01:24pm 05 July 2024
NEWS
പാലായില്‍ നിന്നും ഒന്നും പഠിച്ചില്ല
കുട്ടനാട്ടിലും തമ്മില്‍തല്ലി തീരാന്‍
കേരളാകോണ്‍ഗ്രസ് ഒരുങ്ങുന്നു

27/12/2019  10:55 AM IST
Keralasabdam Online Desk
കുട്ടനാട്ടിലും തമ്മില്‍തല്ലി തീരാന്‍
HIGHLIGHTS

കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാമിനെ തന്നെ സ്ഥാനാര്‍ഥിയാക്കാനാണ് ജോസഫ് പക്ഷത്തിന്റെ ആലോചന. ഇത് മുളയിലെ നുള്ളുകയാണ് ജോസ് കെ മാണി വിഭാഗം. സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥിയായി മണ്ഡലത്തിലിറങ്ങിയിട്ടുള്ള ജേക്കബ് എബ്രഹാമിനെ അംഗീകരിക്കില്ലെന്നാണ് ജോസ് പക്ഷം വ്യക്തമാക്കുന്നത്

പാലാ ഉപതിരഞ്ഞെടുപ്പിലുടനീളം നിറഞ്ഞുനിന്ന ഗ്രൂപ്പ് തര്‍ക്കവും പടലപ്പിണക്കവും കുട്ടനാട്ടിലും ആവര്‍ത്തിച്ച് കേരളാകോണ്‍ഗ്രസ്. കുട്ടനാട് ഉപതെരഞ്ഞെടുപ്പിന് കളം നിറയും മുന്‍പ് കേരള കോണ്‍ഗ്രസ് എമ്മില്‍ ജോസഫ്, ജോസ് പക്ഷങ്ങള്‍ പരസ്യമായി പോര് തുടങ്ങി. ഇക്കുറി കുട്ടനാട് സീറ്റിലെ സ്ഥാനാര്‍ഥിയെ ജോസ് കെ മാണി പ്രഖ്യാപിക്കുമെന്നും സീറ്റ് ആരുടെയും കുത്തക അല്ലെന്നും ജോസ് പക്ഷം തുറന്നടിച്ചിരിക്കുകയാണ്. സീറ്റിനായി യുഡിഎഫില്‍ അവകാശവാദം ഉന്നയിക്കാനാണ് ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം. കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാമിനെ തന്നെ സ്ഥാനാര്‍ഥിയാക്കാനാണ് ജോസഫ് പക്ഷത്തിന്റെ ആലോചന. ഇത് മുളയിലെ നുള്ളുകയാണ് ജോസ് കെ മാണി വിഭാഗം. സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥിയായി മണ്ഡലത്തിലിറങ്ങിയിട്ടുള്ള ജേക്കബ് എബ്രഹാമിനെ അംഗീകരിക്കില്ലെന്നാണ് ജോസ് പക്ഷം വ്യക്തമാക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഡോ കെ സി ജോസഫ് ജനാധിപത്യ കേരള കോണ്‍ഗ്രസിലേക്ക് ചേക്കേറിയപ്പോഴാണ്, സീറ്റ് ജോസഫ് വിഭാഗത്തിന് നല്‍കിയത്. ഇപ്പോള്‍ സാഹചര്യമിതല്ല. ആര് സ്ഥാനാര്‍ഥിയാകണമെന്ന് ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ ഉന്നതാധികാരസമിതി കൂടി തീരുമാനിക്കും. അക്കാര്യം യുഡിഎഫ് നേതാക്കളെ അറിയിക്കുമെന്നും ജോസ് പക്ഷം വ്യക്തമാക്കുന്നു. കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് ഇതിനകം മുന്നണികള്‍ തുടക്കമിട്ടിട്ടുണ്ട്. തോമസ് ചാണ്ടിക്ക് പകരക്കാരനെ കണ്ടെത്തുക എല്‍ഡിഎഫിനും, കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ യുഡിഎഫിനും വെല്ലുവിളിയാണ്. ബിജെപി - ബിഡിജെഎസ് തര്‍ക്കം എന്‍ഡിഎയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രതിഫലിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വരുന്ന ഉപതെരഞ്ഞെടുപ്പ് മുന്നണികള്‍ക്ക് ഏറെ നിര്‍ണായകമാണ്. തോമസ് ചാണ്ടിക്ക് പകരക്കാരനെ കണ്ടെത്തുക എന്‍സിപിക്ക് എളുപ്പമാകില്ല. അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്ന് തന്നെ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നേതൃത്വം. ചാണ്ടിയുടെ സഹോദരനെയോ മകളെയോ മത്സരിപ്പിക്കാനാണ് ആലോചന. എന്നാല്‍ തോമസ് ചാണ്ടിയോളം സ്വീകാര്യത കിട്ടുമോയെന്ന ആശങ്ക എന്‍സിപിക്കുണ്ട്. കുട്ടനാട് സീറ്റ് ഏറ്റെടുക്കണമെന്ന വികാരം ആലപ്പുഴ സിപിഎമ്മിലും ശക്തമാണ്. കേരള കോണ്‍ഗ്രസിലെ തര്‍ക്കം കനത്താല്‍ പാലായിലെ ദുരന്തം ആവര്‍ത്തിക്കാതിരിക്കാനായ് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്താലും ഉചിതമായ സ്ഥാനാര്‍ഥിയെ കണ്ടെത്തുക ശ്രമകരമാണ്. കഴിഞ്ഞ തവണ ബിഡിജെഎസ് ശക്തമായ മത്സരം കാഴ്ചവച്ച മണ്ഡലമാണ് കുട്ടനാട്. എന്നാല്‍ ബിജെപി - ബിഡിജെഎസ് തര്‍ക്കത്തില്‍ അയവില്ലാത്തത് എന്‍ഡിഎയിലെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.

Photo Courtesy - Google

Tags  
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA