01:23pm 05 July 2024
NEWS
ബി.ജെ.പിയില്‍ ഇനി കിളവന്‍മാര്‍ പുറത്ത്
പാര്‍ട്ടിയെ യൗവനയുക്തമാക്കാന്‍ തീരുമാനം
കേരളത്തില്‍ ആരൊക്കെ പുറത്തുപോകും ?

09/12/2019  11:04 AM IST
Keralasabdam Online Desk
ബി.ജെ.പിയില്‍ കിളവന്‍മാര്‍ പുറത്ത്
HIGHLIGHTS

സംസ്ഥാന അധ്യക്ഷന് 55 വയസ്സില്‍ കൂടുതല്‍ ആവാമോ എന്ന കാര്യത്തില്‍ വ്യക്തമായ ഉത്തരം കേന്ദ്രം നല്‍കിയിട്ടില്ല. ഇക്കുറി 55 വയസ്സിനു മുകളിലുള്ളവര്‍ വന്നാലും കുഴപ്പമില്ല, അടുത്ത തവണ സംസ്ഥാന അധ്യക്ഷന് 55 വയസ്സ് നിര്‍ബന്ധമാക്കും

ബി.ജെ.പി.യില്‍ പ്രായത്തിന് പ്രാമുഖ്യം നല്‍കിക്കൊണ്ട് സംഘടനാതലത്തില്‍ അടിമുടി അഴിച്ചുപണി വരുന്നു. പാര്‍ട്ടിയെ യൗവനയുക്തമാക്കാനുള്ള കര്‍ശന നിര്‍ദേശമാണ് കേന്ദ്ര നേതൃത്വം നല്‍കിയിട്ടുള്ളത്. പ്രായം ബി.ജെ.പി.യില്‍ സ്ഥാനങ്ങള്‍ ലഭിക്കുന്നതിനുള്ള പ്രധാന ഘടകമായി മാറും. അതിനുള്ള നടപടികള്‍ ഈ തിരഞ്ഞെടുപ്പോടെ തന്നെ തുടങ്ങും. പാര്‍ട്ടിയെ സര്‍ക്കാരിനെക്കാളും ചെറുപ്പവും ഊര്‍ജസ്വലവുമായി നിലനിര്‍ത്തുക എന്നതാണ് നയം. യുവാക്കളെ സജ്ജമാക്കുന്നതിന്റെ ഭാഗമായി യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ മുപ്പത് വയസ്സുവരെയുള്ളവരെ മാത്രം പരിഗണിച്ചാല്‍ മതിയെന്ന് നിര്‍ദേശിച്ചിരിക്കുകയാണ്. മണ്ഡലം പ്രസിഡന്റ് 45 വയസ്സില്‍ താഴെയുള്ള ആളായിരിക്കണം. ജില്ലാ പ്രസിഡന്റിന് 55 വയസ്സില്‍ കൂടാന്‍ പാടില്ലെന്നും കേന്ദ്രം കര്‍ശന നിര്‍ദേശം നല്‍കി. അതേസമയം, സംസ്ഥാന അധ്യക്ഷന് 55 വയസ്സില്‍ കൂടുതല്‍ ആവാമോ എന്ന കാര്യത്തില്‍ വ്യക്തമായ ഉത്തരം കേന്ദ്രം നല്‍കിയിട്ടില്ല. ഇക്കുറി 55 വയസ്സിനു മുകളിലുള്ളവര്‍ വന്നാലും കുഴപ്പമില്ല, അടുത്ത തവണ സംസ്ഥാന അധ്യക്ഷന് 55 വയസ്സ് നിര്‍ബന്ധമാക്കും. അതേസമയം, സംസ്ഥാന സമിതിയില്‍ 55-ന് മുകളില്‍ ഉള്ളവരെയും പരിഗണിക്കും. ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പ്രായാധിക്യം പരിഗണിച്ച് മാറേണ്ടി വരുന്നവര്‍ക്ക് സംസ്ഥാന സമിതിയില്‍ ഇടം കണ്ടെത്താന്‍ കഴിഞ്ഞേക്കും. ഇപ്പോള്‍ സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നതില്‍ കെ. സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍, എം.ടി. രമേശ് എന്നിവര്‍ക്ക് വയസ്സ് കര്‍ശനമാക്കിയാലും ഇപ്പോള്‍ പ്രശ്‌നമാവില്ല. അതേസമയം, സമവായം എന്ന നിലയില്‍ മുതിര്‍ന്ന നേതാക്കളെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നത് ഭാവിയില്‍ നടക്കാതെയാവും. പാര്‍ട്ടിയിലെ ആക്ടീവ് അംഗങ്ങളുടെ കാര്യത്തിലും വലിയ വ്യത്യാസം വരുത്താന്‍ കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തില്‍ ബി.ജെ.പി. അംഗങ്ങള്‍ കൂടിയെന്ന് പറയുമ്പോള്‍ത്തന്നെ ആക്ടീവ് അംഗങ്ങളുടെ എണ്ണം കേരളത്തില്‍ കുറഞ്ഞതായാണ് കാണുന്നത്. 25 അംഗങ്ങളെ ചേര്‍ക്കുന്നവര്‍ക്കു മാത്രമേ ആക്ടീവ് അംഗത്വം ലഭിക്കുകയുള്ളു. ആ നിബന്ധന എടുത്തുകളയാന്‍ ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരിക്കുകയാണ്. പാര്‍ട്ടിയില്‍ ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുള്ളവര്‍ക്കെല്ലാം ഇനി ആക്ടീവ് മെമ്പര്‍ഷിപ്പ് നല്‍കാനും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA