12:04pm 26 June 2024
NEWS
ലീഗിനായി കരുതിയ ആ ‘പരവതാനി’
സി.പി.എമ്മിന് തത്കാലം മടക്കാം

15/06/2024  04:14 PM IST
News Desk
ആ പച്ചപ്പരവതാനി വെറുതേ ആയി ...
HIGHLIGHTS

പാലാരിവട്ടം പാലം അഴിമതി കേസിൽ ലീഗിനെ പ്രതിരോധത്തിലാക്കാനുള്ള ‘വജ്രായുധം’ (കുറ്റപത്രം) മുഖ്യമന്ത്രി പിണറായി വിജയന്റെ കൈയ്യിലുണ്ട്. ഒരുപക്ഷേ, മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് സമീപഭാവിയിൽ അഴിക്കുള്ളിലായാലും അത്ഭുതപ്പെടേണ്ടതില്ല

മലപ്പുറം : പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് പിന്നാലെ മുസ്ലീം ലീഗിനെ ഇടതുപാളയത്തിലെക്കാൻ സി.പി.എം. നടത്തിയ നീക്കങ്ങൾ ഇനി വിലപ്പോകില്ല. തത്കാലം തങ്ങൾ എങ്ങോട്ടുമില്ലെന്ന കൃത്യമായ സൂചന നൽകി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തന്നെ രംഗത്തുവന്നിരിക്കുകയാണ്. സി.പി.എം. നടത്തുന്ന മുസ്ലീംവിരുദ്ധ നിലപാടുകൾക്കെതിരെ പരസ്യപ്രതികരണമെന്നോണം പാര്‍ട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിലൂടെയാണ് തങ്ങൾ ലീഗിന്റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്.

          കേരളത്തിൽ സി.പി.എം. സ്വീകരിക്കുന്ന മുസ്ലീം വിരുദ്ധ നിലപാടുകൾ ബി.ജെ.പിയെയാണ് സഹായിക്കുന്നതെന്ന് സാദിഖ് അലി തങ്ങൾ കുറ്റപ്പെടുത്തി. സി.പി.എം. വിതയ്ക്കുന്നത് ബി.ജെ.പി. കൊയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പിൽ ജയിക്കാൻ കുതന്ത്രങ്ങൾ മെനയുന്നത് സി.പി.എമ്മിന്റെ സ്ഥിരം ശൈലിയാണ്. എം.കെ. രാഘവനെതിരെ കരീമിക്കയെ ഇറക്കിയതും ഷാഫി പറമ്പിലിനെതിരെ വ്യാജ കാഫിർ സ്‌ക്രീൻഷോട്ട് വന്നതും ഇതിന് ഉദാഹരണമാണ്. മതനിരാസത്തിൽ ഊട്ടിയ കമ്മ്യൂണിസത്തെ വിവിധ മതങ്ങളുടെ വർണ്ണക്കടലാസിൽ പൊതിഞ്ഞാണ് കേരളത്തിൽ സി.പി.എം. മാർക്കറ്റ് ചെയ്യുന്നത്. ഇസ്ലാമോഫോബിയയാണ് പിണറായി പോലീസിന്റെ മുഖമുദ്രയെന്ന് ഘടകകക്ഷിയായ സി.പി.ഐ. പോലും ആരോപിക്കേണ്ട സാഹചര്യം സംസ്ഥാനത്തുണ്ടായി. സമസ്തയുമായി ബന്ധപെട്ട വിഷയത്തിലും സി.പി.എമ്മിന് പാണക്കാട് തങ്ങളുടെ വിമർശനവും പരിഹാസവുമുണ്ട്.

           ദേശീയതലത്തിൽ ഇന്ത്യ സഖ്യം നേടിയ മിന്നുന്ന വിജയം സംസ്ഥാനത്ത് വരാനിരിക്കുന്ന ഭരണമാറ്റത്തിന്റെ സൂചനയാണ് എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. നരേന്ദ്രമോദിയുടെ കാലശേഷം ബി.ജെ.പിക്ക് കേന്ദ്രത്തിൽ തുടര്‍ഭരണം ഉണ്ടാകില്ലെന്നും വിലയിരുത്തപ്പെടുന്നു. ഈ സാഹചര്യത്തിൽ തങ്ങളുടെ രാഷ്ട്രീയഅസ്ഥിത്വം നശിക്കില്ലെന്ന പ്രത്യാശയിലാണ് ലീഗ് നേതൃത്വം. വരുംദിവസങ്ങളിൽ സി.പി.എമ്മിനെതിരെ അതിശക്തമായ നിലപാടുമായി കൂടുതൽ നേതാക്കൻമാര്‍ രംഗത്ത് വരാനുള്ള സാദ്ധ്യതയും തള്ളാനാകില്ല. അതേസമയം, പാലാരിവട്ടം പാലം അഴിമതി കേസിൽ ലീഗിനെ പ്രതിരോധത്തിലാക്കാനുള്ള ‘വജ്രായുധം’ (കുറ്റപത്രം) മുഖ്യമന്ത്രി പിണറായി വിജയന്റെ കൈയ്യിലുണ്ട്. ഒരുപക്ഷേ, മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് സമീപഭാവിയിൽ അഴിക്കുള്ളിലായാലും അത്ഭുതപ്പെടേണ്ടതില്ല. എന്നാൽ ഇതുമായി ബന്ധപ്പെട്ട നീക്കുപോക്കുകൾ അണിയറയിൽ സജീവമാണെന്നും ചില കോൺഗ്രസ് നേതാക്കൻമാര്‍ പോലും ഇക്കാര്യത്തിൽ മദ്ധ്യസ്ഥത വഹിക്കുന്നുണ്ടെന്നുമാണ് അറിയാൻ സാധിക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA