07:14am 29 June 2024
NEWS
ദുരിതത്തില്‍ കൈത്താങ്ങായി ഒരുമിച്ചു
പിന്നീട് സഹായധനം കക്കാനും ചിലര്‍
കൈകോര്‍ത്തു, ഇത് നാണക്കേട്

16/03/2020  05:59 AM IST
Keralasabdam Online Desk
 ഇത് നാണക്കേട്
HIGHLIGHTS

ഐടി മിഷന്‍ തയാറാക്കിയ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണു പ്രളയദുരിതാശ്വാസത്തിനു പട്ടിക തയാറാക്കിയത്. ഈ പട്ടികയില്‍ സ്വന്തം പേരും തട്ടിപ്പിനായി മറ്റു പ്രതികളുടെ പേരും അക്കൗണ്ട് നമ്പറും തിരുകിക്കയറ്റി സംശയത്തിന് ഇടനല്‍കാതെ അക്കൗണ്ടിലേക്കു പണം മാറ്റുകയായിരുന്നു. ദുരിതാശ്വാസ വിഭാഗത്തില്‍ ജോലിചെയ്യുന്ന ഒരു ക്ലാര്‍ക്കിനു മാത്രമായി ഇത്തരം തട്ടിപ്പു നടത്താനാവില്ല. ഇദ്ദേഹം തയാറാക്കുന്ന ഫയല്‍ ജൂനിയര്‍ സൂപ്രണ്ടും ഡപ്യൂട്ടി കലക്ടറും മറ്റും പരിശോധിച്ച ശേഷമാണു തുക പാസാക്കുന്നത്. മേല്‍നോട്ട വീഴ്ച തീര്‍ച്ചയായും തട്ടിപ്പിനു കാരണമായിട്ടുണ്ട്

കേരളം ഒറ്റക്കെട്ടായാണ് പ്രളയം എന്ന വിപത്തിനെ നേരിട്ടത്. ഇക്കാര്യത്തില്‍ കേരളത്തെ രാജ്യമൊന്നടങ്കം അഭിനന്ദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്ന് സമ്പാദിച്ച സത്കീര്‍ത്തി മുഴുവന്‍ കളഞ്ഞുകുളിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പ്രളയദുരിത ബാധിതര്‍ക്ക് അനുവദിച്ച സഹായധനത്തില്‍നിന്നും ചിലര്‍ നടത്തിയ തിരിമറികള്‍ കേരളസമൂഹത്തിനൊന്നടങ്കം നാണക്കേടായി മാറിയിരിക്കുകയാണ്. ഇതിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് മലയാളമനോരമ മുഖപ്രസംഗം. അതിന്റെ പൂര്‍ണ്ണരൂപം ചുവടെ -
               മലയാളികള്‍ ഒരേ മനസ്സോടെ, ഒട്ടേറെ ത്യാഗം സഹിച്ചും പരസ്പരം സഹായിച്ചും മനുഷ്യത്വത്തിന്റെ മഹനീയ മാതൃക കാണിച്ച അവസരമായിരുന്നു പ്രളയകാലവും തുടര്‍ന്നുള്ള അതിജീവനകാലവും. പ്രളയ ദുരിതാശ്വാസത്തട്ടിപ്പിന്റെ രൂപത്തില്‍ എറണാകുളം ജില്ലാ കലക്ടറേറ്റില്‍ നടന്നതു പക്ഷേ, ഒരുമയുടെ ആ മഹനീയതയെ നാണംകെടുത്തുന്ന കാര്യമായി. ദുരന്തം നേരിട്ടവര്‍ക്കു വിതരണം ചെയ്യേണ്ട പണം മോഷ്ടിക്കുകയെന്നത് ഏറ്റവും നിന്ദ്യമായ കാര്യമാണ്. പ്രളയ ദുരിതാശ്വാസത്തുക വിതരണ വിഭാഗത്തില്‍ ജോലിയിലുള്ള ഒരു ഉദ്യോഗസ്ഥന്‍ സ്വന്തം ബാങ്ക് അക്കൗണ്ടിലൂടെയും സുഹൃത്തുക്കളുടെ അക്കൗണ്ടുകളിലൂടെയും 23.03 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം. തട്ടിപ്പു പുറത്തുവന്നപ്പോള്‍ ഇത് 10.5 ലക്ഷം രൂപ മാത്രമായിരുന്നു. എന്നാല്‍, തുടര്‍ച്ചയായി തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയിലെ രണ്ട് അംഗങ്ങള്‍, ഇതില്‍ ഒരാളുടെ ഭാര്യയും എല്‍ഡിഎഫ് ഭരിക്കുന്ന അയ്യനാട് സര്‍വീസ് സഹകരണ ബാങ്ക് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗവുമായ ഒരാള്‍ എന്നിങ്ങനെ ശക്തമായ രാഷ്ട്രീയ ബന്ധങ്ങളും ഈ തട്ടിപ്പിനു പിന്നിലുണ്ടെന്നത് ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. പ്രതികളായ മൂന്നു പേരെയും സിപിഎം പുറത്താക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥരും ഭരണകക്ഷിയുടെ നേതാക്കളും ഉള്‍പ്പെട്ട തട്ടിപ്പാണ് ഇതെന്നതും പ്രളയ ദുരിതാശ്വാസ ഫണ്ടിലെ വെട്ടിപ്പാണെന്നതും സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. പ്രളയത്തില്‍ ജീവനോപാധികളും കിടപ്പാടവും നഷ്ടമായവര്‍ക്കു വിതരണം ചെയ്യേണ്ട തുകയാണു പ്രതികള്‍ ഗൂഢാലോചനയിലൂടെ തട്ടിയെടുത്തത്. ഇതു സംഘടിത കുറ്റകൃത്യമാണെന്നും തട്ടിപ്പില്‍ ഒട്ടേറെപ്പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും വിജിലന്‍സ് കണ്ടെത്തി. ഇത് ഒറ്റപ്പെട്ട തട്ടിപ്പായി കണക്കാക്കാനാവില്ല. സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയാല്‍ കൂടുതല്‍ തട്ടിപ്പുകള്‍ വെളിച്ചത്തു വന്നേക്കാം.
                  2018ലെ പ്രളയത്തില്‍ 1.80 ലക്ഷത്തോളം ആളുകള്‍ എറണാകുളം ജില്ലയില്‍ നഷ്ടപരിഹാരത്തിന് അര്‍ഹരായിട്ടുണ്ട്. ഇതില്‍ ഒരു ലക്ഷത്തോളം ആളുകള്‍ക്കു 10,000 രൂപ വീതം നല്‍കി. വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ നഷ്ടമായവരാണ് ബാക്കിയുള്ളവര്‍. 10,000 രൂപ മുതല്‍ നാലു ലക്ഷം രൂപവരെ ദുരിതാശ്വാസത്തിന് അര്‍ഹതയുള്ളവരാണിവര്‍. ഇവര്‍ക്കു വിതരണം ചെയ്യേണ്ട തുകയില്‍ നിന്നാണു തട്ടിപ്പ്. ഇതിനിടെ, പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ടു വിവാദത്തിലായ അയ്യനാട് സഹകരണ ബാങ്കിന്റെ ഡയറക്ടര്‍ വി.എ.സിയാദ് ജീവനൊടുക്കിയിരുന്നു. നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് വിഭാഗത്തിന്റെ സഹകരണത്തോടെ, ഐടി മിഷന്‍ തയാറാക്കിയ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണു പ്രളയദുരിതാശ്വാസത്തിനു പട്ടിക തയാറാക്കിയത്. ഈ പട്ടികയില്‍ സ്വന്തം പേരും തട്ടിപ്പിനായി മറ്റു പ്രതികളുടെ പേരും അക്കൗണ്ട് നമ്പറും തിരുകിക്കയറ്റി സംശയത്തിന് ഇടനല്‍കാതെ അക്കൗണ്ടിലേക്കു പണം മാറ്റുകയായിരുന്നു. ദുരിതാശ്വാസ വിഭാഗത്തില്‍ ജോലിചെയ്യുന്ന ഒരു ക്ലാര്‍ക്കിനു മാത്രമായി ഇത്തരം തട്ടിപ്പു നടത്താനാവില്ല. ഇദ്ദേഹം തയാറാക്കുന്ന ഫയല്‍ ജൂനിയര്‍ സൂപ്രണ്ടും ഡപ്യൂട്ടി കലക്ടറും മറ്റും പരിശോധിച്ച ശേഷമാണു തുക പാസാക്കുന്നത്. മേല്‍നോട്ട വീഴ്ച തീര്‍ച്ചയായും തട്ടിപ്പിനു കാരണമായിട്ടുണ്ട്. ദുരിതാശ്വാസം വേഗത്തില്‍ വിതരണം ചെയ്യാനുള്ള ശ്രമത്തില്‍ ഉണ്ടായ വീഴ്ചയെന്നാണ് ഇതിന് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.തട്ടിപ്പാണെന്നറിയാതെയാണു തങ്ങളുടെ അക്കൗണ്ടിലൂടെ പണം മാറ്റിനല്‍കിയതെന്നാണു പ്രതിചേര്‍ക്കപ്പെട്ട മൂന്നു സിപിഎം നേതാക്കളും നല്‍കിയിരിക്കുന്ന മൊഴി. ഇത്തരം ദുര്‍ബലമായ വാദങ്ങള്‍ക്കു സമൂഹത്തിനു മുന്നില്‍ വിശ്വാസ്യത കുറയും. രാഷ്ട്രീയരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ജീവിതത്തില്‍, പ്രത്യേകിച്ചു സാമ്പത്തിക കാര്യങ്ങളില്‍ പാലിക്കേണ്ട പൊതുമര്യാദകളുടെ ലംഘനമാണ് ഇത്തരം കാര്യങ്ങള്‍. പ്രളയകാലത്തു കൈമെയ് മറന്നു പ്രവര്‍ത്തിച്ചവരാണു നമ്മുടെ നാട്ടിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍. ഏതാനും വ്യക്തികളുടെ ദുഷ്‌ചെയ്തികള്‍ സര്‍ക്കാര്‍ സംവിധാനത്തിന്റെയാകെ വിശ്വാസ്യതയും രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ സല്‍പേരും ഇല്ലാതാക്കിക്കൂടാ. അതുകൊണ്ടുതന്നെ, ഈ സംഭവത്തില്‍ കാര്യക്ഷമമായ അന്വേഷണവും കര്‍ശനമായ ശിക്ഷയും ഉറപ്പാക്കുക തന്നെ വേണം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORIAL