06:58am 03 July 2024
NEWS
ജവഹര്‍ലാല്‍ നെഹ്‌റു ഏല്‍പ്പിച്ച
താക്കോല്‍ തിരിച്ചേല്‍പ്പിക്കുന്നു
മാത്യു വര്‍ഗീസ് മനസുതുറക്കുന്നു

09/11/2019  10:55 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
നെഹ്‌റു ഏല്‍പ്പിച്ച  താക്കോല്‍ തിരിച്ചേല്‍പ്പിക്കുന്നു
HIGHLIGHTS

Keralasabdam Exclusive INTERVIEW - പാര്‍ട്ടിക്ക് അക്കാര്യങ്ങളില്‍ പൊതുവായ ഒരു നയമുണ്ട്. അത് അറിയാവുന്നതുകൊണ്ട് ഞാന്‍ എല്ലാക്കാര്യങ്ങളും ശ്രദ്ധിക്കാറുണ്ട്. അഞ്ചുലക്ഷം രൂപയില്‍കൂടുതലുള്ള ക്രയവിക്രയങ്ങളൊക്കെ ഞാന്‍ അറിഞ്ഞിരിക്കണമെന്ന് നിയമമുണ്ടായിരുന്നു. ഓഫീസ് സ്റ്റാഫ് കൃത്യമായി അതുപാലിക്കുകയും ചെയ്തിരുന്നു.വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങളല്ല, പാര്‍ട്ടിയുടെ പൊതുവായ നിലാപടനുസരിച്ചാണ് സാമ്പത്തിക ഇടപാടുകള്‍ നടത്തുക. കണക്കുകള്‍ സുതാര്യമായിരിക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്, ഓരോ മാസവും ഞാനത് പരിശോധിക്കുകയും ചെയ്യും

തു ചരിത്രത്തിന്റെ സാക്ഷ്യപത്രമാണ്. നീണ്ട ആറു പതിറ്റാണ്ടുകാലം ഇന്ത്യാ ചരിത്രത്തോടൊപ്പം നടന്ന ഒരു മനുഷ്യന്റെ അനുഭവകഥ. ഇന്ത്യന്‍ രാഷ്ട്രീയം എത്രയോ ശുക്രനക്ഷത്രങ്ങളെ കണ്ടു; ഉദിച്ചുയരുന്നതും കരിഞ്ഞുവീഴുന്നതും ഉള്‍പ്പെടെ. പ്രഗത്ഭരും പ്രസിദ്ധരുമായ എണ്ണമറ്റ നേതാക്കളുമായി സൗഹൃദം പങ്കുവച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ചെറുതും വലുതുമായ എല്ലാ തിരയിളക്കങ്ങള്‍ക്കും കൊടുങ്കാറ്റുകള്‍ക്കും സാക്ഷിയായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഓഫീസിലെ കാഷ്യറായിരുന്നു കോണ്‍ഗ്രസ് നേതാവുകൂടിയായ ടി. മാത്യുവര്‍ഗീസ്. കഴിഞ്ഞ അറുപതു വര്‍ഷങ്ങളായി അദ്ദേഹം ഈ സ്ഥാനം വഹിക്കുന്നു. ജവഹര്‍ലാല്‍ നെഹ്‌റു മുതലുള്ള അന്നത്തെ മുതിര്‍ന്ന നേതാക്കളുമായി അടുത്തബന്ധം പുലര്‍ത്താനും കഴിഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഖജനാവിന്റെ കാവല്‍ക്കാരന്‍ എന്ന വിശേഷണവും ചേരും. കാരണം കഴിഞ്ഞ ആറു പതിറ്റാണ്ടുകാലമായി കോണ്‍ഗ്രസിന്റെ സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നതും ഇദ്ദേഹം തന്നെ.
           കാര്യശേഷിയോടൊപ്പം ഒരിക്കലും കൈമോശം വരാത്ത ആദര്‍ശശുദ്ധിയുമാണ് ഇന്നും ഈ സ്ഥാനത്തു തുടരാന്‍ ഇദ്ദേഹത്തെ സഹായിക്കുന്നത്. എത്രയോ മഹാരഥന്മാര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അമരത്തും അണിയത്തും അണിനിരന്നു. നാലു പതിറ്റാണ്ടിലേറെക്കാലം ഇന്ത്യാമഹാരാജ്യത്തിന്റെ ഭാഗധേയം നിര്‍ണ്ണയിച്ചിരുന്നതും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്. അപ്പോഴൊക്കെയും അധികാരത്തിന്റെയോ പ്രശസ്തിയുടെയോ വെള്ളിവെളിച്ചത്തില്‍ എത്താതെ, എല്ലാത്തിനും നിശ്ശബ്ദ സാക്ഷിയായി അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഓഫീസിന്റെ ഭാഗമായി നിലകൊണ്ടു. ആദര്‍ശരാഷ്ട്രീയം പഴങ്കഥയാണിന്ന്. കോണ്‍ഗ്രസിനെന്നല്ല എല്ലാ പാര്‍ട്ടികള്‍ക്കും. പക്ഷേ പഴയ വിശ്വാസപ്രമാണങ്ങളില്‍ മുറുകെപ്പിടിക്കുന്ന അപൂര്‍വം ചിലര്‍ ഇന്നുമുണ്ട്. അതിലൊരാളാണ് മാത്യു വര്‍ഗ്ഗീസ്. അതുകൊണ്ടാണ് അരനൂറ്റാണ്ടിലേറെക്കാലം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ദേശീയനേതാക്കളുമായി അടുത്തിടപഴകി ഈ പ്രസ്ഥാനത്തില്‍ ഇരിക്കുമ്പോഴും സ്വന്തം മക്കള്‍ തൊഴില്‍തേടി കടല്‍കടക്കേണ്ടിവന്നത്. ഒരു തരത്തിലുമുള്ള ശുപാര്‍ശയ്ക്കും സ്വാധീനത്തിനും അദ്ദേഹം തയ്യാറായിട്ടില്ല. കോടിക്കണക്കിനു രൂപയുടെ കണക്കുകള്‍ കൈകാര്യം ചെയ്യുമ്പോഴും ഒരു ചില്ലിക്കാശുപോലും അനധികൃതമായി കൈക്കലാക്കിയില്ല. അതുകൊണ്ടുതന്നെയാണല്ലോ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നേതൃത്വം അനവധി പ്രാവശ്യം അടിമുടി മാറിയിട്ടും ടി.മാത്യു വര്‍ഗ്ഗീസ് എന്ന ഖജനാവിന്റെ കാവല്‍ക്കാരന് ഒരു മാറ്റവും വരാതിരുന്നത്.
    നീണ്ട അറുപതാണ്ടുകളുടെ സ്തുത്യര്‍ഹസേവനത്തിനുശേഷം ഈ ഡിസംബര്‍ മാസത്തില്‍ അദ്ദേഹം കോണ്‍ഗ്രസ് ഓഫീസിന്റെ പടിയിറങ്ങുകയാണ്. പ്രായവും ക്ഷീണവും കൊണ്ടുള്ള സ്വയം വിരമിക്കല്‍. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ള ആര്‍ക്കും ഇദ്ദേഹം പിരിയുന്നതില്‍ യോജിപ്പില്ല. പക്ഷേ പ്രായത്തിന്റെ ക്ഷീണവും രോഗവും മൂലം അദ്ദേഹം തന്നെ സ്വയം പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. ഭരണസിരാകേന്ദ്രത്തില്‍ നിത്യസാന്നിദ്ധ്യമായിരുന്നപ്പോഴും ഉപജാപങ്ങള്‍ക്കൊന്നും പോകാതെ രാഷ്ട്രീയവും സ്വകാര്യവുമായ സംശുദ്ധി നിലനിര്‍ത്തിയ ടി.മാത്യൂ വര്‍ഗ്ഗീസ്  തന്റെ ദീര്‍ഘനാളത്തെ അനുഭവങ്ങള്‍ തൃപ്പൂണിത്തുറ കണ്ടനാട്ടെ വസതിയില്‍വച്ച്  കേരളശബ്ദവുമായി പങ്കുവയ്ക്കുന്നു.

 

നീണ്ട അറുപതു വര്‍ഷങ്ങള്‍ ഇന്ത്യയുടെ തലസ്ഥാനത്ത് ഭരണസിരാകേന്ദ്രത്തില്‍ എല്ലാത്തിനും സാക്ഷിയായി ഉണ്ടായിരുന്നു. കാലത്തിന്റെ മാറ്റം ഏറ്റവും പ്രകടമാകുന്നത് രാഷ്ട്രീയ രംഗത്താണോ, ഭരണരംഗത്താണോ?
രാഷ്ട്രീയ കക്ഷികളാണല്ലോ ഭരണരംഗത്തു വരുന്നത്. അതുകൊണ്ടുതന്നെ രാഷ്ട്രീയ മാറ്റങ്ങളാണ് ഏറ്റവും പ്രധാനം. മാറ്റങ്ങള്‍ എല്ലാരംഗത്തും പ്രകടമാണ്. രാഷ്ട്രീയ കക്ഷികള്‍ക്ക് ഒറ്റയ്ക്കു നില്‍ക്കാനുള്ള കരുത്തു നഷ്ടപ്പെട്ടതാണ് രാഷ്ട്രീയ മാറ്റങ്ങളില്‍ ഏറ്റവും പ്രധാനം. അതുകൊണ്ടുതന്നെ നയപരിപാടികളില്‍ ഏക സ്വഭാവമില്ല. പഴയകാലത്തെ സ്ഥിതി ഇങ്ങനെയായിരുന്നില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തന്നെ ഉദാഹരണം. ഇന്ത്യ ഒറ്റയ്ക്കു ഭരിച്ചുകൊണ്ടിരുന്ന കക്ഷിയാണ്. അതുകൊണ്ടുതന്നെ സ്വന്തം ആശയങ്ങളും ആദര്‍ശങ്ങളും നടപ്പിലാക്കാനും കോണ്‍ഗ്രസിനു കഴിഞ്ഞിരുന്നു. ഇന്ന് അതിനു കഴിയുന്നില്ല. അത് ആരുടേയും കുറ്റമല്ല-കാലത്തിന്റെ  മാറ്റത്തില്‍ വന്ന സ്വാഭാവിക പരിണാമമാണ്.

കോണ്‍ഗ്രസിലെ ഉന്നതനേതാക്കളുമായി അടുത്തു സൗഹൃദം പുലര്‍ത്തിയിരുന്നല്ലോ - ജവഹര്‍ലാല്‍ നെഹ്‌റു, കാമരാജ് തുടങ്ങിയവര്‍ ഇവരുമായുള്ള അനുഭവങ്ങള്‍?
ഇവരൊക്കെയായി നല്ല അടുപ്പമുണ്ടായിരുന്നു. പക്ഷേ രാഷ്ട്രീയ കാര്യങ്ങളല്ല ഞങ്ങള്‍ സംസാരിച്ചിരുന്നത്. സാമ്പത്തിക കാര്യങ്ങളായിരുന്നല്ലോ. രണ്ടുപ്രാവശ്യം കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ആളാണ് കെ. കാമരാജ്. കോണ്‍ഗ്രസിന്റെ പരമോന്നത സ്ഥാനത്തിരിക്കുമ്പോഴും വളരെ ലളിതമായ ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. തലക്കനം ഒട്ടുമില്ലാത്ത പെരുമാറ്റം. ജവഹര്‍ലാല്‍ നെഹ്‌റുവും അങ്ങനെ തന്നെയായിരുന്നു. വലിപ്പച്ചെറുപ്പമില്ലാതെയുള്ള പെരുമാറ്റമായിരുന്നു അദ്ദേഹത്തിനും. എപ്പോള്‍ ഓഫീസില്‍ വന്നാലും ഞാന്‍ ഉള്‍പ്പെടെയുള്ള ഓഫീസ് സ്റ്റാഫിനോട് ക്ഷേമാന്വേഷണം നടത്തിയിട്ടേ മുറിയിലേക്കു പോകൂ.

ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു നടത്തിയിരുന്ന ഉപചാപങ്ങളെക്കുറിച്ച് നെഹ്‌റുവിന്റെ സെക്രട്ടറിയായിരുന്ന എം.ഒ മത്തായി എഴുതിയിരുന്നല്ലോ? ഇതിന്റെ വാസ്തവം എന്താണ്?
ഞാന്‍ കോണ്‍ഗ്രസ് ഓഫീസിലായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നില്ല. നേരിട്ട് അറിയാന്‍ വയ്യാത്ത കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നതു ശരിയല്ലല്ലോ. പിന്നെ ഞാന്‍ മനസ്സിലാക്കിയിടത്തോളം ഒരു കാര്യം പറയാം. അറിഞ്ഞുകൊണ്ട് ഒരു ഉപചാപത്തിനും നില്‍ക്കുന്ന ആളായിരുന്നില്ല നെഹ്‌റുജി. അദ്ദേഹത്തിന്റെ പേര് ദുരുപയോഗം ചെയ്ത് മറ്റു വല്ലവരും നടത്തിയിട്ടുണ്ടോ എന്നറിയില്ല.

കാമരാജ് ഒക്കെയായി നല്ല അടുപ്പമുണ്ടായിരുന്നല്ലോ? അവര്‍ ഭരണപരമായ കാര്യങ്ങളില്‍ ഇടപെട്ടിരുന്നതായി തോന്നിയിട്ടുണ്ടോ?   
അതറിയില്ല. പാര്‍ട്ടിപ്രസിഡന്റ് എന്ന നിലയില്‍ അന്നത്തെ ഭരണകര്‍ത്താക്കളുമായി ചര്‍ച്ചചെയ്തിട്ടുണ്ടാകാം. കാമരാജ് മാത്രമല്ല, നിജലിംഗപ്പ, നീലം സജ്ജീവറെഡി, ശങ്കര്‍ ദയാല്‍ശര്‍മ്മ, ഡി.കെ. ബറുവ, കെ.ബ്രഹ്മാനന്ദ റെഡി എന്നിവരുമൊക്കെയായി നല്ല സൗഹൃദത്തിലായിരുന്നു.

ഇന്ദിരാഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് ആയിരുന്നപ്പോഴാണല്ലോ കേരളത്തിലെ ഇ.എം.എസ് മന്ത്രിസഭയെ പിരിച്ചുവിട്ടത്. അന്നത്തെ പ്രധാനമന്ത്രി നെഹ്‌റുവിനു സമ്മതമല്ലായിരുന്നു എന്നും ഇന്ദിരാഗാന്ധിയുടെ നിര്‍ബന്ധം മൂലമായിരുന്നെന്നും പറയപ്പെടുന്നുണ്ടല്ലോ,സത്യാവസ്ഥ എന്താണ്?
ഞാന്‍ നേരത്തെ പറഞ്ഞല്ലോ- രാഷ്ട്രീയവിവാദങ്ങള്‍ക്കു ഞാനില്ല. സാമ്പത്തിക കാര്യത്തിലെ കൃത്യതകൊണ്ടുമാത്രമല്ല, പാര്‍ട്ടിരഹസ്യങ്ങള്‍ സൂക്ഷിക്കുമെന്നുള്ളതുകൊണ്ടുമാണ് കഴിഞ്ഞ അറുപതു വര്‍ഷക്കാലമായി കോണ്‍ഗ്രസ് ഓഫീസില്‍ എന്നെ നിലനിര്‍ത്തിയിരുന്നത്. നിങ്ങള്‍ ചോദിച്ചതുകൊണ്ടു പറയാം- അന്നത്തെ മന്ത്രിസഭ പിരിച്ചുവിട്ടതു സംബന്ധിച്ച് നിങ്ങള്‍ പറഞ്ഞ കാര്യം അക്കാലത്തെ പ്രമുഖമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു. കോണ്‍ഗ്രസ് വക്താക്കള്‍ ഉള്‍പ്പെടെ അതാരും നിഷേധിച്ചിട്ടുമില്ല. അതുകൊണ്ട് അതില്‍ വാസ്തവമുണ്ടാകാമെന്നു ഞാനും കരുതുന്നു. പിന്നെ വളരെ ശക്തമായ തീരുമാനമെടുക്കാനും അതു നടപ്പിലാക്കാനും കഴിവുള്ളയാളായിരുന്നു ഇന്ധിരാഗാന്ധി. തന്റെ അഭിപ്രായം ഉറപ്പിച്ചുപറയുന്ന സ്വഭാവക്കാരിയുമായിരുന്നു അവര്‍. പിന്നീടു പ്രധാനമന്ത്രിയായപ്പോള്‍ അത് ഇന്ത്യയിലെ ജനങ്ങള്‍ക്കും ബോദ്ധ്യപ്പെട്ടതാണല്ലോ?

പഴയകാലരാഷ്ട്രീയ നേതാക്കളുമായി അടുത്തിടപഴകിയിരുന്നയാളാണല്ലോ. ഇന്നത്തെ നേതാക്കളും അന്നത്തെ നേതാക്കളും തമ്മിലുള്ള പ്രകടമായ വ്യത്യാസം എന്താണ്?
അന്നും ഇന്നും നേതൃസ്ഥാനത്തെത്തുന്നവരെല്ലാം കഴിവുള്ളവര്‍ തന്നെയാണ്. ഇല്ലെങ്കില്‍ അവര്‍ക്കവിടെ എത്താന്‍ കഴിയില്ലല്ലോ? പിന്നെ പ്രകടമായ വ്യത്യാസം എന്തെന്നു ചോദിച്ചാല്‍ അന്നത്തെ നേതാക്കള്‍ എല്ലാക്കാര്യത്തിലും തികഞ്ഞ ലാളിത്യം പുലര്‍ത്തിയിരുന്നവരാണ്. ഇന്നും അങ്ങനെയുള്ളവരുണ്ട്. പക്ഷേ പണ്ട് എല്ലാവരും അങ്ങിനെ തന്നെയായിരുന്നു. ഇന്നത്തെ തലമുറയെ ഞാന്‍ കുറ്റംപറയുന്നില്ല. അവര്‍ വളര്‍ന്നുവരുന്ന, ജീവിത സാഹചര്യം അങ്ങനെയാണ്. പിന്നെ അന്ന് ഇന്നത്തെപോലുള്ള സാമ്പത്തിക,സാങ്കേതിക സൗകര്യങ്ങളുമില്ല. കാലത്തിന്റെ മാറ്റം എല്ലാവരും ഉള്‍ക്കൊള്ളണമല്ലോ?

ഒട്ടേറെ മലയാളികള്‍ അന്നും നിര്‍ണായക സ്ഥാനത്ത് ഭരണസിരാകേന്ദ്രങ്ങളിലുണ്ടായിരുന്നല്ലോ? എം.ഒ. മത്തായി, ഡോ. പി.സി. അലക്‌സാണ്ടര്‍, വി.പി. മേനോന്‍ എന്നിങ്ങനെ ഒട്ടേറെപേര്‍. കേരളത്തെ പലരീതിയിലും അവഗണിക്കുന്നു എന്ന് നമുക്കു പരാതിയുണ്ടെങ്കിലും  ഭരണരംഗത്ത് മലയാളി സാന്നിദ്ധ്യം എല്ലാക്കാലത്തുമുണ്ടല്ലോ? ഇതെങ്ങനെ സംഭവിക്കുന്നു?
അക്കാദമിക് രംഗത്തും നേതൃപാടവത്തിലും മലയാളികള്‍ മറ്റാര്‍ക്കും പിന്നിലല്ല എന്നാണെന്റെ  അനുഭവം. പിന്നെ, വി.പി. മേനോന്റെ കാലഘട്ടം കുറെകൂടി മുമ്പാണ്. ഞാന്‍ ഡല്‍ഹിയിലെത്തുന്നത് 1959-ലാണ.് ഇന്ത്യയുടെ കാബിനറ്റ് സെക്രട്ടറി എന്ന നിലയിലും സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ വലംകൈ എന്ന നിലയിലും ഡല്‍ഹിയില്‍ നിറഞ്ഞുനിന്ന ആളാണ്. ഞാന്‍ എത്തുമ്പോഴേക്കും അദ്ദേഹം ഔദ്യോഗിക രംഗത്തുനിന്നും പിരിഞ്ഞിരുന്നു.

പാര്‍ട്ടിഫണ്ടു ചെലവഴിക്കുന്ന കാര്യത്തില്‍ ഉന്നതനേതാക്കളുടെ ഇടപെടല്‍ ഉണ്ടാകാറുണ്ടോ?   
വ്യക്തിപരമായി ആരും അതില്‍ കൈ കടത്താറില്ല. പാര്‍ട്ടിക്ക് അക്കാര്യങ്ങളില്‍ പൊതുവായ ഒരു നയമുണ്ട്. അത് അറിയാവുന്നതുകൊണ്ട് ഞാന്‍ എല്ലാക്കാര്യങ്ങളും ശ്രദ്ധിക്കാറുണ്ട്. അഞ്ചുലക്ഷം രൂപയില്‍കൂടുതലുള്ള ക്രയവിക്രയങ്ങളൊക്കെ ഞാന്‍ അറിഞ്ഞിരിക്കണമെന്ന് നിയമമുണ്ടായിരുന്നു. ഓഫീസ് സ്റ്റാഫ് കൃത്യമായി അതുപാലിക്കുകയും ചെയ്തിരുന്നു.വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങളല്ല, പാര്‍ട്ടിയുടെ പൊതുവായ നിലാപടനുസരിച്ചാണ് സാമ്പത്തിക ഇടപാടുകള്‍ നടത്തുക. കണക്കുകള്‍ സുതാര്യമായിരിക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്, ഓരോ മാസവും ഞാനത് പരിശോധിക്കുകയും ചെയ്യും. കൃത്യമായ ഓഡിറ്റിംഗും ഉണ്ട്. കണക്കുകള്‍ എ.ഐ.സി.സിക്കു ബോദ്ധ്യപ്പെടേണ്ടതാണല്ലോ? ഇത്തരം സാമ്പത്തികകാര്യങ്ങളില്‍ കൃത്യതയും വിശ്വാസ്യതയും പുലര്‍ത്തുന്നതുകൊണ്ടാകും ഇതിനുമുമ്പു പിരിയാന്‍ ഞാന്‍ തീരുമാനിച്ചിട്ടും കോണ്‍ഗ്രസ് നേതൃത്വം അതിനു സമ്മതിക്കാതിരുന്നത്. രോഗവും ക്ഷീണവുമുള്ളതുകൊണ്ട് ഇനി തുടരാന്‍ പറ്റില്ലെന്ന് ഞാന്‍ നിര്‍ബന്ധമായി പറഞ്ഞതുകൊണ്ടാണ് പോകാന്‍ അവര്‍ സമ്മതിച്ചത്. ഈ വരുന്ന ഡിസംബര്‍ 30-ാം തിയതി ഞാന്‍ ഒദ്യോഗികമായി കോണ്‍ഗ്രസ് ഹൗസിന്റെ പടിയിറങ്ങും. അറുപതാണ്ടിന്റെ ഓര്‍മ്മകള്‍ മാത്രം ബാക്കിയാക്കിക്കൊണ്ട്.

ദേശീയതലത്തില്‍ അത്യുന്നതബന്ധങ്ങളൊക്കെ ഉണ്ടായിട്ടും കുട്ടികള്‍ക്കൊന്നും ഇന്ത്യയില്‍ ജോലിവാങ്ങിക്കൊടുക്കാന്‍ ശ്രമിക്കാഞ്ഞതെന്താണ്. ഇപ്പോള്‍ സ്വന്തം നിലയില്‍ അവര്‍ ഗള്‍ഫില്‍ ജോലി ചെയ്യുകയല്ലേ?
അതെ. അതാണ് അഭികാമ്യം. കോണ്‍ഗ്രസിലെ ഉന്നതനേതാക്കളുമായി അടുപ്പമുണ്ടെന്നുള്ളത് ശരിയാണ്. പക്ഷേ ആ അടുപ്പം ശുപാര്‍ശക്കോ,സ്വാധീനത്തിനോ ഞാന്‍ ഉപയോഗിച്ചിട്ടില്ല, ഇന്നോളം ഞാന്‍ ഓഫീസ് കാര്യങ്ങളിലാണു ശ്രദ്ധിച്ചതെങ്കിലും പഴയകാല നേതാക്കളുടെ സംശുദ്ധ രാഷ്ട്രീയം എന്നും എന്നെ ആകര്‍ഷിച്ചിരുന്നു. കൈകളില്‍ അഴിമതിയുടെ കറപുരളരുതെന്നു എനിക്കു നിര്‍ബന്ധമുണ്ട്. അതുകൊണ്ടുതന്നെ  വ്യക്തിപരമായ ഒരു കാര്യത്തിലും ഒരു നേതാവിന്റെ അടുത്തും ഞാന്‍ പോയിട്ടുമില്ല. ഒരു ശുപാര്‍ശക്കും ഞാന്‍ ചെല്ലില്ല എന്നുറപ്പുള്ളതുകൊണ്ട് നേതാക്കള്‍ക്കൊന്നും എന്നോട്  അടുത്തിടപഴകാന്‍ മടിയില്ല.

ഇത്രയേറെ പാരമ്പര്യമുണ്ടെങ്കിലും കോണ്‍ഗ്രസിന്റെ ഇന്നത്തെ നില പരിതാപകരമാണല്ലോ ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകുമോ?
ഞാന്‍ രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യില്ല എന്നു നേരത്തെ സൂചിപ്പിച്ചിരുന്നതാണ്. അതുകൊണ്ട് വിശദമായൊന്നും പറയുന്നില്ല. എങ്കിലും ഒരു കാര്യം എടുത്തുപറയാം. ഇന്ത്യയിലെ ഇന്നത്തെ രാഷ്ട്രീയ കക്ഷികളെ അപേക്ഷിച്ചുനോക്കുമ്പോള്‍ ഇന്ത്യമുഴുവന്‍  വേരോട്ടമുള്ള അടിത്തറയുള്ള പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഏതു കൊച്ചുഗ്രാമത്തില്‍പോയാലും അവിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുണ്ടാകും. ഇതൊരു ചെറിയ കാര്യമല്ല. പാര്‍ട്ടിയുടെ ഈ അടിവേരുകള്‍ ഏതുസമയത്തും പുഷ്ടിപ്പെടുത്താവുന്നതേയുളളു. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിന്റെ അസ്തിത്വം ഒരിക്കലും നഷ്ടപ്പെടില്ല എന്നും ഞാന്‍ കരുതുന്നു. ഇന്ദിരാഗാന്ധിയുടെ കാലത്തും കോണ്‍ഗ്രസ് ഒന്നുമല്ലാതായതല്ലേ? വീണ്ടും തിരിച്ചുവന്നില്ലേ? ജനഹൃദയങ്ങളില്‍ വേരുറപ്പിച്ചിട്ടുള്ള പ്രസ്ഥാനങ്ങളൊക്കെ നിലനില്‍ക്കും. എന്റെ അനുഭവം അതാണെന്നെ പഠിപ്പിച്ചത്.

മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
INTERVIEW