈദ്യൻ

കഷായം മധുരിക്കുമെന്നോ..?

മധുരിക്കും,

മൂത്തോർ ചൊല്ലും പാകത്തിലുളള മുതുനെല്ലിക്ക മേമ്പൊടിക്കെങ്കിലും ചേർത്തിളക്കിയതാണെങ്കിൽ...അത്തരം മധുരകഷായ നിർമിതിയിലൂടെ മലയാളത്തിന്റെ ചിരവരയുടേയും ഹാസ്യസാഹിത്യ ശാഖയുടേയും കാരണവസ്ഥാനിയായിരുന്ന കാർട്ടൂണിസ്റ്റും ഹാസ്യസാഹിത്യ കാരനുമായ സുകുമാർ എന്ന സുകുമാരൻ പോറ്റിയുടെ സർഗ പ്രപഞ്ചത്തിന് 2023 സെപ്റ്റംബർ 30, ശനിയാഴ്ച രാത്രി 7.30ന് തൊണ്ണൂറ്റിയൊന്നാം വയസ്സിൽ തിരശീല വീണു.

സംസ്ഥാന പൊലീസ് വകുപ്പിൽ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായി വിരമിച്ചശേഷം അദ്ദേഹം മുഴുവൻ സമയവും കേരള കാർട്ടൂൺ അക്കാദമി, നർമകൈരളി തുടങ്ങിയ പ്രസ്ഥാനങ്ങൾക്കുവേണ്ടിയും എഴുത്തിനും വരയ്ക്കും പ്രഭാഷണത്തിനുമായും തന്റെ ജീവിതം ഉഴിഞ്ഞുവയ്ക്കുകയായിരുന്നു.

ആറ്റിങ്ങലിൽ 1932 ൽ സുബ്ബരായൻ പോറ്റി- കൃഷ്ണമ്മാൾ ദമ്പതികളുടെ പുത്രനായി ജന്മമെടുത്ത കൊച്ചു പോറ്റി കൗമാര യൗവനങ്ങളിൽ പിതാവിനൊപ്പം ക്ഷേത്രപൂജാദി കർമ്മങ്ങളിൽ പരികർമിയായി ഒപ്പം കൂടാറുണ്ടായിരുന്നത്രേ...

മൂത്തപോറ്റി മേൽശാന്തിയായ കോവിലുകളിൽ കയ്യാളായും കളഭം ചാർത്തുന്നതിനുമൊക്കെയായി സുകുമാരകളേബരനും ഒപ്പം കാർട്ടൂണിസ്റ്റ് എന്ന നിലയിലുളള ആദ്യ കൈവയ്പ് അവിടെത്തുടങ്ങുന്നു..

കോവിലിൽ എന്തു കാർട്ടൂണിസ്റ്റ്....?

തേവർക്ക് എന്തു തമാശ...?

ന്യായമായ സംശയങ്ങൾ തന്നെ..

പക്ഷേ അവിടേയും പയ്യൻ പോറ്റി തന്റെ സർഗപ്രപഞ്ചം വിശാലമാക്കി കളഭം കൊണ്ട് കാർട്ടൂൺ വരച്ചു.

ദീപാരാധനയ്ക്കായി അടയുന്ന കോവിലിന്റെ വാതിലുകൾക്കു മുന്നിൽ തൊഴുകൈകളോടെ നാമം ജപിച്ചും ആവലാതികൾ ഉറക്കെപ്പറഞ്ഞുമൊക്കെ നിൽക്കുന്ന ഭക്തശിരോമണിമാർക്കു മുമ്പിൽ ശ്രീകോവിലിന്റെ വാതിൽ ദാ തുറക്കുന്നു....

ഹ..ഹ...ഹ..ഹ...

അകത്തെ മണിനാദത്തെയും കടത്തിവെട്ടി പുറത്ത് ഭക്തജനങ്ങൾ ചിരിച്ചുമറിയുന്നതിന്റെ കാരണം കളഭം ചാർത്തിയതിൽ വിരിഞ്ഞ ഹാസ്യചിത്രമാണെന്ന് കണ്ടെത്തിയ കാഴ്ചക്കാർക്കുപോലും അവിടെനിന്ന് കണ്ണു പറിക്കാനായില്ലത്രേ.

ആദ്യ കലാപരിപാടി കുറിക്ക് കൊണ്ടു എന്ന തിരിച്ചറിവ് പകർന്ന സന്തോഷത്തിലും ആത്മ ധൈര്യത്തിലും പിന്നെ വെറൈറ്റിയിലേക്കായി ശ്രദ്ധ. ചില ദിവസങ്ങളിൽ ചിരിതൂകി നിൽക്കുന്ന- തരത്തിൽ തേവരെ കളഭം ചാർത്തി കുട്ടപ്പനാക്കുന്ന കൊച്ചു കാർട്ടൂണിസ്റ്റ് പിറ്റേന്ന് കടുത്ത പ്രയോഗത്തിലൂടെ കട്ടപ്പ മുഖമായിരിക്കും വരച്ചു ചേർക്കുക.

ഇന്ന് നെറ്റിൽ പരതുമ്പോൾ കിട്ടുന്ന സ്‌മൈലിയും ആംഗ്രിയും സാഡും തുടങ്ങിയുളള സകല ന'വര'സ മുഖങ്ങളുടേയും തുടക്കം ഈ കളഭം ചാർത്തൽ കലാപരിപാടിയിൽ നിന്ന് ഊർജ്ജമുൾക്കൊണ്ട് ആരാനും ചെയ്തു തുടങ്ങിയതാകാം.

ക്ഷമയുടെ നെല്ലിപ്പലകയിൽ കയറ്റി നിർത്തിയാണത്രേ പുത്രന് കളഭാദി കർമാനുഷ്ഠാനത്തിലെ കർശനവിപ്പ് പിതാശ്രീ കൈമാറിയത്.

ഒറ്റവാക്കിലുളള ആ വിപ്പിനെ ഇങ്ങനെ സംഗ്രഹിക്കാം...

നീ ഇനി മേലാൽ മേൽശാന്തിയാകേണ്ട...

കീഴ്ശാന്തിപ്പണി മാത്രം മതി.

ഒരുപക്ഷേ ലോകപൂജാ ചരിത്രത്തിലാദ്യമായി മൂർത്തിയുടെ മോന്തയിൽ കാരിക്കേച്ചർ വരച്ചതിന്റെ പേരിൽ ഡിവിഷൻ ഓഫ് ലേബർ പ്രഖ്യാപിക്കപ്പെട്ട ആദ്യ (ഒരുപക്ഷേ അവസാനത്തേയും)സന്ദർഭം അതാകാം.

ഭക്താഗ്രശിരോമണികൾ പ്രതിഷേധത്തിന്റെ പാനയും പൂക്കുലയും പുറത്തെടുത്തതു വഴി കോവിലിനു പുറത്തേക്കുളള വഴി തുറന്നെങ്കിലും അതിനോടകം വരച്ചു കൈതെളിഞ്ഞു കഴിഞ്ഞിരുന്ന സുകുമാരൻ പോറ്റി നിരാശനായില്ല.

അന്ന് മലയാളമനോരമയിലും ദേശബന്ധു ദിനപത്രത്തിലും ഒരേ സമയം പൊളിറ്റിക്കൽ കാർട്ടൂൺ വരച്ചിരുന്ന കെ.എസ്. പിളളയെന്ന ദ്രോണാചാര്യരെ മാനസഗുരുവാക്കി ബ്രഷിനെ ആയുധമാക്കി അടരാടിത്തുടങ്ങി.

തുടർന്ന് ഒരിക്കൽ അദ്ദേഹം ഗുരുസവിധത്തിൽ നേരിട്ടെത്തി.

തുടർന്ന് പിളളയുടെ മരണം വരെയും ആ ഊഷ്മള ബന്ധം അഭംഗുരം തുടർന്നു.

ആ ഗുരുശിഷ്യബന്ധത്തിന്റ നിദർശനമാണ് സുകുമാർ സാർ കാർട്ടൂൺ അക്കാദമിയുടെ സഹകരണത്തോടെ 'ഫ്രീലാൻസ്' കാർട്ടൂണിസ്റ്റുകൾക്കായി ഏർപ്പെടുത്തിയ കെ.എസ് പിളള കാർട്ടൂൺ അവാർഡ്.

ദീർഘകാലം തലസ്ഥാനത്തെ വേദികളെ ചിരിയലയിൽ ആറാടിച്ച സുകുമാർ സാർ അഞ്ചുവർഷം മുമ്പ് ഭാര്യ  സാവിത്രിയമ്മാളിന്റെ മരണത്തെ തുടർന്ന് കൊച്ചിയിൽ മകൾ സുമംഗലയ്‌ക്കൊപ്പമായിരുന്നു താമസം.

അറുപതോളം ഗ്രന്ഥങ്ങളുടെ രചയിതാവായ അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമിയുടേതടക്കം ഒട്ടേറെ പുരസ്‌ക്കാരങ്ങൾ ലഭിച്ചു.

കേരള കാർട്ടൂൺ അക്കാദമിയുടെ ചെയർമാൻ, സെക്രട്ടറി പദവികൾ വഹിച്ച അദ്ദേഹം 'നർമകൈരളി'യുടെ സ്ഥാപക പ്രസിഡന്റാണ്.

'മലയാളനാട്' എന്ന ഒരു കാലത്ത് കേരളം ആഘോഷിച്ച പ്രസിദ്ധീകരണത്തിലെ കഷായം എന്ന പംക്തിയുടെ ലാസ്റ്റ് പേജായി ചേർത്തിരുന്ന കമന്റിന്റെ തലക്കെട്ട് കഷായത്തിന്റെ കയ്പിനെ മധുരിപ്പിക്കുന്നതായിരുന്നു.

മേമ്പൊടി....

ചിരികുലത്തിലെ മഹാവൈദ്യന്റെ കഷായചികിത്സ മേമ്പൊടിക്കു പോലും ഇനിയില്ല.

തൃപ്പൂണിത്തുറ എമ്പ്രാൻ മഠത്തിലെ ബ്രാഹ്മണ സമൂഹത്തിന്റെ ശ്മശാനത്തിൽ എരിഞ്ഞ ചിതയിൽ നിന്നും ഉയർന്ന പുകയുടെ ആകൃതിക്ക് പോലും സു എന്ന ആ പ്രശസ്തമായ ആ ഒറ്റയക്ഷര കയ്യൊപ്പിന്റെ ചേലുണ്ടായിരുന്നു. ഹാസ്യകൈരളിയുൾപ്പടെയുളള പ്രസിദ്ധീകരണങ്ങളുടെ പേജുകളിൽ എത്രയോ വട്ടം ആ സു കയ്യൊപ്പു ചാർത്തി എന്നത് നന്ദിയോടെ ഓർക്കാം.

ഇനി ഒരു പ്രസിദ്ധീകരണത്തിലും കാണാൻ കിട്ടാത്ത ആ കയ്യൊപ്പിന് മുമ്പിൽ കൂപ്പുകൈകളോടെ

പ്രണാമം.

പ്രസന്നൻ ആനിക്കാട്, കേരള കാർട്ടൂൺ അക്കാദമി മുൻ ചെയർമാൻ

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORIAL