09:50am 08 July 2024
NEWS
സപ്ലൈകോയിലെ ശബരി വെളിച്ചെണ്ണയിൽ മായം
29/11/2022  06:36 PM IST
nila
സപ്ലൈകോയിലെ ശബരി വെളിച്ചെണ്ണയിൽ മായം
HIGHLIGHTS

ആരോഗ്യത്തിന് ഹാനികരമായ പദാർത്ഥങ്ങൾ ശബരി വെളിച്ചെണ്ണയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. 

 

തിരുവനന്തപുരം: സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ വിതരണം ചെയ്യുന്ന ശബരി വെളിച്ചെണ്ണയിൽ മിനറൽ ഓയിലിന്റെയും മാലിന്യത്തിന്റെയും സാന്നിധ്യം. ഈ മാസം 25 ന് കോന്നിയിലെ സർക്കാർ ഉടമസ്ഥതയിലുള്ള സി എഫ് ആർ ഡി ലാബിൽ നടത്തിയ പരിശോധനയിലാണ് സപ്ലൈകോയുടെ മൂന്നാർ ഡിപ്പോയിൽ റോയൽ എഡിബിൾ കമ്പനി വിതരണം ചെയ്ത ശബരി വെളിച്ചെണ്ണയിൽ മായം കണ്ടെത്തിയത്.  ആരോഗ്യത്തിന് ഹാനികരമായ പദാർത്ഥങ്ങൾ ശബരി വെളിച്ചെണ്ണയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. 

മിനറൽ ഓയിൽ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെ വില്പനശാലകളിൽ നിന്നും ഡിപ്പോകളിൽ നിന്നും അതേ ബാച്ച് വെളിച്ചെണ്ണ തിരിച്ചെടുക്കാൻ സിവിൽ സപ്ലൈസ് കോർപ്പറേഷൻ നിർദ്ദേശം നൽകി. വെളിച്ചെണ്ണ വിതരണം ചെയ്ത റോയൽ എഡിബിൾ കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്നുമാണ് കോർപ്പറേഷന്റെ വിശദീകരണം. 

ഇതേ ബാച്ചിൽ പെട്ട ശബരി അഗ്മാർക്ക് വെളിച്ചെണ്ണ എല്ലാ വില്പനശാലകളിൽ നിന്നും ഡിപ്പോകളിൽ നിന്നും തിരിച്ചെടുക്കുന്നതിനാണ് സപ്ലൈകോ നിർദേശം നൽകിയത്. കമ്പനിക്ക് നൽകിയ പർച്ചേസ് ഓർഡറിന്മേൽ ഉള്ള വിതരണം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചിട്ടുണ്ട്. സ്റ്റോക്കിൽ അവശേഷിക്കുന്ന എല്ലാ ബാച്ചിലും പെട്ട സാമ്പിളുകളും അടിയന്തരമായി ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് എല്ലാ ഡിപ്പോ മാനേജർമാർക്കും നിർദ്ദേശം നൽകി.

കാരണം കാണിക്കൽ നോട്ടീസിന് നൽകുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ കരിമ്പട്ടികയിൽ പെടുത്തുന്നത് അടക്കമുള്ള തുടർനടപടി സ്വീകരിക്കുമെന്നും സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടർ സഞ്ജീബ് പട്ജോഷി അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA