12:10pm 26 June 2024
NEWS
തമിഴ്നാട്ടിൽ മലയാളി യാത്രക്കാരെ ആക്രമിച്ച സംഭവത്തിൽ സൈനികൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
16/06/2024  04:30 PM IST
nila
തമിഴ്നാട്ടിൽ മലയാളി യാത്രക്കാരെ ആക്രമിച്ച സംഭവത്തിൽ സൈനികൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

കൊച്ചി: തമിഴ്നാട്ടിൽ മലയാളി യാത്രക്കാർ ആക്രമണത്തിനിരയായ സംഭവത്തിൽ സൈനികൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. പാലക്കാട് ചിറ്റൂർ സ്വദേശികളായ ശിവദാസ് (29), രമേഷ് ബാബു (27), കുന്നത്തുപാളയം സ്വദേശി വിഷ്ണു (28), മല്ലപ്പള്ളി അജയ് കുമാർ (24) എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്‌ലം സിദ്ദിഖും ചാൾസ് റജിയും രണ്ട് സഹപ്രവർത്തകരും കോയമ്പത്തൂർ മധുക്കര സ്റ്റേഷൻ പരിധിയിലെ എൽ ആൻഡ് ടി ബൈപ്പാസിനു സമീപത്തുവച്ച് ആക്രമിക്കപ്പെട്ട സംഭവത്തിലാണ് നാലുപേരെ പാലക്കാട് നിന്നും മധുക്കര പൊലീസ് അറസ്റ്റ് ചെയ്തത്. 

പ്രതികളിലൊരാളായ വിഷ്ണു മദ്രാസ് റജിമന്റിൽ സൈനികനാണ്. ഏപ്രിൽ നാലിന് അവധിക്ക് നാട്ടിൽ വന്നശേഷം തിരിച്ചുപോയിട്ടില്ല. അതിനിടെയാണ് സംഘത്തിനൊപ്പം ചേർന്ന് കവർച്ചയ്ക്കിറങ്ങിയത്. കുഴൽപ്പണവുമായി വരുന്നവരെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. കെഎൽ–47–ഡി-6036, KL-42-എസ്-3960 എന്നീ നമ്പറുകളിലുള്ള രണ്ട് കാറുകളും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മറ്റു പ്രതികൾ ഒളിവിലാണ്.

വെള്ളിയാഴ്ച്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ബെംഗളൂരുവിൽനിന്ന് കമ്പനിയിലേക്കുള്ള കംപ്യൂട്ടറുകൾ വാങ്ങിയ ശേഷം മടങ്ങുകയായിരുന്നു യുവാക്കൾ. റെഡ് സിഗ്നലിൽ വാഹനം നിർത്തിയപ്പോഴായിരുന്നു ആക്രമണം. അക്രമികൾ ഉപദ്രവിച്ചെങ്കിലും അതിവേഗം കാറോടിച്ച് രക്ഷപ്പെടുകയായിരുന്നെന്ന് യുവാക്കൾ പറഞ്ഞു. തുടർന്ന് ചെക്പോസ്റ്റിലും മധുക്കര പൊലീസ് സ്റ്റേഷനിലുമെത്തി  പരാതി നൽകി. ആക്രമണ ദൃശ്യങ്ങൾ കാറിന്റെ ഡാഷ് ക്യാമിൽ പതിഞ്ഞിട്ടുണ്ട്. 

കുന്നത്തുനാട് പൊലീസ് സ്റ്റേഷനിൽ പരാതിയും ആക്രമണത്തിന്റെ വിഡിയോയുമായി ചെന്നിട്ടും കാര്യമായ നടപടിയുണ്ടായില്ലെന്ന് യുവാക്കൾ പറഞ്ഞു. വിഡിയോ നോക്കാൻ പോലും പൊലീസ് തയാറായില്ല. തമിഴ്നാട് പൊലീസിനെ അറിയിച്ചിട്ടുണ്ടല്ലോ പിന്നെ ഞങ്ങൾ നോക്കേണ്ട കാര്യമില്ലെന്നാണ് അവർ പറഞ്ഞത്. വാഹനം ഇപ്പോഴും തമിഴ്നാട്ടിലാണുള്ളത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA