07:36am 03 July 2024
NEWS

മോണ്‍. ഡോ. ആന്റണി വാലുങ്കല്‍ വരാപ്പുഴ അതിരൂപത സഹായമെത്രാനായി അഭിഷിക്തനായി

30/06/2024  07:43 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
 മോണ്‍. ഡോ. ആന്റണി വാലുങ്കല്‍ വരാപ്പുഴ അതിരൂപത സഹായമെത്രാനായി അഭിഷിക്തനായി

എറണാകുളം: രൂപതകളുടെ മാതാവ് എന്നറിയപ്പെടുന്ന വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാനും അൾജീരിയയിലെ പുരാതന രൂപതയായ മഗർമേലിന്റെ സ്ഥാനികമെത്രാനുമായി മോൺ. ആന്റണി വാലുങ്കൽ അഭിഷിക്തനായി. ''ശുശ്രൂഷിക്കാനും അനേകർക്കു മോചനദ്രവ്യമാകാനും'' എന്ന പ്രമാണവാക്യം മെത്രാൻശുശ്രൂഷയ്ക്കായി സ്വീകരിച്ച പുതിയ ഇടയന്റെ അഭിഷേക കർമങ്ങൾ ദേശീയ മരിയൻ തീർഥാടനകേന്ദ്രമായ വല്ലാർപാടം ഔവർ ലേഡി ഓഫ് റാൻസം ബസിലിക്ക അങ്കണത്തിൽ തയ്യാറാക്കിയ പ്രത്യേക വേദിയിലായിരുന്നു. അതിരൂപതയ്ക്ക് അകത്തും പുറത്തു നിന്നുമായി ആയിരങ്ങൾ അഭിഷേക കർമങ്ങൾക്ക് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. 

മെത്രാഭിഷേക തിരുക്കർമ്മങ്ങളിൽ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമികത്വം വഹിച്ചു. വിശ്വാസ സത്യത്തിൻ്റെ വിശ്വസ്ത പരിപാലകനായി ദൈവജനത്തെ നയിക്കാൻ നിയുക്ത മെത്രാന് സാധിക്കട്ടെയെന്ന് ആർച്ച്ബിഷപ്പ് ആമുഖ സന്ദേശത്തിൽ പറഞ്ഞു അജപാലന അധികാരത്തിൻ്റെ അടയാളമായ അംശമുടിയും മോതിരവും അധികാര ദണ്ഡും പ്രധാനകാർമികൻ പുതിയ സഹായ മെത്രാന് നൽകി.

വരാപ്പുഴ അതിരൂപത മുൻ മെത്രാപ്പോലീത്ത ഡോ. ഫ്രാൻസിസ് കല്ലറക്കൽ, കോട്ടപ്പുറം രൂപതാ മുൻ മെത്രാൻ ഡോ. ജോസഫ് കാരിക്കശേരി എന്നിവർ മുഖ്യസഹകാർമികരായിരുന്നു. കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷനും കോഴിക്കോട് രൂപതാ മെത്രാനുമായ ഡോ. വർഗീസ് ചക്കാലക്കൽ വചനപ്രഘോഷണം നടത്തി. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ലാളിത്യം ദർശിക്കാൻ ദൈവജനത്തിന് കഴിയുന്ന മെത്രാനായിരിക്കും ഡോ. ആൻ്റണി വാലുങ്കലെന്ന് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ പറഞ്ഞു.

ആർച്ച്ബിഷപ്പുമാരായ ഡോ. തോമസ് ജെ. നെറ്റോ, ഡോ. സൂസപാക്യം, മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോസഫ് പാംപ്ലാനി, മാർ എബ്രഹാം ജൂലിയോസ്, മാർ ജോസഫ് പെരുന്തോട്ടം, എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ മാർ ബോസ്‌കോ പുത്തൂർ, ബിഷപ്പുമാരായ ഡോ. വിൻസെന്റ് സാമുവൽ, ഡോ. പോൾ ആന്റണി മുല്ലശേരി, ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ, ഡോ. സെബാസ്റ്റിയൻ തെക്കത്തെച്ചേരിൽ, ഡോ. ജസ്റ്റിൻ മഠത്തിപറമ്പിൽ, ഡോ. ജോസഫ് കരിയിൽ, ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, ഡോ. അന്തോണി സാമി പീറ്റർ അബീർ, ഡോ. അലക്‌സ് വടക്കുംതല, മാർ ജോൺ നെല്ലിക്കുന്നേൽ, മാർ തോമസ് ചക്യാത്ത്, മാർ ജോഷ്വ ഇഗ്നാത്തിയോസ്, മാർ ജോസഫ് തോമസ്, എബ്രാഹം മാർ ജൂലിയോസ്,മാർ പോളി കണ്ണൂക്കാടൻ, മാർ തോമസ് ചക്യത്ത്  എന്നിവർ സഹകാർമികരായിരുന്നു. 

മെത്രാഭിഷേക തിരുകർമങ്ങൾക്കു ശേഷം നടന്ന അനുമോദന സമ്മേളനത്തിൽ സീറോമലങ്കര മേജർ ആർച്ച്ബിഷപ് കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവ, സീറോ മലബാർ മേജർ ആർച്ച്ബിഷപ് മാർ. റാഫേൽ തട്ടിൽ, ഇന്ത്യയിലെ വത്തിക്കാൻ കാര്യാലയം കൗൺസിലർ മോൺ. ജുവാൻ പാബ്ലോ സെറിലോസ് ഹെർണാണ്ടസ് എന്നിവർ പ്രസംഗിച്ചു. സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക നീതി ന്യായ രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഫാ. ടിജോ കോലോത്തും വീട്ടിൽ, കെസ്റ്റർ, ഗാഗുൽ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ  സിഎസി ക്വയർ മെത്രാഭിഷേക പരിപാടികൾക്ക് മിഴിവേകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam